ADVERTISEMENT

തിരക്കേറിയ നഗരകാഴ്ചകള്‍ക്കുമപ്പുറം നാഗാലാൻഡിനെയും മണിപ്പൂരിനേയും കാണാനും അറിയാനും ആസ്വദിക്കാനും നിങ്ങള്‍ക്ക് താല്‍പര്യമുണ്ടോ. പ്രകൃതിയുടെ മടിത്തട്ടിലായി അലസം വിഹരിക്കാന്‍ കൊതിയാവുന്നുണ്ടോ. എങ്കില്‍ നേരെ സോക്കു വാലിയിലേക്ക് പോകാം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഈ താഴ്‌വര ആരെയും അദ്ഭുതപ്പെടുത്തും. അത്രയ്ക്കും മനോഹരിയാണിവിടം.

മണിപ്പൂരിന്റെയും നാഗാലാന്‍ഡിന്റെയും അതിര്‍ത്തികള്‍ക്കിടയില്‍, തിരക്കേറിയ നഗരജീവിതത്തില്‍ നിന്ന് മാറി സ്വസ്ഥതയും ശാന്തിയും ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യുന്ന ഒരു സുന്ദരി ഉണ്ട്, ചിലപ്പോള്‍ വര്‍ണ്ണാഭമായ പുഷ്പങ്ങളുടെ പരവതാനി വിരിച്ചാണെങ്കില്‍ ചിലപ്പോള്‍ മഞ്ഞിന്റെ മൂടുപടമിട്ടായിരിക്കും ഈ താഴ് വരയുടെ നില്‍പ്പ്. പൊതുവെ ഈ സ്ഥലത്തിനെ സോള്‍ലെസ് അഥവാ ആത്മാവില്ലാത്തയിടം എന്നാണ് വിളിക്കുന്നതെങ്കിലും  ഇവിടെയെത്തിയാല്‍ നിങ്ങളുടെ ആത്മാവ് വേറെപോകും. കാരണം സോക്കു വാലിയെന്നത് നിര്‍വചിക്കാനാവാത്ത കാഴ്ചയാണ്. 

dzoku-valley-gif

സോക്കു താഴ്‌വരയ്ക്ക് പലകാലങ്ങളില്‍ പല ഭാവങ്ങളാണ്. വേനല്‍ക്കാലത്ത്, താഴ്‌വര മുഴുവന്‍ നിറമുള്ള പൂക്കളാല്‍ മൂടുന്നു. അല്ലാത്തകാലമെല്ലാം മഞ്ഞുവീണുകിടക്കുന്നതിനാല്‍ ഇവിടെ മറ്റ് വിളകളൊന്നും ഉണ്ടാകില്ല. അതിനാലാണ്  ഈ താഴ്‌വരക്ക് സോക്കു വാലിയെന്ന പേര് ലഭിച്ചത്.

സമുദ്രനിരപ്പില്‍ നിന്ന് 2,452 മീറ്റര്‍ ഉയരത്തിലായി മേഘങ്ങളെ തൊട്ടുതലോടിയാണ് ഈ സുന്ദരിയുടെ നില്‍പ്പ്. വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഈ താഴ്‌വര. കൊഹിമയിലെ ഏറ്റവും പ്രശസ്തമായ സാഹസിക സ്ഥലങ്ങളിലൊന്നായും കണക്കാക്കപ്പെടുന്നു.

ട്രെക്കിങ്പ്രേമികളുടെ പ്രിയ താഴ്‌വര

നിങ്ങള്‍ ട്രെക്കിങ് വളരെയധികം ഇഷ്ടപ്പെടുന്നൊരാളാണെങ്കില്‍ തീര്‍ച്ചയായും സോക്കുവരെയൊന്ന് പോകേണ്ടതാണ്. 4 കിലോമീറ്ററോളം കുത്തനെയുള്ള കയറ്റമാണ് ഇവിടെ. സോക്കുവാലിയിലേക്ക് ട്രെക്കിങ്ങിനായി രണ്ട് വഴി തിരഞ്ഞെടുക്കാവുന്നതാണ്. പോകുമ്പോള്‍ വിശ്വാമഗ്രാമത്തില്‍ നിന്നും ട്രെക്കിങ് തുടങ്ങുക. തിരിച്ചു വരുമ്പോള്‍ സക്കാമ ഗ്രാമം വഴിയും. വിശ്വാമവഴി ദൂരം കൂടുതലാണെങ്കിലും ഇതാണ് മിക്കവരും തെരഞ്ഞെടുക്കുന്നത്. സക്കാമ വഴി പോകുകയാണെങ്കില്‍ കുത്തനെയുള്ള കയറ്റം താണ്ടണം. കോഹിമയില്‍ നിന്നും വിശ്വാമ ഗ്രാമത്തിലേക്ക് ഷെയര്‍ ടാക്‌സികള്‍ ലഭ്യമാണ്.

കോഹിമയില്‍ നിന്നും ഏകദേശം മുക്കാല്‍ മണിക്കൂറെടുക്കും വിശ്വാമഗ്രാമമെത്താന്‍. ഇവിടെ ടെന്റും മറ്റു സാധനങ്ങളും വാടകയ്ക്ക് ലഭിക്കുന്ന കടകളുണ്ട്. വിശ്വാമഗ്രാമത്തില്‍ നിന്നും സോക്കുവിലേക്ക് എട്ടു കിലോമീറ്ററോളം ദൂരം ഉള്ളതിനാല്‍ ഭക്ഷണം കയ്യില്‍ കരുതണം. ഇവിടെ നിന്നാണ് 5 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ട്രെക്കിങ് ആരംഭിക്കുന്നത്. ഒരല്‍പ്പം കഷ്ടപ്പെടണം എന്നേയുള്ളു. പക്ഷേ ആ കഷ്പ്പാടിനൊടുവില്‍ നിങ്ങളെ കാത്തിരിക്കുന്നത് കണ്ടാലും കണ്ടാലും മതിവരാത്ത മായാലോകമാണ്. കോടമഞ്ഞിന്റെ ഇടക്കിടെയുള്ള തഴുകലും പുഞ്ചിരി തൂകിനില്‍ക്കുന്ന പുഷ്പങ്ങളുടെ വര്‍ണാഭവവും  ഇത് സ്വപ്നമാണോ യഥാര്‍ത്ഥ്യമാണോയെന്ന് തിരിച്ചറിയാനാവാത്ത വിധം നിങ്ങളെ ആശയക്കുഴപ്പത്തിലാക്കും.

dzoku-valley3-gif

വേനല്‍ക്കാലത്ത് വിരിഞ്ഞുനില്‍ക്കുന്ന പലനിറത്തിലുള്ള വർണ പുഷ്പങ്ങളാല്‍ പൂക്കളുടെ താഴ്‌വര എന്ന പേരിലും ഇവിടം പ്രസിദ്ധമാണ്. പ്രത്യേകിച്ച് സോക്കു താഴ്വരയില്‍ മാത്രം കാണപ്പെടുന്ന സോക്കു ലില്ലിയുടെ പേരിലും പ്രശ്സ്തമാണിവിടം . മണ്‍സൂണ്‍ കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതമായ സമയം. അക്കാലത്ത് പലവര്‍ണ്ണങ്ങളില്‍ വിരിഞ്ഞുനില്‍ക്കുന്ന പൂക്കളാല്‍ സോക്കു നിങ്ങളുടെ കണ്ണുകളെ കുളിര്‍പ്പിക്കും. നാഗാലാന്‍ഡിന്റെയും മണിപ്പൂരിന്റേയും അതിര്‍ത്തിയായാണ് സോക്കുവിന്റെ കിടപ്പ്.

സോക്കുവിലെ താമസം

ടെന്റടിച്ച് താമസിക്കാന്‍ അല്ലെങ്കില്‍ ക്യാമ്പ് ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കില്‍ സോക്കു സൂപ്പറാണ്. ഇവിടെ ആകെ ഒരു ഗസ്റ്റ് ഹൗസ് മാത്രമേയുള്ളു. എന്നാല്‍ നിരവധി ചെറുക്യാമ്പുകളും ഗുഹകളും നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. പ്രവേശനഫീസ് മാത്രമടച്ച് നിങ്ങള്‍ക്ക് ആവശ്യമുള്ള എവിടെയും ക്യാമ്പ് ചെയ്യാം. പ്രാദേശിക വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ക്യാമ്പിംഗ് സ്ഥലമാണ് ഈ താഴ്‌വര. വളരെ ചെലവുകുറഞ്ഞൊരു യാത്ര കൂടിയാവും സോക്കുവിലേക്ക്. 

ഇനി സോക്കു വാലി സന്ദര്‍ശനത്തിന് മുമ്പോ ശേഷമോ ഒന്നോ രണ്ടോ ദിവസം താമസിക്കാന്‍ തികച്ചും അനുയോജ്യവും മനോഹരവുമായ നഗരമാണ് കൊഹിമ. കൊഹിമയിലും ഉണ്ട് കാണാന്‍ ഏറെ. മലയോര സംസ്ഥാനമായ നാഗാലാൻഡിന്റെ  തലസ്ഥാനമായ കൊഹിമയില്‍ നിരവധി ബസാറുകളും പുരാതന പള്ളികളും രണ്ടാം ലോക മഹായുദ്ധസമയത്ത് ഗാരിസണ്‍ ഹില്ലിനുവേണ്ടിയുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിപ്പിക്കുന്ന ഒരു യുദ്ധ ശ്മശാനവുമൊക്കെ സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കും.

താഴ്‌വര റാണിയെകണ്ട് അമ്പരക്കാന്‍ ഒരുങ്ങിക്കോ. ഇപ്പോള്‍ പോയാല്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന മലമടക്കുകളെ കണ്ട് സായുജ്യമടയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com