ADVERTISEMENT

ബന്ദിപ്പുർ കാടു കഴിഞ്ഞു വിശാലമായ ഗ്രാമക്കാഴ്ചകളിലേക്ക് ഇറങ്ങിയപ്പോഴാണ് പുതിയ റൂട്ടിന്റെ പേരു കേൾക്കുന്നത്. ബി ആർ ഹിൽസ്.  ബൈക്ക് റൈഡ് ചെയ്യുന്നവർക്കുള്ള അതിസുന്ദരമായ, എന്നാൽ ചെറിയ ഹിൽസ്റ്റേഷൻ. 

br-hills5

ഗുണ്ടൽപേട്ടിലെ പൂപ്പാടങ്ങളിലൂടെ ആസ്വദിച്ചുള്ള റൈഡ്. ടൗൺ എത്തുന്നതിനു മുൻപ് യാത്രികരെ മോഹിപ്പിക്കുന്ന ആ കവാടം കാണാം. ഗോപാൽസ്വാമിബേട്ട. ഊട്ടിയിലേക്കോ, മൈസൂരിലേക്കോ പോകുന്നവർ ഒരിക്കലെങ്കിലും ഈ വഴിയിലൂടെയൊന്നു  റൈഡ് ചെയ്യണം. പട്ടുപോലെ കിടക്കുന്ന പാതയിലൂടെ കുറച്ചുദൂരം ചെല്ലാം. പിന്നീട് ബന്ദിപ്പുർ കാടിന്റെ കോർ ഏരിയയിലുള്ള ഗോപാൽസ്വാമിബേട്ടയിലേക്ക് വനംവകുപ്പിന്റെ ബസ്സിൽ സഞ്ചരിക്കാം. 

br-hills

ആ ചെറുദൂരം താണ്ടിയശേഷം ഗുണ്ടൽപേട്ടിൽനിന്നു ചാമരാജ് നഗർ റോഡിലൂടെ മുന്നോട്ട്. തെരക്കണാംപി വഴിയുള്ള റോഡിനിരുവശവും നെൽപ്പാടങ്ങളാണ്. ട്രാഫിക് അധികമില്ല. ആസ്വദിച്ചു വണ്ടിയോടിക്കുന്നതിനിടയിൽ ചില കാര്യങ്ങൾ മറന്നുപോകരുത്. ഇടയ്ക്ക് നിർത്തുക. പാടങ്ങളിലേക്കൊന്നു നടന്നു വരുക. തോടുകളുടെ ഓരത്തു ചാഞ്ഞുനിൽക്കുന്നമരങ്ങളിലെ തൂക്കണാംകുരുവികളെ നിരീക്ഷിക്കുക. തെരക്കണാംപിയിലെ കൽക്ഷേത്രത്തിനുള്ളിലൊന്നു കയറുക. അമ്പരപ്പിക്കുന്ന ശിൽപ്പഭംഗിയാസ്വദിക്കാം. 

br-hills3

ശേഷം ചാമരാജ്നഗറിലേക്ക്  ഗിയർ മാറ്റാം. ബൈക്ക് റൈഡിനു ചേർന്ന പാതകളാണിവ. ശാന്തമായ റോഡോരങ്ങൾ. ബിആർ ഹിൽസിന്റെ കവാടത്തിൽ കർശന പരിശോധനയൊന്നുമില്ല. പക്ഷേ, കാട്ടിൽ വേഗം നിയന്ത്രിക്കണമെന്നറിയാമല്ലോ. പറ്റുമെങ്കിൽ മുപ്പതു-മുപ്പത്തഞ്ചുകിലോമീറ്റർ വേഗത്തിൽ മാത്രം വണ്ടിയോടിക്കാം. 

യെളന്തൂർ അങ്ങാടിയിൽ റോഡ് വീതികൂട്ടുന്ന ജോലി നടക്കുന്നു. പഴയ കെട്ടിടങ്ങളൊക്കെ തകർത്തിട്ടുണ്ട്. ഇതിലും പഴക്കമുള്ള ഒരിടമാണു ബിആർ ഹിൽസ്. 

br-hills1

ബിലിഗിരി രംഗനാഥ സ്വാമി ഹിൽസ് എന്നാണു ബിആർ ഹിൽസിന്റെ യഥാർഥ പേര്.  ചെറുതാണെങ്കിലും റബറൈസ്ഡ് റോഡ് ആണ്. ഇരുവശത്തും കൊടുംകാട്. ഒരു കാരണവശാലും വാഹനം നിർത്തരുത്. കാരണം ഇതൊരു കടുവാസങ്കേതമാണെന്നതു തന്നെ. വന്യമൃഗങ്ങളെയൊന്നും കണ്ടില്ലെങ്കിലും അപകടസാധ്യത ഞങ്ങൾ തള്ളിക്കളഞ്ഞില്ല. മെല്ലെ കാടുകണ്ട് വണ്ടിയോടിച്ചു. ഇടയ്ക്കിടെ ചെറുനീലത്തടാകങ്ങൾകാണാം. ദേശാടനക്കിളികൾ ആ തടാകങ്ങളിലേക്കു പറന്നിറങ്ങുന്നുണ്ട്. 

ആദ്യം നാമെത്തുക ചെറിയ കവലയിലേക്ക്. അവിടെനിന്നു നോക്കിയാൽ കാണാം ബിലിഗിരിരംഗനാഥ സ്വാമി ക്ഷേത്രഗോപുരം. സുന്ദരമായ ചെറുവളവുകൾ തിരിഞ്ഞു കയറ്റം കയറുമ്പോൾ ഇടത്തോട്ടു നോക്കാൻ മറക്കരുത്. ബിആർ കടുവാസങ്കേതത്തിന്റെ വിശാലതയും പച്ചപ്പുംആസ്വദിക്കാം. നാം വന്ന റോഡ് ഒരു കുറി തൊട്ടതുപോലെ ഇടയ്ക്കു കാണാം. 

br-hills6

ക്ഷേത്രം പുതുക്കി പണിതുവരുന്നുണ്ട്. നമുക്കു കൽക്ഷേത്രത്തിനു പിന്നിലേക്കു ചെല്ലാം. അവിടെനിന്നാൽ വീരപ്പന്റെ കാടായ സത്യമംഗലവുമായി അതിർത്തി പങ്കിടുന്ന ബിആർ കടുവാസങ്കേതത്തിന്റെ പക്ഷിക്കൺദൃശ്യമാണു ലഭിക്കുക. സൂക്ഷിച്ചുനോക്കിയാൽസഹ്യപുത്രൻമാർ മേയുന്നതും കാണാം. 

ബിആർ ഹിൽസ് 2011 ലാണ് കടുവാസങ്കേതമായി പ്രഖ്യാപിച്ചത്.  539.52 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കാടാണിത്. സത്യമംഗലം കാടുമായി അതിർത്തി പങ്കിടുന്നു. പശ്ചിമഘട്ടവും പൂർവഘട്ടവും യോജിക്കുന്ന ഇടമാണ് ബിആർ ഹിൽസ്.  അറുപത്തിരണ്ടു കടുവകളെ രണ്ടുവർഷം മുൻപത്തെ സർവേയിൽ കണ്ടെത്തിയിട്ടുണ്ട്.  കാടിനു നടുവിൽ താമസിക്കണമെങ്കിൽ ബിആർ ഹിൽസ് യോജിച്ച സ്ഥലമാണ്. 

br-hills4

അടുത്ത ബൈക്ക് റൈഡ് ബിആർഹിൽസിലേക്കാകാം. 

റൂട്ട്

എറണാകുളം-പാലക്കാട്-കോയമ്പത്തൂർ- അന്നൂർ(തിരുപ്പൂരിനിപ്പുറം)-ഭവാനിസാഗർ-ചാമരാജ് നഗർ-ബിആർ ഹിൽസ്- ദൂരം 368 km

കൂടുതൽ കാഴ്ചകളുള്ള റൂട്ട് നിലമ്പൂർ വഴിയാണ്. പക്ഷേ, നാടുകാണിച്ചുരത്തിലെ അവസ്ഥ കാരണം ഇപ്പോഴാ വഴി അത്ര മികച്ചതല്ല. 

br-hills7

രണ്ടാം റൂട്ട്

എറണാകുളം-തൃശ്ശൂർ-കോഴിക്കോട്-താമരശ്ശേരി-കൽപ്പറ്റ-സുൽത്താൻ ബത്തേരി-മുത്തങ്ങ-ഗുണ്ടൽപേട്ട്- ചാമരാജ് നഗർ-ബിആർ ഹിൽസ്   ദൂരം-401 km 

താമസം

ബിആർ ഹിൽസിൽ ഹോംസ്റ്റേകൾ ഉണ്ട്. അവയിലൊന്നിൽ ചേക്കേറി രാവിലെ തിരികെ പോരാം. അല്ലെങ്കിൽ അന്നുതന്നെ തിരികെ വന്ന് ചാമരാജ് നഗറിലെ ഹോട്ടലുകളിൽ താമസിക്കാം. 

ശ്രദ്ധിക്കേണ്ടത്

കാട്ടിൽ വാഹനം നിർത്തരുത്.

അമിതവേഗം അരുത്.

പ്ലാസ്റ്റിക് മാലിന്യങ്ങൾ അവിടെ നിക്ഷേപിച്ചു പോരരുത്. 

ആഹാരം

കഫേ കോഫീഡേയുടെ കൗണ്ടർ പോലുമുണ്ട് ബിആർഹിൽസിൽ. എങ്കിലും ഹോട്ടൽ സൗകര്യങ്ങൾ ദുർലഭം. യെളന്തൂരിൽനിന്ന് ആവശ്യത്തിനുള്ള വെള്ളവും ലഘുഭക്ഷണവും കരുതണം. കുറച്ചു ‘ഹെവി’ യായി വാങ്ങിയാലും ഉപകാരപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com