ADVERTISEMENT

വടക്കു കിഴക്കൻ മലമുകളിലോ കിഴക്കൻ തീരത്തോ ഒക്കെ ആണ് ആദ്യം സൂര്യരശ്മികൾ പതിക്കുന്നതെന്നാണല്ലോ നമ്മുടെ അറിവ്. എന്നാൽ അതിനുമൊക്കെ മുന്നേ സൂര്യൻ എത്തുന്ന ഒരു നാടുണ്ട് ഇന്ത്യയിൽ. ഉദിച്ചുയരുന്ന സൂര്യന്റെ കിരണങ്ങളെ ആദ്യം ദർശിക്കുന്നത് ഡോങ്ങ് താഴ്‌വരയിൽ ഉള്ളവരാണ്. അരുണാചൽ പ്രദേശിലെ ഈ താഴ്‌വരയാണ് ശരിക്കും ഉദയസൂര്യന്റെ നാട്‌.

dong1
Image Captured from Youtube

ലോഹിത്, സതി നദികളുടെ സംഗമസ്ഥാനത്താണ് ഡോംഗ് സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ആദ്യത്തെ സൂര്യരശ്മികൾ ലഭിക്കുന്ന കിഴക്കൻ ഗ്രാമമാണിത്. 1240 മീറ്റർ ഉയരത്തിൽ, ഇന്ത്യ, മ്യാൻമർ, ചൈന എന്നീ മൂന്ന് രാജ്യങ്ങളുടെ ത്രി-ജംഗ്ഷന്റെ തന്ത്രപ്രധാനമായ സ്ഥാനത്താണ് ഡോംഗ് സ്ഥാപിച്ചിരിക്കുന്നത്. പ്രകൃതി സൗന്ദര്യത്താൽ സമ്പന്നമായ ഈ സ്ഥലം ഫോട്ടോ പ്രേമികളെയും ഫോട്ടോഗ്രാഫേഴ്സിനേയും സംബന്ധിച്ച് പറുദീസയാണ്.

ഡോങ്ങിന്റെ സൗന്ദര്യം മുഴുവൻ ആസ്വദിക്കാൻ പറ്റിയ മികച്ച മാർഗമാണ് ട്രെക്കിംഗ്. ശരിക്കും ഡോങ്ങ് താഴ്വര കിഴക്കേ അറ്റത്ത്‌ ആണ് സ്ഥിതി ചെയ്യുന്നതെങ്കിലും വാഹനം പ്രവേശിക്കുന്ന അരുണാചലിന്റെ വളരെ ചുരുക്കം ചില കിഴക്കൻ ഭാഗങ്ങളിൽ ഒന്നു കൂടിയാണിവിടം.

dong2
Image Captured from Youtube

സാധാരണ സൂര്യൻ ഉദിക്കുന്ന സമയം അഞ്ചിനും ആറിനും  ഇടയിലാണല്ലോ. എന്നാൽ ഇവിടെ  ഒരൽപ്പം നേരത്തെയാണ്. എന്നു വെച്ചാൽ പുലർച്ചെ 3 മണിയ്ക്ക് ഇവിടെ സൂര്യരശ്മികൾ എത്തും. നേരത്തെ ഉദിച്ചതുകൊണ്ട് നേരത്തെ തന്നെ അസ്തമയവും നടക്കും. അതായത് 4.30 ആകുമ്പോൾ ഇവിടെ  സൂര്യൻ അസ്തമിച്ചിരിക്കും. സാഹസികമായൊരു ട്രക്കിംഗ് നടത്തി മലമുകളിൽ കയറി ആദ്യ ചൂടേൽക്കാൻ നിരവധി സഞ്ചാരികളാണ് ഡോങ്ങിലെത്തുന്നത്.

അരുണാചൽ പ്രദേശിലെ ഗോത്ര വിഭാഗമായ മേയോർ വിഭാഗക്കാരാണ് ഇവിടുത്തെ താമസക്കാരിൽ അധികവും. ബുദ്ധമത വിശ്വാസികളായ അവരുടെ ജീവിത രീതികളും സംസ്കാരങ്ങളും ഇവിടെയെത്തുന്ന വിനോദ സഞ്ചാരികൾക്ക് നേരിട്ട് കണ്ടറിയാൻ സാധിക്കും. ട്രക്കിംഗ് കൂടാതെ, ഹൈക്കിങ്ങ്, മഞ്ഞുമല കയറ്റം, താഴ്വരകളിലേക്കുള്ള റാഫ്ടിങ്ങ്, നദിയിലൂടെയുള്ള യാത്ര തുടങ്ങിയവയെല്ലാം ഇവിടെ ചെയ്യാം. 

നിങ്ങൾ ഒരു ഉത്സാഹിയായ സഞ്ചാരിയാണെങ്കിലും അല്ലെങ്കിലും, രാജ്യത്തെ ആദ്യത്തെ സൂര്യോദയത്തിന്റെ മനോഹാരിത ആസ്വദിക്കാൻ ഈ സ്ഥലം നിങ്ങളുടെ യാത്ര പട്ടികയിൽ  ഉറപ്പായും ചേർക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com