ADVERTISEMENT

കരിങ്കൽ ശിൽപങ്ങളും പുണ്യപുരാതനമായ ക്ഷേത്ര സമുച്ചയങ്ങളും മനോഹരമായ കടൽത്തീരവും കഥ പറയുന്ന കലാനഗരമാണ് മഹാബലിപുരം. കല്ലിൽ കൊത്തിയെടുത്ത, ശിൽപചാതുര്യത്തിന്റെ അതിശയിപ്പിക്കുന്ന  പട്ടണം കൂടിയാണിവിടം. നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുവിദ്യയുടെ ശാലീനതയും തേടി നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തിച്ചേരുന്നത്. തമിഴ്നാട്ടിലെ വളരെ പഴക്കമേറിയ ഒരു തുറമുഖ നഗരമാണ് കാഞ്ചിപുരം. അതായത്, പഴയ മഹാബലിപുരം. സമുദ്രനിരപ്പിൽ നിന്നു 12 മീറ്ററിലേറെ ഉയർന്ന തീര നഗരം എന്ന പ്രത്യേകതകൂടിയുണ്ട് ഇതിന്.

മാമല്ലപുരം എന്നും അറിയപ്പെടുന്ന ഇവിടം പല്ലവ രാജാവായിരുന്ന മാമല്ലന്റെ പേരിലാണ് സ്മരിക്കപ്പെടുന്നത്. ആദികാല ദ്രാവിഡ തച്ചുശാസ്ത്രത്തിന്റെ സ്പർശവുമായി പല്ലവ കലയിൽ വിരിഞ്ഞ ദൃശ്യവിസ്മയങ്ങളാണ് ഇവിടെയെങ്ങും കാണാനാകുക. ഏഴാം നൂറ്റാണ്ടു മുതൽ ഒമ്പതാം നൂറ്റാണ്ടുവരെയുള്ള കാലയളവിൽ നിർമിക്കപ്പെട്ടതാണ് ഈ നഗരവും അതിന്റെ കൽ കാഴ്ചകളും എന്ന് കണക്കാക്കപ്പെടുന്നു. യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളിലും ഇടം പിടിച്ചിട്ടുമുണ്ട് മഹാബലിപുരം. മാത്രമല്ല, ദേശീയ പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങൾ കൂടിയാണ് ഇവ. ചെന്നൈ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ ദൂരത്തിലാണ് മാമല്ലപുരം അഥവാ മഹാബലിപുരം.

മഹാബലിപുരത്തെ അറിയാം

തിരുക്കടൽ മല്ലൈ

ശിൽപനഗരിയിൽ കടന്നാൽ ആദ്യം കാണാനുള്ള കാഴ്ച തിരുക്കടൽ മല്ലൈ എന്നറിയപ്പെടുന്ന ക്ഷേത്രമാണ്. ശിൽപങ്ങൾ കടൽകാറ്റേറ്റും കൊടും വെയിലിലും നശിച്ചുപോകാതിരിക്കാൻ രാജാക്കൻമാർ നിർമിച്ച  തിരുക്കടൽ മല്ലൈ ഒരു ശിവ ക്ഷേത്രമാണ്.

വെണ്ണക്കൽ

ഉണ്ണിക്കണ്ണന്റെ കൈയിൽ ഉയർന്നു നിൽക്കുന്നതു പോലെ തോന്നുന്ന, ഇപ്പോൾ താഴേയ്ക്ക് ഉരുണ്ടു നീങ്ങുമോ എന്ന് ഭയപ്പെടുത്തി നിൽക്കുന്ന കൂറ്റൻ പാറക്കല്ലാണ് ഇവിടെ മറ്റൊരു കാഴ്ച. പാറയുടെ ചുവട്ടിൽ തണൽ തേടി നിൽക്കുന്നവരും തള്ളി നീക്കുകയും താങ്ങി നിർത്തുകയുമാണെന്നും ഒക്കെ തോന്നിപ്പിക്കും വിധമുള്ള ചിത്രങ്ങൾ പകർത്തുന്നവരെയും കാണാം.

പഞ്ചരഥങ്ങൾ

പാണ്ഡവ സംഘത്തിനും പാഞ്ചാലിക്കുമായി ഒരുക്കിയ രഥങ്ങളാണ് ഇവിടെ കാഴ്ചയാകുന്നത്. യുധിഷ്ഠിരനായി ഒരു വലിയ രഥവും പാഞ്ചാലിക്കായി ഒരു ചെറിയ രഥവും നകുലനും സഹദേവനുമായി ഒരു രഥവും ഒരുക്കിയിട്ടുണ്ട്. കാവൽ നിൽക്കുന്ന നന്ദികേശനേയും മൃഗരാജാവിനെയും കൂടി ശിൽപമാക്കിയിട്ടുണ്ട് ഇവിടെ.

ഗണേശമണ്ഡപം

മഹാബലി പുരം സന്ദർശിക്കുന്നവർക്കുള്ള അത്ഭുത കാഴ്ചകളിലൊന്നാണ് ഗണേശ മണ്ഡപം എന്നു പറയാം. ഒറ്റക്കല്ലിൽ കൊത്തിയ ഭീമൻ ഗജകേസരിയും കുട്ടിക്കൊമ്പൻമാരും കുറെ ചെറു ശിൽപങ്ങളുമാണ് ഇവിടെ കാഴ്ചയാകുന്നത്. മഹാബലിപുരത്തുകാരുടെ സാധാരണ ജീവിതം മുഴുവൻ ഈ കല്ലുകളിൽ കോറിയിട്ടിരിക്കുകയാണെന്നാണ് ഗവേഷകർ ഈ ചെറുശിൽപകാഴ്ചകളെ വിശദീകരിക്കുന്നത്.

മഹിഷാസുര മർദിനി ഗുഹാക്ഷേത്രം

ഒറ്റപ്പാറ തുരന്നും കൊത്തിയുമെല്ലാം ഒരുക്കിയ മഹിഷാസുര മർദിനി ഗുഹാ ക്ഷേത്രവും അതിനു മുകളിൽ ഒരുക്കിയ ചെറു ക്ഷേത്രരൂപവും മികച്ച കാഴ്ചയാകുന്നു ഇവിടെ. ഇതിനകത്തെ ഭിത്തികളിൽ കൊത്തിയിട്ടുള്ള അനന്ത ശയനവും മഹിഷാസുര വധവും ബുദ്ധനും എല്ലാം ഏവരുടെയും ശ്രദ്ധേയാകർഷിക്കും. 

തീരക്കാഴ്ചകൾ

MahabalipuramTravel2-gif

‘ഷോർ ടെമ്പിൾ’ എന്നറിയപ്പെടുന്ന ക്ഷേത്രത്തിലേക്കും സഞ്ചാരികൾ എത്തിച്ചേരുന്നുണ്ട്. പേരുപോലെ തന്നെ കടൽതീരത്തേക്കു മുഖം തിരിച്ചു നിൽക്കുന്ന ഒരു വിസ്മയമാണ് ‘ഷോർ ടെമ്പിൾ. ഉദിച്ചുയരുന്ന സൂര്യന്റെ ആദ്യകിരണങ്ങൾ മുഖദാവിൽ ഏറ്റുവാങ്ങുന്ന വിധം പണി കഴിപ്പിച്ച ക്ഷേത്രത്തിന്റെ വാസ്തുവൈവിധ്യം പുതിയകാല ആർകിടെക്ടിനെ പോലും അമ്പരിപ്പിക്കുന്നതാണ്. കുടുംബങ്ങളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ് ‘മഹാബലിപുരം ബീച്ച്’.ക്ഷേത്ര കവാടത്തിനരികിലുള്ള മറ്റൊരു ചെറിയ വഴിയിലൂടെ നടന്നിട്ടുവേണം ഇവിടെയെത്താൻ. വഴിയുടെ വശങ്ങൾ സഞ്ചാരികളെ ലക്ഷ്യം വച്ചുള്ള ധാരാളം കടകളുണ്ട്. കുട്ടികളെ ആകർഷിക്കാനുള്ള കളികളും കുതിര സവാരിയുമെല്ലാം തീരത്തിനു നിറം കൂട്ടുന്നു.

എങ്ങനെ എത്താം

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 56 കിലോമീറ്റർ ദൂരമാണ് മഹാബലിപുരത്തേക്കുള്ളത്. ചെന്നൈ എയൽപോർട്ടിൽ നിന്നും 52 കിലോമീറ്ററും. ബസിലോ, കാറിലോ മഹാബലിപുരത്തേക്ക് പോകുന്നതാണ് ഉത്തമം. സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും എയൽപോർട്ടിൽ നിന്നും മഹാബലിപുരത്തേക്ക് പൊതു, സ്വകാര്യ ബസുകൾ നിരവധിയുണ്ട്. രണ്ടു സ്ഥലങ്ങളിൽ നിന്നും 2 മണിക്കൂറിൽ കുറഞ്ഞ സമയത്തിൽ മഹാബലിപുരമെത്താം. ചെന്നൈയിൽ നിന്നും അഡയാർ, പാലവാക്കം, കോവളം, നെമ്മെലി വഴി മഹാബലി പുരമെത്താം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com