sections
MORE

വെല്ലിങ്ടൺ പൊറോട്ടയും കാരറ്റ് തോട്ടത്തിനടുത്ത ഒറ്റവീട്ടിലെ താമസവും

coonoor74
SHARE

മാഞ്ഞൂരിലേക്കെത്തും മുൻപ് ഇത്രയേറെ രുചിച്ചുരങ്ങൾ കയറേണ്ടിവരുമെന്ന് അറിഞ്ഞത് ബർളിയാറിൽ വച്ച് കാറിന്റെ റേഡിയറ്റർ കേടായപ്പോഴാണ്. നിലമ്പൂർ–നാടുകാണി ചുരം ഇതുവരെ നന്നാക്കിയില്ലാത്തതിനാൽ നീലഗിരിയിലെ മാഞ്ഞൂരിലേക്ക്  മേട്ടുപ്പാളയം വഴിയാണ് പോയത്. ടോൾബൂത്തുകളുടെ സംസ്ഥാനസമ്മേളനം നടക്കുന്ന ഹൈവേ ആണെങ്കിലും പെട്ടെന്ന് എത്താമെന്ന ഗുണമുണ്ട്.

ramaseri-idly

പ്രഭാതഭക്ഷണം രാമശ്ശേരി ഇഡ്ഢലിയും ഒപ്പം  രണ്ടുതരം ചട്ട്നിയും സാമ്പാറും ചമ്മന്തിപ്പൊടിയും. ചെറിയൊരു ഒറ്റമുറി ഹോട്ടൽ. പാലക്കാട് ടൗൺ കഴിഞ്ഞ് കഞ്ചിക്കോട്ടിൽപുതുശ്ശേരി ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന്റെ എതിർവശത്താണ് ഈ രുചിയിടം. ഓവൻ ഫ്രഷ് ബേക്കറി. പാലക്കാട്ടുള്ള സുഹൃത്ത് സുദീപ് ആണ് ഓവനിലേക്കു നയിച്ചത്. കളിമൺ കൂജയും കോപ്പകളും ടേബിളിലുണ്ട്. നല്ല കിടുക്കൻ ചായയും കൂടിയായപ്പോൾ പ്രാതൽ ഗംഭീരം. 

Hotel-Oven

നീലമലകൾക്കു മുന്നിലായി കരിമ്പനകളുടെ മുടിയഴിച്ചാട്ടം കണ്ട്, റോഡിനു തണലേകാൻ കൈകോർത്തു പിടിച്ചിരിക്കുന്ന പുളിമരങ്ങളുടെ ഒരുമ കണ്ട് ആ പഴയ ക്വാളിസ് മുന്നോട്ടുനീങ്ങി. മേട്ടുപ്പാളയം–കൂനൂർ ചുരം കയറിത്തുടങ്ങിയശേഷം ബസ്സുകളുടെ ഇടത്താവളമായ ബർളിയാർ എത്തിയപ്പോഴാണ് വണ്ടിയിൽനിന്നു പുക പൊങ്ങിത്തുടങ്ങിയത്.

coonoor-trip7

വാഹനം നന്നാക്കാൻ മെക്കാനിക്കിനു നൽകിയശേഷം ബർളിയാറിലെ കന്റീനിൽ കയറി. ആദ്യത്തെ രുചിയറിവ് ആ പഴയ കന്റീനിൽ വച്ചായിരുന്നു. ചപ്പാത്തിയും കുറുമയും. എന്തൊരു രുചിയാണ് ആഹാരത്തിന്. പുറമേ നിന്നു കാണുന്ന ഇരുട്ടുമുറിപ്രതീതി ആർക്കും അത്ര പിടിക്കില്ല. പക്ഷേ, ആഹാരം വളരെ നല്ലത്. ഇനി ഈ വഴി വരുമ്പോൾ തമിഴ്നാട് ട്രാൻസ്പോർട്ട് വകുപ്പിന്റെ ഈ കന്റീനിൽ നിന്ന് ആഹാരം കഴിക്കുമെന്ന് ഉറപ്പ്. 

coonoor-trip

ലോറിയിലേറി കൂനൂരിലേക്ക് 

ഒരു ലോറിയ്ക്കു കൈകാണിച്ചു. ഒരാൾക്ക് മുപ്പതുരൂപ വരുമെന്ന് ഡ്രൈവർ. ഓകെ. ഞങ്ങളഞ്ചുപേർ ആ ക്യാബിനിൽ കയറിയിരുന്നു. ആദ്യമായി ഒരു ടിപ്പറിൽ യാത്ര. ആനപ്പുറത്തിരുന്നു യാത്ര ചെയ്താലും ഇത്ര ഗമയുണ്ടാകുമോ എന്നു സംശയം. ലോറിയിൽ നല്ല മലയാളം പ്രേമപ്പാട്ടുകൾ. ഇതെന്താ ചേട്ടാ, മലയാളം? ലോറിഡ്രൈവർ കൃഷ്ണൻ ഒന്നു മന്ദഹസിച്ചു. മൂപ്പരുടെ കാമുകി പാലക്കാട്ടുകാരിയാണ്. ചുരമൊക്കെ വേഗത്തിൽ കയറി കൂനൂരിലെത്തി. വലതുവശത്ത് മേട്ടുപ്പാളയം–കൂനൂർ പൈതൃകതീവണ്ടിപ്പാത കിടപ്പുണ്ട്. അതിനപ്പുറം കൂനൂരിന്റെ മുഖമുദ്രയായ ക്ലോക്ക് ടവർ. ഈ ക്ലോക്ക് ടവറിന്റെ ചിഹ്നമുള്ള ഒരു ഹോട്ടലുണ്ട് പട്ടണത്തിൽ. രണ്ടാം രുചിപ്പെരുമ അവിടെനിന്നാണ്. 

വെല്ലിങ്ടൺ പൊറോട്ട  

coonoor

മഞ്ഞൂരിലേക്കുള്ള ബസ് തിരഞ്ഞു നടക്കുന്നതിനിടയിലാണ് ഹോട്ടൽ രാമചന്ദ്ര എന്ന ബോർഡ് കണ്ണിൽപ്പെടുന്നത്. ചായ കുടിക്കാമെന്നു കരുതി ഉള്ളിലേക്കു കയറി. ചുമരിലെങ്ങും പഴയ കൂനൂരിന്റെ പടങ്ങളുണ്ട്. കൂടെ ഒരു ബോഡും. വെല്ലിങ്ടൺപൊറോട്ട! അതെന്തു പൊറോട്ടയാണ്? എന്നാപ്പിന്നെ വെല്ലിങ്ടൺ പൊറോട്ട പോരട്ടെ ഓരോ പ്ലേറ്റ്. പൊറോട്ട വന്നു. കൂടെ ചാറും. ചാറിൽ മുക്കി നക്കിയാൽ മതി എന്ന ‘കിലുക്കത്തിലെ’ ഡയലോഗാണ് ഓർമ വന്നത്. ഈ പൊറോട്ട ചാറിൽ മുക്കുകപോലും വേണ്ട.

മൈദ കൊണ്ടൊരു മസ്സാലദോശ ഉണ്ടാക്കിയാൽ എങ്ങനെയിരിക്കും? മസ്സാലയ്ക്കു പകരം മട്ടൺ കുനുകുനെ അരിഞ്ഞതും ഉള്ളിയും ചേർത്ത രസികൻ കൂട്ട് ചേർത്താലോ? അതാണു വെല്ലിങ്ടൺ പൊറോട്ട. ഇത്തിരി കത്തിയാണെങ്കിലും ഈ രസികൻ പൊറോട്ട അതീവരുചികരമാണെന്നു പറയാതെ വയ്യ. അപ്പോൾ അടുത്ത കൂനൂർ യാത്രയിലും കയറാൻ ഒരു രുചിയിടം കൂടിയായി. 

കാരറ്റ്തോട്ടത്തിലെ ഏകാന്തവീട് 

HOTEL-RAMACHANDRA

കൂനൂരിൽനിന്നു മഞ്ഞൂരിലേക്ക് ഒരു ജീപ്പ് കിട്ടി. കുന്ത ഡാമിന്റെ അടുത്തുള്ള ഒറ്റവീടാണു ലക്ഷ്യം. ചുറ്റിനും മലനിരകൾ. മുന്നിൽ കാരറ്റ് തോട്ടം. മട്ടുപ്പാവിൽനിന്നു നോക്കുമ്പോൾ നീലഗിരിയുടെ നീലിമ. അതിനുതാഴെ കലങ്ങിയ കുന്താഡാമിന്റെ ജലാശയം. ഊട്ടിയുടെ സ്ഥിരം ബഹളത്തിൽ നിന്നുമാറി ശാന്തമായി താസിക്കണം എന്നാഗ്രഹിക്കുന്നവർക്ക്  ആ വീട് ഒരു അനുഗ്രഹമായിരിക്കും.

coonoor-trip2

രണ്ടു മുറികൾ. വീശാലമായ ഒരു ഹാൾ. അടുക്കള, സ്വീകരണമുറി എന്നിങ്ങനെയാണു സൗകര്യങ്ങൾ. ആഹാരം സഹായിയായ പ്രഭാകർ എത്തിച്ചുതരും. രാവിലെ എണീറ്റ് മലയോരത്തു ചെന്ന് കാരറ്റ് വിളഞ്ഞോ എന്നും ഉരുളക്കിഴങ്ങുചെടികൾ വളരുന്നുണ്ടോ എന്നും നോക്കാം. അവിടെവച്ച് നീലഗിരിയോടു പ്രേമം പ്രഖ്യാപിക്കാം. 

കിന്നക്കൊരൈ എന്ന കുഞ്ഞുഗ്രാമത്തിലേക്ക് ഡ്രൈവ് ചെയ്യാം. കൂനൂരിന്റെ പതിവുകാഴ്ചകൾ ആസ്വദിക്കാം. േശഷം തിരികെ. 

വാഹനം പോൾ എന്ന മെക്കാനിക്ക് നന്നാക്കി വച്ചിട്ടുണ്ടായിരുന്നു. അതുവരെ വീണ്ടും ഒരു ചെറുലോറി കിട്ടി. പക്കാസുരൻ ഹിൽവ്യൂ പോയിന്റിൽ ജങ്ഷനിൽ ഇറങ്ങേണ്ടി വന്നു. ഇനിയും താഴേക്ക് ഏറെദൂമുണ്ട്.  ടാൻടീ എന്നെഴുതിയ ചെറിയ ഔട്ട്ലെറ്റിൽനിന്ന് ചായ. ടാൻടീ തമിഴ്നാടിന്റെ ഉടമസ്ഥതയിലുള്ള  തേയിലത്തോട്ടമാണ്. നല്ല ചായ.

coonoor-trip4

പക്കാസുരൻ ഹിൽവ്യു കണ്ട് അടുത്ത ടാക്സിയിലേറി ബർളിയാറിലേക്ക്. ഒരു വണ്ടിയിലിരുന്ന് മറ്റു കാഴ്ചകളൊന്നും ആസ്വദിക്കാതെ വെറും ഡെസ്റ്റിനേഷൻ തേടൽ എന്നതിലുപരിയായി ഈ യാത്ര മികച്ചതായിരുന്നു എന്ന് സുഹൃത്തുക്കളുടെ സാക്ഷ്യം. ശരിയാണ്. അല്ലെങ്കിൽ എങ്ങനെ ബർളിയാറിലെ ചപ്പാത്തിയും വെല്ലിങ്ടൺ പൊറോട്ടയും ആസ്വദിക്കാനായി? ഇനി കൂനൂരും ഊട്ടിയും തേടുമ്പോൾ ഇവിടങ്ങളിലുമൊന്നു കയറിനോക്കൂ. 

coonoor-trip6

റൂട്ട് 

coonoor-trip3

പാലക്കാട്–മേട്ടുപ്പാളയം (നല്ല ഹൈവേ)–  87 കിലോമീറ്റർ 

coonoor-trip5

മേട്ടുപ്പാളയം–കൂനൂർ (ചുരം, കയറ്റം)– 35 കിലോമീറ്റർ 

കൂനൂർ–മഞ്ഞൂർ അഥവാ മഞ്ചൂർ– തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള വഴി– 35 കിലോമീറ്റർ 

എറണാകുളത്തുനിന്ന് രണ്ടുദിവസം കൊണ്ടു പോയിവരാം. 

താമസം– മഞ്ഞൂരിലെ വീട്(വീട് മൊത്തം ഒരു ദിവസം വാടകയ്ക്ക് എടുക്കാൻ 6000 രൂപ)– വിളിക്കേണ്ട നമ്പർ 9488252064 

മറ്റു കാഴ്ചകൾ, അനുഭവങ്ങൾ

കൂനൂരിലെ പൈതൃകതീവണ്ടിയാത്ര, മേട്ടുപ്പാളയം ബ്ലാക്ക് തണ്ടർ വാട്ടർതീം പാർക്ക്്, കുന്താ ഡാം വ്യൂ, കിന്നക്കൊരൈ ഗ്രാമം, മഞ്ചൂർ–മുള്ളി അഗളി വഴി അട്ടപ്പാടിയിലേക്കെത്തുന്ന വഴിയിലൂടെയുള്ള സാഹസിക പാത(സമയം വൈകിയാൽ പോകരുത്) 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA