ADVERTISEMENT

ഒരു രൂപയ്ക്ക് ഇഡ്ഡലി കിട്ടുമോ. ഒരു രൂപയ്ക്ക് ഒരു നുള്ള് ചട്‌നി പോലു കിട്ടില്ല എന്ന് പറയാന്‍ വരട്ടെ. കഴിഞ്ഞ 30 വര്‍ഷമായി വെറും ഒരു രൂപയ്ക്ക് ഇഡ്ഢലി ഉണ്ടാക്കി വില്‍ക്കുന്ന ഒരാളുണ്ട് നമ്മുടെ അയല്‍പ്പക്കത്ത്. കമലത്താളിന്റെ കടയ്ക്ക് മുന്നില്‍ നേരം വെളുക്കുമ്പോള്‍ തന്നെ വരിനില്‍ക്കുന്നവരെക്കൊണ്ട് നിറയും. 

ഈപറഞ്ഞൊക്കെ സത്യം തന്നെയാണ്. 80 വയസുണ്ട് നമ്മുടെ ഈ ഇഡ്ഢലി മുത്തശ്ശിയ്ക്ക്. തന്റെ വീട്ടില്‍ തന്നെയാണ് കമലത്താള്‍ ഇഡ്ഡലി ഉണ്ടാക്കുന്നത്. സ്വന്തമായി തയാറാക്കുന്ന മാവ് മാത്രമേ ഇഡ്ഡലി ഉണ്ടാക്കാന്‍ ഇവര്‍ ഉപയോഗിക്കു. ഒരു കൂട്ടുകുടുംബത്തിന്റെ ഭാഗമായതിനാലാകാം ഒത്തിരിപ്പേര്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ കമലത്താളിന് ഒരു മടിയുമില്ല. ഇഡ്ഡലിയ്ക്ക് ആവശ്യമായ 6 കിലോ അരിയും ഉഴുന്നും തലേദിവസം തന്നെ അരച്ച് വയ്ക്കുന്ന ഇവര്‍ അതിരാവിലെ തന്നെ തന്റെ ജോലി ആരംഭിക്കും.

ഒരു ദിവസം 1000 ഇഡ്ഡലി വരെ ഉണ്ടാക്കാറുണ്ടത്രേ. ഒരു ദിവസം അരയ്ക്കുന്ന മാവ് മുഴുവന്‍ അന്ന് തന്നെ ഉണ്ടാക്കി തീര്‍ക്കണമെന്നും പിറ്റേന്നത്തേയ്ക്ക് ബാക്കി വരാന്‍ പാടില്ലായെന്നും കമലത്താളിന് നിര്‍ബദ്ധമുള്ള കാര്യമാണ്. എന്നും ശുദ്ധമായ മാവ് കൊണ്ട് മാത്രമേ കമലത്താള്‍ ഇഡ്ഡലി ഉണ്ടാക്കുകയുള്ളു. 

10 വര്‍ഷമേ ആയുള്ളു കമലത്താള്‍ ഇഡ്ഡലിയുടെ വില 1 രൂപ ആക്കിയിട്ട്. അതിനു മുമ്പ് 50 പൈസ മാത്രമേ കമലത്താളിന്റെ ഇഡ്ഡലിയ്ക്ക് ഉണ്ടായിരുന്നുള്ളു. കമലത്താള്‍ കഠിനമായി അധ്വാനിക്കുന്ന ഒരു സ്ത്രീയാണ് എന്നതിന്റെ തെളിവാണ് എല്ലാം സ്വമേധയാ പാചകം ചെയ്യുന്നുവെന്നത്. ഇഡ്ഡലിയ്‌ക്കൊപ്പം നല്ല സ്വാദിഷ്ടമായ സാമ്പാറും കമലത്താള്‍ വിളമ്പുന്നുണ്ട്. കമലത്താളിന്റെ വിളമ്പലിനുമുണ്ട് ഒരു പ്രത്യേകത. ആലിലയിലോ തേക്കിന്റെ ഇലയിലോ ആണ് നല്ല ചൂടുള്ള ഇഡ്ഡലി നിങ്ങള്‍ക്ക് കിട്ടുക. 

എന്തുകൊണ്ടാണ് അമ്മ തന്റെ രുചികരമായ ഇഡ്ഡലിയെ വെറും 1 രൂപയ്ക്ക് വില്‍ക്കുന്നതെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. പക്ഷേ, ഇതിന് പിന്നില്‍ ഒരു കാരണമുണ്ട്. കമലത്താളിന്റെ സ്വദേശമായ വാദിവലമ്പാലയത്തിലെ ഭൂരിഭാഗം ആളുകളും സാധാരണക്കാരും തുച്ഛമായ വേദനത്തിന് ജോലിചെയ്യുന്നവരുമാണ്. അവരെ സംബന്ധിച്ച് 15-20 രൂപയ്ക്ക് ഒരു സെറ്റ് ഇഡ്ഡലിയും സാമ്പാറും എന്നത് അപ്രാപ്യമാണെന്ന് തിരിച്ചറിഞ്ഞ കമലത്താള്‍ യാതൊരു ലാഭേച്ഛയും പ്രതീക്ഷിക്കാതെ അവര്‍ക്ക് വയറുനിറയെ ആഹാരം നല്‍കുന്നു. ലാഭം ഉണ്ടാക്കുകയെന്നത് തന്നെ സംബന്ധിച്ച് ഒന്നുമല്ലെന്നാണ് കമലത്താളിന്റെ അഭിപ്രായാം. വില വര്‍ദ്ധിപ്പിക്കാന്‍ നിരവധി ആളുകള്‍ കമലത്താളിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും വിശപ്പുള്ളവര്‍ക്കും തന്റെ ഇഡ്‌ലികൊണ്ട് വിശപ്പടക്കാനാവുന്നതിനാല്‍ അവള്‍ അത് ചിരിച്ചുകൊണ്ട് നിരസിക്കുകയാണ്. 

എന്തും ഏതും കച്ചവടകണ്ണിലൂടെ കാണുന്ന ഇന്നത്തെ സമൂഹത്തില്‍ കമലത്താളിനെപ്പോലെയുള്ള ശുദ്ധാത്മാളുമുണ്ട് എന്നത് ആശ്വാസകരമാണ്. ഈ ഓണത്തിന് ഇഡ്ഡലിമുത്തശ്ശിയുടെ നാട് വരെ ഒന്നുപോയി നല്ലപട്ടുപോലത്തെ ഇഡ്ഡലിയും കഴിച്ച് പോരാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com