sections
MORE

ആൻഡമാൻ യാത്രയിൽ നിര്‍ബന്ധമായും സന്ദർശിക്കേണ്ട ഒരിടം

837165318
sailing rock island
SHARE

ഇന്ത്യയിലെ മനോഹരമായ ബീച്ചുകൾ ഏതൊക്കെയെന്നു നോക്കിയാൽ അതിൽ പ്രമുഖസ്ഥാനമുണ്ട് ആൻഡമാനിലെ ബീച്ചുകൾക്ക്. ധാരാളം സഞ്ചാരികളെത്തുന്ന, ലോകത്തിലെ അതിസുന്ദരമായ ബീച്ചുകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളവയാണ് ആൻഡമാൻ ദ്വീപുകളിലെ ഹാവ്ലോക്, രാധാനഗർ പോലുള്ള ദ്വീപുകളിലെ ബീച്ചുകൾ. ഈ ദ്വീപ് സമൂഹത്തിൽ, അധികം സന്ദര്‍ശകരെത്താത്ത, എന്നാൽ ഹൃദയഹാരിയായ കാഴ്ചകൾ നിറഞ്ഞ ഒരു ദ്വീപുണ്ട്.

ജലവിനോദങ്ങളും സുന്ദരകാഴ്ചകളും കൊണ്ട് സമ്പന്നമായ ആൻഡമാനിലെ ആ ദ്വീപിന്റെ പേര് ലോങ്ങ് ദ്വീപെന്നാണ്. പേരിൽ നീളക്കൂടുതലുണ്ടെങ്കിലും അത്ര നീളമൊന്നുമില്ലാത്ത ലോങ്ങ് ദ്വീപ് ആൻഡമാൻ യാത്രയിൽ നിര്‍ബന്ധമായും സന്ദർശിക്കേണ്ട ഒരിടമാണ്. അതിഥികളുടെ മനം നിറയ്ക്കുന്നവയാണ് ഇവിടുത്തെ ബീച്ചുകൾ. എന്തൊക്കെയാണ് ലോങ്ങ് ദ്വീപിന്റെ സവിശേഷതകൾ എന്നറിയേണ്ടേ?

ആൻഡമാനിലെ ഹാവ്ലോക്ക് ദ്വീപിനു സമീപത്തുതന്നെയാണ് ലോങ്ങ് ദ്വീപും സ്ഥിതി ചെയ്യുന്നത്. പോർട്ട്ബ്ലെയറിൽ നിന്നും ഏകദേശം 80 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ഈ ദ്വീപിൽ എത്തിച്ചേരാൻ കഴിയുന്നതാണ്. മറ്റുള്ള ദ്വീപുകളെ  അപേക്ഷിച്ചു സ്വയം പര്യാപ്തവും ആധുനികവുമായ ലോങ്ങ് ദ്വീപിൽ രണ്ടായിരത്തോളം ജനങ്ങൾ അധിവസിക്കുന്നുണ്ട്. വൈദ്യുതി മുതൽ  സഞ്ചരിക്കാനായി ബോട്ടുകൾ വരെ അവിടെ നിര്മിക്കുന്നുണ്ടെന്നു കേൾക്കുമ്പോൾ തന്നെ ഊഹിക്കാമല്ലോ ലോങ്ങ് ദ്വീപ് എത്രമാത്രം പരിഷ്‌കൃതമാണെന്ന്. കൂടാതെ,  പവർ ഹൗസ്, ബോട്ട് നിർമാണ യാർഡ്, ബാങ്ക്, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സീനിയർ സെക്കന്ററി വിദ്യാലയം,  ആശുപത്രി, വയർലെസ് സംവിധാനങ്ങൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളെല്ലാം നിറഞ്ഞതാണ് ലോങ്ങ് ദ്വീപ്. ഇത്രയേറെ വികസിതമെങ്കിലും ഇവിടുത്തെ എടുത്തുപറയത്തക്ക ഒരു പോരായ്മ മികച്ച റോഡുകളുടെ അപര്യാപ്തത തന്നെയാണ്.

Andaman-trip-radhanagar-beach1

ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാട് സ്ഥിതി ചെയ്യുന്നത് ഇന്ത്യയിൽ ആണെന്നാണ് കണക്കുകൾ പറയുന്നത്. ആ കണ്ടൽ വനങ്ങളുടെ അഞ്ചിലൊന്നും സ്ഥിതി ചെയ്യുന്നതു ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിലാണ്. ലോങ്ങ് ദ്വീപിലെയും ഒരു പ്രധാന കാഴ്ചയാണ് കണ്ടൽ വനങ്ങൾ. ലോങ്ങ് ദ്വീപിൽ നിന്നും മറ്റു ദ്വീപുകളിലേയ്ക്കുള്ള യാത്രകളിൽ ഈ കണ്ടൽകാടുകളുടെ സൗന്ദര്യം ആസ്വദിക്കാൻ കഴിയും.

മൂന്നു ഗ്രാമങ്ങളാണ് ഈ ദ്വീപിലുള്ളത്. ലോങ്ങ് ഗ്രാമം, മിഡിൽ ഗ്രാമം, ലാൽജി ബേ എന്നിവയാണവ.  ലാൽജി ബേ ഈ ദ്വീപിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ്. ഹൈക്കിങ് താല്പര്യമുള്ളവർക്കു അത് പരീക്ഷിക്കാനുള്ള സംവിധാനങ്ങൾ ലാൽജി ബേയിലുണ്ട്. കൂടാതെ, അവിടുത്തെ പഞ്ചാരമണൽ വിരിച്ച തീരങ്ങൾ സഞ്ചാരികളെ വളരെയധികം ആകർഷിക്കും. മാർഗ് ബേ ബീച്ചും ദ്വീപിലെത്തുന്ന സഞ്ചാരികളെ വശീകരിക്കുന്ന പ്രധാനയിടമാണ്. ബീച്ചിന്റെ സമീപത്തു ക്യാമ്പ് ചെയ്യാനുള്ള സൗകര്യങ്ങളുണ്ട്. കടൽത്തീരത്തിനോട് ചേർന്നുള്ള രാത്രിതാമസം ഏറെ സുന്ദരമെന്നു പറയേണ്ടതില്ലല്ലോ. ദ്വീപിലെത്തുന്നവർക്കു ജലവിനോദങ്ങളിൽ ഏർപ്പെടാം. ഡൈവിങ്, സ്‌നോർക്കലിംഗ് പോലുള്ള വിനോദങ്ങൾ സഞ്ചാരികളെ ഏറെ രസിപ്പിക്കും. അടിത്തട്ടുവരെ തെളിഞ്ഞുകാണുന്ന കടലിന്റെ മനോഹാരിതയും ജലകേളികളും യാത്രികർക്കു അവിസ്മരണീയമായ അനുഭവങ്ങൾ സമ്മാനിക്കുമെന്ന കാര്യമുറപ്പാണ്. അതിഥികൾക്കു താമസിക്കാൻ ഹോട്ടലുകളുണ്ട്. ഇവിടുത്തെ ഫോറെസ്റ് ഡിപ്പാർട്ട്മെന്റിനാണ് ഹോട്ടലിന്റെ നടത്തിപ്പ് ചുമതല.

ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ ഇവിടം സന്ദർശിക്കാം. ആ സമയത്തെ കാലാവസ്ഥ ഏറെ സുഖകരമാണ്. പോർട്ട് ബ്ലെയറിലെ ഫോണിക്സ് ബേ ജെട്ടിയിൽ നിന്നും ആഴ്ചയിൽ നാലുദിവസം ലോങ്ങ് ദ്വീപിലേയ്ക്ക്  ബോട്ട് സർവീസുണ്ട്. ആറുമണിക്കൂറോളം ബോട്ടിൽ യാത്ര ചെയ്താൽ ലോങ്ങ് ദ്വീപിലെത്തിച്ചേരാം. തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലാണ് സർവീസുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA