തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ഒരിക്കലും മറക്കാത്ത ഒരു ട്രെയിന്‍ യാത്ര

darjeeling-toy-train2
SHARE

തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലൂടെ, മുടിയിഴകളില്‍ തഴുകുന്ന തണുത്ത കാറ്റേറ്റ് ഒരു തീവണ്ടിയാത്രയായാലോ...? ഡാര്‍ജിലിങ്ങിലേക്ക് പോകാന്‍ ഒരുങ്ങുന്നവര്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത ഒരു യാത്രയാണിത്. ബ്രിട്ടീഷ് കാലത്തിന്‍റെ പ്രതാപവും സമൃദ്ധിയും വിളിച്ചോതുന്ന കെട്ടിടങ്ങളും ജൈവസമൃദ്ധിയും താണ്ടി ലോകത്തിലെ തന്നെ ഏറ്റവും അപൂര്‍വ്വമായ നിര്‍മാണ ചാതുര്യം പേറുന്ന ഹിമാലയന്‍ റെയില്‍പ്പാതയിലൂടെയുള്ള ഈ യാത്ര ഓരോ സഞ്ചാരിയും ജീവിതത്തില്‍ ഒരിക്കലെങ്കിലും ചെയ്യേണ്ട യാത്രകളില്‍ ഒന്നാണ് എന്നതില്‍ സംശയമില്ല.

ബുക്ക് ചെയ്യാന്‍ 

ടോയ് ട്രെയിന്‍ യാത്ര സ്വപ്നം കണ്ടു വരുന്നവര്‍ക്ക് irctcയുടെ വെബ്സൈറ്റില്‍ കയറി ബുക്ക് ചെയ്യാം.

darjeeling-toy-train

ജംഗിള്‍ സഫാരി: സിലിഗുരിയില്‍ തുടങ്ങി അവിടെത്തന്നെ വന്നവസാനിക്കുന്ന ടോയ് ട്രെയിന്‍ ജംഗിള്‍ സഫാരി ബുക്ക് ചെയ്യാന്‍ തുടക്ക സ്റ്റേഷനായി സിലിഗുരിയുടെ കോഡ് ആയ SGUJ കൊടുക്കാം. അവസാന സ്റ്റേഷന്‍റെ സ്ഥാനത്ത് സിലിഗുരിയുടെ തന്നെ മറ്റൊരു കോഡ് ആയ SGUD കൊടുക്കാം. ഓണ്‍ലൈന്‍ വഴിയോ അല്ലെങ്കില്‍ ഏതെങ്കിലും റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഈ ട്രെയിന്‍ സീസണല്‍ ആയതിനാല്‍ പോകും മുന്നേ ലഭ്യത ഉറപ്പു വരുത്തുന്നത് നന്നായിരിക്കും.

പ്രതിദിന ടോയ് ട്രെയിന്‍: ഇതല്ലാതെ സാധാരണ ടോയ് ട്രെയിന്‍ യാത്ര വേണ്ടവര്‍ക്ക് NJP-Darjeeling ട്രെയിന്‍ ബുക്ക് ചെയ്യാം. ഏഴു മണിക്കൂര്‍ യാത്രയാണിത്. ന്യൂ ജല്‍പൈഗുരി സ്റ്റേഷനില്‍ നിന്നും ഡാര്‍ജിലിങ്ങിലേക്ക്  ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതിന് irctc വെബ്സൈറ്റില്‍ കയറി തുടക്കസ്റ്റേഷന്‍ ആയി NJP എന്നും അവസാന സ്റ്റേഷനായി DJ എന്നും കൊടുക്കുക. 

ഇവ കൂടാതെ മറ്റു ചില റൂട്ടുകളിലും ഈ ടോയ് ട്രെയിന്‍ സേവനം ലഭ്യമാണ്. (Hyperlink: https://www.darjeeling-tourism.com/darj_00008a.htm)

മനോഹരമായ അനുഭവം

ഡാര്‍ജിലിങ്ങ് പട്ടണത്തെ ഇന്ത്യയുടെ മറ്റു സമതലപ്രദേശങ്ങളുമായി ബന്ധിപ്പിക്കാനായി ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതാണ് ഈ തീവണ്ടിപ്പാത. ഈയടുത്ത കാലത്താണ് ആവി എന്‍ജിനുകള്‍ മാറ്റി ഡീസല്‍ എഞ്ചിനില്‍ ഇവ ഓടാന്‍ തുടങ്ങിയത്. ജല്‍പൈഗുരി സ്റ്റേഷനില്‍ നിന്നും സിലിഗുരിയിലേയ്ക്ക് പോകുന്ന ട്രെയിന്‍ യാത്ര ഒരിക്കലും മറക്കാനാവില്ല. തീവണ്ടിയുടെ ചൂളം വിളികള്‍ക്കൊപ്പം മനോഹരമായ പ്രകൃതിയുടെ ദൃശ്യങ്ങള്‍ ഓരോന്നോരോന്നായി കാഴ്ചയിലേക്ക് കടന്നു വരും. കാടുകളും തേയിലത്തോട്ടങ്ങളും താണ്ടി 'കുന്നുകളുടെ രാജ്ഞി'യെത്തേടിയുള്ള യാത്ര. 

ആയിരത്തി എണ്ണൂറുകളില്‍ ഡാർജിലിങ്ങിന്‍റെ വികസനത്തിന്‍റെ ഭാഗമായി ബ്രിട്ടീഷുകാരാണ് ഇവിടെ തേയിലത്തോട്ടങ്ങള്‍ തുടങ്ങിയത്. ഇവിടെ ഇത് നന്നായി വളരുമെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷുകാര്‍ പിന്നീട് നഗരത്തിനു ചുറ്റും തേയിലത്തോട്ടങ്ങള്‍ ആരംഭിച്ചു. ഇവിടങ്ങളില്‍ ജോലി ചെയ്യാനായി നേപ്പാളില്‍ നിന്നും മറ്റും ആളുകള്‍ ഇങ്ങോട്ടേയ്ക്ക് കുടിയേറ്റം തുടങ്ങി. തുടര്‍ന്ന് നഗരവികസനത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും ഉയര്‍ന്നു വന്നു. 

darjeeling-toy-train1

ഹിമാലയന്‍ റെയില്‍വേ പ്രവര്‍ത്തനം ആരംഭിച്ചത് 1881ലായിരുന്നു. സിലിഗുരിയില്‍ നിന്നും ഡാര്‍ജിലിങ്ങിലേക്കുള്ള ഹില്‍ കാര്‍ട്ട് റോഡ്‌ യാത്ര അത്ര സുഗമമായിരുന്നില്ല. ഇത് മറികടക്കുന്നതിനു വേണ്ടിയായിരുന്നു ഈ റെയില്‍പ്പാത രൂപീകരിക്കപ്പെട്ടത്. നിരവധി വളവുകളും തിരിവുകളുമായി ആകെ 88 കിലോമീറ്ററോളം ദൂരം ഈ പാത നീണ്ടു കിടക്കുന്നു. ഡാര്‍ജിലിങ്ങ് സ്റ്റീം ട്രാം വേ കമ്പനി എന്ന ഇതിന്‍റെ പേര്, പിന്നീട് ഡാര്‍ജിലിങ്ങ് ഹിമാലയന്‍ റെയില്‍വേ എന്ന് മാറ്റുകയായിരുന്നു. 

റോങ്ങ്തോങ്ങ് സ്റ്റേഷന്‍ പിന്നിടുന്നതോടെ ട്രെയിന്‍ കയറ്റം കയറാന്‍ തുടങ്ങുന്നു. ഹില്‍ കാര്‍ട്ട് റോഡിന് സമാന്തരമായാണ്‌ ഈ റെയില്‍പ്പാത നിര്‍മ്മിച്ചിരിക്കുന്നത്. ഗായബാരി സ്റ്റേഷന്‍ പിന്നിട്ട് അല്‍പ്പം മുന്നോട്ടു പോകുമ്പോള്‍ 'പാഗ്ല ജോറ' വെള്ളച്ചാട്ടം കാണാം. മണ്‍സൂണ്‍ കാലത്ത് റെയില്‍വേ ട്രാക്ക് മുങ്ങിപ്പോകാന്‍ പാകത്തിലുള്ള വെള്ളമായിരിക്കും ഇവിടെ. ഉരുള്‍പൊട്ടലും ഇക്കാലത്ത് സാധാരണമാണ്.  കുര്‍സിയോങ്ങ് മുതല്‍ തേയിലത്തോട്ടങ്ങള്‍ കൂടുതല്‍ അടുതതായി കാണാന്‍ തുടങ്ങുന്നു. കണ്ണെത്താദൂരത്തോളം അവ പരന്നുകിടക്കുന്ന കാഴ്ച അതീവ സുന്ദരമാണ്. തേയില നുള്ളുന്ന തൊഴിലാളികളെയും ഇവിടെ കാണാം.

ഇവിടെയുള്ള ഓരോ തേയിലത്തോട്ടത്തിനും പ്രത്യേകം പ്രത്യേകം ഫാക്ടറിയുണ്ട്. തോട്ടത്തില്‍ നിന്നും ചായക്കപ്പിലേയ്ക്കുള്ള തേയിലയുടെ യാത്ര അല്‍പ്പം നീണ്ടതാണ്. ഇവ ഉണക്കിയെടുത്ത് റോളിംഗ് ചെയ്ത ശേഷം ഓക്സീകരണത്തിനു വിധേയമാക്കുന്നു. തുടര്‍ന്ന് ഫെര്‍മെന്റേഷന് വിധേയമാക്കിയ ശേഷം ഗ്രേഡിംഗ് ചെയ്യുന്നു.  ഈ തേയിലത്തോട്ടങ്ങളും ഇവിടുത്തെ ടൂറിസത്തിന്‍റെ ഭാഗമാണ് ഇപ്പോള്‍. തോട്ടങ്ങള്‍ കാണാനും ഫാക്ടറി സന്ദര്‍ശനത്തിനും ഇവിടത്തെ ബ്രിട്ടീഷ് കാലത്തെ കെട്ടിടങ്ങളില്‍ താമസിക്കാനുമായി നിരവധി ടൂറിസ്റ്റുകള്‍ ഇവിടെയെത്തുന്നു. ചില സ്ഥലങ്ങളില്‍ ആളുകള്‍ താമസിക്കുന്ന സ്ഥലങ്ങളിലൂടെയും ഈ ട്രെയിന്‍ കടന്നു പോകുന്നു. കടകളും റസ്റ്റോറന്റുകളും ഈ ഭാഗത്ത് കാണാന്‍ സാധിക്കും.  തുങ്ങ് സ്റ്റേഷന്‍ കഴിഞ്ഞാല്‍ വന്യജീവികളുടെ സങ്കേതമായിരുന്ന സൊനാഡയിലൂടെ ട്രെയിന്‍ കടന്നു പോകുന്നു. 

വര്‍ഷം മുഴുവന്‍ മഞ്ഞു പുതച്ചു കിടക്കുന്ന ഘൂം പ്രദേശത്ത് കൂടിയും ട്രെയിന്‍ കടന്നു പോകുന്നു. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാണ് ഘൂം. ഇവിടെയെത്തുമ്പോള്‍ ട്രെയിനിന് പത്തു മിനിറ്റ് നേരത്തെ സ്റ്റോപ്പ് ഉണ്ട്. ഇവിടെ നിന്നും വീണ്ടും പുറപ്പെട്ട് ബട്ടാസിയ ലൂപ്പിലെത്തുമ്പോള്‍ ചുറ്റുമുള്ള മലകളുടെ 360 ഡിഗ്രി കാഴ്ച കാണാം. കുറച്ചു കാലം മുന്നേ വരെ ഗൂര്‍ഖ സൈനികരുടെ ഓര്‍മ്മക്കായി ഇവിടെ ഒരു പാര്‍ക്ക് ഉണ്ടായിരുന്നു. ഈ പ്രദേശം താണ്ടി നേരെ ചെല്ലുമ്പോള്‍ ഡാര്‍ജിലിങ്ങ് പട്ടണം തുടങ്ങുകയായി. ട്രെയിനിറങ്ങി നേരെ നഗരത്തിന്‍റെ പഴമ മണക്കുന്ന പുതിയ കാലത്തേക്ക് ഊളിയിടാം.

ബ്രിട്ടീഷ് മണം മാറാത്ത ഡാര്‍ജിലിങ്ങ് പട്ടണം 

ഇന്ത്യയിലെ ഏതൊരു പ്രധാന പട്ടണമെടുത്തു പരിശോധിച്ചാലും ബ്രിട്ടീഷുകാര്‍ അവശേഷിപ്പിച്ചു പോയ നിരവധി ഓര്‍മ്മകളും സ്മാരകങ്ങളും കാണാന്‍ സാധിക്കും. ഡാര്‍ജിലിങ്ങിന്‍റെ സ്ഥിതിയും വ്യത്യസ്തമല്ല. പുതുമയ്ക്കൊപ്പം ബ്രിട്ടീഷ് കാലത്തെ പഴയ ഓര്‍മ്മകളും ക്ലോക്ക് ടവറുകളായും റസ്റ്റോറന്റുകളായും ഫോട്ടോ സ്റ്റുഡിയോകളായും ഇവിടെ ഇന്നും നിലനില്‍ക്കുന്നു.

യാത്രക്കാര്‍ക്കായി ചില കാര്യങ്ങള്‍ 

ആകാശമാര്‍ഗ്ഗമാണ് യാത്രഎങ്കില്‍ ബഗ്ഡോഗ്ര എയര്‍പോര്‍ട്ട്‌ ആണ് ഇവിടെ ഏറ്റവും അടുത്ത എയര്‍പോര്‍ട്ട്‌. ഡാര്‍ജിലിങ്ങില്‍ നിന്നും 14 കിലോമീറ്റര്‍ അകലെയാണ് ഇത്. സിലിഗുരിയില്‍ നിന്നും റോഡ്‌ മാര്‍ഗ്ഗം വരുന്നവര്‍ക്ക് ഹില്‍കാര്‍ട്ട് റോഡ്‌ വഴി 65 കിലോമീറ്ററും നാഷണല്‍ ഹൈവേ 10 വഴിയാണെങ്കില്‍ 80 കിലോമീറ്ററുമാണ് ഡാര്‍ജിലിങ്ങിലേക്കുള്ള ദൂരം. 

ശ്രദ്ധിക്കുക :മണ്‍സൂണ്‍ കാലത്ത് യാത്രകള്‍ ഒഴിവാക്കുന്നതാണ് ഉചിതം. ഉരുള്‍പൊട്ടല്‍ സാധാരണമായതിനാല്‍ ഈ സമയത്തുള്ള യാത്ര സുരക്ഷിതമല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA