sections
MORE

പർവതങ്ങളുടെ അവസാനം, 100 വർഷം പഴക്കമുള്ള രാജഭവനം; ഇത് അദ്ഭുതങ്ങൾ ഒളിപ്പിച്ച നാട്

laitlum-travel
SHARE

ലയിറ്റ്‍ലം എന്നാല്‍ മലകളുടെ അവസാനം എന്നാണർഥം. മനോഹരമായ താഴ്‌വരകളിലേക്കു വഴികള്‍ വിരിച്ച് ഷില്ലോങ്ങിലെ ഘാസി ഹില്‍സില്‍ സഞ്ചാരികളെ കാത്ത് സ്വര്‍ഗതുല്യമായ ഒരിടമുണ്ട്‌. ലയിറ്റ്‍ലം മലയിടുക്ക് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ഷില്ലോങിന്‍റെ മനോഹാരിത കണ്ണുകളില്‍ ഒപ്പിയെടുക്കാന്‍ ഈ പ്രദേശത്തേക്കു വന്നാല്‍ മതി. അതിമനോഹരമായ ഈ ഭൂപ്രദേശത്തിന്‍റെ പ്രത്യേകതകള്‍ നിരവധിയാണ്. വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയാത്തത്ര മനോഹരം!

മേഘാലയയുടെ ആംഫി തിയേറ്റര്‍!

ഇവിടുത്തെ സുന്ദരമായ മലഞ്ചരിവുകളുടെ കാഴ്ച ഒരിക്കല്‍ കണ്ടാല്‍ പിന്നീടൊരിക്കലും ആരും മറക്കില്ല. പ്രഭാതം മുതല്‍ സായാഹ്നം വരെ ഇവിടെ ചെലവഴിച്ചാല്‍ പച്ചയുടെ മനോഹരമായ വകഭേദങ്ങള്‍ ചുവപ്പിലേക്കു പതിയെ വഴി മാറുന്നത് കണ്ടനുഭവിക്കാം. മലനിരകളില്‍ നിഴലുകള്‍ വീണ് പലയിടങ്ങളിലായി പല നിറങ്ങള്‍ ചിതറിക്കിടക്കുന്നതു കാണാം.

ട്രക്കര്‍മാരേ, ഇതിലേ ഇതിലേ!

ലയിറ്റ്‍ലം അത്ര എളുപ്പത്തില്‍ കയറിപ്പോകാന്‍ പറ്റുന്ന സ്ഥലമല്ല. കുറച്ചു കഷ്ടപ്പെട്ട് കയറിപ്പോയാലും മുകളിലെത്തിക്കഴിഞ്ഞാല്‍ കഷ്ടപ്പെട്ടത് വെറുതെയായില്ല എന്ന് മനസ്സിലാകും. ലോകത്തിലെ ഏറ്റവും മികച്ച ശുദ്ധവായു കിട്ടുന്ന ഇടങ്ങളിലൊന്നാണ് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ ഭൂപ്രദേശം. ഇന്ത്യയില്‍ ട്രക്കിങ്ങിനു പോകാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് മികച്ച  അനുഭവമായിരിക്കും ലയിറ്റ്‍ലം കാനിയോണ്‍സ് എന്നതില്‍ സംശയമില്ല.

laitlum23

ഭൂമിയുടെ അറ്റത്ത് മേഘങ്ങളുടെ വീടും പുല്‍ത്തകിടികളും 

ഇടുങ്ങിയ പാറക്കെട്ടുകളിലൂടെ യാത്ര നീളുന്നത് ഈ ഗിരികന്ദരത്തിന്‍റെ ഉയരങ്ങളിലേക്കാണ്. അവിടവിടെയായി ഒറ്റപ്പെട്ട വീടുക. മഞ്ഞില്‍ മൂടിപ്പുതച്ച് ഇവ നില്‍ക്കുന്ന കാഴ്ച നയനാനന്ദകരമാണ്. 'മേഘങ്ങളുടെ ആലയം' എന്നാണ് മേഘാലയ അറിയപ്പെടുന്നത്. ലയിറ്റ്‍ലം മലയിടുക്കില്‍ വരുന്ന ആര്‍ക്കും ഈ കാര്യത്തില്‍ യാതൊരു സംശയവും ഉണ്ടാവാനിടയില്ല! പുകമഞ്ഞു ചുറ്റിത്തിരിയുന്ന ഓരോ പര്‍വത ശിഖരം കാണുമ്പോഴും മറ്റൊരു പേര് മനസ്സിലേക്കുവരില്ല.

മലയുടെ മുകളില്‍ കയറിച്ചെന്നാല്‍ വിശാലമായ പുല്‍മേടുകള്‍ കാണാം. ഇവിടെ വെയില്‍ കാഞ്ഞിരുന്ന് ചൂടുള്ള ഒരു ചായ മൊത്തിക്കുടിച്ചാല്‍ ആ അനുഭവം നിങ്ങള്‍ ഒരിക്കലും മറക്കില്ല!

സ്വപ്നങ്ങളുടെ ഒഴുക്ക് 

കളകളാരവം പൊഴിച്ച് ഒഴുകുന്ന അരുവിയുമുണ്ട് ഇവിടെ. അരുവിക്ക് മുകളിലെ മരം കൊണ്ടുള്ള ചെറിയ പാലവും മഞ്ഞിന്‍റെ ചെറിയ പുതപ്പും എല്ലാം കൂടി സ്വപ്നതുല്യമായ അന്തരീക്ഷമാണ് ഇവിടെ. ഈ അരുവിയുടെ അരികില്‍ നിന്നാല്‍ നാലു വെള്ളച്ചാട്ടങ്ങള്‍ തുള്ളിച്ചാടിയൊഴുകുന്ന 270 ഡിഗ്രി കാഴ്ച കാണാം. പോരും വഴി വഴിയരികിലുള്ള ഏതെങ്കിലും കടയില്‍നിന്നു പരമ്പരാഗത ഖാസി ഭക്ഷണം പൊതിഞ്ഞു കൊണ്ടുവന്നാല്‍ ഈ മനോഹാരിത ആസ്വദിച്ചു കൊണ്ടുതന്നെ ഭക്ഷണം കഴിക്കാം.

laitlum2

റോപ് വേയും സ്വര്‍ഗ്ഗത്തിലേകികുള്ള കോണിപ്പടികളും 

ലയിറ്റ്‍ലം മലയിടുക്ക് കയറിച്ചെന്നാല്‍ രസോങ്ങ് എന്ന ചെറുഗ്രാമത്തിലെത്തും. താഴ്‌വരയില്‍ നിന്നു ധാന്യങ്ങളും അവശ്യഭക്ഷ്യവസ്തുക്കളും ഗ്രാമവാസികള്‍ മുകളിലേക്ക് എത്തിക്കുന്നത് റോപ് വേ വഴിയാണ്. രസോങ്ങ് ഗ്രാമത്തെ തൊട്ടടുത്തുള്ള ചന്തയുമായി ബന്ധിപ്പിക്കുന്നത് കുത്തനെയുള്ള 3000 പടികളാണ്. പാറയില്‍ കൊത്തിയുണ്ടാക്കിയ ഈ പായല്‍ പിടിച്ച പടിക്കെട്ട് കണ്ടാല്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയാണോ എന്ന് ആരും സംശയിക്കും! പടി കയറിക്കയറി പോകുന്നവരുടെ കണ്ണുകള്‍ക്ക് മധുര മനോഹര കാഴ്ചയായി ഓര്‍ക്കിഡുകളും മുളംകൂട്ടങ്ങളും അവിടവിടെയായി തലയുയര്‍ത്തി നില്‍പ്പുണ്ട്!

ചൂലുണ്ടാക്കാന്‍ ഉപയോഗിക്കുന്ന തരം ചെടികള്‍ ഇവിടത്തെ പ്രധാനപ്പെട്ട കൃഷികളില്‍ ഒന്നാണ്. ചൂലുകള്‍ ചന്തയില്‍ കൊണ്ടുപോയി വിറ്റ്‌ അവശ്യ സാധനങ്ങള്‍ മുളംകൊട്ടകളിലാക്കി വരുന്ന ഗ്രാമീണര്‍ സ്ഥിരം കാഴ്ചയാണ്.

രാജാവിന്‍റെ വീട് 

ഘാസികളുടെ ഉപവിഭാഗമായ 'ഹിമ ഖൈരിം' വംശജര്‍ വസിക്കുന്ന ഇടമാണ് ലയിറ്റ്‍ലം മലയിടുക്കിലെ മറ്റൊരു ഗ്രാമമായ സ്മിറ്റ്. ഗ്രാമത്തില്‍ ഇവരുടെ രാജാവ് താമസിക്കുന്ന വീട് 'ലിംഗ് ഷാദ്' എന്നറിയപ്പെടുന്നു. ഈ വീടിനു നൂറു വര്‍ഷത്തിലേറെ പഴക്കമുണ്ട് എന്ന് കരുതപ്പെടുന്നു. ശരദ്കാലത്ത്  ഇവിടെ ഇവരുടെ 'നോംഗ്ക്രെം' നൃത്തം അരങ്ങേറാറുണ്ട്. ഈയിടെയായി നിരവധി ബോളിവുഡ് സിനിമകളിലും ലയിറ്റ്‍ലം മലയിടുക്ക് ചിത്രീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന 'റോക്ക് ഓണ്‍ ടു' സിനിമയുടെ ലൊക്കേഷന്‍ ലയിറ്റ്‍ലം മലയിടുക്കാണ്. അങ്ങനെ അധികം ആളുകള്‍ വരാത്ത ഒരു സ്ഥലമാണ് ലയിറ്റ്‍ലം  മലയിടുക്ക്. അതുകൊണ്ടുതന്നെയാണ് സ്വര്‍ഗത്തില്‍നിന്നു പൊട്ടി വീണ പോലെ ഈ പ്രദേശം ഇത്ര മനോഹരവും കളങ്കമില്ലാത്തതുമായി നിലനില്‍ക്കുന്നതും. 

എങ്ങനെയാണ് എത്തുക?

സ്കോട്ടിഷ് മലനിരകളെ ഓര്‍മിപ്പിക്കുന്ന സൗന്ദര്യമാണ് ലയിറ്റ്‍ലം മലയിടുക്കിനുള്ളത്. ഷില്ലോങ്ങില്‍നിന്നു മിസോറം ഹൈവേയിലൂടെ ഒരു മണിക്കൂര്‍ ഡ്രൈവ് ചെയ്‌താല്‍ ഇവിടെയെത്താം. ഷില്ലോംഗില്‍നിന്ന് 23 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. ഇവിടെ നിന്നും ടാക്സി എടുത്താല്‍ 1000-1200 രൂപയ്ക്ക് ലയിറ്റ്‍ലം എത്താം. 

ഇതുവരെ ടൂറിസ്റ്റ് കേന്ദ്രമായി വളരാത്തതിനാല്‍ മതിയായ ടോയ്‍ലറ്റ് സൗകര്യമോ ഭക്ഷണക്കടകളോ ഈ ഭാഗത്ത് കാര്യമായി ഇല്ല. ചൂടു ചായയുമായി അമ്മമാരും പുഴുങ്ങിയ മുട്ടയുമായി അവരുടെ കുഞ്ഞുങ്ങളും ഈ വഴിയിലൂടെ വന്നെന്നു വരാം. കൂടുതല്‍ ഭക്ഷണം വേണം എന്നുണ്ടെങ്കില്‍ ഒപ്പം കരുതണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA