sections
MORE

ഷിംലയിൽ നിന്ന് 7 മണിക്കൂർ, ഇന്ത്യയിലെ ഏറ്റവും സുന്ദരമായ ഗ്രാമത്തിലേക്ക്

Chitkul1
SHARE

നമ്മുടെ രാജ്യത്തെ സുന്ദര ഗ്രാമത്തിലേക്ക് ആകട്ടെ നിങ്ങളുടെ അടുത്ത യാത്ര. മറ്റ് വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ അത്ര പ്രശസ്തമല്ലെങ്കിലും ചിത്കുല്‍ എന്നത് ശരിക്കുമൊരു വികാരമാണെന്നാണ് അവിടെ പോയിട്ടുള്ളവരെല്ലാം പറയുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 3450 മീറ്റര്‍ ഉയരത്തിലുള്ള ചിത്കുല്‍ ഇന്ത്യ-ചൈന അതിര്‍ത്തിയിലായാണ് സ്ഥിതി ചെയ്യുന്നത്. ബസ്പയെന്ന മനോഹരമായ പുഴയുടെ തഴുകലേറ്റ് പ്രകൃതിയുടെ മകളായിനിലകൊള്ളുന്ന ചിത്കുലിന്റെ വിശേഷങ്ങളിലേക്ക് 

പൈന്‍കാടുകളുടെ മൃദുലതയിലും എപ്പോഴും ചുറ്റിയടിക്കുന്ന കുളിരുള്ള കാറ്റുമൊക്കെയായി ഒരിക്കലും നിങ്ങള്‍ക്ക് ഇവിടെ നിന്നും മടങ്ങിപ്പോകണമെന്നുപോലും തോന്നാത്തവിധമാണ് ചിത്കുല്‍ എന്ന ഗ്രാമം. ഹിമാചല്‍ പ്രദേശിലെ കിന്നോര്‍ ജില്ലയില്‍ ഇന്ത്യയിലെ സുന്ദര ഗ്രാമമായ ചിത്കുൽ സ്ഥിതി ചെയ്യുന്നത്. രണ്ടു മലനിരകള്‍ക്കിടക്കു ബാസ്പ നദിയുടെ കരയിലായാണ് ക ഈ മനോഹര ഗ്രാമം.  പഴയ പ്രൗഢി ഒന്നും ഇപ്പോള്‍ പക്ഷേ ഈ നാടിന് അവകാശപ്പെടാനില്ല. എണ്ണൂറോളം മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. 

ചിത്കുലിന്റെ ചില വിശേഷണങ്ങള്‍

പുരാതന ഐതിഹ്യങ്ങളില്‍ ചിത്കുലിലെ നിവാസികളെ കിന്നരാസ് എന്നാണ് വിളിച്ചിരുന്നത്. ഇതിനര്‍ത്ഥം ദൈവങ്ങളും മനുഷ്യരും തമ്മിലുള്ള പാതിവഴിയെന്നാണ്. ഇവിടുത്തെ മനുഷ്യര്‍ വളരെ സത്യസന്ധരാണ്, ശാന്തരും. വികസനം അത്രമേലൊന്നും ഈ നാട്ടിലേക്ക് കടന്നു ചെന്നിട്ടില്ല. ബി.എസ്.എൻ.എൽ  ടവര്‍ മാത്രമാണ് വികസനത്തിന്റേതായ ആകെയുള്ള അടയാളം. ആകെ 600 താഴെമാത്രം ജനസംഖ്യുള്ള ഈ നാട്ടിലെ മനുഷ്യര്‍ താമസിക്കുന്നത് മരവും ഓടും കൊണ്ടുനിര്‍മ്മിച്ച വീടുകളിലാണ്. ടിന്‍ ഷീറ്റ് കൊണ്ടുള്ള മേല്‍ക്കൂരയുള്ള പുതിയ നിര്‍മ്മിതികളും ചിലയിടങ്ങളില്‍ കാണാം. 

Chitkul

കിന്നര്‍ കൈലാസ പരിക്രമം അവസാനിക്കുന്നതും ഇവിടെയാണ്.  ചിത്കുലിനപ്പുറത്തേക്കുള്ള റോഡ് ടിബറ്റ് അതിര്‍ത്തിയായ ഡുംതിയിലേക്കു  പോകുന്നു.

ലോകത്തിലെ ഏറ്റവും മികച്ച ജൈവ ഉരുളക്കിഴങ്ങ് ചിത്കുലിലാണ് ഉത്പ്പാദിപ്പിക്കുന്നത്.  ഇത് ലോകത്തിലെ ഏറ്റവും മികച്ചതും വളരെ ചെലവേറിയതുമാണ്.മതിദേവിയുടെ പ്രധാന ക്ഷേത്രമാണ് ഗ്രാമത്തിലെ മറ്റൊരു ആകര്‍ഷണം. ഇതിന് ഏകദേശം 500 വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് പറയുന്നത്. 

ലാംഖാഗ പാസ് ട്രെക്ക്, ബോറാസു പാസ് ട്രെക്ക്, കിന്നൗര്‍ കൈലാഷ് ട്രെക്ക് തുടങ്ങി നിരവധി ജനപ്രിയ ട്രെക്കിംഗുകളുടെ ആരംഭവും അവസാന സ്ഥാനവുമാണ് ചിത്കുല്‍ ഗ്രാമം. മറ്റേതൊരു ഹിമാലയന്‍ ഗ്രാമങ്ങളില്‍ നിന്നും ചിത്കുലിനെ വ്യത്യസ്തമാക്കുന്ന ഒരുപാട് ഘടകങ്ങള്‍ വേറെയുമുണ്ട്. ശരിക്കും ഒരു പോസ്റ്റ് കാര്‍ഡ് പിക്ച്ചര്‍പോലെയാണ് ആ നാട്. അവിടെയെത്തിയാല്‍ ഏതെങ്കിലും ചിത്രത്തില്‍ നിന്നും ഇറങ്ങിവന്നതാണെന്ന് തോന്നിപ്പോകും അത്രയ്ക്കും മനോഹരമാണാഗ്രാമം.  ഷിംലയില്‍ നിന്ന് എകദേശം 7.5 മണിക്കൂര്‍ യാത്ര ചെയ്താല്‍ ചിത്കുല്‍ ഗ്രാമത്തിലെത്താം. ശുദ്ധമായ വായുശ്വസിച്ച് ശാന്തമായൊരു അന്തരീക്ഷത്തിലൂടെ സഞ്ചരിക്കാന്‍ ആരും കൊതിക്കും. അങ്ങനെ മനസ്സുനിറയ്ക്കാന്‍ തയാറാണോ എങ്കില്‍ പോട്ടെ വണ്ടി ചിത്കുലിലേക്ക്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA