ADVERTISEMENT

ശിവജിത്ത് എന്ന പേര് പറഞ്ഞാല്‍ ചിലപ്പോള്‍ അറിയണമെന്നില്ല, എന്നാല്‍ കല്‍ക്കിയിലെ വില്ലന്‍ എന്ന് പറഞ്ഞാല്‍ ഇന്ന് പ്രേക്ഷകര്‍ പെട്ടെന്ന് തന്നെ തിരിച്ചറിയുന്ന മുഖം. നായകനൊപ്പം തന്നെ, ചിലപ്പോഴൊക്കെ നായകനെ പോലെ തന്നെ പ്രേക്ഷകര്‍ ചില വില്ലന്‍മാരെയും സ്വീകരിക്കും. എന്നെന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്ന നിരവധി ആന്റി ഹീറോസ് മലയാളത്തിനുണ്ട്. അവരുടെ നിരയിലേക്ക് ശിവജിത്തും കസേര നീക്കിയിട്ടിരിക്കുകയാണ് ഇപ്പോള്‍. 14 വര്‍ഷത്തെ കഠിനയാത്ര നടത്തി സിനിമയില്‍ എത്തിയ ശിവജിത്ത് ശരിക്കുമൊരു കട്ട യാത്രപ്രേമിയാണ്. കല്‍ക്കിയുടെ വിജയതേരോട്ടത്തിന് ശേഷം ശിവജിത്ത് നടത്തിയ യാത്രയുടെ വിശേഷങ്ങള്‍ അറിയാം.

shivajith-travel3-gif

കണ്ണൂരാണ് ശിവജിത്തിന്റെ സ്വദേശം, എന്നാല്‍ ഇപ്പോള്‍ കോട്ടയത്താണ് താമസം. കണ്ണൂരില്‍ നിന്നും കോട്ടയത്തേയ്ക്കും തിരിച്ചും ബുള്ളറ്റിലാണ് മിക്കവാറും യാത്ര നടത്തുന്നത്. ഈ യാത്ര താന്‍ ശരിക്കും എഞ്ചോയ് ചെയ്യാറുണ്ടെന്നും മഴ കൂടിയുണ്ടെങ്കില്‍ പൊളിക്കുമെന്നും ശിവജിത്ത്. സിനിമപോലെ തന്നെ പാഷനാണ് എനിക്ക് യാത്രകളും. കൂടുതലും ബുള്ളറ്റില്‍ ഒറ്റയ്ക്ക് സഞ്ചരിക്കാനാണ് ഇഷ്ടം. ബുള്ളറ്റിനോടുള്ള അടങ്ങാത്ത പ്രണയത്താല്‍ ആദ്യമായി വാങ്ങിയ വാഹനം 1961 മോഡല്‍ പഴയ ബുള്ളറ്റായിരുന്നു. അതും വര്‍ഷങ്ങള്‍ക്ക് മുമ്പ്. ഇന്നും എന്റെ എല്ലാ യാത്രകള്‍ക്കും സഹയാത്രികന്‍ ഈ ബുള്ളറ്റ് തന്നെ. ശിവജിത്ത് പറയുന്നു.

shivajith-travel-gif

സ്ഥിരമായി മണ്‍സൂണ്‍ റൈഡ് നടത്തുന്നയാളാണ് ശിവജിത്ത്. കല്‍ക്കി ചിത്രത്തിന് വേണ്ടി ആറുമാസത്തോളം കഠിനമായ ഡയറ്റിംഗും വര്‍ക്ക് ഔട്ടുമെല്ലാമായി ആകെ തിരക്കുപിടിച്ചൊരു സമയമായിരുന്നു. ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ് ഒരുമാസത്തിനുള്ളില്‍ തന്നെ ശിവജിത്ത് ബുള്ളറ്റുമെടുത്ത് ഇറങ്ങി. ആദ്യം കോട്ടയത്തുനിന്നും കണ്ണൂരെത്തി. എല്ലാ തിരക്കുകള്‍ക്കും ഗുഡ്‌ബൈ പറഞ്ഞ് നേരെ കൂര്‍ഗ് വഴി മൈസൂര്‍ക്കായിരുന്നു ആ യാത്ര. ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് ആ യാത്ര സമ്മാനിച്ചതെന്നും മൈസൂരില്‍ നിന്നും ബെംഗളുരു എത്തിയാണ് പിന്നെ വണ്ടി നിന്നതെന്നും ശിവജിത്ത്. അവിടെ നിന്നും സേലം, കോയമ്പത്തൂര്‍ വഴിയാണ് തിരിച്ചുപോന്നത്. ഈ യാത്രയാണ് അമര്‍നാഥ് എന്ന വില്ലനില്‍ നിന്നും ശിവജിത്തിലേയ്ക്ക് വീണ്ടും തന്നെ തിരിച്ചെത്തിച്ചതെന്നാണ് താരത്തിന്റെ അഭിപ്രായം.

shivajith-travel1-gif

നടത്തിയ യാത്രകളില്‍ ഏറ്റവും പ്രിയപ്പെട്ടത് അച്ഛനൊപ്പമുള്ളതായിരുന്നു. അച്ഛനും എന്നെപ്പോലെ ഒരു ബുള്ളറ്റ് യാത്രാപ്രേമിയാണ്. അദ്ദേഹത്തോടൊപ്പം തന്റെ ബുള്ളറ്റില്‍ ബാംഗ്ലൂര്‍ക്ക് പോയത് ഒരിക്കലും മറക്കാനാവാത്ത യാത്രയായിരുന്നുവെന്ന് ശിവജിത്ത് ഓര്‍ത്തെടുക്കുന്നു. വലിയൊരു യാത്രയുടെ പണിപ്പുരയിലാണിപ്പോള്‍ കക്ഷി. സമയമെടുത്ത് നടത്തേണ്ട ഒരു ഭാരതദര്‍ശനം എന്നുവേണമെങ്കില്‍ അതിനെ വിളിക്കാം. കാത്തിരിക്കുക, ഒരു കിടുക്കന്‍ യാത്രാനുഭവം പ്രേക്ഷകര്‍ക്ക് താമസിയാതെ വായിക്കാം എന്ന് പറഞ്ഞുനിര്‍ത്തുന്നു  വില്ലത്തരമൊട്ടുമില്ലാത്ത മലയാളത്തിന്റെ ന്യൂജെന്‍ വില്ലന്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com