ADVERTISEMENT

മലഞ്ചെരിവിലൂടെയുള്ള പാതയിൽ കാർമേഘങ്ങളുടെ നിഴൽ പതിഞ്ഞുകിടന്നു. ദക്ഷിണ കന്നഡയിലെ അഗുംബെയിലേക്കാണ് ഈ വഴി. ഉഡുപ്പിയിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നു ഷിമോഗ ബസിൽ കയറിയാൽ വേഗത്തിൽ അഗുംബെയിലെത്താം. ഉഡുപ്പി കഴിഞ്ഞ് അൽപ സമയത്തിനകംതന്നെ ബസ് ഗ്രാമങ്ങളിലേക്കു കടക്കും. പിന്നെ വീതി കുറഞ്ഞ റോഡിലൂടെയുള്ള ബസ് ഡ്രൈവറുടെ അഭ്യാസപ്രകടനങ്ങളാണ്.

ഷിമോഗ ജില്ലയിലെ തീർഥഹള്ളി താലൂക്കിലെ ചെറിയൊരു ഗ്രാമമാണ് അഗുംബെ. ചെറിയ ബസ് സ്റ്റാൻഡ്, ഹോട്ടൽ, ചെറിയൊരു പലചരക്കു കട, ഓടിട്ട കുറച്ചു വീടുകൾ. മല്യാസ് ലോഡ്ജ് മാത്രമാണ് വലിയ കെട്ടിടമായി ഇപ്പോഴുമുള്ളത്. സമുദ്രനിരപ്പിൽനിന്ന് ഏതാണ്ട് 2000 അടി ഉയരത്തിലാണ് അഗുംബെ. വർഷം ശരാശരി 7620 മില്ലിമീറ്റർ മഴ ലഭിക്കുന്നതുകൊണ്ടാകാം അഗുംബെ, ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചി എന്നറിയപ്പെടുന്നത്. ഏതാനും വർഷങ്ങളായി കേരളത്തിൽനിന്നുള്ള മഴക്കാല യാത്രാപ്രേമികളുടെ ഒഴുക്കാണ് അഗുംബെയിലേക്ക്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മൺസൂൺ ഡെസ്റ്റിനേഷനുകളിൽ ഒന്നാണിപ്പോൾ ഇവിടം. നോക്കിനിൽക്കെ മഴ  ഒരൊന്നൊന്നരപ്പെയ്ത്താണ്. ഓരോ നിമിഷത്തിലും മാറുന്ന ഭാവങ്ങളുമായി മഴ. ഒരു റെയിൻകോട്ടും സാദാ ചപ്പലുമിട്ട് പനിപ്പേടിയില്ലാതെ മഴയിലലിഞ്ഞ് പച്ചപ്പിലൂടെ നടക്കാൻ ഇതിലും നല്ലൊരു സ്ഥലമില്ല

അഗുംബെ ബസ് സ്റ്റാൻഡിനു നേരെ മുന്നിലുള്ള മല്യാസ് ലോഡ്ജാണു യാത്രികരുടെ പ്രധാന ആശ്രയം. ഇതു കൂടാതെ ചുരുക്കം ചില ഹോംസ്റ്റേകൾ മാത്രമാണ് ഇവിടെയുള്ളത്. അസ്തമയക്കാഴ്ചയാണ് മഴയിലും ഇവിടെ പ്രധാന ആകർഷണം. സൺസെറ്റ് വ്യൂപോയിന്റിൽ വൈകുന്നേരങ്ങളിൽ തിരക്കുണ്ട്. മഴക്കാലത്ത് പലപ്പോഴും ആകാശം ഒന്നു തെളിഞ്ഞുകാണാൻ പോലുമാകില്ലെങ്കിലും മനോഹരമായ കാഴ്ചകളുണ്ടിവിടെ. 17 കിലോമീറ്റർ അകലെയുള്ള കുന്ദാദ്രി മലയാണു മറ്റൊരു ആകർഷണം. ജനവാസം നന്നേ കുറഞ്ഞ മേഖല. പുരാതനമായ ജൈനക്ഷേത്രമാണ് ഇവിടത്തെ പ്രധാന കാഴ്ച. കോടയും തണുത്ത കാറ്റും.

agumbe-sringeri-road

കൽപടവുകൾ കയറുമ്പോൾ മരച്ചില്ലകളിൽനിന്ന്  തോർന്ന മഴയുടെ ബാക്കി പെയ്യുന്നത് അനുഭവിക്കാം. ക്ഷേത്രത്തോടു ചേർന്ന് രണ്ടു കുളങ്ങളും ഇവിടെയുണ്ട്. ക്ഷേത്രത്തിന്റെ വലതുവശത്തെ വ്യൂപോയിന്റിൽനിന്നു നോക്കിയാൽ അഗുംബെ ഗ്രാമവും കൃഷിയിടങ്ങളും കാണാൻ കഴിയും. ഇടവേളയില്ലാതെ നൂൽമഴ. മേഘങ്ങൾ ഒപ്പംനിന്നു പെയ്യുന്ന പ്രതീതി. കവലദുർഗ കോട്ടയിലേക്കുള്ള യാത്രയും അവിസ്മരണീയം. ഒൻപതാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട കോട്ടയാണിത്. പതിനാറ് – പതിനേഴ് നൂറ്റാണ്ടുകളിലായി വെങ്കടപ്പ നായകയാണ് ഇന്നു കാണുന്ന രീതിയിൽ കോട്ട പുതുക്കിപ്പണിതത്. പഴയ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ ഇന്നും ഇവിടെ കാണാം. പ്രധാന പാതയിൽനിന്നു ചെറിയൊരു ട്രെക്കിങ് നടത്തിയാൽ കോട്ടയിലെത്താം.

ആർ.കെ. നാരായണന്റെ പ്രശസ്തമായ ‘മാൽഗുഡി ഡേയ്സ്’ സീരിയലായി ചിത്രീകരിച്ചപ്പോൾ ലൊക്കേഷനായത് കസ്തൂരി അക്കയുടെ ദൊഡ്ഡുമന എന്ന പുരാതന വീടാണ്. പ്രധാന ജംക്‌ഷനിൽ തന്നെയാണിത്. യാത്രികർക്കു താമസസൗകര്യവും ഇവിടെയുണ്ട്. എല്ലാ തിരക്കുകളിൽനിന്നും അകന്ന് പ്രകൃതിയോടിണങ്ങി മഴ നനഞ്ഞു കുറച്ചുസമയം ചെലവഴിക്കാനായി മാത്രം ഇങ്ങോട്ടു വരിക... അഗുംബെ ആരെയും നിരാശരാക്കില്ല. 

പ്രധാന സ്ഥലങ്ങൾ

∙ ജോഗിഗുണ്ടി വെള്ളച്ചാട്ടം: അഗുംബെയ്ക്കു സമീപമുള്ള ചെറിയ വെള്ളച്ചാട്ടം.

∙ കുഡ്‌ലു  വെള്ളച്ചാട്ടം: അഗുംബെയിൽ നിന്ന് 25 കിലോമീറ്റർ. സാഹസികർക്ക് നല്ലൊരു ട്രെക്കിങ് അനുഭവം.

∙ ശൃംഗേരി ശാരദാക്ഷേത്രം: 28 കിലോമീറ്റർ

വഴി

സമീപ വിമാനത്താവളം: മംഗലാപുരം – 108 കിലോമീറ്റർ

റെയിൽവേ സ്റ്റേഷൻ: ഉഡുപ്പി– 55 കിലോമീറ്റർ

മംഗലാപുരം, ഷിമോഗ, ഉഡുപ്പി, ശൃംഗേരി തുടങ്ങിയ സ്ഥലങ്ങളിൽനിന്നു ബസ് സർവീസുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com