കോത്തഗിരി, ഊട്ടി തോൽക്കുന്ന തണുപ്പാണ് ഇവിടെ

rangaswami-piller
SHARE

അവധിയായൽ  കുടുംബവുമൊത്തുള്ള യാത്രയ്ക്കായി ഭൂരിഭാഗം ആളുകളും തെരഞ്ഞെടുക്കുന്ന സ്ഥലമാണ് ഉൗട്ടി. ചൂടുനിറഞ്ഞ കാലാവസ്ഥയിൽ നിന്നും തണുപ്പിന്റെ പുതപ്പണിഞ്ഞ പ്രദേശത്തിലേക്കുള്ള യാത്രയാണ് മിക്കവർക്കും പ്രിയം. നീലഗിരി മലനിരയുടെ ഹൃദയ ഭാഗത്ത് തണുപ്പിന്റെ കാര്യത്തിൽ ഊട്ടിയെ തോൽപ്പിക്കുന്ന ഒരിടമുണ്ട് കോത്തഗിരി. അതിഗംഭീരമൊരു വെള്ളച്ചാട്ടവും മനസ്സിൽ കുളിരു കോരിയിടുന്ന വ്യൂ പോയിന്റും മിനുക്കിയൊതുക്കിയ തേയിലത്തോട്ടങ്ങളുമാണ് കോത്തഗിരിയിലെ കാഴ്ചകൾ. 

യാത്രയിലുടനീളം കോത്തഗിരിയിലെ പച്ചപ്പിന്റെ കാഴ്ച ആരെയും മോഹിപ്പിക്കും. ചെറിയ കടകളും തോളുരുമ്മി നടക്കുന്ന ആളുകളെയുമൊക്ക കാണുമ്പോൾ‌ മൂന്നാറിന്റെ അതേ ഛായ തോന്നും കോത്തഗിരിക്ക്. കോത്തഗിരിയുടെ പ്രകൃതി ഭംഗി ഊട്ടിയിലേതിൽ നിന്നു വ്യത്യസ്തമാണ്. അടുക്കും ചിട്ടയുമുള്ള തേയിലത്തോട്ടങ്ങൾ. വിശാലമായ തോട്ടങ്ങൾ കളമിട്ടു വരച്ച ചിത്രം പോലെ ആകാശച്ചെരിവു വരെ പരന്നു കിടക്കുന്നു. അതിനു നടുവിൽ ചുവപ്പും നീലയും ചായം പൂശിയ വീടുകൾ, ബംഗ്ലാവുകൾ... കിഴക്കു ഭാഗത്ത് ‘രംഗസ്വാമിമല’ തെളിയുന്നതോടെ സീനറിയാകെ മാറുന്നു. ഹോളിവുഡ് സിനിമകളിലെ അദ്ഭുത ലോകത്തു പ്രത്യക്ഷപ്പെടാറുള്ള പർവതങ്ങളുടെ രൂപമാണ് രംഗസ്വാമി മലയ്ക്ക്.

kothagiri

ഊട്ടി മനോഹരിയെങ്കിൽ കോത്തഗിരി അതിമനോഹരിയാണ്. അടുത്തടുത്താണ് വാസമെങ്കിലും കോത്തഗിരിക്ക് വിളിപ്പേര് ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നാണ്. വശ്യതയാർന്ന പ്രകൃതിയും സുന്ദരമായ കാഴ്ചകളും കുളിരുപകരുന്ന കാലാവസ്ഥയും കോത്തഗിരിയെ  സഞ്ചാരികളുടെ പ്രിയയിടമാക്കിമാറ്റുന്നു. കാണാനേറെ കാഴ്ചകളുണ്ട് കോത്തഗിരിയിൽ.കോത്തഗിരിയിലെ പ്രധാന ആകർഷണം ഡോൾഫിൻ നോസ് എന്ന മലഞ്ചെരിവാണ്. കാതറിൻ വെള്ളച്ചാട്ടത്തിന്റഎ കാഴ്ചയും കാഴ്ചയിൽ മിഴിവേകും.

നീലഗിരി മലനിരകളുടെ അതിർത്തിയിലുള്ള മലയാണു കോത്തഗിരി. മേട്ടുപ്പാളയത്തു നിന്ന് 31 കി.മീറ്റർ ദൂരമുണ്ട്. താമസത്തിനായി നിരവധി കോട്ടേജുകളും ലഭ്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA