ADVERTISEMENT

വിദേശരാജ്യങ്ങളില്‍  അടക്കം പല വിനോദസഞ്ചാരകേന്ദ്രങ്ങളിലൂടെയും സഞ്ചരിച്ചിട്ടുള്ള ലെനയുടെ ഏറ്റവും പുതി യാത്ര കൂര്‍ഗിലേയ്ക്കായിരുന്നു. സാധാരണപോലെ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയായിരുന്നില്ല, മറിച്ച് വളരെ വ്യത്യസ്തമായി കൂര്‍ഗിന്റെ തനത് രുതിഭേദങ്ങള്‍ അന്വേഷിച്ചൊരു ടേസ്റ്റി ട്രിപ്പായിരുന്നു. 

കൂര്‍ഗിലെ സ്ത്രീകള്‍ ധരിക്കുന്ന പരമ്പരാഗത രീതിയിലുള്ള വേഷത്തിലാണ് ഇത്തവണ വീഡിയോയില്‍ ലെന പ്രത്യക്ഷപ്പെട്ടതും. ലെനയുടെ ട്രാവല്‍ വീഡിയോകള്‍ എല്ലാം തന്നെ ഹിറ്റുകളാണ്. കൂര്‍ഗീലൂടെയുള്ള അനുഭവപ്രയാണവും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. 

കേരളത്തില്‍ നിന്നും അത്ര അകലെയല്ലാതെയാണ് കൂര്‍ഗിന്റെ സ്ഥാനം. ശരിക്കും പറഞ്ഞാല്‍ നമ്മുടെ നാടിനോട് പ്രകൃതിപരമായി ഏറെ സാമ്യവും കൂര്‍ഗിനുണ്ട്. മടിക്കേരിയിലെ പ്രശസ്തമായ കൂര്‍ഗ് കുസ്യന്‍ എന്ന റസ്റ്ററന്റിലേയ്ക്കായിരുന്നു ആദ്യം ലെന പോയത്. കൂര്‍ഗിന്റെ തനത് രുചികള്‍ വിളമ്പുന്ന വളരെ പ്രശസ്തമായൊരു ഹോട്ടലാണിത്. കൂര്‍ഗ് ഭഷണരീതികളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പോര്‍ക്ക്. പോര്‍ക്ക് കൊണ്ട് എണ്ണമറ്റ വിഭവങ്ങള്‍ കുടകുകാര്‍ ഉണ്ടാക്കുമെന്നും ലെനയുടെ സാക്ഷ്യം.

കൂര്‍ഗിലേക്ക് യാത്ര ചെയ്യുന്നവര്‍ തീര്‍ച്ചയായും തനത് കൂര്‍ഗ് പോര്‍ക്ക് ഫ്രൈ കഴിക്കണമെന്നും ലെന പറയുന്നു. താന്‍ നല്ലൊരു ഭക്ഷണ പ്രിയയാണെന്നു പറയുന്ന ലെന പോകുന്നയിടത്തെയെല്ലാം തനത് ഭക്ഷണരുചികള്‍ അറിയാനും ശ്രമിക്കാറുണ്ട്.  

ഇന്ത്യയിലെ സ്‌കോട്ട്‌ലന്‍ഡ്

കൂര്‍ഗ് അറിയപ്പെടുന്നത് കുടക് എന്നപേരില്‍ക്കൂടിയാണ്. ഇവിടുത്തെ കാലാവാസ്ഥയുടെ ഗാംഭീര്യം കൊണ്ടാണ് ഈ നാടിനെ ഇന്ത്യയുടെ സ്‌കോട്ട്‌ലന്റ് എന്നുവിളിയ്ക്കുന്നത്. മൈസൂരും വയനാടും കണ്ണൂരും ഒക്കെ ചേര്‍ന്ന് അതിര്‍ത്തി തീര്‍ക്കുന്ന ഇവിടം കാപ്പി കൃഷിക്കും സ്‌നേഹ സമ്പന്നരും ആദ്യത്യ മര്യാദയുള്ളവരുമായ കൊടകന്‍മാര്‍ക്കും പേരുകേട്ട സ്ഥലമാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ കൂര്‍ഗില്‍ എപ്പോഴും കുളിരുള്ളൊരു കാലാവസ്ഥയാണ്.

കൂര്‍ഗ് യാത്രയില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ് മടിക്കേരി കോട്ട. ദക്ഷിണേന്ത്യയില്‍ കേടുപാടുകള്‍ കുടാതെ ഇന്നും നിലനില്‍ക്കുന്ന അപൂര്‍വ്വം കോട്ടകളില്‍ ഒന്നാണത്രേ ഈ കോട്ട. ഈ കോട്ടയ്ക്കു ചുറ്റുമാണ് മടിക്കേരി പട്ടണം. തലക്കാവേരി, ബൈലക്കുപ്പ തുടങ്ങിയ പ്രശസ്തമായിടങ്ങളും കൂര്‍ഗിലെത്തിയാല്‍ കാണാന്‍ മറക്കണ്ട. നല്ല അസ്സല്‍ കാപ്പികുടിക്കണമെങ്കില്‍ കൂര്‍ഗ് കഴിഞ്ഞേ ഇന്ത്യയില്‍ വേറൊരിടമുള്ളു. കേരളത്തില്‍ നിന്നും വളരെ എളുപ്പത്തില്‍ കുടക് എത്തിച്ചേരാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com