ADVERTISEMENT

ഛത്രുവെന്ന പേര് ഇന്ന് മലയാളികള്‍ക്ക് പരിചിതമാണ്. കുറച്ച് ദിവസം മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത് ഛത്രുവും മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാരിയരുമായിരുന്നു. തന്റെ പുതിയ ചിത്രം 'കയറ്റ'ത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഛത്രുവിലെത്തിയ മഞ്ജുവും സംഘവും അപ്രതീക്ഷിത പ്രളയം കാരണം അവിടെ കുടുങ്ങിയിരുന്നു. കുറച്ച് പേടിച്ചെങ്കിലും ഒടുവില്‍ അപകടമേതുമില്ലാതെ മഞ്ജുവും സംഘവും തിരിച്ചെത്തി. ഇതോടെ ഛത്രുവിന്റെ കൂടെ അപകടവും കൂട്ടിവായിച്ചുതുടങ്ങി. എന്നാല്‍ ശരിക്കും ഛത്രു എന്ന മോഹിപ്പിക്കുന്ന താഴ്‌വരയെ പേടിക്കണോ?

മണാലിയെന്ന ഭൂമിയിലെ സ്വര്‍ഗത്തെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. മണാലിയാണ് മിക്ക സാഹസിക യാത്രികരുടെയും ഫൈനല്‍ ഡെസ്റ്റിനേഷന്‍, എന്നാല്‍ അതുക്കും മേലെ നിങ്ങളെ കൊതിപ്പിക്കുംവിധം സുന്ദമായൊരു മലയോര നാടാണ് ഛത്രു. മണാലിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയാണ് ഛത്രു സ്ഥിതി ചെയ്യുന്നത്. താഴ്‌വരകളുടേയും സാഹസികതയുടേയും കേന്ദ്രബിന്ദു, എളുപ്പമെന്ന് തോന്നിപ്പിക്കുമെങ്കിലും എത്തിപ്പെടാന്‍ പ്രയാസമുളള ഇടം, പ്രവചിക്കാനാവാത്തവിധം എപ്പോള്‍ വേണമെങ്കിലും മാറിമറിയുന്ന കാലാവാസ്ഥയാണ് ഛത്രുവിനെ വേറിട്ടുനിര്‍ത്തുന്നത്. ഇത്തരമൊരു കഠിയമായ മഞ്ഞുപെയ്യുംകാലത്താണ് മഞ്ജുവും സംഘവും അവിടെ കുടുങ്ങിയതും.

മഞ്ഞുമരുഭൂമിയിലെ മരുപ്പച്ച

Chatru-to-Batal3

ഹിമാലയം വലിയൊരു മഞ്ഞിന്റെ മരുഭൂമിയെന്ന് സങ്കല്‍പ്പിക്കുക. ആ മരുഭൂമിയിലെ മരുപ്പച്ചയാണ് ഛത്രുവെന്ന കൊച്ചുഗ്രാമം. ആയിരത്തില്‍താഴെ മാത്രം ആളുകള്‍ അതിവസിക്കുന്ന ഛത്രു പ്രശസ്തമായ മിക്ക ഹിമാലയന്‍ ട്രക്കിംഗുകളുടേയും ഇടത്താവളമാണ്. വിവരണങ്ങള്‍ക്ക് അതീതമാണ് ഛത്രുവിന്റെ ഭംഗി. മുന്നറിയിപ്പില്ലാതെ മാറുന്ന കാലാവസ്ഥ ആരേയും പേടിപ്പിക്കുമെങ്കിലും അതിസാഹസികരായ സഞ്ചാരികള്‍ ഛത്രുവിന്റെ മണ്ണില്‍ കാലുകുത്താതെ പോകാറില്ല.

18,300 അടി വരെ ഉയരത്തില്‍ കടന്നുപോകുന്ന ഏറ്റവും വിദൂരവും വെല്ലുവിളി നിറഞ്ഞതുമായ ട്രെക്കിംഗുകളില്‍ ഒന്നാണ് സ്പിതി ട്രെക്ക്. സഞ്ചാരികള്‍ക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന ഇടമായിരിക്കുമ്പോളും ലോകത്തിലെ ഏറ്റവും മികച്ച ക്യാംപിങ്ങ്, ട്രക്കിങ്ങ് അനുഭവം നൽകുന്ന നാടാണ് സ്പിതി വാലി. സ്പിതി വാലി ഛത്രുവിലെത്തി പോകുവാന്‍ സാധിക്കുന്ന ഇടങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഛത്രുവെന്നത് വളരെ ചെറിയ ഒരിടമാണെങ്കിലും ഭൂമിശാസ്ത്രപരമായി ഈ നാടിന് കുറെയേറെ പ്രത്യേകതകളുണ്ട്. ഹിമാചല്‍ പ്രദേശിലെ റോഹ്തങ് ചുരം, ഹംത ചുരം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വഴി സംഗമിക്കുന്ന കേന്ദ്രം കൂടിയാണ് ഛത്രു. മറ്റു ഇടങ്ങളില്‍ നിന്നും വ്യത്യസ്തമായി തിരക്ക് നന്നേ കുറവാണിവിടെ. അതിന് കാരണം ഇവിടുത്തെ കാലാവസ്ഥ തന്നെ. യാത്രികര്‍ക്കായി ചെറിയ ദാബാകളും ടെന്റ് സൗകര്യവും ഇവിടെ ലഭ്യമാണ്. ഇവിടെ എത്തിയാല്‍ ചെയ്യാന്‍ നിരവധികാര്യങ്ങളുണ്ട്. പാരാഗ്ലൈഡിങ്ങ്, റോപ് വേയിലൂടെയുള്ള യാത്ര,ട്രക്കിങ്ങ്, സൈറ്റ് സീയിങ്, തുടങ്ങി സഞ്ചാരികള്‍ക്കായുള്ള സാഹസിക ആക്ടിവിറ്റികള്‍ ഇവിടെ സംഘടിപ്പിക്കുന്നു.

യാത്ര കരുതലോടെയാകാം

എത്ര സജ്ജീകരണങ്ങളും തയാറെടുപ്പുകളും നടത്തിയാലും അപ്രതീക്ഷിതമായി മാറിമറിയുന്ന കാലാവസ്ഥ നിങ്ങളെ അപകടത്തിലാക്കിയേക്കാം. അതിനാല്‍ കാലാവസ്ഥ അറിയിപ്പുകള്‍ നിരന്തരം ഫോളോ ചെയ്ത് വേണം യാത്ര ആരംഭിക്കാന്‍. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ചത്. സ്പിതി വാലിയിലേക്ക് പോകുവാന്‍ മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള സമയവും തിരഞ്ഞെടുക്കാം. അപകടമുന്നറിയിപ്പുകള്‍ ഉണ്ടെങ്കില്‍ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. കനത്ത മഞ്ഞുവീഴ്ചയുള്ള പ്രദേശമായതിനാല്‍ വഴിയിലുടനീളം അപകടങ്ങള്‍ പതിയിരിക്കാം. അതിസാഹസീകതയാണ് നിങ്ങളുടെ ഉള്‍കരുത്തെങ്കില്‍ പുറപ്പെടാം കാഴ്ച്ചകള്‍ അവസാനിക്കാത്ത ഛത്രുവിന്റെ മടിത്തട്ടിലേക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com