sections
MORE

ഈ കൊട്ടാരക്കെട്ടുകളിലൂടെയുള്ള യാത്ര വിസ്മയിപ്പിക്കും

479694246
SHARE

കോട്ടകളും കൊട്ടാരങ്ങളും സുന്ദരമാക്കുന്ന ഭൂമിയാണ് രജപുത്രരുടെ നാടായ രാജസ്ഥാൻ. വീറും വാശിയും നിറഞ്ഞ രജപുത്ര രാജാക്കന്മാരുടെ ചരിത്രമുറങ്ങുന്ന ആ നാട്ടിലേയ്ക്കു ഒരു യാത്ര പോയാൽ കാത്തിരിക്കുന്ന കാഴ്ചകളിൽ മണലാരണ്യങ്ങളും പർവതനിരകളും തടാകങ്ങളും കൊടുംകാടുകളുമുണ്ട്.

പഴമയുടെ പ്രൗഢി വിളിച്ചോതി നിൽക്കുന്ന അംബരചുംബികളായ കൊട്ടാരക്കെട്ടുകളും രാജസ്ഥാന്റെ സൗന്ദര്യം തുളുമ്പുന്ന മുഖമാണ്. രാജതന്ത്രങ്ങളും യുദ്ധകഥകളും ഉറങ്ങുന്ന അന്നാട്ടിലെ കൊട്ടാരങ്ങളുടെ അകകാഴ്ചകൾ നിർമിതികളിൽ പുതുമ പരീക്ഷിക്കുന്ന പുത്തൻ തലമുറയെ അതിശയിപ്പിക്കുക തന്നെ ചെയ്യും.  വാസ്തുവിദ്യയുടെ ഈറ്റില്ലമെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന ഈ കൊട്ടാരക്കെട്ടുകളിലൂടെയുള്ള യാത്ര വിസ്മയിപ്പിക്കുന്ന കാഴ്ചകൾ സമ്മാനിക്കുമെന്നുറപ്പാണ്. 

ഉമൈദ് ഭവൻ കൊട്ടാരം

രാജസ്ഥാനിലെ ജോധ്പൂരിൽ സ്ഥിതി ചെയ്യുന്ന ഉമൈദ് ഭവൻ കൊട്ടാരം ജോധ്പൂർ രാജവംശത്തിന്റെ  ഔദ്യോഗിക വസതിയാണ്. നീണ്ട ഇരുപത്തിനാലു വർഷത്തിന്റെ അധ്വാനത്തിന്റെ ഫലമായ ഈ മണിമാളികയിൽ 347 മുറികളുണ്ട്. റാത്തോർ ഭരണത്തിലെ സുവര്‍ണകാലത്തിനുശേഷം പട്ടിണിയും വരൾച്ചയും നേരിട്ട കർഷകർക്കു തൊഴിൽ നൽകുന്നതിന് വേണ്ടിയാണു ഉമൈദ് ഭവൻ കൊട്ടാരത്തിന്റെ നിർമാണം ആരംഭിച്ചത്.

umaid-bhawan-palace

1929 ൽ നിർമാണം ആരംഭിച്ച കൊട്ടാരത്തിന്റെ പണിപൂർത്തിയായതു 1943 ലാണ്. ഏകദേശം പതിനൊന്ന് മില്യൺ ഇന്ത്യൻ രൂപയാണ് നിർമാണത്തിനായി  ചെലവഴിക്കപ്പെട്ടത്. രണ്ടായിരം മുതൽ മൂവായിരം വരെ തൊഴിലാളികളുടെ അധ്വാനത്തിന്റെ ഫലമാണ് കാണുന്നവരിൽ അത്ഭുതം നിറയ്ക്കുന്ന ചിറ്റാർ പാലസ് എന്ന ഉമൈദ് ഭവൻ കൊട്ടാരം. കൊട്ടാരത്തിലെ ഒരു ഭാഗം താജ് ഗ്രൂപ്പിന്റെ ഹോട്ടലായും ഒരു ഭാഗം മ്യൂസിയമായുമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 

ലേക്ക് പാലസ് 

പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ തടാകനടുവിലൊരു കൊട്ടാരം അതാണ് ലേക്ക് പാലസ്. ജഗ് നിവാസ് എന്നൊരു വിളിപ്പേര് കൂടി ഇന്ത്യയിലെ ഏറ്റവും റൊമാന്റിക് ഹോട്ടലായ ലേക്ക് പാലസിനുണ്ട്. വെള്ള നിറത്തിലുള്ള മാർബിളിൽ ചുമരുകളുടെ പണിതീർത്തിട്ടുള്ള ഈ കൊട്ടാരത്തിന്റെ ദൃശ്യചാരുത ആരെയും വിസ്മയപ്പെടുത്തും.

ഉദയ്പൂർ രാജാവായിരുന്ന മഹാറാണ ജഗത് സിങ് രണ്ടാമന്റെ വേനൽക്കാല വസതിയായിരുന്നു അദ്ദേഹത്തിന്റെ തന്നെ പേരിലുള്ള ജഗ് നിവാസ്. ചിച്ചോല തടാകത്തിന്റെ നടുവിലുള്ള ദ്വീപിൽ നാല് ഏക്കറിലാണ് ലേക്ക് പാലസ് സ്ഥിതി ചെയ്യുന്നത്. അതിഥികളെ കൊട്ടാരത്തിലെത്തിക്കുന്നതിനായി തടാക കരയിലെ ജെട്ടിയിൽ നിന്നും സ്പീഡ് ബോട്ട് സൗകര്യമുണ്ട്. 83 മുറികളും സ്യൂട്ടുകളും നിറഞ്ഞ ഈ കൊട്ടാരമിന്നു താജ് ഗ്രൂപ്പിന്റെ കീഴിൽ ഹോട്ടലായി പ്രവർത്തിക്കുന്നു. 

രാംബാഗ് കൊട്ടാരം 

ഇന്ത്യയുടെ പിങ്ക് നഗരം എന്നറയിപ്പെടുന്ന ജയ്‌പൂരിലെ പ്രധാന കാഴ്ചകളിലൊന്നാണ് രാംബാഗ് കൊട്ടാരം. രജപുത്ര രാജാക്കന്മാരുടെ സവിശേഷ നിർമിതിയുടെ ഉത്തമോദാഹരണങ്ങളിലൊന്നാണ് രാംബാഗ്. 1835 ലാണ് കൊട്ടാരത്തിന്റെ നിർമാണം പൂർത്തിയായത്.

497787872

ആദ്യകാലത്തു ജയ്‌പൂരിലെ മഹാരാജാവിന്റെ കൊട്ടാരമായിരുന്ന ഇവിടം ഇപ്പോൾ പ്രശസ്തമായ ഹോട്ടലാണ്. കാടിന് നടുവിൽ പണിതീർത്ത ഈ കൊട്ടാരം പുതുക്കി പണിതു മനോഹരമാക്കിയതു മഹാരാജ സവായ് മാൻസിങ് രണ്ടാമനാണ്. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ രാംബാഗ് ഇന്നുകാണുന്ന രൂപത്തിൽ ആഡംബരത്തിന്റെ മറുവാക്കായതു 1931 നുശേഷമാണ്. 

ലാൽഗഢ്  കൊട്ടാരം

രാജസ്ഥാനിലെ ബിക്കനേറിലാണ് ലാൽഗഢ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. അസാധാരണമായ നിർമാണ വൈദഗ്ധ്യം തന്നെയാണ് ഈ കൊട്ടാരത്തിന്റെയും സവിശേഷത. ബിക്കനേറിലെ രാജാവായിരുന്ന ഗംഗ സിങ് തന്റെ പിതാവായ മഹാരാജ ലാൽ സിങിന്റെ സ്മരണാർത്ഥം അതേ നാമത്തിൽ തന്നെ പണികഴിപ്പിച്ചതാണ് ലാൽഗഢ് കൊട്ടാരം.

451187305

1902 ൽ നിർമാണം ആരംഭിച്ച കൊട്ടാരത്തിന്റെ നിർമാണം പൂർത്തിയായത് 24 വർഷം കൊണ്ടാണ്. താർ മരുഭൂമിയിൽ നിന്നുമുള്ള ചുവന്ന മണൽക്കല്ലിൽ പണിതിരിക്കുന്ന കൊട്ടാരത്തിന്റെ രൂപകല്പനയിൽ യൂറോപ്യൻ, മുഗൾ, രജപുത്ര ശൈലികൾ സന്നിവേശിപ്പിച്ചിരിക്കുന്നു. ഈ കൊട്ടാരത്തിന്റെ ഒരു ഭാഗവും ഹോട്ടലായി പ്രവർത്തിക്കുന്നുണ്ട്.

സജ്ജൻഗഢ് കൊട്ടാരം 

മൺസൂൺ പാലസ് എന്ന പേരിലാണ് സജ്ജൻഗഢ്  കൊട്ടാരം അറിയപ്പെടുന്നത്. മേവാർ രാജവംശത്തിലെ രാജാവായിരുന്ന മഹാരാജ സജ്ജൻ സിങ് ആണ് കൊട്ടാരം പണികഴിപ്പിച്ചത്.  മഴമേഘകളെ കയ്യെത്തും ദൂരത്തു കാണുവാൻ  ആരവല്ലി പർവത മുകളിലാണ് രാജാവ് മൺസൂൺ കൊട്ടാരം നിർമിച്ചത്. ഈ കൊട്ടാരത്തിൽ നിന്നും നോക്കിയാൽ താൻ ജനിച്ച ചിറ്റൗർഗഢ് കൊട്ടാരം കാണണമെന്ന ആഗ്രഹവും മഹാരാജാവിനുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്.

സ്വാതന്ത്രലബ്ധിക്കു ശേഷം മൺസൂൺ പാലസ് മേവാർ രാജകുടുംബത്തിന്റെ കൈവശമായിരുന്നുവെങ്കിലും ഇപ്പോൾ കൊട്ടാരത്തിന്റെ നിയന്ത്രണവും മേൽനോട്ടവും രാജസ്ഥാൻ ഗവൺമെന്റിന്റെ കീഴിലുള്ള വനംവകുപ്പിനാണ്. ഈയടുത്തു കാലത്തു സജ്ജൻഗഢ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. സൂര്യാസ്തമയത്തിന്റെ മനോഹരമായ കാഴ്ച സമ്മാനിക്കാൻ കഴിയുമെന്നത് കൊണ്ടുതന്നെ മൺസൂൺ പാലസ് കാണാൻ ധാരാളം സഞ്ചാരികൾ ഇവിടെ എത്തിച്ചേരാറുണ്ട്. വെള്ള മാർബിളിൽ പണിതീർത്തിരിക്കുന്ന കൊട്ടാരം സമുദ്രനിരപ്പിൽ നിന്നും 3100 അടി മുകളിലാണ് സ്ഥിതി ചെയ്യുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA