ADVERTISEMENT

അർക്കകിരണങ്ങളെ തങ്ങളുടെ ഇലച്ചാർത്തുക്കളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന തരുശാ'ഖികൾ, പക്ഷിമൃഗാദികളുടെ മർമരങ്ങൾ, പാറക്കൂട്ടങ്ങളിൽ തട്ടി ചിന്നിച്ചിതറി കുതിച്ചൊഴുകുന്ന സലീലപാത. ഇങ്ങനെ നിരവധി കാഴ്ചകളുടെ അദ്ഭുത ചെപ്പ് ഒളിപ്പിച്ചു വെച്ചിട്ടുണ്ട് ഓരോ വനാന്തരങ്ങളും. ഏതൊരു സഞ്ചാരിയെയും വിസ്മയപ്പെടുത്തുന്ന നിരവധി കാഴ്ചകളുടെ സംഗമമാണ് ഉൾക്കാടുകളിലൂടെയുള്ള യാത്ര. വെള്ളച്ചാട്ടത്തിന്റെ മനോഹാരിത കൊണ്ട് തന്നെ കാണാനെത്തുന്ന അതിഥികളെയെല്ലാം ആകർഷിക്കുന്ന ഒരിടമാണ് തലകോന വെള്ളച്ചാട്ടം. കാടിന്റെ നടുവിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിനു സവിശേഷതകൾ ഏറെയാണ്. എന്തൊക്കെയാണ് തലകോന വെള്ളച്ചാട്ടത്തിന്റെ പ്രത്യേകതകൾ?

ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ശ്രീ വെങ്കിടേശ്വര ദേശീയോദ്യാനത്തിലാണ് തലകോന വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തെ  ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമെന്നു ഖ്യാതിയുള്ള തലക്കോന യാത്രാപ്രിയരുടെ ഇഷ്ടയിടമാണ്. 270 അടി ഉയരത്തിൽ നിന്നുമാണ് ഇവിടെ വെള്ളം താഴേയ്ക്കു പതിക്കുന്നത്. ഏറെ ഉയരത്തിൽ നിന്നും പതിക്കുന്നതുകൊണ്ടു തന്നെ ഏറെ ആകർഷകമാണ് വെള്ളച്ചാട്ടം. കാടിനുള്ളിലൂടെ ഒരുപാട് ദൂരം ഒഴുകി വരുന്നതു കൊണ്ടുതന്നെ ഈ ജലത്തിനു ഔഷധ ഗുണമേറെയുണ്ടെന്നാണ് പറയപ്പെടുന്നത്. പാറക്കെട്ടുകളിൽ തട്ടി ചിന്നിച്ചിതറി പതിക്കുന്ന തണുത്തുറഞ്ഞ ജലം ദേഹത്തു പതിച്ചാൽ ത്വക്ക് രോഗങ്ങൾക്കു ശമനമുണ്ടാകും.

സാഹസികപ്രിയർക്കു വ്യത്യസ്തമായ ട്രെക്കിങ്ങ് പാതകളിലൂടെ ഈ വെള്ളച്ചാട്ടത്തിനു സമീപമെത്താം. എന്നാൽ ഈ വെള്ളച്ചാട്ടത്തിന്റെ ഉത്ഭവം തിരഞ്ഞു പോകുക എന്നതു അല്പം കഠിനമാണെന്നാണ് പറയപ്പെടുന്നത്. തലകോന വെള്ളച്ചാട്ടം കാണാൻ പോകുന്നവരെ ഏറ്റവും സന്തോഷിപ്പിക്കുന്ന ഒരു കാര്യമാണ് ഈ വെള്ളച്ചാട്ടത്തിനു സമീപത്തു രാത്രി താമസിക്കാമെന്നത്. ഉൾക്കാടിന്റെ മര്മരവും വെള്ളച്ചാട്ടത്തിന്റെ ആരവുമൊക്കെ ആസ്വദിച്ചുള്ള താമസം സാഹസികപ്രിയരായ സഞ്ചാരികളെ രസിപ്പിക്കും.

തലകോന വെള്ളച്ചാട്ടത്തിനു സമീപത്തായാണ് സിദ്ധേശ്വര സ്വാമിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ.  ഏകദേശം 140 വർഷത്തെ പഴക്കമുള്ള ഈ ശിവക്ഷേത്രത്തിലെ ശിവലിംഗം റായവരിപ്പള്ളി എന്ന സ്ഥലത്തുനിന്നും കൊണ്ടുവന്നതാണ്. 

തലകോന വെള്ളച്ചാട്ടം കാണാൻ തിരുപ്പതിയിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്. 36 കിലോമീറ്ററാണ് ദൂരം. തിരുപ്പതി ബസ്സ്റ്റാൻഡിൽ നിന്നും ഇവിടേയ്ക്ക് എപ്പോഴും ബസ് സർവീസുകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com