ADVERTISEMENT

സാമ്പാറിൽ ഉപ്പുണ്ടോ എന്ന് ജയ്പുരിലുള്ളവരോട് ആരും ചോദിക്കില്ല. കാരണം അവർക്കു സാമ്പാറും സാംഭാറും ഒന്നാണ്. ഇതിലാണെങ്കിലോ ഉപ്പോട് ഉപ്പാണ്. സാംഭാർ എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ ഉൾനാടൻ ഉപ്പുജലത്തടാകമാണ്. സിനിമാപ്രേമികൾക്ക് സാംഭാറിന്റെ കാഴ്ചയെ പരിചയപ്പെടുത്തേണ്ടതില്ല.  പി കെ എന്ന ഹിറ്റ് ഹിന്ദി സിനിമയിൽ ആമിർഖാന്റെ കഥാപാത്രം വന്നിറങ്ങുന്ന സ്ഥലമാണു സാംഭാർ.  ജയ്പുരിൽനിന്ന് എൺപതു കിലോമീറ്റർ യാത്ര ചെയ്താൽ എത്തുന്ന മരുഭൂമി കണക്കേയൊരു സ്ഥലം. 

jaipur-trip3-gif

ഇതൊരു ഉപ്പുജലത്തടാകമാണെന്നു പറഞ്ഞറിയണം. കാരണം ഞങ്ങളെത്തിയത് കൊടും ചൂടിന്റെ കാലത്താണ്. ജയ്പുർ നഗരം വിട്ടാൽ ഉടൻ രാജസ്ഥാന്റെ സ്ഥിരം കാഴ്ചകളാണ്. റോഡ് മാത്രം നീണ്ടു നിവർന്നുകിടപ്പുണ്ട്. കാലുകൾ കൂട്ടിക്കെട്ടിയ ഒട്ടകങ്ങൾ ഇടയ്ക്കിടെ ആ പാത മറികടന്നു പോകുന്നുണ്ട്. ഇത്രയും വരണ്ട പ്രകൃതിയിൽ ഒരു തടാകമോ എന്നാദ്യം സംശയിച്ചു.  ഗൂഗിൾ മാപ്പിൽ ജലസാന്നിധ്യം അറിയിക്കുന്ന നീലനിറമാണ് സാംഭാറിന്. 

jaipur-trip1-gif

അടുത്തെത്തിയപ്പോഴാണ് വരൾച്ചയുടെ ആഴം മനസ്സിലായത്.  ഇന്ത്യയിലെ ഏറ്റവും വലിയ ഈ ഉപ്പുതടാകത്തിന് അഞ്ചുനദികളാണു നീർ നൽകിക്കൊണ്ടിരുന്നത്. പക്ഷേ, ഇപ്പോൾ ജലമില്ല. ഫ്ലമിംഗോകൾ അടക്കമുള്ള ദേശാടനക്കിളികൾ വന്നിരുന്ന ഇടങ്ങളിൽ പിള്ളേർ ബൈക്കോടിച്ചു കളിക്കുന്നു. റോക്കറ്റ് വിട്ടതുപോലെ ആ ബൈക്കിനു പിന്നിലായി പുകയുടെ വാൽകാണാം. ഞങ്ങൾ കാർ നിർത്തി ആ മണ്ണിലിറങ്ങി. ഷൂ പുതയുന്നത്രയുണ്ട് പൊടിമണ്ണ്. ആകെ മുപ്പത്തഞ്ചു ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട് സാംഭാർ തടാകത്തിന് എന്നു കണക്കുകൾ പറയുന്നു. അതിലൊരു ചെറിയ ഭാഗത്താണു സഞ്ചാരികൾ എത്തുന്നത്. 

jaipur-trip2-gif

ഉപ്പ് സംസ്കരണശാലകൾ പോകുന്ന വഴിയിൽ കാണാം. ഇന്ത്യയുടെ ഉപ്പാവശ്യത്തിന്റെ ഒൻപതു ശതമാനം സാംഭാറിൽനിന്നെടുക്കുന്ന ഉപ്പ് നിറവേറ്റുന്നുണ്ടത്രേ. ബ്രിട്ടീഷുകാർ ഉപ്പു കടത്താനുപയോഗിച്ചിരുന്നറയിലിന്റെ ശേഷിപ്പുകൾ ഇപ്പോഴും അവിടെയുണ്ട്. തണ്ണീർത്തടങ്ങളെ സംരക്ഷിക്കാനുള്ള റാംസാർ ഉടമ്പടിയിൽ സാംഭാറിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. സാംഭാർ പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു റാംസാർ സൈറ്റ് ആണെന്നർഥം. അകലെയൊരു ചെറുകുന്ന് കാണാം. ഒരു അമ്പലവും. ശകംബരീദേവി ക്ഷേത്രത്തിലേക്ക്  പിന്നിൽ പടുത കെട്ടിയ വാഹനങ്ങളിൽ രാജസ്ഥാനി ഗ്രാമീണർ വന്നിറങ്ങുന്നു. ഈ ചൂടിലും ആരാധനയുടെ കുളിർ തേടിയിറങ്ങുന്ന ഗ്രാമീണർ സാംഭാറിന്റെ കഥകളിൽ വിശ്വസിക്കുന്നു. 

jaipur-trip4-gif

അക്ബറും ജയ്പുരിലെ രാജകുമാരിയായിരുന്ന ജോധയും തമ്മിലുള്ള വിവാഹം നടന്നത് സാംഭാറിലായിരുന്നത്ര. ജോധാ അക്ബർ സിനിമയിലെ യുദ്ധരംഗങ്ങൾ സാംഭാറിൽത്തന്നെയാണു ഷൂട്ട് ചെയ്തത്. പുരാണങ്ങളിൽസാംഭാർ തടാകത്തെപ്പറ്റി സൂചനകളുണ്ട്. ബുദ്ധസംസ്കാരത്തിന്റെ ശേഷിപ്പുകൾ ഇവിടെനിന്നു കിട്ടിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. എന്തായാലും ഓഷ്യ എന്ന മരുഗ്രാമത്തിൽ ബുദ്ധ-ജൈനപാരമ്പര്യത്തിലുള്ള ക്ഷേത്രങ്ങൾ ഏറെകാണാം. 

jaipur-trip5-gif

സായാഹ്നം ചെലവിടാൻ പറ്റിയ സ്ഥലമാണു സാംഭാർ. പക്ഷേ, അതിനു മുൻപ് ഞങ്ങൾ തിരിച്ചിറങ്ങി ജയ്പുർ നഗരത്തിന്റെ പൈതൃകങ്ങളെ രാവെളിച്ചത്തിൽ കാണാൻ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com