sections
MORE

രാത്രിയിൽ ട്രെക്കിങ്ങിന് പോകണോ? ഇവിടേക്കു പോരൂ

night-trek
SHARE

സാഹസികരായ യാത്രാപ്രിയരെ എക്കാലവും ഹരംപിടിപ്പിക്കുന്ന ഒന്നായിരിക്കും ട്രെക്കിങ്. ദുർഘടങ്ങളെ തരണം ചെയ്തു ലക്ഷ്യത്തിലെത്തുമ്പോൾ കാഴ്ചകളുടെ വർണവിസ്മയമായിരിക്കും ഓരോ ട്രെക്കിങ്ങും സമ്മാനിക്കുക. ട്രെക്കിങ്ങിനിറങ്ങുന്ന സഞ്ചാരികളെല്ലാം യാത്രയ്ക്കു തെരഞ്ഞെടുക്കുന്ന സമയം അതിരാവിലെയാണ്.

ഉദയസൂര്യന്റെ ആദ്യ കിരണങ്ങൾ ദേഹത്തുപതിക്കുമ്പോഴേക്കും ലക്ഷ്യത്തിലെത്തുന്ന യാത്രകൾ സുന്ദരമായ കാഴ്ചകൾ നല്കുമെന്നതിൽ തർക്കമേയില്ല. പുലരികളിലെയും പകലുകളിലെയും യാത്രകളെ മാത്രം പരിചയമുള്ളവർക്കു വെളിച്ചവും കൈയിൽ പിടിച്ചു ഒരു രാത്രിയാത്രയ്ക്കു താല്പര്യമുണ്ടോ?  അങ്ങനെയെങ്കിൽ യാത്രകളിൽ അല്പം സാഹസികത വേണമെന്നുള്ളവർക്കു തെരെഞ്ഞെടുക്കാനിതാ രാത്രിയിൽ ട്രെക്കിങ് പോകാൻ കഴിയുന്ന കുറച്ചിടങ്ങൾ...

അന്തർ ഗംഗെ 

കർണാടകയിലെ കോലാർ ജില്ലയിൽ ശതശൃംഗ മലനിരകളിലാണ് അന്തർ ഗംഗെ സ്ഥിതി ചെയ്യുന്നത്. പേര്  സൂചിപ്പിക്കുന്നതുപോലെ തന്നെ അഗാധവും ഇടുങ്ങിയതുമായ വഴികളിലൂടെ നീണ്ടു കിടക്കുന്ന ഗുഹയാണ് ഇവിടുത്തെ സവിശേഷ കാഴ്ച. കൂടാതെ, കാശി വിശ്വേശ്വര ക്ഷേത്രവും ഈ മലനിരകളുടെ താഴ്വാരത്തുണ്ട്. രാത്രിയിലെ ട്രെക്കിങ്ങാണ് ഇവിടെയെത്തുന്ന സഞ്ചാരികളെ കൂടുതലും ആകർഷിക്കുക.

ഇരുന്നും നിരങ്ങിയും കിടന്നും നടന്നുമൊക്കെ കടന്നുപോകാൻ പറ്റിയ പാതയും അഗ്‌നിപർവതം പൊട്ടി ഒഴുകിയിറങ്ങുന്ന ലാവയെ ഓർമിപ്പിക്കുന്ന തരത്തിലുള്ള കാഴ്ചകളുമൊക്കെ ഗുഹാന്തർഭാഗത്തുണ്ട്. ഇരുട്ടിൽ വെളിച്ചവുമേന്തി,  ദുർഘടമായ പാത താണ്ടി മുകളിലെത്തുമ്പോൾ കാണുന്ന കാഴ്ചകൾ യാത്രാക്ഷീണത്തെ  കാറ്റിൽ പറത്തും. 

lonavala-trek

ദോട്രേയ് ടോങ്ളു ടോപ്

പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിലാണ് ദോട്രേയ് ടോങ്ളു. വഴിനീളമുള്ള അതിസുന്ദരമായ കാഴ്ച്ചകളാണ്  ഹിമാലയത്തിന്റെ താഴ്‌വരയിലാണ് ഈ ട്രെക്കിങ് പാതയെ ഏറെ വ്യത്യസ്തമാക്കുന്നത്. റോഡോഡെൻഡ്രോൺ പൂത്തുനിൽക്കുന്ന വഴികളും വന്യമായ വനാന്തരങ്ങളും സാഹസികപ്രിയരായ യാത്രികരെ ഹരം കൊള്ളിക്കും. രാത്രികാലങ്ങളിലും പകൽ വെളിച്ചത്തിലും ഹൃദ്യമായ കാഴ്ചകൾ സമ്മാനിക്കുമെങ്കിലും സൂര്യോദയം കാണാനുള്ള രാത്രി ട്രെക്കിങ്ങാണ് ഇവിടെയെത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും തെരെഞ്ഞെടുക്കാറ്. രാത്രിയിൽ തുടങ്ങുന്ന യാത്ര അവസാനിക്കുന്നത് ഉദയസൂര്യനെ കണ്ടുകൊണ്ടാണ്. ആ കാഴ്ച നൽകുന്ന നവ്യാനുഭവം തന്നെയാണ് ദോട്രേയ് ടോങ്ളു ടോപ് യാത്രയെ അവിസ്മരണീയമാക്കുന്നത്. മഴയും മഞ്ഞും കാറ്റുമൊക്കെ ഒളിച്ചുകളി നടത്തുന്ന ഇവിടം സഞ്ചാരികൾക്കു മറക്കാനാകാത്ത അനുഭവങ്ങൾ നൽകുക തന്നെ ചെയ്യും. 

രാജ്മച്ചി ട്രെക്ക് 

ആദ്യ ആംഗ്ലോ - മറാത്താ യുദ്ധത്തിന്റെ ഓർമകളും പേറി നിൽക്കുന്ന കോട്ടയാണ് രാജ്മാച്ചി. പശ്ചിമഘട്ട മലനിരകളിലാണ് ഈ കോട്ടയും സഞ്ചാരപ്രിയരെ ഏറെ ആകർഷിക്കുന്ന ട്രെക്കിങ് പാതയും സ്ഥിതി ചെയ്യുന്നത്. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ലോണാവാലയിൽ നിന്നും 15 കിലോമീറ്റർ ദൂരം താണ്ടിയാൽ രാജ്മാച്ചിയിൽ എത്തിച്ചേരാം. കോണ്ടിവ്ഡെ എന്ന ഗ്രാമത്തിൽ നിന്നുമാണ് ട്രെക്കിങ് ആരംഭിക്കുന്നത്.

rajmachi

കുത്തനെയുള്ള കയറ്റം സഞ്ചാരികളെ തെല്ലൊന്നു കുഴയ്ക്കുമെങ്കിലും സ്ഥിരമായി ഇത്തരം യാത്രകൾ ചെയ്യുന്നവർക്കു അധികം പ്രയാസപ്പെടാതെ മുകളിലേയ്ക്കു എത്താൻ സാധിക്കും. ഏകദേശം പത്തുമുതൽ പന്ത്രണ്ടു മണിക്കൂർ വരെ നീളുന്ന യാത്ര അല്പം വിശ്രമിച്ചതിനു ശേഷം പൂർത്തിയാക്കുന്നവരാകും ഭൂരിപക്ഷവും. പകലും രാത്രിയും ഇവിടെ ട്രെക്കിങ് അനുവദനീയമാണ്. കാടിനുള്ളിലൂടെയുള്ള രാത്രി യാത്ര അതിസാഹസികരെ ഹരം പിടിപ്പിക്കുമെന്നുറപ്പാണ്. 

രംഗനാഥ സ്വാമി ബേട്ട

കർണാടകയിലെ കനകപുര എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന രംഗനാഥ സ്വാമി ബേട്ട കുന്നുകൾ അറിയപ്പെടുന്നത് ബി ആർ ഹിൽസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ബെംഗളൂരുവിൽ നിന്നും ഏകദേശം 70 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ട്രെക്കിങ് പ്രിയരുടെ ഇഷ്ടയിടങ്ങളിലൊന്നാണ്. 

മലമുകളിൽ സ്ഥിതി ചെയ്യുന്ന രംഗനാഥ സ്വാമി  ക്ഷേത്രത്തിന്റെ പേരിലാണ് ഇവിടം അറിയപ്പെടുന്നത്. ബെന്നാർഘട്ട ദേശീയോദ്യാനത്തിൽ നിന്നുമാണ് ട്രെക്കിങ് ആരംഭിക്കുന്നത്. മുൻകൂട്ടി അനുമതിയെടുത്താൽ മാത്രമേ ട്രെക്കിങ്ങിനു പോകാൻ കഴിയുകയുള്ളൂ. ആനകൾ ധാരാളമുള്ള സ്ഥലമായതു കൊണ്ട് തന്നെ അതീവ ശ്രദ്ധയോടെ വേണം മുന്നോട്ടുപോകാൻ. ലക്ഷ്യത്തിലെത്തിയാൽ ക്ഷേത്രത്തിന്റെ കാഴ്ചകൾക്കൊപ്പം കാവേരി നടിയുടെയും സാവൻ ദുർഗ കുന്നുകളുടെയും മനോഹര ദൃശ്യങ്ങൾ ആസ്വദിക്കാം. 

 ഹരിചന്ദ്രഗഡ്‌ 

പശ്ചിമഘട്ട മലനിരകളിലെ ഏറ്റവും മനോഹരമായ ഹരിചന്ദ്രഗഡ്‌ കോട്ട. മഹാരാഷ്ട്രയിലാണിത് സ്ഥിതി ചെയ്യുന്നത്. കോട്ട കാണാനുള്ള യാത്രയാണ് ട്രെക്കിങ്. നല്ല പരിശ്രമം ആവശ്യമുള്ള ട്രെക്കിങ്, അതികഠിനവും ആയാസകരവുമാണ്. സുന്ദരമായ കാഴ്ചകളും കാത്തുവെച്ചു കൊണ്ടാണ് ഹരിചന്ദ്രഗഡ്‌ സഞ്ചാരികളെ സ്വീകരിക്കുന്നത്. അതുകൊണ്ടു തന്നെ ട്രെക്കിങ്ങിന്റെ ക്ഷീണമെല്ലാം മുകളിലെത്തുമ്പോൾ മാറും. രാത്രിയിൽ യാത്ര കുറച്ചു കൂടി ദുഷ്കരമെങ്കിലും വിടർന്നുവരുന്ന പുലരിയുടെ മനോഹര ദൃശ്യം ആസ്വദിക്കാൻ കഴിയുക എന്ന അസുലഭ നിമിഷം സാധ്യമാകുമല്ലോ എന്ന ചിന്തയിൽ മല  കയറുന്ന സഞ്ചാരികൾ നിരവധിയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA