sections
MORE

ഇന്ത്യയുടെ ഏഴുസഹോദരികളെ കാണാം; യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍

arunachal-pradesh
SHARE

രാജ്യത്തെ ഏറ്റവും മനോഹരമായ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന, എന്നാല്‍ അധികമാരും യാത്ര ചെയ്യാത്ത ഭാഗമാണ് നോര്‍ത്ത് ഈസ്റ്റ് അഥവാ വടക്കുകിഴക്കേ ഇന്ത്യ. ഭൂട്ടാന്‍, ചൈന, ബര്‍മ എന്നിവയ്ക്കടുത്ത്, ബംഗ്ലാദേശിന്റെ കിഴക്കാണ് സെവന്‍ സിസ്‌റ്റേഴ്‌സ് ലാന്‍ഡ് എന്നറിയപ്പെടുന്ന ഈ അതിഗംഭീര ഭൂഭാഗം.  അരുണാചല്‍ പ്രദേശ്, അസം, മണിപ്പുര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, ത്രിപുര എന്നിവയാണ് ഈ ഏഴ് സംസ്ഥാനങ്ങള്‍. മനോഹരമായ ഭൂപ്രകൃതിയും സാംസ്‌കാരിക പാരമ്പര്യവും ജനങ്ങളുടെ ഊഷ്മളമായ പെരുമാറ്റവുമൊക്കെയാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. രാജ്യത്തെ മറ്റു ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ നിന്നു തീർത്തും വ്യത്യസ്തമായ അന്തരീക്ഷമാണ് ഇവിടെ. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നോര്‍ത്ത് ഈസ്റ്റ് സന്ദർശനം അനായാസമാക്കാം.

ഭാഷയും സാംസ്‌കാരിക വ്യത്യാസങ്ങളും

ഭാഷ തന്നെയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം. ഇവിടുത്തെ ഭൂരിഭാഗം ആളുകളും ഹിന്ദി സംസാരിക്കുന്നില്ല. ടിബറ്റനോ ബര്‍മീസോ അറിയാമെങ്കില്‍ നിങ്ങൾക്കതു ഗുണം ചെയ്യും. ഗോത്രസമൂഹങ്ങളാണ് ഇവിടെ കൂടുതലും. ഓരോ ഗോത്രവും സ്വന്തം ഭാഷ കൈകാര്യം ചെയ്യുന്നു. കൊറിയന്‍ ഭാഷയും ഇവിടെ കേള്‍ക്കാം. അരുണാചലിന്റെ കേന്ദ്രബിന്ദുവായ തവാങ്, നൂറു ശതമാനം ടിബറ്റന്‍ സംസ്‌കാരം പിന്‍തുടരുന്നു. മറ്റു മോഖലകളില്‍ ഹിന്ദിയെ ആശ്രയിക്കാം. 

ടിബറ്റന്‍ സംസ്‌കാരവും ഭക്ഷണവും

നോര്‍ത്ത് ഈസ്റ്റിൽ ടിബറ്റന്‍ സംസ്‌കാരത്തിന്റെ സ്വാധീനം ശക്തമായതിനാൽ മിക്ക ടൂര്‍ പാക്കേജുകളും അതില്‍ കേന്ദ്രീകരിച്ചാണ്. തവാങ്, ബോംഡില തുടങ്ങിയ സ്ഥലങ്ങള്‍ ടിബറ്റന്‍ ബുദ്ധമതം മനസ്സിലാക്കുന്നതിനും അനുഭവിക്കുന്നതിനും അനുയോജ്യമാണ്. ടിബറ്റിന്റെ തനത് രുചികളായ തുക്പ, മോമോസ് പോലുള്ള അദ്ഭുതകരമായ ഭക്ഷണവും ഇവിടെ രുചിക്കാം.

manipur

വസ്ത്രധാരണത്തിലെ വ്യത്യാസങ്ങള്‍

അസമിലും മറ്റും സ്ത്രീകള്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെപ്പോലെ സാരിയുടുത്തവരായിരിക്കും. എന്നാല്‍ മറ്റു പ്രദേശങ്ങളില്‍ അതാത് ഗോത്രവര്‍ഗ വസ്ത്രമാണ് ആളുകൾ ധരിക്കുക. ടിബറ്റന്‍ പ്രദേശങ്ങളില്‍ സ്ത്രീകള്‍ കൈകൊണ്ട് നെയ്ത റാപ്‌റൗണ്ട് പാവാടകള്‍ ധരിക്കുന്നു. ലെതര്‍ ജാക്കറ്റുകള്‍, സ്‌കിന്നി ജീന്‍സ് എന്നിവ പോലുള്ള ആധുനിക വസ്ത്രങ്ങള്‍ ധരിക്കുന്ന ചെറുപ്പക്കാരെയും കാണാം. പല പുരുഷന്മാര്‍ക്കും ‘കൊറിയന്‍’ രീതിയിലെ ഹെയര്‍സ്‌റ്റൈലുകളുണ്ട്. 

പെര്‍മിറ്റുകള്‍

സുരക്ഷാ കാരണങ്ങളാൽ അരുണാചല്‍ പ്രദേശില്‍ ചില സ്ഥലങ്ങളിലേക്കുള്ള പ്രവേശനം പെര്‍മിറ്റ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. ഇതിന് വിദേശികള്‍ക്ക് കുറച്ചധികം നടപടിക്രമങ്ങളുണ്ട്. ഇന്ത്യക്കാര്‍ക്ക് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ലഭിക്കും. യാത്ര ചെയ്യാവുന്ന കഴിയുന്ന അംഗീകൃത റൂട്ടുകളുണ്ട്. അതിര്‍ത്തിക്കടുത്തുള്ള നാഗാ സോണുകൾ ടൂറിസ്റ്റുകള്‍ അടക്കമുള്ളവര്‍ക്ക് വിലക്കിയിട്ടുണ്ട്. 

ഗോത്രവര്‍ഗ ഭവനങ്ങളിലേക്കുള്ള ക്ഷണം

നോര്‍ത്ത് ഈസ്റ്റ് നിവാസികള്‍ ഇന്ത്യയിലെതന്നെ ഏറ്റവും നല്ല ആളുകളാണെന്നാണ് പറയപ്പെടുന്നത്. മുൻപ് പുറംലോകത്തിന്റെ കണ്‍വെട്ടത്തു വരാന്‍ പോലും കൂട്ടാക്കാതിരുന്ന ആദിവാസിജനസമൂഹം ഇന്ന് ടൂറിസ്റ്റുകള്‍ക്ക് ഒപ്പം നിന്ന് ഫോട്ടോയെടുക്കാനൊക്കെ അവസരം നല്‍കുന്നുണ്ട്. അവരുടെ മട്ടിലുള്ള വീടുകളില്‍ താമസിക്കണമെന്ന് ആഗ്രഹമുള്ളവര്‍ ആദിവാസികുടുംബങ്ങളുമായി പരിചയമുള്ള ഒരു ഗൈഡുമായി പോകുന്നതാണ് നല്ലത്, അതുവഴി അവരുടെ സംസ്‌കാരവും ജീവിതരീതിയും അടുത്തറിയാം.

ഹോട്ടലുകളുടെ അഭാവം

വടക്കുകിഴക്കേ ഇന്ത്യയിലെ ഏറ്റവും വലിയ വെല്ലുവിളി നല്ല ഹോട്ടലുകളുടെ ദൗർലഭ്യമാണ്. ഹോട്ടലുകള്‍ ഉണ്ടെങ്കിലും ടൂറിസം മേഖല വളരുന്നതേയുള്ളൂ എന്നതിനാല്‍ ലക്ഷ്വറി ഹോട്ടലുകള്‍ കുറവാണെന്നു മാത്രം. മിക്ക സ്ഥലത്തും ഹോം സ്‌റ്റേ പോലെയുള്ള സൗകര്യങ്ങളാണ് ഉള്ളത്. രാത്രിയിലെ തണുപ്പില്‍നിന്നു രക്ഷ നേടാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വയം എടുക്കേണ്ടിവരും. നോര്‍ത്ത് ഈസ്റ്റിലേക്കു യാത്ര തിരിക്കുംമുമ്പ് അനുയോജ്യമായ ഹോട്ടല്‍ ബുക്ക് ചെയ്ത് പോകുന്നതാകും ഉചിതം.

'നോര്‍ത്ത് ഈസ്റ്റ്'  ഇന്ത്യയുടെ രത്‌നം തന്നെയാണ്. ആളുകള്‍ അത് അനുഭവിക്കുന്നത് കുറവാണ് എന്നുമാത്രം. ഒരർഥത്തില്‍ അതു നല്ലതാണ്. കാരണം ആ നാടിന്റെ തനതു സംസ്‌കാരത്തെയും പ്രകൃതിയെയും സഞ്ചാരികളുടെ കുത്തൊഴുക്ക് ബാധിക്കില്ലല്ലോ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA