sections
MORE

തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന മനീഷ് എങ്ങനെ പർവതാരോഹകനായി?

travel-maneesh-travel
SHARE

‘മഞ്ഞുമലയുടെ ഹൃദയത്തിലേക്ക് ഓരോ തവണയും കുത്തിയിറക്കുന്ന െഎസ് പിക്കാസിൽ പിടിമുറുക്കിയാണ് കയറ്റം. െഎസുപാളികളെ വെട്ടി മാറ്റി വഴിയുണ്ടാക്കിയെടുക്കാൻ നന്നേ പ്രയാസം. ഉയരങ്ങൾ താണ്ടുമ്പോൾ ശ്വാസകോശം ചുരുങ്ങുന്നതിനാൽ ശുദ്ധവായു കിട്ടാത്ത അവസ്ഥ. മൂക്കിൽ നിന്നു ചോര പൊടിഞ്ഞു തുടങ്ങിയിരുന്നു. മൈനസ് 37 ഡിഗ്രിയാണ് താപനില. ഓരോ ചുവടുവയ്പ്പിലും ആരോ പിന്നോട്ടാഞ്ഞുവലിക്കുന്ന പോലെ. മരണം നിഴലായി പിന്തുടര്‍ന്ന നിമിഷങ്ങൾ...’

ഉല്ലാസങ്ങൾക്കപ്പുറം ചില യാത്രകളുണ്ട്. ശരീരത്തിൽ സൂചി പോലെ തുളച്ചുകയറുന്ന തണുപ്പിനെയും മഞ്ഞുവഹിച്ചെത്തുന്ന കൊടുങ്കാറ്റിനെയും തോൽപ്പിച്ച്, അടർന്നുവീഴുന്ന ഭീമാകാരമായ െഎസ് പാളികളെ വകവയ്ക്കാതെ പർവതങ്ങളുടെ ഉയരങ്ങൾ കീഴടക്കുന്ന യാത്രകൾ... കണ്ണൂർ ജില്ലയിലെ കണ്ണപ്പുരം സ്വദേശി മനീഷിന്റെ യാത്രകള്‍ അങ്ങനെയാണ്. ഈ പർവതാരോഹകന്റെ ആത്മവിശ്വാസത്തിനു മുന്നിൽ ഇതുവരെ തലകുനിച്ചുകൊടുത്തത് 14 കൊടുമുടികൾ. തെങ്ങുകയറ്റത്തൊഴിലാളിയായ മനീഷിന്റെ ജീവിതം ‘പർവതാരോഹണ’ത്തിന്റെ സാഹസികതയിലേക്ക് വഴി മാറിയിട്ട്10 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു...

പർവതങ്ങളുടെ കൂട്ടുകാരൻ...

‘ഉയരങ്ങൾ കീഴടക്കണമെന്നുള്ള ആഗ്രഹം നല്ലതു തന്നെ. പക്ഷേ അതു സഫലമാക്കാൻ കഠിനമായ പരിശീലനം വേണം. വിജയകരമായി പരിശീലനം പൂർത്തിയാക്കിയാൽ പോലും മരണത്തെ തോൽപ്പിച്ചു മുന്നേറാൻ ചിലപ്പോൾ കഴിഞ്ഞെന്നു വരില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാൽ കയ്യടിച്ച് േപ്രാത്സാഹിപ്പിക്കാൻ കാഴ്ചക്കാരില്ലാത്ത സാഹസിക വിനോദമാണ് പർവതാരോഹണം. മൗണ്ടനീയറിങ്ങിനെ കുറിച്ച് ഒന്നുമറിയാത്ത സാധാരണക്കാരന് ഇതൊക്കെ കഴിയുമോ എന്നതു പോലും സംശയമാണ്.’പർവതാരോഹകനാകണം എന്ന മോഹവുമായി അടൽ ബിഹാരി മൗണ്ടനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പോയപ്പോൾ അവിടുത്തെ പരിശീലകരിൽ നിന്നു ഞാൻ ആദ്യം കേട്ട വാക്കുകളാണിത്. എങ്കിലും തോറ്റു പിന്മാറാൻ തോന്നിയില്ല.

travel-maneesh3

മഞ്ഞുമലകളുടെ ഉയരങ്ങളോട് അടങ്ങാത്ത ആരാധന തോന്നിത്തുടങ്ങിയത് എപ്പോഴാണെന്നറിയില്ല. പർവതങ്ങളോടുള്ള പ്രേമം തലയ്ക്കു പിടിച്ചപ്പോൾ മറ്റൊന്നും ആലോചിക്കാതെയാണു ഡൽഹിക്കു വണ്ടി കയറിയത്. പർവതാരോഹണ സാധ്യതയെക്കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നതു പോലും ഡൽഹിയിൽ എത്തിയതിനു ശേഷമാണ്. ഒരു സുഹൃത്താണ് മനാലിയിലെ അടൽ ബിഹാരി മൗണ്ടനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് പറഞ്ഞത്. എന്റെ സ്വപ്നം സാക്ഷാത്കരിക്കണം. ഒരു പർവതമെങ്കിലും കീഴടക്കണം... ഉറച്ച തീരുമാനത്തോടെ ബേസിക് മൗണ്ടനീയറിങ് കോഴ്സിനു ചേര്‍ന്നു. പർവതാരോഹണത്തിൽ ഒരുപാടു കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ടെന്ന് മനസ്സിലാക്കി തരുന്നതായിരുന്നു അവിടുത്തെ ഓരോ ദിനങ്ങളും.

AMS (ACUTE MOUNTAIN SICKNESS) എന്ന ചുരുക്കപ്പേരിൽ അറിയുന്ന ഒരു തരം ശാരീരികാവസ്ഥയാണ് പർവതാരോഹണസമയത്തെ വില്ലൻ. AMS പിടിപെടാതെ നോക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ഉയരങ്ങളിലേക്കു കയറുമ്പോൾ ശ്വസിക്കാൻ പറ്റാത്ത ശാരീരിക അവസ്ഥയാണ് AMS. ഇതിനു നമ്മുടെ ആരോഗ്യവുമായി യാതൊരു ബന്ധവുമില്ല. ചെറിയ തലവേദന ഹൈ അൽറ്റിറ്റ്യൂഡ് ട്രെക്കിങ്ങിൽ സ്വാഭാവികമാണ്.

travel-maneesh1

ഇതാണ് AMS ന്റെ തുടക്കം. പർവതം കീഴടക്കാൻ സ്വപ്നം കാണുന്നതിനു മുമ്പേ ശരീരത്തെ നമ്മുടെ വരുതിയിലാക്കണം. അതിനു നല്ല വ്യായാമം ആവശ്യമാണ്. പാക്കറ്റുകളിലാക്കിയ പ്രത്യേകതരം വെജ്–േനാൺവെജ് ഭക്ഷണങ്ങൾ കയ്യിൽ കരുതും. െഎസ് ഉരുക്കിയെടുത്താണ് വെള്ളം കുടിക്കുന്നത്. സ്ലീപ്പിങ് ബാഗും െഎസ് പൊട്ടിക്കാനുപയോഗിക്കുന്ന ചെറിയ കോടാലിയും സ്നോ ബൂട്ടും വസ്ത്രങ്ങളും തുടങ്ങി പർവതയാത്രയിൽ ഒഴിവാക്കാൻ പറ്റാത്ത നിരവധി വസ്തുക്കളുണ്ട്.

ബേസിക് മൗണ്ടനീയറിങ് കോഴ്സിനിടെ 2006 ജൂലൈയില്‍ പർവതാരോഹണത്തിനു ഹരിശ്രീ കുറിച്ചു. മനാലിയിലെ 17100 അടിയുള്ള ഫ്രൻഡ്ഷിപ്പ് പർവതമായിരുന്നു ലക്ഷ്യം. 28 പേരടങ്ങുന്ന ഞങ്ങളുടെ സംഘത്തിലെ മിക്ക ആളുകളുടെയും കന്നിയാത്രയാണ്. ക്ലാസിലിരുന്നു പഠിച്ചെടുത്ത പാഠങ്ങളല്ല മൗണ്ടനീയറിങ് എന്നു മനസ്സിലാക്കിയ നിമിഷങ്ങൾ... എങ്കിലും എന്റെ സന്തോഷത്തിന് പർവതത്തോളം ഉയരമുണ്ടായിരുന്നു. ഒരുമാസം സമയമെടുത്താണ് ആ പർവതം കീഴടക്കിയത്. അന്ന്, 17100 അടി മുകളിൽ വച്ച് ഞാൻ തിരിച്ചറിഞ്ഞു, ഒരു പർവതാരോഹകൻ ആകുകയെന്നതാണ് എന്റെ ജീവിതദൗത്യം.

ഇനിയുമേറെയുണ്ട് ഉയരങ്ങൾ...

‘ആദ്യ പർവതാരോഹണം നൽകിയ ആത്മവിശ്വാസം. അതായിരുന്നു പിന്നീടുള്ള ഓരോ യാത്രയുടെയും ധൈര്യം. യാത്ര കഴിഞ്ഞ് ഡൽഹിയിൽ തിരിച്ചെത്തി. അവിടെ കൂലിപ്പണിയെടുത്തു സമ്പാദിച്ച പണം കൊണ്ടായിരുന്നു അടുത്ത യാത്ര. മുൽക്കില വൺ എന്ന പർവതമാണ് ലക്ഷ്യം. ഇ ന്ത്യ– ചൈന അതിർത്തിയിലെ ലാഹോ ൽസ്പിത്തിയിലാണ് 18200 അടി ഉയരമുള്ള ഈ പർവതം സ്ഥിതി ചെയ്യുന്നത്. 32 പേരുടെ യാത്രാസംഘത്തിൽ ഞാനൊഴികെ മലയാളികളാരുമില്ല. എനിക്കാണെങ്കിൽ മലയാളമല്ലാതെ വേ െറാരു ഭാഷയും വശമില്ല. വളരെയധികം ബുദ്ധിമുട്ടുകൾ സഹിച്ചായിരുന്നു കയറ്റം. ഉയരത്തിലേക്കു പോകും തോറും ശ്വാസം കിട്ടാത്ത അവസ്ഥയായി. മൂക്കിലൂടെ രക്തം വന്നു തുടങ്ങി. പകുതിയിലേറെ പേരും യാത്രയിൽ നിന്നു പിന്മാറി. എന്തോ, എനിക്കപ്പോഴും വാശിയായിരുന്നു. എത്ര ബുദ്ധിമുട്ടിയിട്ടാണെങ്കിലും മുൽക്കില വൺ പർവതം കീഴടക്കണം. ഓരോ തവണ കാൽവയ്ക്കുമ്പോഴും ഹിമപാളികൾ അടർന്നു വീണുകൊണ്ടിരുന്നു. 20 ദിവസം നീണ്ട യാത്ര. ചെങ്കുത്തായ മഞ്ഞു നിറഞ്ഞ പാതകൾ പിന്നിടുമ്പോൾ മരണം നിഴൽ പോലെ കൂടെയുണ്ടായിരുന്നു.

ഉയരങ്ങൾ കൂടിയും കുറഞ്ഞും പിന്നെയും എത്രയോ ആരോഹണാവരോഹണങ്ങൾ. ഓ രോ വർഷവും ഒന്നോ രണ്ടോ പർവതാരോഹണം നടത്താറുണ്ട്. മുൽക്കില വൺ കയറിയ ശേഷം 2007 ൽ 20,000 അടിയുള്ള ഫ്രേപീക്കും അതിനു ശേഷം 18,520 അടി ഉയരമുള്ള ദ്രൗപതി കാ ദന്ത ടു (DKD2) വും കീഴടക്കി. പിന്നീട്, ഗംഗോത്രി (6670 മീറ്റർ), രുദുഗരിയ (5850 മീറ്റർ), ശിവ്‌ലിങ് (6543 മീറ്റർ), ജയോന്‌ലി (6633 മീറ്റർ), ഖർച്ചകുണ്ഡ് (6632 മീറ്റർ), റിമോ (7385 മീറ്റർ),നന്ദാദേവി ഈസ്റ്റ് (7435 മീറ്റർ), മണിരംഗ് (6594 മീറ്റർ), മുൽക്കില നാല് (6517 മീറ്റർ),കസ്ക് ടെറ്റ് (6461 മീറ്റർ) തുടങ്ങി ചെറുതും വലുതുമായ പതിനാലോളം പർവതങ്ങളിൽ വിജയക്കൊടി നാട്ടാൻ കഴി‍ഞ്ഞു.

travel-maneesh

ഓരോ പർവതാരോഹണത്തിനു ശേഷവും പർവതാരോഹകനാവുക എന്ന എന്റെ സ്വപ്നം വളർന്നു പന്തലിച്ച് പൂത്തുതുടങ്ങിയിരിക്കുന്നു. ഒരിക്കൽ വിജയം കണ്ടാൽ പിന്നെ വീണ്ടും വീണ്ടും ഉയരങ്ങൾ കീഴടക്കാൻ ഒരു തരം ആവേശമുണരും. ഒരു പക്ഷേ, മൗണ്ടനീയറിങ്ങിന്റെ മാത്രം പ്രത്യേകതയായിരിക്കും അത്.  

കാഴ്ചകളൊളിപ്പിക്കുന്ന ഉയരങ്ങൾ

മഞ്ഞുപൊതിഞ്ഞു നിൽക്കുന്ന പർവതങ്ങൾക്കു മുകളിൽ നിന്ന്, ആകാശത്തു പൂത്തു നിൽക്കുന്ന നക്ഷത്രങ്ങൾ കണ്ടിട്ടു ണ്ടോ? കണ്ണിനു കുളിരേകുന്ന പല നിറത്തിലുള്ള െഎസു കട്ടകൾ കണ്ടിട്ടുണ്ടോ? രാത്രിയുടെ ഭയാനകമായ നിശ്ശബ്ദതയ്ക്കു കാതുകൊടുത്തുകൊണ്ട് പർവതത്തിനു മുകളിൽ ടെന്റടിച്ചുള്ള ഉറക്കത്തിന്റെ സുഖമെന്തെന്നറിഞ്ഞിട്ടുേണ്ടാ? കൂലിപ്പണിയെടുത്തു കിട്ടുന്ന തുക സ്വരുക്കൂട്ടി ഞാൻ പർവതങ്ങളുടെ ഉയരങ്ങൾ താണ്ടാൻ പോകുന്നതെന്തിനെന്ന ചോദ്യവുമായി വരുന്നവരോട് എന്റെ മറുചോദ്യം ഇതൊക്കെയാണ്. ഓരോ പർവതങ്ങളും മനോഹരമായ ഒരുപാടു കാഴ്ചകൾ ഒളിപ്പിച്ചു വയ്ക്കുന്നുണ്ട്.

സിക്കിമിൽ കാഞ്ചൻജംഗയ്ക്കടുത്താണ് ഫ്രേ പീക്ക് പർവതം. ഇരുകൈകളും കൂപ്പിനിൽക്കുന്നതു പോലെയുള്ള മലനിരകൾ. കയറാൻ നന്നേ പ്രയാസം. ഞങ്ങളുടെ സംഘത്തിൽ 15 പേരാണുള്ളത്. ഉയരത്തേക്കാളുപരി കയറാനുള്ള ബുദ്ധിമുട്ട് അനുസരിച്ചാണ് പർവതങ്ങളെ ഗ്രേഡ് തിരിച്ചിരിക്കുന്നത്. ഫ്രേ പീക്ക് പർവതത്തിൽ നിന്നാണ് ആദ്യമായി കറുപ്പും പച്ചയും കളറുകളോടു കൂടിയ െഎസ് കാണുന്നത്. അതുവരെ വെള്ള െഎസിനെക്കുറിച്ചല്ലാതെ കളർ െഎസുകളെ പറ്റി കേട്ടിട്ടില്ലായിരുന്നു. മുന്നോട്ടുള്ള വഴി ദുർഘടമാണെന്ന സൂചനയാണ് കളർ െഎസുകൾ. കോടാലിക്കു പോലും എളുപ്പം പൊട്ടിച്ചെടുക്കാൻ കഴിയാത്തത്രയും ഉറപ്പാണതിന്. െഎസു വിൽപ്പനക്കാരന്റെ പെട്ടിയിൽ മാത്രമല്ല പർവതത്തിനു മുകളിലും കളർ െഎസുകളുണ്ടെന്ന് അന്നാണ് എനിക്കു മനസ്സിലായത്.

പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA