sections
MORE

കാലത്തിന്റെ പരീക്ഷണത്തെ അതിജീവിച്ച ഇന്ത്യയിലെ 5 മാർക്കറ്റുകൾ

Anjuna-Flea-Market
SHARE

യാത്ര എത് തരത്തിലുള്ളതുമാകട്ടെ പക്ഷേ ഒരു യാത്രയിലും ഒഴിവാക്കാത്ത ഏതൊരു യാത്രികനും പാലിച്ചു പോരുന്ന ഒരു അലിഖിത നിയമമുണ്ട്, അതെന്താണെന്ന് അറിയുമോ വേറൊന്നുമല്ല,  ഷോപ്പിങ്. വെറുതെ അതുമിതും വാങ്ങിക്കൂട്ടുന്നവർ മുതൽ ആ നാടിന്റെ തനത് ഉത്പന്നങ്ങളെ തങ്ങളുടെ യാത്രയുടെ ഓർമപ്പെടുത്തലായി ഒപ്പം കൂട്ടുന്ന സഞ്ചാരികളുമുണ്ട്.

എല്ലാത്തിനുമുപരി, ഒരു നഗരത്തിന്റെ, നാടിന്റെ സംസ്കാരത്തിന്റെ യഥാർത്ഥ ബോധം നേടാനുള്ള മികച്ചൊരു  മാർഗം കൂടിയാണ് ഷോപ്പിങ്. പക്ഷേ ഇവിടെ സാധാരണ ആധുനിക നഗര വിപണികളെക്കുറിച്ചല്ല സംസാരിക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന കാലത്തെ അതിജീവിച്ച പഴയ ഇന്ത്യൻ ബസാറുകളെക്കുറിച്ചാണ്. ഒരു കാലത്ത് നാടിന്റെ നെടുംതൂണുകളായി വർത്തിക്കുകയും കാലത്തിന്റെ കുത്തൊഴുക്കിൽപ്പെടാതെ ഇന്നും ആ പഴയ പ്രതാപം ഒട്ടും ചോരാതെ നിൽക്കുന്ന ഇന്ത്യയിലെ 5 പുരാതന മാർക്കറ്റുകളെ പരിചയപ്പെടാം.

ജൂത തെരുവ് കൊച്ചി

നമ്മുടെ നാട്ടിൽ നിന്ന് തന്നെ തുടങ്ങാം. കേരളത്തിലെ എന്നതിനേക്കാൾ കൊച്ചിയിലെ ജൂതതെരുവ്  ലോകപ്രസിദ്ധിയാർജ്ജിച്ച ഒന്നാണ്. മട്ടാഞ്ചേരിയിൽ സിനോഗാഗിന് സമീപത്തുള്ള തെരുവ് അറിയപ്പെടുന്നത് ജൂതത്തെരുവ് എന്നാണ്. ഈ ജൂത തെരുവിലൂടെ നടന്നാൽ സിനഗോഗിൽ എത്തിച്ചേരാം. പൂരാതന വസ്തുക്കളും കരകൗശല വസ്തുക്കളും വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന നിരവധി ഷോപ്പുകൾ ഇവിടെ കാണാം. ഫർണീച്ചറുകൾ, പല വിധങ്ങളായ ആഭരണങ്ങൾ അങ്ങനെ നിരവധി സാധ്യതകളുള്ള തെരുവ് കാൽനടയാത്രക്കാർക്കുള്ളതാണ്, വാഹനങ്ങൾക്ക് പരിധി വരെ നിയന്ത്രണമുണ്ട്. ഇവിടുത്തെ കച്ചവടക്കാരിൽ അധികവും ജൂതർ തന്നെയാണെന്നതാണ് മറ്റൊരു പ്രത്യേകത. ലോകത്ത് തന്നെ ഇപ്പോഴും നിലനിൽക്കുന്ന പുരാതന സിനഗോഗുകളിൽ ഒന്നാണ് മട്ടാഞ്ചേരിയിലെ സിനഗോഗ്.

Jew-Town-at-Mattancherry

ദേവരാജ മാർക്കറ്റ്, മൈസൂർ

ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മാർക്കറ്റുകളിലൊന്നാണിത്. 1868 മുതൽ 1894 വരെ മൈസൂർ ഭരിച്ച ചാമരാജ വോഡയാർ ഒൻപതാമന്റെ ഭരണകാലത്താണ് ഈ മാർക്കറ്റ് സ്ഥാപിതമായതെന്നും, അതല്ല മൈസൂർ എന്ന നാട് നിലവിൽ വന്ന കാലത്താണ് ദേവരാജ മാർക്കറ്റും രൂപപ്പെട്ടതെന്നും വിശ്വസിക്കപ്പെടുന്നു. അതെന്തൊക്കെയായാലും മൈസൂരിലെത്തുന്ന ആരും ദേവരാജ മാർക്കറ്റിൽ എത്തി ഒരു മൊട്ടുസൂചിയെങ്കിലും വാങ്ങാതെ മടങ്ങില്ല. അത്രമാത്രം ഇഴുകി ചേർന്ന ചരിത്രമാണ് മൈസൂരും ദേവരാജ മാർക്കറ്റും തമ്മിലുള്ളത്.

ബുരാ ബസാർ കൊൽക്കത്ത

devaraja-market-mysore

മധ്യകാലഘട്ടത്തിൽ ആരംഭിച്ച ബുരാ ബസാർ പ്രാഥമികമായി നൂലും തുണിത്തരങ്ങളും വിൽക്കുന്നതിനുള്ള കേന്ദ്രമായിട്ടായിരുന്നു സ്ഥാപിക്കപ്പെട്ടത്. എന്നാൽ, ഇന്ന് എന്തും ലഭിക്കുന്ന നഗരത്തിലെ പ്രധാന തെരുവായി  ഇവിടം മാറി. എണ്ണമറ്റ തുണിത്തരങ്ങളുടെ ഹോൾസെയിൽ റീടെയിൽ വിത്പ്പനയാണ് ഇവിടെ ഭൂരിഭാഗവും. കൊൽക്കത്തയുടെ സ്പന്ദനം ഇത്തരം തെരുവുകളിലാണ്. 

അഞ്ജുന ഫ്ലീ മാർക്കറ്റ് ഗോവ

ഹിപ്പികളുടെ ഷോപ്പിങ് കേന്ദ്രമായി പ്രവർത്തിക്കാനാണ് അഞ്ജുന മാർക്കറ്റ് നിർമിച്ചത്. ബുധനാഴ്ചകളിൽ മാത്രം പ്രവർത്തിക്കുന്ന ഗോവയിലെ ഏക മാർക്കറ്റ്.വസ്ത്രങ്ങൾ, ജങ്ക് ജ്വല്ലറുകൾ, ആക്സസറികൾ, സെക്കൻഡ് ഹാൻഡ് ബൈക്കുകൾ ഇവിടെ നിന്ന് വാങ്ങാം. ഗോവയുടെ ചരിത്രത്തോളം പഴക്കമുണ്ട് ഈ മാർക്കറ്റിനും.

ചാന്ദ്‌നി ചൗക്ക്, ദില്ലി

മുഗൾ ചക്രവർത്തി ജഹാംഗീർ തന്റെ പ്രിയപ്പെട്ട മകൾ ജഹാനാര അധികാരസ്ഥാനം വഹിച്ചപ്പോഴാണ് ഈ നൂറ്റാണ്ടുകൾ പഴക്കമുള്ള മാർക്കറ്റ് ആരംഭിച്ചത്. ജഹാനാര തന്നെ രൂപകൽപ്പന ചെയ്ത ഈ തെരുവിന്റെ ആദ്യകാല പേര് ഷാജഹാനാബാദ് എന്നായിരുന്നു. പഴയ ദില്ലി നഗരത്തിന്റെ നടുവിലുടെയാണ് ചാന്ദ്നി ചൗക്കിന്റെ കിടപ്പ്.സ്ത്രീകൾക്ക് മാത്രമായിട്ടായിരുന്നു ഈ മാർക്കറ്റ് ആരംഭിച്ചത്. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ മാർക്കറ്റുകളിൽ ഒന്ന് കൂടിയാണ് ചാന്ദ്നി ചൗക്ക്.

chandni-chowk-market

ഇന്ത്യയുടെ തനതായ ഭക്ഷണത്തിനും, മധുരപലഹാരങ്ങൾക്കും, സാരികൾക്കും ചാന്ദ്നി ചൌക്ക് വളരെ പ്രസിദ്ധമാണ്. 1000 ലധികം മധുരങ്ങൾ ചാന്ദ്നി ചൗക്കിൽ ഉണ്ടെന്നാണ് പറയപ്പെടുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA