ADVERTISEMENT

കുളിർജലമൊഴുകുന്ന തുംഗനദിക്കരയോരത്തെ നടത്തത്തിനിടയിൽ ഒരു അപൂർവ കാഴ്ച കണ്ടതുകൊണ്ടാണ് ശങ്കരാചാര്യർ ശൃംഗേരിയിൽ ആദ്യമഠം സ്ഥാപിച്ചത് എന്നു കഥകൾ പറയുന്നു. ഒരു വിഷസർപ്പം തന്റെ ഇരയായ തവളയ്ക്ക്, പത്തിവിടർത്തി ചൂടിൽനിന്നു തണലേകുന്നതായിരുന്നുവത്രേ അക്കാഴ്ച. ശത്രുക്കൾ പോലും പരസ്പരം സ്നേഹിക്കുന്ന ഈ ഇടമാണ് ശൃംഗേരി എന്നു പറയപ്പെടുന്നു. 

Travel-to-Sringeri7

മൂന്നുദിവസം മറ്റൊന്നും ആലോചിക്കാതെ യാത്ര ചെയ്യാൻ മികച്ച ഒരിടം എന്ന നിലയിലാണ് ശൃംഗേരിയിലേക്ക് കാർ തിരിച്ചത്. കാപ്പിത്തോട്ടങ്ങൾക്കു പ്രസിദ്ധിയാർജിച്ച ചിക്കമംഗളുരുവിലാണ് ശൃംഗേരി എന്ന തീർഥാടനകേന്ദ്രം. കർണാടകയിൽ ഏറ്റവും കൂടുതൽ മഴ കിട്ടുന്ന അഗുംബെ മഴക്കാടുകൾക്കടുത്തുള്ള ചെറിയ പട്ടണം. മഴ കൊള്ളാനായി അഗുംബെയിലേക്കൊരു യാത്ര ചെയ്തപ്പോൾ ഇടത്താവളമായി അഭയമേകിയത് തുംഗാനദിക്കരയോരത്തെ ഈ ചെറുപട്ടണമാണ്.

Travel-to-Sringeri

രാത്രി അഗുംബെയിലേക്കു ചെന്നാൽ താമസസൗകര്യം കിട്ടാൻ പ്രയാസമാകും എന്ന് നാട്ടുകാരിൽ ഒരാൾ അറിയിച്ചു. പിന്നെ ശൃംഗേരിയിൽ താമസിക്കുകയാണ് നല്ലതെന്നു തോന്നി. ശൃംഗേരിയിൽ വൻ താമസസൗകര്യങ്ങൾ അധികമില്ല. നമ്മുടെ ചെറിയ അങ്ങാടിയുടെ അത്രയേ പട്ടണമുള്ളൂ. ശുഭോദയ എന്ന ചെറു ഹോട്ടലിൽ റൂമെടുത്തു. വില കുറവ്. നല്ല വൃത്തിയുള്ള റൂമുകൾ. രാവിലെ ശൃംഗേരിയിലെ തെരുവുകളിലേക്കിറങ്ങി. പഴയ മട്ടിലുള്ള കെട്ടിടങ്ങൾ. വയസ്സായവരാണ് തെരുവുകളിൽ ഏറെയും. പ്രഭാതഭക്ഷണം തേടി അലയേണ്ടി വന്നു. ചെറിയ ഒറ്റമുറി ഹോട്ടലുകൾ കണ്ടുപിടിക്കാൻ പ്രയാസമാണെന്നതുതന്നെ കാരണം.

തെരുവുകളിൽനിന്നു നോക്കുമ്പോൾ പുതുതായി നിർമിച്ച ആ ക്ഷേത്ര കവാടം ഉയർന്നു കാണാം. ശൃംഗേരിയുടെ മുഖമുദ്രയായ ശ്രീ വിദ്യാശങ്കര അമ്പലം ആ കവാടത്തിനപ്പുറത്താണ്. ശൃംഗേരിയിലെ ഏറ്റവും വലിയ ആകർഷണവും ഈ അമ്പലമാണ്. അമ്പലനടയിലേക്കുള്ള കൽത്തറയിലൊരിടത്ത് ആൾക്കാരുടെ തലയിൽ തൊട്ട് പാപ്പാന്റെ കീശയിലേക്കു കാശെത്തിക്കുന്ന രണ്ടാനകൾ നിൽപ്പുണ്ട്. ചെറിയ കുട്ടികൾ അടക്കം പേടിയില്ലാതെ ആനകൾക്കു ചുറ്റും നടക്കുന്നു. ഒറ്റക്കല്ലുകൊണ്ടു നിർമിച്ച ഒരു തൂൺ ആകാശം നോക്കി നിൽപ്പുണ്ട്. അടുത്ത്.  വലതുവശത്തായി വിദ്യാശങ്കര അമ്പലം എന്ന ശിൽപ്പസമുച്ചയം.

Travel-to-Sringeri5

വിദ്യാശങ്കര ക്ഷേത്രത്തിന്റെ ചുറ്റിനും നടക്കണം. ബേലൂരിലെ ഹൊയ്സാല ക്ഷേത്രങ്ങളോടു വളരെയേറെ സാമ്യമുള്ള വാസ്തുവിദ്യയാണ് വിദ്യാശങ്കരക്ഷേത്രത്തിന്. ഉള്ളിൽ കയറുന്നതിനു മുൻപ്ചുറ്റും ഒന്നു നടന്നു വരൂ. ശിൽപ്പങ്ങളുടെ ബാഹുല്യം കാരണം നിങ്ങൾക്കു ചുവരുകളിൽ നിന്നു കണ്ണെടുക്കാനേ തോന്നുകയില്ല. ജൈനക്ഷേത്രങ്ങളുടെ നിർമിതിയാണിതെന്ന് തുംഗനദിക്കരയിൽ മീനുകൾക്കു തീറ്റ കൊടുക്കുകയായിരുന്ന ഒരു ടീച്ചർ പറഞ്ഞു കൊടുക്കുന്നുണ്ട്. ശരിയാണ്. ചുറ്റിനടന്ന ശേഷം ഫോട്ടോ എടുക്കാൻ വേണ്ടി അമ്പലത്തിന്റെ തറയിലേക്കിരുന്നപ്പോഴാണ് അടിത്തറയുടെ നക്ഷത്രാകൃതി കണ്ണിൽ പെടുന്നത്. ഓരോ ഇഞ്ചിലും കൊത്തുപണികളുണ്ട്. അതിൽ ശ്രദ്ധേയം മുകളിലെ ചങ്ങലക്കണ്ണികളാണ്. അതും കല്ലുകൊണ്ടാണത്രേ.

Travel-to-Sringeri3

ജൈനക്ഷേത്രമായിരുന്നു ഇതെന്നും പിന്നീട് മാറിയതാണെന്നും മൂഡബിദ്രിയിലെ ജൈനമഠത്തിലെ അധികൃതർ പറഞ്ഞുതന്നിരുന്നു. ഹോയ്സാല, വിജയനഗര വാസ്തുനിർമാണ രീതി പിന്തുടരുന്ന ശൃംഗേരിയിലെ വിദ്യാശങ്കരക്ഷേത്രം ഒരു കാഴ്ച തന്നെയാണ്. ഒന്നാം നൂറ്റാണ്ടിൽ ആണ് ക്ഷേത്രം നിർമിച്ചത്.

Travel-to-Sringeri1

ക്ഷേത്രസന്ദർശനം കഴിഞ്ഞാൽ തുംഗയിലേക്കിറങ്ങാം. വൻമീനുകൾക്ക് പാലത്തിൽനിന്നു തന്നെ ഇരയെറിഞ്ഞുകൊടുക്കുന്നവരുടെ ബഹളം. താഴെ കുളിർജലത്തിൽനിന്നു കൈക്കുമ്പിളിൽ ജലം കോരിയെടുത്തു പടവുകളിലെ പ്രതിമകൾക്ക്അഭിഷേകം ചെയ്യുന്നവരുമുണ്ട്. അകലെയുള്ള മഴക്കാടുകൾക്കിടയിൽനിന്നു വരുന്ന കുളിർജലം വേണമെങ്കിൽ കുടിക്കാം.

Travel-to-Sringeri4

ഋഷ്യശൃംഗഗിരി എന്നതു ലോപിച്ചാണു ശൃംഗേരി എന്നുമാറിയതത്രേ. ഋഷ്യശ്രംഗനെ അറിയില്ലേ…? തന്റെ നാട്ടിൽ മഴ പെയ്യാൻ രാജാവ് കാട്ടിലെ ആശ്രമത്തിൽ കഴിയുന്ന മുനികുമാരനെ എത്തിച്ച കഥ പ്രസിദ്ധമാണല്ലോ. അതിലെ മുനികുമാരൻ ആണ് ഋഷ്യശൃംഗൻ. മഴയെ കൊണ്ടു പോയതിനാലാണോ ആവോ, ഞങ്ങളെത്തുമ്പോൾ മഴ പെയ്തിരുന്നില്ല. ശൃംഗേരിയിലെ തെരുവുകളിൽ പൊടിയുയരുന്നുണ്ടായിരുന്നു. പക്ഷേ, തുംഗാനദി ഉല്ലാസത്തോടെ ഒഴുകുന്നുണ്ട്. ഞങ്ങൾ അഗുംബൈയിലേക്കു വണ്ടി തിരിച്ചു. 

ശൃംഗേരിയിൽ കാണാനുള്ളത്

വിദ്യാശങ്കരക്ഷേത്ര, ശാരദാംബ ക്ഷേത്രം 

അടുത്തുള്ള ആകർഷണങ്ങൾ

അഗുംബൈ മഴക്കാട്. കുന്ദ്രദ്രി ജൈനക്ഷേത്രം. ചിക്കമംഗളുർ

താമസം

ചെറുഹോട്ടലുകൾ. ശുഭോദയ അത്യാവശ്യം നല്ല ഹോട്ടൽ ആണ്. 

ശ്രദ്ധിക്കേണ്ടത്

ചെറിയ പാതകളാണ് ശൃംഗേരിയിലേത്. വാഹനം പാർക്ക് ചെയ്തു നടക്കുന്നതാണുചിതം. കുട കൊണ്ടുനടക്കാൻ മറക്കരുത്. 

ട്രയിൻ റൂട്ട്

മംഗലാപുരം വരെ ട്രയിനിൽ പോകാം. 

ബസ് സർവീസ് 

മംഗലാപുരത്തുനിന്ന്  110 km.  ബസ്സ് സർവീസുകളുണ്ട്. 

റൂട്ട്

എറണാകുളം-തൃശ്ശൂർ-കോഴിക്കോട്-കണ്ണൂർ-മംഗലാപുരം-ശൃംഗേരി- 509 km 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com