ADVERTISEMENT

തന്റെ ഗര്‍ഭകാലം ഇത്രയധികം ആഘോഷമാക്കിയ മറ്റൊരു നടിയുണ്ടാകില്ല. ഗര്‍ഭവതിയായിരുന്നപ്പോള്‍ അണ്ടര്‍ വാട്ടര്‍ ഫോട്ടോ ഷൂട്ട് വരെ നടത്തി ആരാധകരെ ഞെട്ടിച്ച സമീറ റെഡ്ഡി, ദാ ഇപ്പോള്‍ പുതിയ സാഹസികതയുമായിട്ടാണ് രംഗപ്രവേശം ചെയ്തിരിക്കുന്നത്. വെറും രണ്ടരമാസം പ്രായമായ മകള്‍ നൈറയ്‌ക്കൊപ്പം കൊടുമുടി കീഴടക്കിയ സന്തോഷത്തിലാണ്. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നതും. സമീറ യാത്ര നടത്തിയത് കര്‍ണ്ണാടകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മുല്ലയനഗിരിലേക്കായിരുന്നു.

6300 അടി ഉയരമുള്ള കൊടുമുടി, യാത്ര ശ്വാസതടസം മൂലം പകുതി വഴിക്ക് നിര്‍ത്തി വയ്‌ക്കേണ്ടി വന്നെങ്കിലും താന്‍ ശരിക്കും ആസ്വദിച്ചുള്ള യാത്രയായിരുന്നു. ഈ യാത്ര പ്രചോദനമായെന്ന് അറിയിച്ച് ഒരുപാട് അമ്മമാര്‍ തനിക്ക് സന്ദേശം അയച്ചുവെന്നും താരം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ സമീറയുടെ നെഞ്ചില്‍ മൂടിപൊതിഞ്ഞ് കുഞ്ഞു നൈറ കിടക്കുന്നതും കാണാം.

6300 അടി ഉയരത്തിലായി സ്ഥിതിചെയ്യുന്ന ഈ മലനിര സുഖകരമായ കാലാവസ്ഥയുടെ പേരിലാണ് പ്രസിദ്ധമായിരിക്കുന്നത്. ചിക്മംഗളൂരിലെ ബാബ ബുഡാംഗിരി കുന്നുകളുടെ ഭാഗമാണിത്. ഈ കൊടുമുടിയ്ക്ക് അടുത്തുള്ള ഗുഹയില്‍ മുല്ലപ്പയെന്ന സ്വാമി ധ്യാനിച്ചതായും അദ്ദേഹത്തെ ഇവിടെ അടക്കം ചെയ്തതിനാലുമാണ് കൊടുമുടിയ്ക്ക് മുല്ലയനഗരി എന്നപേര് വന്നതെന്നുമാണ് പറയപ്പെടുന്നത്.

ട്രെക്കിങ് പ്രധാന ആകര്‍ഷണം

കര്‍ണാടകയിലെ ഏറ്റവും പ്രശസ്തമായ ട്രെക്കിങ്ങാണ് ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് മുല്ലയനഗിരി. ഒപ്പം ഇവിടുത്തെ പ്രകൃതി ദൃശ്യങ്ങളും അതിമനോഹരമാണ്. ട്രെക്കിങ്ങാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. മുല്ലയനഗിരി ട്രെക്ക് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. പാര്‍ക്കിങ് ഏരിയയില്‍ നിന്ന് മുകളിലേക്ക് 300 പടികള്‍ കയറണം. പിന്നെയാണ് ട്രക്കിങ് ആരംഭിക്കുന്നത്. ഒരല്‍പ്പം ബുദ്ധിമുട്ട് അനുഭവപ്പെടുമെങ്കിലും മുകളിലെത്തിയാല്‍ നിങ്ങള്‍ക്ക് പശ്ചാത്തലത്തില്‍ നിരവധി പച്ചപുതച്ച കുന്നുകള്‍ കാണാന്‍ കഴിയും, ഒപ്പം ശുദ്ധമായ വായു ശ്വസിച്ച് വിശ്രമിക്കാം.

കര്‍ണാടകയില്‍ നിന്നും മറ്റു അയല്‍സംസ്ഥാനങ്ങളില്‍ നിന്നുമെല്ലാം നിരവധിപ്പേരാണ് ഇവിടെയെത്തുന്നത്. ട്രെക്കിങ് കൂടാതെ റോഡ് ബൈക്കിങ്, മൗണ്ടന്‍ ബൈക്കിങ് തുടങ്ങി ആവേശകരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ വിനോദസഞ്ചാരികള്‍ക്കായി ഇവിടെ സംഘടിപ്പിക്കപ്പെടുന്നു.

സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് മുല്ലയനഗിരി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ഈ കാലഘട്ടങ്ങളില്‍ ചൂടുകുറഞ്ഞിരിക്കുമെന്ന മാത്രമല്ല എപ്പോഴും തണുപ്പിന്റെ ഒരു തലോടല്‍ നിങ്ങള്‍ക്ക് അനുഭവിക്കാനാകും. എപ്പോഴും മൂടല്‍മഞ്ഞിന്റെ ആവരണത്തിന്‍കീഴിലാണ് ഈ മലനിരകള്‍ ശയിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com