sections
MORE

ചൈനയെ ‘കീഴടക്കാൻ’ മഹാബലിപുരം! മുണ്ടുടുത്ത് മോദിയെത്താൻ ചില കാരണങ്ങളുണ്ട് ഇതാണ് ആ ചരിത്രം

mahabalipuram-travel2
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദി – ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ് കൂടിക്കാഴ്ചയ്ക്കു വേദി ഒരുക്കിയ തമിഴ്നാട്ടിലെ മഹാബലിപുരം ആഗോള മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നു. മുണ്ടും വേഷ്ടിയും ധരിച്ച് നടക്കുന്ന നരേന്ദ്രമോദിയുടെ ചിത്രങ്ങൾ മഹാബലിപുരത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ചൂടോടെ ഷെയർ ചെയ്യപ്പെടുകയാണ്. ചരിത്രത്തിൽ താൽപര്യമുള്ളയാണ് ഷി ചിൻ പിങ്. ചരിത്രത്തെ ഉയർത്തി കാണിക്കുന്നയാളാണ് നരേന്ദ്രമോദി.

514468042

മഹാബലിപുരത്തെ ‘പഞ്ചരഥം’ ശിലാ ശിൽപത്തിനു മുന്നിൽ മോദിയും ഷിയും പതിനഞ്ചു മിനിറ്റ് വിശ്രമിച്ചു. തീരക്ഷേത്രങ്ങളിലൂടെ വലം വച്ച ശേഷമാണ് ഇരുവരും ഉച്ചകോടിയുടെ ഗൗരവമേറിയ വിഷയങ്ങളിലേക്കു കടന്നത്. കല്ലിൽ കൊത്തിയ ശിൽപങ്ങൾ കഥ പറയുന്ന ചരിത്ര പ്രസിദ്ധമായ തീരദേശമാണു മഹാബലിപുരം. അർജുനതപസ്സ്, ശ്രീകൃഷ്ണന്റെ കയ്യിലെ വെണ്ണക്കട്ടി തുടങ്ങിയ സ്മാരകങ്ങൾ മഹാബലിപുരത്തുണ്ട്.

mahabalipuram-travel

ചെന്നൈയിൽ നിന്നു പുതുച്ചേരിയിലേക്കുള്ള പാതയിൽ കാണാവുന്ന തീരദേശമാണ് മാമല്ലപുരം. കടൽത്തീരത്തിനടുത്തു കുന്നിനു മുകളിലുള്ള പാറകളിൽ പല്ലവന്മാർ നിർമിച്ച ക്ഷേത്രങ്ങൾ യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചു പോരുന്നു. മാമല്ലപുരം ബ്രോഡ്‌വെയിൽ നിന്ന് കടൽ തീരത്തേക്ക് മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ ശിലാക്ഷേത്രങ്ങളുടെ മുന്നിലെത്താം. പഞ്ചരഥങ്ങൾ, മണ്ഡപങ്ങൾ, ഗുഹാക്ഷേത്രങ്ങൾ, ശ്രീകൃഷ്ണന്റെ കയ്യിലെ വെണ്ണയുടെ രൂപമുള്ള പാറ, കടൽ തീരത്തെ ക്ഷേത്രം, ലൈറ്റ് ഹൗസ്, ബീച്ച്, മറൈൻ മ്യൂസിയം എന്നിവയാണ് പ്രധാന കാഴ്ചകൾ. മാമല്ലപുരത്ത് രാവിലെ പത്തു മണിക്ക് എത്തിയാൽ വൈകിട്ട് നാലു വരെ ചുറ്റി നടന്നു കാണാനുള്ള കൗതുകങ്ങളുണ്ട്.

MahabalipuramTravel2

മാമല്ലപുരം എന്ന തീരദേശത്തെ ഭൂമിശാസ്ത്രപരമായി ഉപയോഗിച്ച മാറിയ ബ്രിട്ടീഷുകാരുടെ കാലത്തു നിന്നു യാത്ര തുടങ്ങാം. ബംഗാൾ ഉൾക്കടലിലിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കു ദിശ കാണിക്കാൻ മാമല്ലപുരത്ത് ബ്രിട്ടിഷുകാർ ലൈറ്റ് ഹൗസ് നിർമിച്ചു. ശ്രീലങ്കയിൽ തമിഴ്പുലികളുടെ ആക്രമണം അവസാനിച്ചതിനു ശേഷമാണ് ലൈറ്റ് ഹൗസിനുള്ളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചത്. പത്തു രൂപയ്ക്ക് ടിക്കറ്റെടുത്താൽ ലൈറ്റ് ഹൗസിന്റെ ഏറ്റവും മുകളിൽ ഘടിപ്പിച്ചിട്ടുള്ള ബൾബിന്റെ സമീപത്തു ചെല്ലാം. മാമല്ലൻ നിർമിച്ച കരിങ്കൽ ക്ഷേത്രങ്ങളും ഗുഹാ ക്ഷേത്രങ്ങളും മാമല്ലപുരം ബീച്ചും ഗ്രാമവുമെല്ലാം കണ്ടാസ്വദിക്കാം, ക്യാമറയിൽ പകർത്താം. കപ്പലുകളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളെല്ലാം മാമല്ലപുരം മ്യൂസിയത്തിൽ സംരക്ഷിച്ചിട്ടുണ്ട്. ലൈറ്റ് ഹൗസിൽ മാറ്റി സ്ഥാപിച്ച വിളക്ക്, കപ്പലിന്റെ ഭാഗങ്ങൾ, വഴികാട്ടികൾ തുടങ്ങി നാവിക മേഖലയിൽ ഇരുനൂറാണ്ടു വർഷത്തെ ചരിത്രം ഇവിടെ കാണാം.

മ്യൂസിയത്തിനു മുന്നിലൂടെയാണ് ഗുഹാക്ഷേത്രങ്ങളിലേക്കുള്ള പാത ആരംഭിക്കുന്നത്. പടുകൂറ്റൻ പാറകൾ ചെരിഞ്ഞു നിൽക്കുന്നതിനിടയിൽ പടർന്നു നിൽക്കുന്ന മരങ്ങൾക്കിടയിലൂടെയാണ് കരിങ്കൽപാത. ഇരു വശവും ചെത്തിമിനുക്കിയ പാറയ്ക്കു നടുവിലെ റോഡിലൂടെ മുകളിലേക്കു നടക്കുമ്പോൾ ലൈറ്റ് ഹൗസിന്റെ ശിരോഭാഗം കാണാം. ലൈറ്റ് ഹൗസിന്റെ സമീപത്തു കൂടി മുന്നോട്ടു നടന്നാൽ ഗുഹാക്ഷേത്രം. ശ്രീകൃഷ്ണന്റെ കയ്യിലെ വെണ്ണ പോലെയുള്ള പാറ, അർജുന തപസ്, മഹിഷാസുര മർദ്ദിനീ ക്ഷേത്രം, വരാഹ ഗുഹാക്ഷേത്രം.


അർജുന തപസ്

ക്രമപ്രകാരം സന്ദർശിക്കുകയാണെങ്കിൽ ആദ്യം അർജുന തപസ്സാണ്. പാശുപതാസ്ത്രം ലഭിക്കാനായി അർജുനൻ തപസ്സു ചെയ്തതിന്റെ പ്രതീകമായി നിർമിച്ച ശിലാമന്ദിരം ഗംഗാപതനം എന്ന പേരിലും അറിയപ്പെടുന്നു. ഗന്ധർവന്മാർ, യക്ഷികൾ, ബ്രാഹ്മണർ, സൂര്യൻ, ചന്ദ്രൻ എന്നിങ്ങനെ ശിൽപ്പ സമൃദ്ധമാണ് അർജുനൻ തപസു ചെയ്ത ക്ഷേത്രം. അടുത്തത് കൃഷ്ണ മണ്ഡപമാണ്. ഗോവർധന ഗിരി കയ്യിലുയർത്തി നിൽക്കുന്ന ശ്രീകൃഷ്ണന്റെ ശിൽപ്പമാണ് പ്രധാന കാഴ്ച. യദുകുലത്തിൽ പിറന്ന സ്ത്രീകളും പശുക്കളുമാണ് ഈ മണ്ഡപത്തിലെ മറ്റു ശിൽപ്പങ്ങൾ. വലുപ്പം വച്ചു നോക്കിയാൽ കൃഷ്ണമണ്ഡപത്തിന് അർജുന തപസ്സിനെക്കാൾ വിസ്താരമുണ്ട്. ഒറ്റക്കല്ലിൽ കൊത്തിയ വലിയ ശിൽപ്പങ്ങളും ചെറു പാറകളിൽ ചെത്തിയൊരുക്കിയ മറ്റു പ്രതിമകളും പല്ലവ ശിൽപ്പികളുടെ വൈദഗ്ധ്യം തെളിയിക്കുന്നു. ഇതിനടുത്ത് പാപ്പുറത്ത് ഉരുട്ടി നിർത്തിയിട്ടുള്ള കല്ലാണ് ശ്രീകൃഷ്ണന്റെ കയ്യിലെ വെണ്ണ എന്നറിയപ്പെടുന്നത്. കാറ്റിനെയും മഴയെയും മറികടന്നു നിൽക്കുന്ന കൊത്തുവിദ്യയുടെ മഹത്വത്തിന്റെ സർട്ടിഫിക്കറ്റാണ് ഈ നിർമിതി.

ശ്രീകൃഷ്ണ കൗതുകം കഴിഞ്ഞാൽ ആദിവരാഹ ഗുഹയാണ്. ഭൂമീ ദേവിയെ കടലിൽ നിന്നു രക്ഷിച്ചുയർത്തുന്ന വിഷ്ണുവിന്റെ വരാഹരൂപമാണു പ്രധാന ശിൽപ്പം. മനുഷ്യരൂപങ്ങളും ദുർഗാദേവിയുമാണു മറ്റു ചുമർ ശിൽപ്പങ്ങൾ. കരിങ്കല്ലിൽ എന്തൊക്കെ അദ്ഭുതങ്ങൾക്കു സാധ്യതയുണ്ടോ അതെല്ലാം പല്ലവന്മാർ പ്രയോഗിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുന്ന നിരവധി ശിലകൾ അവിടെ കാണാം. ധർമരാജാ മണ്ഡപം, കോട്ടിക്കൽ മണ്ഡപം, മഹിഷാസുര മർദ്ദിനി ഗുഹ, കൊണേരു മണ്ഡപം, ഗണേശരഥം എന്നിവയാണ് തുടർ യാത്രയിലെ കാഴ്ചകൾ.

പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA