sections
MORE

പതിവ് കാഴ്ചകളിൽ നിന്ന് മാറിയൊരു മൈസൂർ ട്രിപ്പ് പോയാലോ

mysore-123
SHARE

മൈസൂർ എന്ന് കേൾക്കുമ്പോൾ തന്നെ കൊട്ടാരങ്ങളും പൂന്തോട്ടങ്ങളുമാകും നമ്മുടെയൊക്കെ ചിന്തകളിലേക്ക് ഓടിയെത്തുന്നത്. വിദേശ ടൂറിസ്റ്റ് കേന്ദ്രങ്ങളോട് കിടപിടിയ്ക്കുന്ന തരത്തിൽ അതി മനോഹരമായൊരു സ്ഥലമാണ് മൈസൂർ. എന്നാൽ മൈസൂർ യാത്രകളിൽ മൈസൂർ മാത്രം കറങ്ങി നിർത്തേണ്ടവയല്ല. 

ശ്രീരംഗപട്ടണം

മൈസൂരിൽ നിന്നും വെറും 18 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ചരിത്ര ഇടമാണ് ശ്രീരംഗപട്ടണം.  ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട വൈഷ്ണവ തീർഥാടന കേന്ദ്രം കൂടിയായ ഇവിടം പ്രധാന ക്ഷേത്രമായ ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.  ടിപ്പു സുൽത്താന്റെ കാലത്ത് പ്രധാനപ്പെട്ട ഇടമായിരുന്നു ശ്രീരംഗപട്ടണം. അദ്ദേഹത്തിന്റെ ഭരണത്തിന്റെ ശേഷിപ്പുകൾ ഇന്നും ഇവിടെ കാണാൻ സാധിക്കും. ശ്രീരംഗപട്ടണം കോട്ടയും കാണേണ്ട കാഴ്ച്ച തന്നെയാണ്. ടിപ്പു സുല്‍ത്താന്റെ പേരിൽ അറിയപ്പെടുന്ന ഈ കോട്ട ഇന്തോ - ഇസ്ലാമിക നിര്‍മാണ രീതിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.

ബാൽമുറി ഫോൾസ്

പേരിൽ മാത്രമേ വെള്ളച്ചാട്ടമുള്ളു. ശരിക്കും ഇതൊരു റിസർവോയറാണ്. മൈസൂരിൽ നിന്ന് വെറും 15 കിലോമീറ്റർ ദൂരമേയുള്ളു ഇവിടേയ്ക്ക്.

ശ്രീരംഗപട്ടണത്തിലെത്തുന്നവർ  കണ്ടിരിക്കേണ്ട ഒരു കാഴ്ച തന്നെയാണിത്. നിരവധി തെന്നിന്ത്യന്‍, പ്രത്യേകിച്ച് കന്നഡ ചിത്രങ്ങള്‍ക്ക് ലൊക്കേഷനായിട്ടുണ്ട് ഇൗ മനോഹരമായ ഇടം എന്നതും പ്രത്യേകതയാണ്.

വൃന്ദാവൻ പൂന്തോട്ടം

വൃന്ദാവൻ ഗാർഡനെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ. മൈസൂർ യാത്രയിലെ ഹൈലൈറ്റുകളിൽ ഒന്ന്.  കൃഷ്ണരാജ സാഗർ അണക്കെട്ടിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ പൂന്തോട്ടം മൈസൂർ ദിവാനായിരുന്ന സർ മിർസാ ഇസ്മായിലാണ് രൂപകല്പന നടത്തിയത്. കാശ്മീരിലെ ഷാലിമാർ ഗാർഡന്റെ മാതൃകയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. നേരത്തെ കൃഷ്ണരാജേന്ദ്ര ടെറസ് ഗാര്‍ഡന്‍ എന്നായിരുന്നു ഇതിന്റെ പേര്. 

സോംനാഥപൂർ

മൈസൂർ കോട്ടുകളുടെ നഗരമാണെങ്കിൽ സോംനാഥപൂർ ക്ഷേത്ര നഗരമാണ്. ഹൊയ്സാല വാസ്തു വിദ്യയുടെ പേരിലാണ്  ഈ നഗരം ലോക പ്രസിദ്ധമായിരിക്കുന്നത്. യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഇവിടുത്തെ ക്ഷേത്രം കൊത്തുപണികൾക്കും ഏറെ പ്രസിദ്ധമാണ്. മൈസൂരിൽ നിന്ന് 35 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. 

നഞ്ച‌ന്‍ഗുഡ്

സമുദ്രനിരപ്പില്‍ നിന്നും 2155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രനഗരമാണ് നഞ്ചന്‍ഗുഡ്. പ്രസിദ്ധമായ രഥോത്സവം ഇവിടെ നടത്തപ്പെടുന്നു.  ശ്രീരംഗപട്ടണം തലസ്ഥാനമാക്കി ഭരിച്ചിരുന്ന  ടിപ്പു സുല്‍ത്താന് നഞ്ചന്‍ഗുഡുമായി അടുത്ത ബന്ധമുണ്ടായിരുന്നുവത്രേ. നഞ്ചന്‍ഗുഡ് പാലമാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. ഈ പാലം നിര്‍മിച്ചത് 1735ലാണ്. നഞ്ചകണ്ഡേശ്വര ക്ഷേത്രം ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. കപില നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ദക്ഷിണ കാശി എന്നും അറിയപ്പെടുന്നു. 

അപ്പോൾ ഇനി മൈസൂരിലേയ്ക്ക് പോകുമ്പോൾ നഗര മധ്യത്തിൽ കിടന്ന് വട്ടം കറങ്ങാതെ ചുറ്റുമുള്ള  ഈ സുന്ദരയിടങ്ങൾ ക്കൂടി കാണാൻ ശ്രമിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA