ഗൂഗിൾ മാപ്പ് നോക്കി എത്തിയത് പ്രേതഭവനത്തിൽ, മറക്കാനാവാത്ത അനുഭവം പങ്കുവച്ച് നടി ലക്ഷ്മി

lekshmi
SHARE

വില്ലത്തിയായി തകർത്ത് അഭിനയിച്ച് പ്രേക്ഷകരുടെ കൈയ്യടി നേടിയ ലക്ഷ്മി പ്രമോദ്. അവതാരികയായും അഭിനേത്രിയായും സീരിയൽ രംഗത്തേക്ക് കടന്നുവന്ന ലക്ഷ്മിയെ ഏറെ ഇഷ്ടപ്പെടുന്നത് മലയാളി സീരീയൽ പ്രേമികളാണ്. പരസ്പരം സീരിയലിലൂടെ മികച്ച അഭിനയം കാഴ്ചവച്ച ലക്ഷ്മി ചുരുങ്ങിയ നാളുകൾകൊണ്ട് ജനപ്രിയ പരമ്പരകളിലെ താരറാണിയായി മാറി. വില്ലത്തിയായുള്ള ലക്ഷ്മിയുെട മികച്ച അഭിനയമാണ് ഇപ്പോഴത്തെ ഹൈലൈറ്റ്. അഭിനയവും കുടുംബവുമൊക്കെയായി തിരക്കിട്ട ജീവിതത്തിലാണ് ലക്ഷ്മി. തിരക്കിനിടയിലും മകളും ഭർത്താവ് അസറുമായി ഒഴിവ് സമയം ചെറു യാത്രകൾ പ്ലാൻ ചെയ്യാറുണ്ട്. ലക്ഷ്മി ഇഷ്ടപ്പെട്ട യാത്രകളെക്കുറിച്ച് മനോരമാ ഒാൺലൈനിൽ പങ്കുവയ്ക്കുന്നു.

മുൻകൂട്ടി പ്ലാൻ ചെയ്തുള്ള യാത്രകൾ കുറവ്

യാത്രകൾ ഇഷ്ടമല്ലാത്തവർ ആരുമില്ല. അക്കൂട്ടത്തിലാണ് ഞാനും. അസ്സറിനൊപ്പം  കാറിൽ  വെറുതെ ഇങ്ങനെ ഡ്രൈവ് ചെയ്ത് പോകാൻ ഒരുപാട് ഇഷ്ടമാണ്. യാത്രയിലാണ് എവിടേക്ക് പോകണമെന്നു വരെ തീരുമാനിക്കുന്നത്. മുൻകൂട്ടി പ്ലാൻ ചെയ്തുള്ള പലയാത്രകൾ ഇതുവരെയും നടന്നിട്ടില്ല. അതുകൊണ്ടു തന്നെ പെട്ടെന്നുള്ള ട്രിപ്പാണ് ഇപ്പോഴത്തെ രീതി.  ഏതു സ്ഥലമാണോ തെരഞ്ഞെടുക്കുന്നത് അവിടം ശരിക്കും ആസ്വദിക്കാറുണ്ട്. കാഴ്ചകൾ കണ്ട് ഒരാഴ്ചയോളം കഴിഞ്ഞേ മടങ്ങാറുള്ളൂ.  യാത്രകളെ ഞാൻ ഏറെ ഇഷ്ടപ്പെട്ടു തുടങ്ങിയത് അസർ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നതിനു ശേഷമാണ്. കാരണം ഒരുപാട് ഇഷ്ടപ്പെട്ട് പ്രണയിച്ച് കഷ്ടപ്പെട്ട് വിവാഹം ചെയ്തവരാണ് ഞങ്ങൾ. എന്റെ ഇഷ്ടക്കാരനോടൊപ്പം അടിച്ചുപൊളിച്ച് യാത്രപോകാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്.

lekshm2

വിവാഹശേഷമാണ് യാത്രകൾ കൂടുതലും നടത്തിയിട്ടുള്ളത്. കുട്ടിക്കാലത്ത് ഏറെയും യാത്ര പോയിട്ടുള്ളത് ബീച്ചിലും അമ്യൂസ്മെന്റെ പാര്‍ക്കിലുമൊക്കെയാണ്. വിവാഹശേഷം വാഗമൺ, മൂന്നാർ, വയനാട് എന്നിവിടങ്ങളിലേക്കൊക്കെ യാത്ര പോയിട്ടുണ്ട്. വയനാട് രണ്ടു തവണ പോയിട്ടുണ്ടെങ്കിലും അന്നാട്ടിലെ പ്രധാന കാഴ്ചകളൊക്കെയും പൂർണമായും ആസ്വദിക്കാനായിട്ടില്ല. മൂന്നാറിലെ മുളവീട് പോലെയുള്ള ഹട്ടുകളിൽ താമസിക്കുവാനും എനിക്ക് ഒരുപാട് ഇഷ്ടമാണ്. അഡ്വഞ്ചർ ട്രിപ്പിനോട് വലിയ താൽപര്യമില്ല, എന്നാൽ അ‍ഡ്വഞ്ചർ ട്രിപ് നടത്തിയിട്ടുമുണ്ട്. എന്നെക്കാളും ഭർത്താവ് അസ്സറിനാണ് സാഹസികവിനോദങ്ങള്‍ ഏറെ ഇഷ്ടം. അസ്സറും സുഹൃത്തുക്കളും ഒരുമിച്ച് മിക്കപ്പോഴും യാത്രപ്ലാൻ ചെയ്യാറുണ്ട്. മിക്കതും സാഹസിക യാത്രകള്‍ പോലുള്ളവയാണ്. എന്നാലും ഞാനും അസ്സറിന്റെ ഒപ്പം പോകാറുണ്ട്. മോളുടെ വരവോടെ മിക്കയാത്രകളും ശ്രദ്ധിച്ചാണ് പ്ലാന്‍ ചെയ്യുന്നത്.

ഇന്ത്യക്കകത്ത് കുറച്ചിടങ്ങൾ സന്ദർശിച്ചിട്ടുണ്ട്, ആന്ധ്ര, ഗോവ, മഹാരാഷ്ട്ര. മുംബൈ കർണ്ണാടക, തമിഴ്നാട്, ഉത്തർപ്രദേശ് ഇവിടങ്ങളിലേക്ക് യാത്ര പോയിട്ടുണ്ട്. ഷോപ്പിങ് എനിക്ക് ഇഷ്ടമാണ്. മുംബൈ എനിക്ക് ഷോപ്പിങ് ഡെസ്റ്റിനേഷനായാണ് തോന്നിയിട്ടുള്ളത്. ഡ്രെസ്സായാലും ഫാൻഡി സാധനങ്ങളായാലും എന്തും വാങ്ങാൻ പറ്റിയയിടമാണ് മുംബൈ.

.എത്തിയത് പ്രേതഭവനത്തിൽ

ഒരിക്കല്‍ ഞാനും അസ്സറും സുഹൃത്തുക്കളുമൊക്കെയായി യാത്ര പ്ലാൻ ചെയ്തു. കൊടൈക്കനാലിലേക്ക്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഞങ്ങൾ കോട്ടേജ് തേടി എത്തിയത് പ്രേത ഭവനം പോലെയുള്ള ഇടത്തേക്കായിരുന്നു. സത്യത്തിൽ ശരിക്കു പേടിച്ചിരുന്നു. അന്വേഷിക്കുന്ന കോട്ടേജ് ഇതുതന്നെയാണോ എന്നുറപ്പുവരുത്തുവാനായി മൂന്നുതവണ ഗൂഗിൾ മാപ്പിന്റെ സഹായം തേടി. അപ്പോഴൊക്കെ എത്തിച്ചേർന്നത് പ്രേതാലയം പോലെ തോന്നിപ്പിക്കുന്ന കോട്ടേജിലേക്കായിരുന്നു. എല്ലാവരുടെയും ഉള്ളിൽ ഭയമായിരുന്നു. ഞാൻ മാത്രമേ പെണ്ണായി ആ യാത്ര സംഘത്തിലുണ്ടായിരുന്നുള്ളൂ.

lekshmi1

ഞങ്ങളുടെ ഒരു സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു താമസത്തിനായി ഇൗ കോട്ടേജ് തെരഞ്ഞെടുത്തത്. കോടൈക്കനാലിൽ എത്തിയപ്പോൾ രാത്രി പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു. അവിടെ എത്തിയപ്പോൾ മുതൽ സുഹൃത്തിനെ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു. പക്ഷേ ഫോൺ എടുത്തില്ലായിരുന്നു. ഒരുപക്ഷേ ഉറങ്ങിപോയതാവും എന്നുകരുതി. ഒട്ടും സുരക്ഷിതമല്ലാത്ത കോട്ടേജ് ആണെന്ന് ഞങ്ങൾക്കു തോന്നി. അതുകൊണ്ട് അവിടേക്ക് പോയില്ല. രാവിലെ വരെ വണ്ടിയിൽ തന്നെയിരുന്നു. പിറ്റേന്ന് സുഹൃത്ത് ഫോൺ വിളിച്ചു അപ്പോഴാണ് ശരിക്കും അറിഞ്ഞത് ആ കോട്ടേജ് എടുക്കാതിരുന്നത് നന്നായെന്ന്. ഒട്ടും സുരക്ഷിതമല്ലാത്ത കോട്ടേജ് ആയിരുന്നുവത്. ശരിക്കും ഞങ്ങള്‍ പേടിച്ച യാത്രയായിരുന്നു. ആ യാത്രയിൽ അനുഭവിച്ച ടെൻഷൻ ഇന്നും മറക്കാനാവില്ല.

സ്വപ്നയാത്ര

എന്റെ ഡ്രീം ‌ഡെസ്റ്റിനേഷൻ ഹിമാലയമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിലായാലും ബൈക്കിൽ ഹിമാലയം ട്രിപ് പോയവരുടെ കഥയാണ് വൈറലായിരിക്കുന്നത്. അതുകൊണ്ടല്ല. എനിക്ക് ഹിമാലയം കയറണമെന്ന് വല്ലാത്തൊരു ആഗ്രഹമാണ്. അസ്സറിന്റെ ഒപ്പം ഹിമാലയം യാത്ര അതാണ് എന്റെ നിലവിലുള്ള സ്വപ്നയാത്ര.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA