രാജാവും സര്‍ക്കാരും ഒരുപോലെ ഭരിക്കുന്ന ഗ്രാമം; സഞ്ചാരികളെ നാഗാലാന്റ് വിളിക്കുന്നു

nagaland-3
SHARE

ആരേയും മയക്കുന്ന കാഴ്ച്ചകള്‍ കൊണ്ട് സമ്പന്നമായ നാഗാലാന്‍ഡിലേക്ക് സ്വാഗതം. നാഗാലാന്‍ഡ് വിശേഷങ്ങളുടെ പട്ടിക ഒരിക്കലും അവസാനിക്കുന്നില്ല. നിങ്ങള്‍ സോളോ യാത്രികനോ സാഹസികനോ ആരുമാകട്ടെ ഏതുതരക്കാരേയും തൃപ്തിപ്പെടുത്താന്‍ ഈ നാടിന് സാധിക്കും. നാഗാലാന്‍ഡ് വിനോദസഞ്ചാര സൗഹൃദമല്ലെന്ന് ഹേറ്റേഴ്‌സ് പറയും. എന്നാല്‍ ഒരു പ്രാവശ്യം അവിടെ വരെയൊന്ന് പോയി നോക്കിയാല്‍ ആ പറയുന്നതെല്ലാം നുണയും പറഞ്ഞവര്‍ മണ്ടന്‍മാരുമെന്ന് നിങ്ങള്‍ക്ക് പറയേണ്ടിവരും.

സോളോ ട്രിപ്പേഴ്‌സിന്റെ പറുദീസയാണ് നാഗാലാൻഡ്. പ്രകൃതി സൗന്ദര്യവും സമ്പന്നമായ സംസ്‌കാരവും സമൃദ്ധമായ സസ്യജന്തുജാലങ്ങളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പരമ്പരാഗത സാംസ്‌കാരിക പൈതൃകവും, ശാന്തമായ അന്തരീക്ഷവും നാഗാലാന്‍ഡിനെ ഇന്ത്യയിലെ ഏറ്റവും വര്‍ണ്ണാഭമായ സംസ്ഥാനങ്ങളിലൊന്നാക്കി മാറ്റുന്നു.

ഹോണ്‍ബില്‍ ഫെസ്റ്റിവല്‍

ഉത്സവങ്ങളുടെ ഉത്സവമെന്നാണ് ഇതറിയപ്പെടുന്നത്. മണിപ്പുരിലെ സാംഗായ് ഫെസ്റ്റിവല്‍ കഴിഞ്ഞാല്‍ സംസ്‌കാരത്തിന്റെ തനതായ സൃഷ്ടികള്‍ ഇത്രയധികം കാഴ്ചവയ്ക്കുന്ന മറ്റൊരു ഉത്സവം നമ്മുടെ രാജ്യത്തുണ്ടാകില്ല. വേഴാമ്പല്‍ നാഗാലാന്‍ഡ് സംസ്‌കാരത്തിന്റെ ഒരു ഭാഗം തന്നെയാണ്. ഇവിടുത്തെ 16 ഗോത്രവര്‍ഗങ്ങളും അവരുടെ സംസ്‌കാരവും നിലനില്‍ക്കുന്നത് വേഴാമ്പലിന്റെ സംഗീതത്താലാണ് എന്ന് വിശ്വസിക്കുന്നു. അതിനാലാണ് എല്ലാ വര്‍ഷവും ഡിസംബര്‍ മാസത്തിലെ ആദ്യത്തെ പത്തുദിവസം ഇവര്‍ ഉത്സവം കൊണ്ടാടുന്നത്. ഓരോ വര്‍ഷവും ഈ ഉത്സവം കാണാന്‍ എത്തുന്നത് ആയിരങ്ങളാണ്.

nagaland-4

ലോങ്ങ്ഖും

ലോങ്ങ്ഖും സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ നിങ്ങളുടെ ആത്മാവ് അവിടെ തന്നെ നില്‍ക്കും. പിന്നീട് ആത്മാവിനെ വീണ്ടെടുക്കാന്‍ നിങ്ങള്‍ക്ക് അവിടേയ്ക്ക് ഒരു യാത്രകൂടി നടത്തേണ്ടിവരും അതാണ് ലോങ്ങ്ഖും ഗ്രാമത്തിന്റെ വശ്യത. സമുദ്രനിരപ്പില്‍ നിന്നും 1846 മീറ്റര്‍ ഉയരത്തിലായി എഓ മേഖലയിലെ ഏറ്റവും ഉയരമുള്ള ഗ്രാമമാണിത്. മരിച്ചവരുടെ ആത്മാക്കള്‍ സ്വര്‍ഗ്ഗീയയാത്ര നടത്തുമ്പോള്‍ വിശ്രമിക്കുന്നയിടമാണ് ഈ ഗ്രാമമെന്നാണ് എഓ നാഗന്‍മാരുടെ വിശ്വാസം. ചരിത്രപരവും ഐതിഹ്യങ്ങള്‍ നിറഞ്ഞതുമായ നിരവധി കഥകളുണ്ട് ഈ ഗ്രാമത്തിന് പങ്കുവയ്ക്കാന്‍. ഇന്ന് ലോങ്ങ്ഖും അറിയപ്പെടുന്നത് നാഗാലാന്റിന്റെ 'വെജിറ്റബിള്‍ ക്യാപിറ്റല്‍' എന്നാണ്. ഇവിടെ വിളയുന്ന പച്ചകറികള്‍ക്ക് കണക്കിടാന്‍ ആവില്ല. ലോങ്ങ്ഖും ഗ്രാമത്തിന്റെ മുക്കിലും മൂലയിലും വരെ തക്കാളിയും കാബേജും എന്നുവേണ്ട എല്ലാവിധ പച്ചക്കറികളും തഴച്ചുവളര്‍ന്നുനില്‍ക്കുന്ന കാഴ്ചയാണ്.

ലോങ്വ 

ഇന്ത്യയെയും മ്യാന്‍മറിനെയും ഒരേസമയം അനുഭവിക്കാന്‍ കഴിയുന്ന രാജ്യത്തെ ഏക നാടാണ് ലോങ്ങ് വാ. കൊന്യാക് നാഗരുടെ ആസ്ഥാനമായ ലോങ്ങ് വായ്ക്ക് സമ്പന്നമായ ചരിത്രവും സംസ്‌കാരവുമുണ്ട്. രണ്ട് രാജ്യങ്ങളുടെ അതിര്‍ത്തിയെ വെറും രേഖകള്‍ മാത്രമായി കാണാന്‍ ഭാഗ്യം ചെയ്ത ഒരു ജനതയുടെ നാട്. രാജാവും സര്‍ക്കാരും ഒരുപോലെ ഭരിക്കുന്ന ഗ്രാമം. ഇരട്ടപൗരത്വമുള്ള നാട്ടുകാര്‍. ഈ നാടിന്റെ വിശേഷങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരില്ല.

longwa-nagaland

രണ്ട് രാജ്യങ്ങള്‍ക്കിടയിലാണെന്ന് പറഞ്ഞാല്‍ മാത്രം അറിയുന്ന നാട്ടിലേക്ക് ഒന്ന് പോയിവരണ്ടേതാണ്. അങ്ഖ് എന്ന രാജാകൊട്ടാരമാണ് നിങ്ങളെ ഇവിടെ സ്വാഗതം ചെയ്യുക. ഇവിടുത്തെ ജീവിതം കേട്ടാല്‍ അമ്പരന്നുപോകും. രാവിലെ ഭക്ഷണം കഴിക്കുന്നത് ഇന്ത്യയിലാണെങ്കില്‍ ഉച്ചയ്ക്ക് ഉറങ്ങുന്നത് മ്യാന്‍മാറിലായിരിക്കും. തീ കായുന്നത് ഇന്ത്യയിലാണെങ്കിലും അടുപ്പ് അങ്ങ് മ്യാന്‍മാറിലാണ്. രണ്ട് രാജ്യത്തിന്റെ മധ്യത്തിലായി സ്ഥിതിചെയ്യുന്ന രാജാവിന്റെ കൊട്ടാരം കാണാതെ എന്ത് നാഗാലാന്റ് യാത്ര അല്ലേ.

സരാമതി പര്‍വ്വതം 

ട്രക്കിംഗ് പ്രിയരെ നിങ്ങള്‍ നിരാശരാകേണ്ട. സരാമതി പര്‍വ്വതം നിങ്ങളുടെ ആശകള്‍ക്കും മുകളിലായി തലയുയര്‍ത്തി നില്‍പ്പുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 3,840 മീറ്റര്‍ ഉയരത്തില്‍  സ്ഥിതിചെയ്യുന്ന ഗാംഭീര്യവുമുള്ള സരാമതി പര്‍വ്വതം നാഗാലാന്‍ഡിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. മഞ്ഞുമൂടിയ പര്‍വ്വതവും താഴെയുള്ള ഇടതൂര്‍ന്ന വനവുമെല്ലാം  സാരമതിസന്ദര്‍ശകരുടെ കണ്ണും മനസ്സും നിറയ്ക്കും. ട്രക്കിംഗ് ഒരല്‍പ്പം ബുദ്ധിമുട്ടേറിയതാണെങ്കിലും  മുകളിലെത്തിയാലുള്ള കാഴ്ചയുണ്ടല്ലോ അത് പറഞ്ഞറിയിക്കാനാവില്ല.  നാഗാലാന്‍ഡിലേയും മ്യാന്‍മാറിലേയും വിദൂരകാഴ്ച്ചകള്‍ ഇവിടെനിന്നും ആസ്വദിക്കാം.

ഇത്രയുമായ സ്ഥിതിയ്ക്ക് ഇനി അവിടെ വരെയൊന്ന് പോകാതെ തരമില്ല. നാഗാലാന്റിന്റെ വശ്യമായ സൗന്ദര്യവും സംസ്‌കാരവുമെല്ലാം ആവോളം ആസ്വാദിക്കാം. ഡിസംബറിലെ ഹോണ്‍ബില്‍ ഉത്സവത്തില്‍ പങ്കാളിയാകാം. ഇനി നിങ്ങള്‍ ഒറ്റയ്ക്കാണ് യാത്രയെങ്കില്‍ പൊളിക്കും. തീര്‍ച്ച. നോര്‍ത്ത് ഈസ്റ്റിലെ ഏറ്റവും മനോഹരമായ, അദൃശ്യമായ പാരമ്പര്യം പേറുന്ന നാഗാലാന്റിലേക്ക് ഒരിക്കല്‍ക്കൂടി സ്വാഗതം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA