sections
MORE

മാല്‍ഗുഡി ഡേയ്സിലെ വീട്ടിൽ താമസിക്കാം; രാജവെമ്പാലകളുടെ തലസ്ഥാനത്തേക്കൊരു യാത്ര

angube-travel10
SHARE

മണ്‍സൂണ്‍ കിളിര്‍പ്പിച്ച പുതിയ തളിരുകള്‍ പച്ചയും തവിട്ടും മഞ്ഞയുമെല്ലാമായി പല നിറത്തില്‍ പ്രകൃതിയിലേക്ക് പടര്‍ന്നു തുടങ്ങുന്ന സമയമാണ്. മഴ മുഴുവന്‍ നനഞ്ഞ് കുളിച്ചൊരുങ്ങി കാടുകള്‍ കരിംപച്ചപ്പിലേക്ക് കയറിത്തുടങ്ങുകയാണ്. മഴ മൂലം നിര്‍ത്തി വച്ച യാത്രകള്‍ വീണ്ടും തുടങ്ങാനുള്ള സമയമായി.

angube-travel3

പ്രകൃതി തേടി യാത്ര ചെയ്യുന്ന സഞ്ചാരികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ആഗുംബെ. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചേരാന്‍ അധികം ബുദ്ധിമുട്ടില്ല എന്നൊരു മേന്മയുമുണ്ട്. ജൈവവൈവിധ്യത്തിന്‍റെ കലവറയാണ് 'ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചി' എന്നറിയപ്പെടുന്ന ഈ സ്ഥലം. മണ്‍സൂണ്‍ കാലത്ത് കനക്കുകയും മറ്റെല്ലാ ഋതുക്കളിലും മങ്ങിയെങ്കിലും ദിനംപ്രതി പെയ്യുന്ന മഴയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.

angube-travel1

ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 380 കിലോമീറ്റര്‍ അകലെ കര്‍ണാടകയിലെ ഷിമോഗ ജില്ലയിലാണ് ആഗുംബെ സ്ഥിതി ചെയ്യുന്നത്. മനോഹരമായ പ്രകൃതിക്ക് പുറമേ അപൂര്‍വ ഔഷധ സസ്യങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് ഇവിടുത്തെ മഴക്കാടുകള്‍. ഗാര്‍സീനിയ, മിരിസ്റ്റിക്ക, ലിസ്റ്റ്സേയ, ഡയോസ്പൈറസ്, ഹോയിലിഗാര്‍ന, യൂജിനിയ തുടങ്ങി നിരവധി അപൂര്‍വ സസ്യങ്ങള്‍ ഇവിടെ വളരുന്നു. കുന്ദാപൂര്‍, ശങ്കരനാരായണ, ഹോസനാഗാര, ശൃംഗേരി, തീര്‍ത്ഥഹള്ളി, തുടങ്ങിയ പ്രദേശങ്ങളിലെ കാടുകള്‍ കൂടിച്ചേര്‍ന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മഴക്കാടുകളില്‍ ഒന്നായാണ് ഇവിടം കണക്കാക്കപ്പെടുന്നത്.

മഴക്കാലത്ത് മാത്രം പൊട്ടിമുളയ്ക്കുന്ന വെള്ളച്ചാട്ടങ്ങൾ

മഴക്കാലത്ത് മാത്രം പൊട്ടിമുളയ്ക്കുന്ന നിരവധി വെള്ളച്ചാട്ടങ്ങളും ഇവിടെയുണ്ട്. കുഞ്ചിക്കല്‍, ബര്‍കാന, ഒനാകെ അബ്ബി, ജോഗിഗുണ്ടി തുടങ്ങിയവ സഞ്ചാരികള്‍ സ്ഥിരം സന്ദര്‍ശിക്കുന്ന വെള്ളച്ചാട്ടങ്ങളാണ്. കാടിനുള്ളിലൂടെ ട്രക്ക് ചെയ്ത് വെള്ളച്ചാട്ടം കാണാന്‍ പോകുന്ന ആ യാത്ര ഒരിക്കലും ആരും മറക്കില്ല. കുഡ്ലു തീര്‍ത്ഥ വെള്ളച്ചാട്ടത്തിലേക്കോ നിശാനി ഗുഡ്ഡയിലേക്കോ ഒരിക്കല്‍ പോയിട്ടുള്ളവര്‍ പിന്നീടും അതേ വഴി തേടി വരുന്നതും ഇതു കൊണ്ടൊക്കെ തന്നെയാണ്. വഴി നീളെ പതുങ്ങിയിരിക്കുന്ന ചോര കുടിയന്‍ അട്ടകളെ ശ്രദ്ധിക്കണം.

angube-travel

ഹോയ്സാല സാമ്രാജ്യത്തിന്‍റെ ഓര്‍മകള്‍ പേറുന്ന ക്ഷേത്രങ്ങള്‍ ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. ട്രക്കിങ് പ്രേമികള്‍ക്ക് സൂര്യോദയവും അസ്തമയവും കാണാനായി പ്രത്യേകം പോയിന്‍റുകളും ഇവിടെയുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളില്‍ ചെല്ലുന്നവര്‍ക്ക് ചുറ്റുമുള്ള പ്രകൃതിയുടെ മനോഹരമായ 360 ഡിഗ്രി കാഴ്ച കാണാം. തെളിഞ്ഞ ദിവസങ്ങളില്‍ അറബിക്കടലും ഇവിടെ നിന്നും കാണാന്‍ സാധിക്കും.

ഓര്‍മയുണ്ടോ മാല്‍ഗുഡി ദിനങ്ങള്‍?

ആര്‍ കെ നാരായണ്‍ എഴുതിയ 'മാല്‍ഗുഡി ഡേയ്സ്' എന്ന പുസ്തകം പരമ്പരയായി ടിവിയില്‍ വന്നത് ഓര്‍മയുണ്ടോ? അത് ചിത്രീകരിച്ച നൂറു വര്‍ഷത്തിലധികം പഴക്കമുള്ള ഈ 'ദൊഡ്ഡമന' എന്ന വീട് ഗതകാല പ്രൌഢിയോടെ ഇപ്പോഴും ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. ലോകമെമ്പാടും നിന്നു ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള ഇടമാണ് ഈ വീടിപ്പോള്‍.

മഴക്കാടു ഗവേഷണവും രാജവെമ്പാലയും

angube-travel6

ഇന്ത്യയിലെ ഏക മഴക്കാട് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ആഗുംബെയിലാണ്. ഇന്ത്യയിലെ ആദ്യ ഓട്ടോമാറ്റിക് കാലാവസ്ഥാ കേന്ദ്രവും ഇവിടെയാണ് ഉള്ളത്. 'രാജവെമ്പാലകളുടെ തലസ്ഥാനം' എന്നും ആഗുംബെ അറിയപ്പെടുന്നു. ധാരാളം രാജവെമ്പാലകള്‍ കാണപ്പെടുന്ന പ്രദേശമായതിനാല്‍ ഇവയെക്കുറിച്ചുള്ള പഠനം നടക്കുന്ന രാജ്യത്തെ പ്രധാന ഇടങ്ങളിലൊന്നാണ് ആഗുംബെ. 

ഭക്ഷണവും താമസവും

ചെറിയ പ്രദേശമായതിനാല്‍ തന്നെ താമസിക്കാനായി ഒരുപാട് സ്ഥലങ്ങള്‍ ഇവിടെ ലഭ്യമല്ല. ദൂരസ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 53 കിലോമീറ്റര്‍ അകലെയുള്ള ഉഡുപ്പിയില്‍ തങ്ങാം. ആഗുംബെയില്‍ ദൊഡ്ഡമന അടക്കം ഒന്നോ രണ്ടോ സ്ഥലങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ.

രുചികരമായ വെജിറ്റേറിയന്‍ ഭക്ഷണം ആണ് ഇവിടെ ലഭിക്കുന്നത്. ഷിമോഗയില്‍ നിന്നും ഉഡുപ്പിയിലേയ്ക്ക് പോകുന്ന വഴിയില്‍ പ്രാദേശിക ഭക്ഷണം ലഭിക്കുന്ന നിരവധി ഇടങ്ങള്‍ കാണാം. വാനില രുചിയുള്ള ചായയും ഇവിടുത്തെ പ്രധാന രുചികളില്‍ ഒന്നാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA