ADVERTISEMENT

ട്രെക്കിങ് എന്നുകേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്ക് ഓടിയെത്തുന്ന ആദ്യകാഴ്ച്ച തലയുയര്‍ത്തിനില്‍ക്കുന്ന മലനിരകളായിരിക്കും. മനസുനിറച്ച് യാത്ര സ്വപ്‌നം കാണാന്‍ തുടങ്ങുന്നതിനുമുമ്പ് തന്നെ അടുത്ത ചിന്ത കടന്നുവന്നിട്ടുണ്ടാകും, കുട്ടികള്‍. ഏതൊരു യാത്രയും കുടുംബവും കുട്ടികളും ഒരുമിച്ചാകുമ്പോള്‍ രൂപവും ഭാവും സ്വഭാവുമെല്ലാം മാറും.

അപ്പോള്‍ പിന്നെ ട്രെക്കിങ്ങൊക്കെ ആലോചനയില്‍ പോലും കടന്നുവരില്ല. എങ്കില്‍ ഇനി ധൈര്യമായി മക്കളെ ട്രെക്കിങ്ങിനു കൊണ്ടുപോകാം. അതിന് നമ്മുടെ രാജ്യത്തെ മികച്ച അഞ്ച് ട്രെക്കിങ് സ്‌പോട്ടുകള്‍ പരിചയപ്പെടാം. ഇനി പറയുന്ന മലകയറ്റസ്ഥലങ്ങളൊക്കെ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നവയാണ്. എന്നാല്‍ കുട്ടികളെ സംബന്ധിച്ച് അത് ശരിക്കും ആസ്വദിക്കാനാവുമെന്ന് ഉറപ്പ് തരുന്നു. പൊതുവായ ധാരണയ്ക്ക് വിരുദ്ധമായി, ട്രെക്കിങ് എന്നത് കുട്ടികള്‍ക്ക് എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒന്നാണ്. കുട്ടികളില്‍ ട്രെക്കിങ് പോലെയുള്ള യാത്രകള്‍ നടത്തുന്ന ഇടപെടലുകള്‍ അതിശയകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ല.

ദിയോറിയാറ്റല്‍-ചന്ദ്രശില 

ഇത് ആറു ദിവസത്തെ ദൈര്‍ഘ്യമുള്ള ട്രെക്കിങ് ആണെങ്കിലും നിങ്ങളുടെ കുട്ടിയെ കൊണ്ടുപോകേണ്ട ആദ്യത്തെ ട്രെക്കിങ്ങുകളില്‍ ഒന്നാണ് ദിയോറിയാറ്റല്‍-ചന്ദ്രശില ട്രെക്ക്. ഈ ട്രെക്ക് കാണുന്നപോലെ അത്ര ദുഷ്‌കരമല്ല, കുട്ടികളെ സംബന്ധിച്ച് വളരെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാം. അവര്‍ക്ക് പ്രകൃതിയില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ പഠിക്കാനും ഇത് അവസരമൊരുക്കുന്നു.

അനേകം ഇനം പക്ഷികള്‍ നിറഞ്ഞ മനോഹരമായ ഇടതൂര്‍ന്ന വനങ്ങളിലൂടെയുള്ള നടത്തം അതിശയകരമായിരിക്കും. കൂടാതെ, ഈ നടപ്പാത ഏറ്റവും അതിശയകരമായ പുല്‍മേടുകളിലൂടെ സഞ്ചരിച്ച് ചന്ദ്രശില ഉച്ചകോടിയിലേക്ക് നിങ്ങളെ കൊണ്ടുപോകുന്നു, അവിടെ നിന്ന് രാജ്യത്തെ ഏറ്റവും ഉയരമുള്ള പര്‍വതങ്ങള്‍ കാണാന്‍ സാധിക്കുന്നത് കുട്ടികളെപ്പോലെ തന്നെ മുതിര്‍ന്നവര്‍ക്കും അവിസ്മരണീയമായിരിക്കും.

താദിയാണ്ടമോള്‍, കൂര്‍ഗ്

5,740 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന താദിയാണ്ടമോള്‍ കൂര്‍ഗിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയും കര്‍ണാടക സംസ്ഥാനത്തെ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയുമാണ്. എന്നുകരുതി ഇത് പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടുള്ള ട്രെക്കല്ല പ്രത്യേകിച്ച് കുട്ടികള്‍ക്ക്. സമാന്തരമായ നടപ്പാതകളിലൂടെയുള്ള യാത്ര ആയതിനാല്‍ പരമാവധി 3 ദിവസം എങ്കിലും എടുത്ത് ഇത് പൂര്‍ത്തിയാക്കുന്നതാണ് നല്ലത്.

അപ്പോള്‍ ട്രക്കിങ്ങിന്റെ ക്ഷീണം ഉണ്ടാകില്ല. ഷോല വനങ്ങളുടെ പച്ചപ്പിലൂടെ, പുല്‍മേടുകളും അരുവികളും താണ്ടിയുള്ള യാത്ര കുട്ടികള്‍ ശരിക്കും ആസ്വദിക്കും. കൊടുമുടിയുടെ മുകളിലെത്താന്‍ ഏറ്റവും അനുയോജ്യമായ സമയം സൂര്യോദയമാണ്. കാരണം കുട്ടികള്‍ക്ക് അതിശയകരമായ ഒരു പ്രഭാതം ആസ്വദിക്കാനും മനോഹരമായ താഴ്‌വരയിലൂടെ സൂര്യന്റെ ആദ്യത്തെ പ്രകാശം കാണാനും കഴിയും. കാപ്പി, ഏലം തോട്ടങ്ങളുടെ സുഗന്ധപൂരിതമായ കാഴ്ചകളും ഇവിടെനിന്ന് ആസ്വദിക്കാം.

kedarnath-trek-gif

കേദാര്‍കാന്ത, ഉത്തരാഖണ്ഡ് 

മഞ്ഞുകാലത്തിന്റെ തുടക്കത്തില്‍ കേദാര്‍കാന്തയിലേക്ക് യാത്ര തിരിക്കാം. അങ്ങനെയായാല്‍ മഞ്ഞിന്റെ കഠിന തണുപ്പിനെ ഒഴിവാക്കാനുമാകും. അധികം ചൂടില്ലാത്ത കാലാവസ്ഥയില്‍ സഞ്ചരിക്കാനുമാകും. കുട്ടികൾക്ക് ഇത് അനുയോജ്യ ട്രെക്കിങ്ങാണ്. കാരണം ഈ ട്രക്കിങ്ങിനിടെ ധാരാളം ക്യാമ്പ്സൈറ്റുകള്‍ ഉണ്ട്. അവയെല്ലാം തന്നെ സ്‌നോഫീല്‍ഡുകളുമാണ്. ഇത് കുട്ടികള്‍ക്ക് അതിശയകരമായ ക്യാംപിങ് അനുഭവം വാഗ്ദാനം ചെയ്യുന്നു. ക്യാമ്പ് ഫയറിനായി വിറക് ശേഖരിക്കാനും സ്വയം പാചകം ചെയ്യാനുമെല്ലാം ഇവിടെനിന്ന് കുട്ടികള്‍ പഠിക്കും. മാത്രമല്ല, മാറിവരുന്ന കാലാവസ്ഥകളെ പ്രതിരോധിക്കാനും അവര്‍ക്ക് ഈയൊരു യാത്രകൊണ്ട് സാധിക്കും. കേദാര്‍കാന്ത ട്രെക്കിങ് അത്ര ബുദ്ധിമുട്ടേറിയതുമല്ല എന്നതാണ് പലരേയും കുട്ടികളെയും ഒപ്പം കൂട്ടാന്‍ പ്രേരിപ്പിക്കുന്നത്.

ഹര്‍ കി ദുന്‍

ബ്രിട്ടീഷ് പര്‍വതാരോഹകനും അധ്യാപകനുമായിരുന്ന ജാക്ക് ഗിബ്‌സണ്‍ ആണ് ഹര്‍ കി ദുന്‍ ട്രെക്ക് കണ്ടെത്തിയതെന്ന് അധികം ആര്‍ക്കും അറിയാത്തൊരു കാര്യമാണ്. ഈ ട്രക്കിങ്ങിനോട് പ്രണയത്തിലായ അദ്ദേഹം ഫീല്‍ഡ് ട്രിപ്പുകള്‍ക്കായി തന്റെ വിദ്യാര്‍ത്ഥികളെ ട്രെക്കിങ്ങില്‍ കൊണ്ടുപോകുമായിരുന്നുവത്രേ. അങ്ങനെയാണ് ഇത് കിഡ്‌സ് ഫ്രണ്ട്‌ലി ട്രെക്കിങ് ആയി തീര്‍ന്നത്.

ഈ മലകയറ്റം കുട്ടികളില്‍ താല്‍പ്പര്യമുണര്‍ത്താന്‍ ചില കാരണങ്ങളുണ്ട്. മനോഹരമായ മലയോര കുഗ്രാമങ്ങളിലൂടെയും ചുറ്റിത്തിരിയുന്ന സുപിന്‍ നദിയിലൂടെയും കടന്നുപോകുന്ന ഈ പാത ലളിതമായ ഗ്രാമീണ ജീവിതത്തിന്റെ മനോഹാരിത ആസ്വദിക്കാനും ഒപ്പം പ്രകൃതിഭംഗി ആവോളം നുകരാനും കുട്ടികള്‍ക്ക് അവസരം നല്‍കുന്നു. നിങ്ങളുടെ കുട്ടിയുടെ ആദ്യ ട്രെക്കിങ്  മികച്ചതാക്കാന്‍ കഴിയുന്ന ട്രെക്കുകളില്‍ ഒന്നാണ് ഹര്‍ കി ദുന്‍. കുട്ടിയെ സാംസ്‌കാരിക വൈവിധ്യത്തിലേക്ക് പരിചയപ്പെടുത്തുന്നതു മുതല്‍ പ്രകൃതിയുടെ നിരവധി അദ്ഭുതങ്ങളുടെ ഏറ്റവും അടുത്ത കണ്ടുമുട്ടലുകള്‍ വരെ ഈ ട്രക്കിങ് വാഗ്ദാനം ചെയ്യുന്നു. പാണ്ഡവര്‍ സ്വര്‍ഗത്തിലേക്ക് കയറാന്‍ എടുത്ത പാതയാണ് ഹര്‍ കി ദുന്‍ ട്രക്ക് റൂട്ടെന്ന് ഐതിഹ്യത്തിലും പറയുന്നു.

har-ki-dun-trek-gif

ബ്രിഹു ലേക്ക് ട്രെക്ക്

പൂര്‍ണ ഹിമാലയന്‍ ട്രെക്കിങ്ങിന്റെ എല്ലാ അനുഭവവും നിങ്ങളുടെ കുട്ടിക്ക് ലഭിക്കണമെങ്കില്‍, ഭ്രിഹു തടാകത്തിലേക്കുള്ള ട്രെക്കിങ്ങിന് അവരെ കൊണ്ടുപോവുക. വാസ്തവത്തില്‍,തിരക്കേറിയ വിനോദസഞ്ചാര നഗരമായ മനാലിയില്‍ നിന്ന് മാറി പകരം ആ പ്രദേശത്തിന്റെ ശാന്തസുന്ദരമായ പര്‍വ്വതങ്ങളെക്കുറിച്ചുള്ള മികച്ച അനുഭവത്തിനായി ഭ്രിഹു തടാകത്തിലേക്ക് പോകാം.

കുട്ടികള്‍ക്ക് ഈ ട്രെക്കിങില്‍ അനുഭവിക്കാവുന്ന അമൂല്യമായ ചിലത്, മനോഹരമായ പുല്‍മേടുകളില്‍ നഗ്നപാതരായി അലസമായുള്ള നടത്തം, കുതിരകളും മറ്റു മൃഗങ്ങളും മേയുന്ന കാഴ്ച, കുളുവിലെ ആപ്പിള്‍ തോട്ടങ്ങള്‍, ധ്രൈദര്‍ പര്‍വതനിരകള്‍ എന്നിവയയാണ്. ഇവിടെ സൂചിപ്പിച്ച എല്ലാ ട്രെക്കിങ്ങുകളിലേയും അപേക്ഷിച്ച ഏറ്റവും ഉയരത്തിലുള്ളത് ഭ്രിഹു തടാകം ട്രെക്കിങ് ആണ്. ഈ മലകയറ്റം പൂര്‍ത്തിയാക്കുന്നത് നിങ്ങളുടെ കുട്ടികളെ വെല്ലുവിളികള്‍ ഏറ്റെടുക്കാനും അവരുടെ ജീവിതപരിധി ഉയര്‍ത്താനും കഠിനാധ്വാനത്തിന്റെ മനോഭാവം ഉള്‍ക്കൊള്ളാനും പഠിപ്പിക്കും എന്നതില്‍ സംശയം വേണ്ട.

അപ്പോള്‍ ഇനി വേഗം ബാഗൊക്കെ പായ്ക്ക് ചെയ്യുക. ജീവിതത്തില്‍ നേടാനാകുന്ന മികച്ച അനുഭവങ്ങള്‍ക്കായി കുട്ടികളോട് തയാറാകാന്‍ പറയുക. ഒട്ടും മടിക്കാതെ അവരേയും കൂട്ടി ഓരോ ഉയരങ്ങളും കീഴടക്കാന്‍ പുറപ്പെടാം. യാത്രകള്‍ അതേതു തരത്തിലുമുള്ളതാകട്ടെ. കുട്ടികള്‍ അത് ആസ്വദിക്കുന്നത് അവരുടേതായ രീതിയിലാണ്. അവര്‍ അത് ശരിക്കും ആസ്വദിക്കുക തന്നെ ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com