ADVERTISEMENT

ഒരു പോക്കു പോയാല്‍ തിരിച്ചു വരുമോ എന്നുറപ്പില്ലാത്ത ഒരുപാടു വഴികളും യാത്രകളുമുണ്ട്‌. അപകടകരങ്ങളായ കൊടും വളവുകളും കൊക്കകളും വന്യമൃഗങ്ങളും നിറഞ്ഞ അത്തരം വഴികളില്‍ ഏതെങ്കിലും ഒന്നിലൂടെ എപ്പോഴെങ്കിലും സഞ്ചരിച്ചിട്ടുണ്ടോ? ഇന്ത്യയില്‍ ഏറ്റവും ഭയാനകമെന്നു യാത്രികര്‍ വിശേഷിപ്പിക്കുന്ന അത്തരം ചില റോഡുകള്‍ പരിചയപ്പെട്ടോളൂ.

 

ഗാട്ട വളവുകള്‍ (Gata Loops)

യാത്രക്കാര്‍ക്കു തലകറക്കം ഉണ്ടാക്കുന്ന വിധം ഹെയര്‍പിന്‍ വളവുകള്‍ കൂടിപ്പിണഞ്ഞു കിടക്കുന്ന വഴിയാണ് ഗാട്ട വളവുകള്‍. പ്രേതബാധയുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ഈ വഴിയില്‍ 21 വളവുകളുണ്ട്‌.  ജമ്മു കശ്മീരില്‍ ലഡാക്ക് ഭാഗത്തായാണ്‌ ഈ റോഡ്‌. 10.3 കിലോമീറ്ററോളം നീണ്ടു കിടക്കുന്ന ഈ വഴിയുടെ ഓരോ ഭാഗത്തിനും 300- 600 മീറ്റര്‍ നീളമുണ്ട്.

 

കൊല്ലി ഹില്‍ റോഡ്‌ (Kolli Hill Road)

70 ഹെയര്‍പിന്‍ വളവുകളാണ് ഇവിടെ യാത്രികരെ കാത്തിരിക്കുന്നത്. തമിഴ്നാട്ടിൽ, നാമക്കലില്‍നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള ഈ പ്രദേശത്ത് എത്തണമെങ്കില്‍ കുറച്ചൊന്നുമല്ല കഷ്ടപ്പാട്. ആകാശഗംഗ വെള്ളച്ചാട്ടവും ശിവക്ഷേത്രവുമാണ് സഞ്ചാരികളെ ഇങ്ങോട്ടേക്കാകര്‍ഷിക്കുന്ന പ്രധാനപ്പെട്ട രണ്ടിടങ്ങള്‍. കൂടാതെ  അറപ്പാലീശ്വരൻ ക്ഷേത്രം, കൊല്ലിപ്പാവൈ അമ്മൻ ക്ഷേത്രം, മുരുകക്ഷേത്രം എന്നിവയുമുണ്ട്.

 

ദേശീയപാത 22 (NH 22)

zoji-la-pass-gif

 

leh-manali-gif

ഇന്ത്യയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ പാതകളിലൊന്നാണ് ദേശീയപാത 22. ഹിന്ദുസ്ഥാന്‍- ടിബറ്റ്‌ റോഡ്‌ എന്നും ഇത് അറിയപ്പെടുന്നു. അംബാലയില്‍നിന്നു തുടങ്ങി ഹരിയാനയിലൂടെയും ഹിമാചല്‍ പ്രദേശിലൂടെയും കടന്നു പോകുന്ന ഈ റോഡിന് 459 കിലോമീറ്റര്‍ ദൂരമുണ്ട്. ടിബറ്റൻ അതിർത്തിയിലെ സായുധ സേനയുടെ പ്രധാന സപ്ലൈ ലൈനാണിത്. ഷിംലയെ റാംപൂറുമായും കിന്നൌറുമായും ബന്ധിപ്പിക്കുന്നതും ഈ റോഡാണ്.

 

സോജി ലാ പാസ് (Zoji La Pass)

 

ദേശീയപാത ഒന്നിലാണ് സോജി ലാ പാസ്. ലേയില്‍നിന്നു ശ്രീനഗര്‍ പോകുന്ന വഴിയാണിത്. മഴക്കാലത്ത് അഴുക്കു നിറഞ്ഞ് ഇടുങ്ങിയ പാതയിലൂടെ യാത്ര ചെയ്യാന്‍ സഞ്ചാരികള്‍ അങ്ങേയറ്റം കഷ്ടപ്പെടും. ഏകദേശം 11,575 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ റോഡിലൂടെ കടന്നു പോകുമ്പോള്‍ മനോഹരമായ കാഴ്ചകള്‍ കാണാമെന്നതാണ് ഒരു മെച്ചം.

 

ലേ മണാലി ഹൈവേ (Leh-Manali Highway)

 

ചെളിയും ചരലും നിറഞ്ഞ റോഡാണ് ലഹോള്‍, സ്പിറ്റി എന്നിങ്ങനെയുള്ള മനോഹര സ്ഥലങ്ങളിലേക്കു പോകുന്ന ലേ മണാലി ഹൈവേയിലുള്ളത്. മൊത്തം 479 കിലോമീറ്റര്‍ നീളമുള്ള ഈ റോഡിലൂടെ ഉരുള്‍പൊട്ടല്‍ ശ്രദ്ധിച്ചു വേണം യാത്ര ചെയ്യാന്‍. ലേ ലഡാക്ക് പ്രശസ്തമായതിനാല്‍ മിക്ക സമയത്തും ഈ വഴിയിൽ തിരക്കുണ്ടാകും. മഞ്ഞുകാലത്ത് അടഞ്ഞു കിടക്കുന്ന ഈ റോഡ്‌ വേനലാകുമ്പോള്‍ വീണ്ടും സഞ്ചരയോഗ്യമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com