ADVERTISEMENT

കോഴിക്കോടു നിന്നു ഹിമാചൽപ്രദേശ് ലക്ഷ്യമാക്കിയുള്ള യാത്രയിൽ മനസ്സു നിറയെ കുളുവിലെയും മണാലിയിലേയും കാഴ്ചകളായിരുന്നു. മഞ്ഞു മൂടിയ റോഡുകളും, കുന്നിൻമുകളിലെ വൈകുന്നേരങ്ങളും ഒരിക്കലും മായാത്ത ചിത്രങ്ങളാണ്. കഥകള്‍ പറഞ്ഞ് കുളുവിലെ കാഴ്ചകൾ കണ്ടു നടക്കുന്നതിനിടെയാണ് മലാനയെന്ന ഗ്രാമത്തെക്കുറിച്ചു കേട്ടത്. കുളുവിനടുത്തെവിടെയോ ഉള്ള മലാന ക്രീം എന്ന പേരിൽ ഹാഷിഷ് ഉൽപാദിപ്പിച്ചിരുന്ന ‘വിലക്കപ്പെട്ട ഗ്രാമം’. ഉടനെ ഗൂഗിളിനോടു ചോദിച്ചു;  മലാനയ്ക്കുള്ള വഴി..

മലാന– സമുദ്രനിരപ്പിൽ നിന്നും പതിനായിരം അടി ഉയരത്തില്‍, ഹിമാലയൻ മലനിരകളാൽ ചുറ്റപ്പെട്ട ഗ്രാമം. പുറംലോകത്തിൽ നിന്ന് അകലം സൂക്ഷിക്കുന്ന മനുഷ്യർ.  ലോകത്തിലെ  ആദ്യത്തെ ജനാധിപത്യ ഗ്രാമങ്ങളിലൊന്ന്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾ. ജാംബ്‌ലു എന്ന ശക്തനായ ദേവതയാണ് മലാന നിവാസി(മലാനികൾ)കളുടെ ദൈവം. ജാംബ്‌ലു ദേവതയുടെ പ്രതിനിധികളായ ഗ്രാമസഭയാണ് മലാനയെ ഭരിക്കുന്നത്. രൂപത്തിൽ പോലും മറ്റു ഹിമാചൽ സ്വദേശികളിൽ നിന്നു വ്യത്യസ്തരായ മലാനികൾ വിശ്വസിക്കുന്നത് അവർ മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ സൈനികരുടെ പിൻഗാമികളാണെന്നാണ്. അവരുടെ ഗ്രാമസഭയുടെ സ്വഭാവം മലാനയ്ക്ക് ‘ഹിമാലയത്തിന്റെ ഏതൻസ്’ എന്ന വിശേഷണം നൽകുന്നു.  എല്ലാറ്റിനും മീതെ, ‘വിലക്കപ്പെട്ട ഗ്രാമ’മെന്ന കരിനിഴൽ – മലാനയുടെ വിശേഷങ്ങൾ നേരത്തെ നിശ്ചയിച്ച റൂട്ട്മാപ്പിനെ വെട്ടിക്കളയാൻ പാകത്തിലായിരുന്നു.

വിലക്കപ്പെട്ട ഗ്രാമത്തിലേക്ക്...


കുളുവിൽ നിന്നു പത്തു കിലോമീറ്റർ ദൂരമാണ് ബുന്ദറിലേക്ക്. അവിടെ നിന്നു 33 കിലോമീറ്ററോളം സഞ്ചരിച്ച് കസോളിലെത്തി. ഹിമാചൽപ്രദേശിലെ സാമാന്യം ഭേദപ്പെട്ട പട്ടണങ്ങളിലൊന്നാണ് കസോൾ. ഗ്രാമങ്ങളിലേക്കുള്ള ട്രെക്കിങും പാർവതി നദിയുടെ കാഴ്ചകളുമുള്ള ചെറിയ പട്ടണം. ഇടയ്ക്കിടെയെത്തുന്ന സഞ്ചാരികളെ ലക്ഷ്യം വച്ച് കടകളെല്ലാം സജീവം. മസാലയുടെ എരിവുള്ള ചായ  നുണയുന്നതിനിടെ മലാനയിലേക്കുള്ള വഴി  ചോദിച്ചുറപ്പിച്ചു.

malana-trip1-gif

തിരികെ എട്ടു കിലോമീറ്റർ സഞ്ചരിച്ച് ‘ജ റി’യിലേക്ക്. ജറിയിൽ നിന്നാണ് മലാനയിലേക്കുള്ള യഥാർഥ വഴിയാരംഭിക്കുന്നത്. മലഞ്ചെരിവുകളിലെ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ തുരങ്കങ്ങളും അരുവികളും കടന്ന് 17 കിലോമീറ്റർ. മലാന ഡാമും കുന്നിൻചെരിവിലെ ഒറ്റവരി റോഡുകളും ഡ്രൈവിനെ കൂടുതൽ മനോഹരമാക്കുന്നു. വഴിയോരക്കാഴ്ചകള്‍ ആസ്വദിച്ചിരിക്കുന്നതിനിടയിൽ ഒരു മലഞ്ചെരിവിൽ ഡ്രൈവർ വണ്ടിയൊതുക്കി.

malana-trip3-gif

‘‘ഇനിയങ്ങോട്ടു വണ്ടി പോകില്ല. ഇവിടെ നിന്ന് ഏഴു കിലോമീറ്റർ നടന്ന്, ആ കുന്നു കയറിയാൽ മലാനയെത്താം’’ – ദൂരെ ഒരു മലമുകളിലേക്ക് വിരൽചൂണ്ടി അയാൾ യാത്ര പറഞ്ഞു.

വിജനമായ കാട്ടുവഴിയിൽ, ഡ്രൈവർ ചൂണ്ടിക്കാണിച്ച കുന്നിനു നേരെ ഞങ്ങൾ നടന്നു. ദൂരത്തു നിന്നു നോക്കിയപ്പോൾ നിസ്സാരമെന്നു തോന്നിയെങ്കിലും‌ അത്ര എളുപ്പമായിരുന്നില്ല മലകയറ്റം. കുത്തനെയുള്ള കയറ്റങ്ങൾ കഷ്ടപ്പാടു കൂട്ടി. ശരീരം തുളച്ചുകയറുന്ന തണുപ്പ്. ഒന്നു കാലു തെറ്റിയാൽ ആയിരക്കണക്കിന് അടി താഴ്ച്ചയുള്ള കൊക്കയിലേക്കു പതിയും. കൂടിപ്പിണഞ്ഞ കാട്ടുവഴികൾ.  പക്ഷേ, ഈ പ്രയാസങ്ങളെല്ലാം മറക്കാൻ മറുവശത്തുള്ള കാഴ്ചകൾ മതി. വിശാലമായ പർവതങ്ങളിൽ പ്രകൃതി പച്ചപ്പിന്റെ മായാജാലം തീർക്കുന്നു. അതിനിടയിൽ മഞ്ഞിന്റെ ചിത്രപ്പണികള്‍. ഇടയ്ക്കു കടന്നുപോകുന്ന കാട്ടാറുകൾ. ഇടതൂർന്ന കാടുകൾ...ട്രെക്കിങിന് ആവേശം കൂടി. ഏറെ നേരം നടന്നപ്പോൾ  ആട്ടിൻ കൂട്ടത്തെ മേയ്ച്ചു വരുന്ന ഒരാളെ കണ്ടു. മലാന സ്വദേശിയാണ്.  പേര് ശിവ. ഗ്രാമത്തിലേക്കാണെങ്കിൽ തന്നെ പിന്തുടർന്നാൽ മതിയെന്നു പറഞ്ഞ് അയാൾ നടന്നു.


‘‘ഗ്രാമവാസികളോടു വഴക്കിനു പോവരുത്. അവരുടെ വാക്കുകളെ തള്ളിക്കളയരുത്. അവരോടു പിണങ്ങിയാൽ ചിലപ്പോൾ തിരികെ കുന്നിറങ്ങാൻ സാധിച്ചെന്നു വരില്ല’’ –ശിവ മുന്നറിയിപ്പ് തന്നു. മലാനയെ ‘വിലക്കപ്പെട്ട ഗ്രാമം’ എന്ന് വിളിക്കുന്നതിന്റെ കാരണം ആ മുന്നറിയിപ്പിൽ ഒളിഞ്ഞുകിടക്കുന്നുണ്ടായിരുന്നു.

സ്വപ്നം പോലൊരു ഗ്രാമം

മലാനയുടെ പടിവാതിൽ കടന്നപ്പോഴേക്കും കാഴ്ചകളുടെ ഭാവം മാറി. മഞ്ഞുമലകളെ ചുംബിച്ചു നിൽക്കുന്ന നീലമേഘങ്ങൾ. പച്ചപ്പരവതാനി വിരിച്ച പോലെ മലഞ്ചെരിവുകള്‍,  മേഞ്ഞുനടക്കുന്ന ആട്ടിൻകൂട്ടങ്ങളും  പൂക്കൾ പറിച്ച് തുള്ളിച്ചാടി നടക്കുന്ന കുട്ടികളും...സ്വപ്നത്തിലെന്ന പോലെയുള്ള ദൃശ്യങ്ങൾ.

പാർവതി താഴ്‌വരയ്ക്കും കുളു മലനിരകൾക്കും ഇടയിലുള്ള മലാന, ശാന്തവും സുന്ദരവുമാണ്.  പുറംലോകത്തിന്റെ ബഹളങ്ങളൊന്നും ഇവിടെയെത്തുന്നില്ല. മലനിരകളിൽ നിന്നു മ ഞ്ഞിന്റെ  തണുപ്പ് കോരിയെടുത്തു വീശുന്ന കാറ്റ്, കാഴ്ചകൾക്ക് കൂടുതൽ മിഴിവേകുന്നു.

തടിയിൽ നിർമിച്ച വീടുകളാണ് മലാനയിലേത്. കുന്നിൻ ചെരിവിൽ, മറ്റൊരു കുന്നിലേക്കു തുറക്കുന്ന ജനലുകളുള്ള ഈ വീടുകൾ  ഏതു നിമിഷവും താഴേക്കു പതിക്കുമെന്നു തോന്നും. പക്ഷേ ഏതു കാലാവസ്ഥയെയും മറികടക്കുന്ന രീതിയിലാണ്  നിർമാണം. കല്ലുചെത്തി, ഒരുക്കിയെടുക്കുന്ന മേൽക്കൂരയും, തറനിരപ്പിൽ നിന്ന് ഉയരത്തിലുള്ള കിടപ്പുമുറികളുമെല്ലാം മലാനയിലെ വീടുകൾക്ക് ടൂറിസ്റ്റ് ബംഗ്ലാവുകളുടെ സൗന്ദര്യം പകരുന്നു.

മലാനയിലെത്തിയതിനു ശേഷം ഒന്നും കഴിച്ചിട്ടില്ലായിരുന്നു. ബിസ്കറ്റ് മാത്രമാണ് ആകെയുള്ള ഭക്ഷണം. എന്തെങ്കിലും കഴിക്കണമെന്ന് ശിവയോടു പറഞ്ഞപ്പോൾ, അയാൾ ഒരു ചെറിയ കട കാണിച്ചു തന്നു.തീരെ ചെറുതെന്നു തോന്നുന്ന കടയിലേക്കു സംശയത്തോടെയാണ് ഞങ്ങൾ കയറിയത്.

‘‘അപ്പപ്പോൾ എത്തുന്ന ആവശ്യക്കാർക്കുള്ള ഭക്ഷണം മാത്രമേ  പാകം ചെയ്യാറുള്ളൂ .നേരത്തെ തയാറാക്കിയാൽ ഈ കാലാവസ്ഥയിൽ  തണുത്തു പോകും’’ – കച്ചവടക്കാരൻ പറഞ്ഞു. നൂഡിൽസും പാസ്തയുമുണ്ടെങ്കിലും ചോറു തന്നെയാണ് മലാനികളുടെ പ്രധാനഭക്ഷണം. ആട്ടിറച്ചി സുലഭമായതിനാൽ കറികള്‍ക്കും കൂട്ടുവിഭവങ്ങൾക്കുമെല്ലാം മൊത്തത്തിൽ ഒരു ‘മട്ടൺ ടച്ച്’.  വെജിറ്റബിൾ സാലഡുകളും എഗ്ഗ് ബുർജിയുമാണ് മറ്റു വിഭവങ്ങൾ.

വിചിത്രമായ ആചാരങ്ങൾ

അതിഥികളെ സംശയത്തോടെയാണു മലാനികൾ നോക്കുന്നത്. തങ്ങളുടെ സംസ്കാരത്തിലേക്ക് ഒന്നും ഇടകലരാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കുന്നു. ഗ്രാമത്തിലൂടെ നടക്കുമ്പോൾ വീടുകളുടെ സമീപത്തു നിന്നു ദൂരേയ്ക്ക് മാറി നടക്കാൻ ഗ്രാമവാസികൾ പറഞ്ഞു. 

‘‘പുറംനാട്ടുകാരെ ഞങ്ങൾ വീടുകളിൽ പ്രവേശിപ്പിക്കാറില്ല. പുറംനാട്ടുകാർ തൊട്ടാൽ, വീ ടും ക്ഷേത്രങ്ങളും അശുദ്ധമാവും. അതിനു കാരണമാവുന്നവർ ശുദ്ധീകരണക്രിയകൾക്കു വലിയൊരു സംഖ്യ പിഴ ഒടുക്കേണ്ടി വരും’’ –ശിവ പറഞ്ഞു. അൽപ്പം അകലം സൂക്ഷിച്ചായി പിന്നെ നടത്തം.

കനാഷിയാണു മലാനികളുടെ ഭാഷ.  കുളുവിലോ  മറ്റു ഗ്രാമങ്ങളിലോ കേട്ടു പരിചയിച്ച ഭാഷയുമായി കനാഷിക്ക് സാമ്യമില്ല. ആയിരത്തി എഴുനൂറോളം വരുന്ന മലാനികളുടെ മാത്രം ഭാഷ. ‘വിലക്കപ്പെട്ട ഗ്രാമ’ത്തിന്റെ രഹസ്യം പുറംലോകത്തിന് അന്യമായ ഈ ഭാഷയിൽ കാത്തുസൂക്ഷിക്കപ്പെടുന്നു.
ഭാഷയുടെ കാര്യത്തിൽ മാത്രമല്ല, വിശ്വാസത്തിന്റെ കാര്യത്തിലും മലാനികൾ വ്യത്യസ്തരാണ്.  
‘‘‍ജാംബ്‌ലു ദേവതയാണ് ഞങ്ങളുടെ ദൈവം. ഗ്രാമസഭ നയിക്കുന്നത് ‍ജാംബ്‌ലുവാണ്. എല്ലാ അധികാരങ്ങളുമുള്ള ഗ്രാമമുഖ്യനാണ് ‍ജാംബ്‌ലു. അദ്ദേഹത്തിന്റെ തീരുമാനമാണ്  അവസാന വാക്ക്’’ –  ഗ്രാമത്തിന്റെ ഭരണരീതികളെക്കുറിച്ചു ശിവ വാചാലനായി.

മഞ്ഞുപോലെ മലാനികൾ

തീക്ഷ്ണമായ കണ്ണുകളും മങ്ങിയ സൗന്ദര്യവുമാണു മലാനികൾക്ക്. മഞ്ഞിന്റെ നേർത്ത നനവു പടർന്ന മുഖങ്ങളിൽ തുളച്ചു കയറുന്ന നോട്ടം തെളിഞ്ഞു നിൽക്കുന്നു. അപരിചിതരോടു സംസാരിക്കാൻ താത്പര്യം കാണിക്കാത്ത മലാനികൾ പക്ഷേ, ക്യാമറയോടു കൂട്ടു കൂടുന്നവരാണ്. വിഡിയോ എടുക്കാൻ അനുവദിച്ചില്ലെങ്കിലും ഫോട്ടോയ്ക്കു മുന്നിൽ അവർ ചിരിച്ചു നിന്നു.

ആട്ടിടയന്മാരാണ് മലാനികൾ. അതിരാവിലെ ആട്ടിൻപറ്റങ്ങളുമായി അവർ മല കയറും.

‘‘ഗ്രാമത്തിലും പരിസരങ്ങളിലുമായിട്ടെ ജോലി ചെയ്യാറുള്ളൂ. പുറംനാടുകളില്‍ ജോലിക്കു പോകുന്നത് ആചാരങ്ങൾക്ക് എതിരാണ്’’– ശിവ പറഞ്ഞു. സ്ത്രീകളിൽ അധികം പേരും വീട്ടുജോലികളിലേർപ്പെട്ടിരിക്കുന്നു. ചിലർ കൂട്ടം കൂടിയിരുന്നു തണുപ്പിനെ മറികടക്കാനുള്ള കുപ്പായങ്ങൾ തുന്നുന്നു. ചില വീടുകൾക്കു മുന്നിൽ കാട്ടു തേനും മറ്റ് ഗ്രാമവിഭവങ്ങളും വിൽക്കാൻ വച്ചിട്ടുണ്ട്. കാട്ടുതേൻ ശേഖരിക്കുന്നതു ഗ്രാമത്തിലെ കുട്ടികളാണ്. ഗ്രാമത്തിൽ ഒരു സ്കൂളുണ്ടെങ്കിലും  കാട്ടുതേൻ വിറ്റും മുതി ർന്നവരെ ജോലിയിൽ സഹായിച്ചും മലാനയിലെ ബാല്യങ്ങൾ വളരുന്നു.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com