sections
MORE

ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ വായു, ആപ്പിള്‍ത്തോട്ടങ്ങളുടെ നാട്, സഞ്ചാരികളുടെ സ്വർഗം

545577508
SHARE

ഹിമാചല്‍പ്രദേശിലെ കിന്നൗർ ജില്ലയില്‍ ബാസ്പ താഴ്‌വരയിലായി സ്ഥിതി ചെയ്യുന്ന പട്ടണമാണ് സാംഗ്ല. കാടു കയറാനും ട്രക്കിംഗ് നടത്താനുമൊക്കെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ അനുയോജ്യമാണ് ഈ സ്ഥലം. ആപ്പിള്‍ തോട്ടങ്ങളും ആപ്രിക്കോട്ട്- വാള്‍നട്ട്‌ മരങ്ങളും നിറഞ്ഞ് നില്‍ക്കുന്ന സ്വര്‍ഗതുല്യമായ ഇടമാണിത്.

സമുദ്രനിരപ്പില്‍ നിന്നും 8,900 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സാംഗ്ല ടിബറ്റുമായി അതിര്‍ത്തി പങ്കിടുന്നു. 'വെളിച്ചത്തിന്‍റെ പാത' എന്നാണ് ടിബറ്റന്‍ ഭാഷയില്‍ ഈ പേരിന്‍റെ അര്‍ത്ഥം. ഹിമാലയത്തിനരികിലുള്ള ഈ മലമ്പ്രദേശത്ത് ഹിന്ദു- ബുദ്ധിസ്റ്റ് സംസ്കാരങ്ങളുടെ മിശ്രണമാണ് കാണാന്‍ സാധിക്കുക.

1989 വരെ ഈ പ്രദേശം സന്ദര്‍ശിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നുമുള്ള പ്രത്യേക അനുമതി ആവശ്യമായിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണിത് എന്നതായിരുന്നു കാരണം. പിന്നീട് ടൂറിസം വികസനത്തിന്‍റെ ഭാഗമായി ആ നിയമം എടുത്തു മാറ്റി. ചിത്കുല്‍, കര്‍ച്ചം, ബട്സേരി തുടങ്ങിയ സ്ഥലങ്ങള്‍ ഇവിടുത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.

എപ്പോഴാണ് പോവാന്‍ പറ്റിയ സമയം?

ഷിംലയില്‍ നിന്നും 223 കിലോമീറ്റര്‍ മാറിയാണ് സാംഗ്ല സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ കാലാവസ്ഥ മിക്കവാറും വര്‍ഷം മുഴുവന്‍ വളരെ സുന്ദരമാണ്. മഞ്ഞുകാലത്ത് ഹിമാലയത്തിന്‍റെ തലപ്പുകളില്‍ തൊപ്പി പോലെ മഞ്ഞു മൂടിക്കിടക്കുന്നത് ഇവിടെ നിന്നാല്‍ കാണാം. ഈ സമയത്ത് -05 oC മുതല്‍ -15 oC വരെയായിരിക്കും സാംഗ്ലയിലെ താപനില. ചൂടുകാലത്താവട്ടെ 10 മുതല്‍ 25oC വരെയും. കൂടുതല്‍ സമയത്തും തണുപ്പ് ഉള്ള പ്രദേശമാണ് എന്നതിനാല്‍ ചൂടു പകരുന്ന വസ്ത്രങ്ങള്‍ കൂടി എടുക്കാന്‍ മറക്കരുത്. ട്രക്കിംഗ് ഉദ്ദേശിച്ച് പോകുന്നവര്‍ വാട്ടര്‍പ്രൂഫ്‌ ഷൂകളും ഹൈക്കിംഗ് ബൂട്ടുകളും ഗ്ലൗസും കൂടി കയ്യില്‍ കരുതണം.

ഉത്തരേന്ത്യയില്‍ ജൂലൈ പകുതി മുതല്‍ ആഗസ്റ്റ്‌ വരെയുള്ള മാസങ്ങള്‍ മണ്‍സൂണ്‍ കാലമാണ്. ഏതു സമയത്തും മഴ പെയ്തേക്കാം. തുള്ളി തുള്ളിയായി പെയ്യുന്ന മഴ മുതല്‍ കോരിച്ചൊരിയുന്ന മഴ വരെ പ്രതീക്ഷിക്കാം. അതുകൊണ്ട് ഈ സമയത്ത് സാംഗ്ലയിലേയ്ക്കുള്ള യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് മാറ്റി വയ്ക്കുന്നതാണ് ഉചിതം.

ആഗസ്റ്റ്‌- സെപ്റ്റംബര്‍ മാസങ്ങള്‍ ഇവിടെ ആപ്പിള്‍ വിളവെടുപ്പ് കാലമാണ്. ഈ പ്രദേശം മുഴുവന്‍ ഫലഭൂയിഷ്ഠതയുടെ അടയാളങ്ങള്‍ കാണാം. അധികം മഞ്ഞോ വെയിലോ ഇല്ലാത്ത ഈ സമയം ഇവിടം സന്ദര്‍ശിക്കുകയാണെങ്കില്‍ കാലാവസ്ഥ മൂലമുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരില്ല.

എങ്ങനെയാണ് എത്തേണ്ടത്?

ഷിംല റെയില്‍വേ സ്റ്റേഷനാണ് സാംഗ്ലയ്ക്ക് ഏറ്റവും അടുത്തുള്ളത്. ഇത് എല്ലാ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും ഇങ്ങോട്ടേക്ക് ട്രെയിനുകള്‍ പുറപ്പെടുന്നുണ്ട്. ഇവിടെ നിന്നും സാംഗ്ലയിലേക്ക് ബസ് സര്‍വീസ് ലഭ്യമാണ്.

വിമാനമാര്‍ഗ്ഗം വരുന്നവര്‍ക്ക് 223 km അകലെയുള്ള ഷിംല എയര്‍പോര്‍ട്ടിലോ 244 km അകലെയുള്ള ഭുന്തര്‍ എയര്‍പോര്‍ട്ടിലോ വന്നിറങ്ങാം. ഇവ താരതമ്യേന ചെറിയ എയര്‍പോര്‍ട്ടുകള്‍ ആയതിനാല്‍ ഇവിടെ നിന്നുള്ള ഗതാഗത സൗകര്യങ്ങള്‍ അത്ര മികച്ചതായിരിക്കും എന്ന് ഉറപ്പു പറയാനാവില്ലെന്ന് മാത്രം.  

താഴ്‌വരയിലെ രുചിഭേദങ്ങള്‍ 

സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്കറിയാം, പര്‍വ്വത പ്രദേശങ്ങളിലെ ഭക്ഷണത്തിന് മറ്റുള്ള സ്ഥലങ്ങളിലെ ഭക്ഷണത്തേക്കാള്‍ സ്വാദ് എപ്പോഴും ഒരു പടി മുന്നിലായിരിക്കും. എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ വ്യക്തമായ ഒരുത്തരം പറയാനാവില്ല. മലിനീകരണമില്ലാത്തതും ശുദ്ധവായുവും അതാത് സ്ഥലങ്ങളില്‍ നിന്നും വിളവെടുക്കുന്ന പച്ചക്കറികളും മറ്റും ഉപയോഗിച്ച് ഉണ്ടാക്കുന്നതാവാം കാരണം. സാംഗ്ലയിലെ സ്ഥിതിയും വ്യത്യസ്തമല്ല. എല്ലാത്തരത്തിലുള്ള ഉത്തരേന്ത്യന്‍ വിഭവങ്ങളും ഇവിടെ ലഭ്യമാണ്. കൂടാതെ ടിബറ്റന്‍ രീതിയിലുള്ള തുപ്ക, നാടന്‍ മുളകിന്‍റെ ചട്ണിക്കൊപ്പം വിളമ്പുന്ന ന്യൂഡില്‍സ്, മോമോസ് തുടങ്ങിയവയും പരീക്ഷിക്കാം. റോഡരികുകളില്‍ ധാരാളം ധാബകളും കടകളും സഞ്ചാരികള്‍ക്കായി എപ്പോഴും തുറന്നിരിപ്പുണ്ടാകും.

സാംഗ്ലയ്ക്ക് ചുറ്റും കാണാനുണ്ട് ഏറെ

ഹിന്ദു ദേവതയായ കാമാക്ഷിയുടെ ക്ഷേത്രമായി ഈയടുത്ത് പരിവര്‍ത്തനം ചെയ്യപ്പെട്ട കംറു ഫോര്‍ട്ട്‌ ഇവിടത്തെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളിലൊന്നാണ്. മറ്റൊരു ഹിന്ദു ദേവതയായ ചിത്കുല്‍ മാതിയുടെ ക്ഷേത്രത്തിലും വര്‍ഷം തോറും നിരവധി ആളുകള്‍ വന്നു ചേരുന്നു. കൂടാതെ ബാസ്പ നദിക്കരയില്‍ മീന്‍ പിടിത്തവും ട്രക്കിംഗ്, ക്യാംപിങ് മുതലായ വിനോദങ്ങളും ആസ്വദിക്കാം. 

ഇവിടെ നിന്നും 8 കിലോമീറ്റര്‍ പോയാല്‍ ബസ്തേരി ഗ്രാമത്തിലെത്താം. ഗ്രാമവാസികള്‍ കൈ കൊണ്ട് നിര്‍മ്മിച്ച കിനൌരി ഷാളുകളും മറ്റു അപൂര്‍വ പ്രാദേശിക ഉല്‍പ്പന്നങ്ങളും ഇവിടെ നിന്നും വാങ്ങാം. ചില്‍ഗോസ അഥവാ പൈന്‍ നട്ട്സ് ഉണ്ടാവുന്ന ഏക ഇടം എന്ന നിലയിലും ഇവിടം പ്രശസ്തമാണ്.

സപ്നി, കാണ്ട, ട്രൌട്ട് ഫാം, ടിബറ്റന്‍ വുഡ് കാര്‍വിംഗ് സെന്‍റര്‍ മുതലായവയും സന്ദര്‍ശിക്കാന്‍ പറ്റുന്ന ഇടങ്ങളാണ്. ഇവിടെ നിന്നും 26 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചിത്കൂല്‍ പട്ടണവും സഞ്ചാരികള്‍ക്ക് പോവാന്‍ പറ്റുന്ന ഇടമാണ്. മരങ്ങള്‍ കൊണ്ടുള്ള വീടുകളും ബുദ്ധാശ്രമങ്ങളും നിറഞ്ഞ് അങ്ങേയറ്റം ശാന്തി നിറഞ്ഞ ഈ സ്ഥലം ഇന്ത്യ- ചൈന അതിര്‍ത്തിയിലുള്ള അവസാന ഇന്ത്യന്‍ ഗ്രാമം കൂടിയാണ്.

ഷോപ്പിംഗ് നടത്താം

കിന്നൗർ പ്രദേശത്ത് ചെന്നാല്‍ കിനൌരി ഷാളുകളും ഹിമാചലി തൊപ്പികളും വാങ്ങിക്കാന്‍ മറക്കരുത്. മുറിവുണക്കാന്‍ കഴിവുണ്ടെന്ന് പറയപ്പെടുന്ന 'ചില്ല്' എന്ന പേരുള്ള ആപ്രിക്കോട്ട് ഓയിലും ഇവിടെ കടകളില്‍ ലഭിക്കും. പാചകം മുതല്‍ ചര്‍മ്മം മൃദുവാക്കുന്നതു വരെ ഈ ഓയിലിന് പല വിധ ഉപയോഗങ്ങളുണ്ടെന്നാണ് പറയുന്നത്. ആപ്പിള്‍, ആല്‍മണ്ട്, ചില്‍ഗോസ, ഒഗ്ല, മുന്തിരി തുടങ്ങിയവയും ഇവിടെ നല്ല ഫ്രെഷായി ലഭിക്കും. 

താമസം 

സാംഗ്ലയില്‍ ചെന്നാല്‍ താമസ സൗകര്യമില്ലാതെ ഒരിക്കലും വിഷമിക്കേണ്ടി വരില്ല. അത്രയധികം ഹോട്ടലുകളും ഗസ്റ്റ്ഹൗസുകളും ഇവിടെ ലഭ്യമാണ്. ഇവയ്ക്ക് പുറമേ ഹൃദ്യമായ ആതിഥ്യമരുളി ഹോംസ്റ്റേകളുമുണ്ട്. ഈ പ്രദേശത്തിന്‍റെ യഥാര്‍ത്ഥ അനുഭവം അറിയണമെങ്കില്‍ ക്യാമ്പുകളില്‍ താമസിക്കുന്നതാണ് പക്ഷേ ഏറ്റവും നല്ലത്. ഇവിടെ കോട്ടേജുകളും ടെന്റുകളും കിട്ടും. നദിക്കരകളിലായാണ് ഇവയില്‍ മിക്കതും ഉള്ളത്. കിന്നെര്‍, ഇഗ്ളൂ നേച്ചര്‍, ബൈക്കുന്ത്‌ അഡ്വഞ്ചര്‍, സാംഗ്ല വാലി ക്യാമ്പ്സ് മുതലായവ ഇവിടുത്തെ പ്രധാന ക്യാമ്പുകളാണ്. 

ഗ്രാമങ്ങളിലും ബാസ്പ നദിക്കരയിലുമായി ധാരാളം ക്യാമ്പുകള്‍ ഇനിയുമുണ്ട്. ആദ്യമേ ബുക്ക് ചെയ്ത് പോവേണ്ട കാര്യമില്ല. നേരെ കയറിച്ചെന്നാലും ഇവിടങ്ങളില്‍ താമസ സൗകര്യം ലഭിക്കാന്‍ വിഷമമില്ല. നദീതീരത്ത്, രാത്രി മുഴുവന്‍ താരനിബിഡമായ ആകാശത്തിനു കീഴില്‍ പ്രകൃതിയുടെ മര്‍മരങ്ങളും ശ്രവിച്ച് മലര്‍ന്നു കിടക്കുന്നത് ഒന്ന് ആലോചിച്ചു നോക്കൂ...!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA