ADVERTISEMENT

ഭഗൽപൂർ എന്ന് പറഞ്ഞാൽ ചിലപ്പോൾ അറിയണമെന്നില്ല. എന്നാൽ ടസർ സിൽക്സ് എന്ന് പറഞ്ഞാൽ ഷോപ്പിംങ് പ്രിയർക്കെങ്കിലും പിടികിട്ടും. പട്ടിന്റെ കാര്യത്തിൽ പോച്ചംപിള്ളിയ്ക്കും കാഞ്ചിപുരത്തിനുമൊപ്പം പ്രസിദ്ധമാണ്  ഭഗൽപൂരും. എന്നാൽ ഈ നാട് അറിയപ്പെടുന്നത് മറ്റ് ചില കാര്യങ്ങൾ കൊണ്ടു കൂടിയാണ്. അപൂർവ്വതകൾ ഏറെയുള്ള പട്ടിന്റെ നാട്ടിലേയ്ക്ക് ഒരു യാത്ര തിരിക്കാം. 

 

ശരിക്കും ഭാഗൽപൂർ ഒരു തുറമുഖ നഗരമായിരുന്നത്രേ. എഴാം നൂറ്റാണ്ടു മുതൽ ചരിത്ര താളുകളിലുള്ള ഈ നഗരത്തിന്റെ പല കോണുകളിൽ നിന്നും ഇപ്പോഴും കിട്ടുന്ന പുരാതനകാലത്തെ നാണയങ്ങളും പായ്ക്കപ്പലുകളുടേയും മറ്റും അവശിഷ്ടങ്ങൾ മൺമറഞ്ഞ കാലത്തിന്റെ കണ്ടെത്തലുകളാണ്. പട്ടുനൂല്‍പ്പുഴു വളര്‍ത്തലിലും, സില്‍ക്ക് നിര്‍മ്മാണത്തിലും ഏതാണ്ട് 200 ഓളം വര്‍ഷത്തെ പാരമ്പര്യം ഭഗല്‍പൂരിനുണ്ട്. ഇവിടുത്തെ മുന്‍ തലമുറകള്‍ സില്‍ക്ക് നിര്‍മ്മാണ തൊഴിലാളികളായിരുന്നു. ഇന്ന് സില്‍ക്ക് നെയ്ത്തില്‍ പരിശീലനം നല്കാനായി സംസ്ഥാന സര്‍ക്കാര്‍ നഗരത്തില്‍ പലയിടങ്ങളിലായി സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പട്ട് മാത്രമല്ല ഈ നാടിനെ പ്രശസ്തമാക്കുന്നത്. രണ്ട് അപൂർവയിനം ജീവികളുടെ ആവാസ കേന്ദ്രമെന്ന നിലയിലും ഭഗൽപൂർ വിനോദ സഞ്ചാരികളുടെ ഇടയിൽ ഫെയ്മസാണ്‌. 

വിക്രംശില ഗാംഗ്ജെറ്റിക് ഡോള്‍ഫിൻ സാങ്ച്വറി

ഗാംഗ് ജെറ്റിക് ഗണത്തിൽപ്പെട്ട ഡോൽഫിനുകളെ സംരക്ഷിക്കുന്ന ലോകത്തിലെ ഏതാനും കേന്ദ്രങ്ങളിൽ ഒന്നാണ്  ഭഗൽപൂരിലെ വിക്രം ശില 

ഡോൾഫിൻ സാങ്ച്വറി. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ഡോൾഫിനുകൾ ലോകത്താകമാനം ആകെ 1500 താഴെ മാത്രമേ ഉള്ളു. അതിൽ പകുതിയും അതിവസിക്കുന്നത് ഭഗൽപൂരിലാണ്. ഡോൽഫിനുകളെ അടുത്തു കാണാനുള്ള സൗകര്യവും ഇവിടെയുണ്ട്. ഗരുഡന്മാരെ സംരക്ഷിക്കുന്ന  ഗരുഡാ സാങ്ച്വറിയാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ലോകത്ത് മൂന്നിടങ്ങളിൽ മാത്രമാണ് ഗരുഡൻമാരെ സംരക്ഷിക്കുന്നത്. കംബോഡിയ, അസം പിന്നെ ഭഗൽപൂരും.  

തീർത്ഥാടനത്തിനും പ്രാധാന്യമുള്ള നാടാണ് ഭഗൽപൂർ.  700 അടി ഉയരത്തിലുള്ള മന്ദർ ഹിൽ ഹിന്ദു ബുദ്ധ വിശ്വാസികളുടെ പ്രധാന കേന്ദ്രമാണ്. പാലാഴി കടഞ്ഞ് അമൃത് എടുത്തപ്പോൾ അതിന് ഉപയോഗിച്ച പർവ്വതമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്.  ജൈന മതക്കാരുടെ വിശ്വാസം അനുസരിച്ച് അവരുടെ 12-ാം തീർഥങ്കരൻ ഇവിടെ വെച്ചാണ് നിർവ്വാണം സ്വീകരിച്ചത് എന്നാണ് വിശ്വാസം.

വിക്രമശിലയിലെ ബുദ്ധമത സർവ്വകലാശാലയാണ് ഇവിടത്തെ  ചരിത്രപരമായ ആകർഷണം. എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ധർമ്മപാല സ്ഥാപിച്ചതാണ് ഇത്. ഭഗൽപൂരിൽ നിന്ന് 50 കിലോമീറ്റർ  അകലെ വിശുദ്ധ ഗംഗാ നദിയുടെ വലതുകരയിലെ പ്രമുഖ പഥാർഘട്ട് കുന്നിലാണ് ഈ പുരാതന സർവകലാശാല സ്ഥിതി ചെയ്യുന്നത്.   പഴയ കാലത്തെ പുരാതന സർവകലാശാലയുടെ ആദ്യ അനുഭവം ലഭിക്കാതെ ഭഗൽപൂരിലേക്കുള്ള നിങ്ങളുടെ യാത്ര അപൂർണ്ണമായിരിക്കും.

ഷോപ്പിംഗ് ഇഷ്ടപ്പെടുന്നവർക്ക് സിൽക്കിന്റെ വൈവിധ്യങ്ങൾ കണ്ടറിഞ്ഞ് വാങ്ങാം. പ്രകൃതി സ്നേഹികൾക്ക് ആവോളം ആസ്വദിക്കാൻ അപ്പൂർവ്വതകൾ നിറഞ്ഞ വന്യ ജീവി സങ്കേതകങ്ങൾ. ചരിത്രാന്വേഷികൾക്ക് വിക്രമ ശിലയുടെ ഓരോ മൺ തരിയിലും ഉറങ്ങിക്കിടക്കുന്ന ചരിത്രം തേടാം. ഇനി ഭക്തിയാണ് യാത്രാ ലക്ഷ്യമെങ്കിൽ ആഗ്രഹം നിറവേറ്റാൻ അനവധി പലവിധ ക്ഷേത്രങ്ങൾ. അങ്ങനെ എല്ലാത്തരം യാത്രികരെയും തൃപ്തിപ്പെടുത്താൻ ഭഗൽപൂരെന്ന സുന്ദര നാടുണ്ടല്ലോ. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com