sections
MORE

വേറിട്ട രീതിയിൽ നവരാത്രി ആഘോഷങ്ങൾ നടത്തുന്ന തമിഴ്നാട്ടിലെ ക്ഷേത്രം

SHARE

തമിഴ്നാട്ടിലെ കുലസൈ മുത്താരമ്മൻ ക്ഷേത്രത്തിലെ നവരാത്രി ഉൽസവം പ്രസിദ്ധമാണ്. വീടുകൾ തോറും കയറി ഭിക്ഷയെടുത്തു ലഭിക്കുന്ന തുക കൊണ്ടാണ് ഉൽസവം നടത്തുന്നത്. ബാക്കി വരുന്ന പണം ക്ഷേത്രത്തിലേക്കു കാണിക്കയായി സമർപ്പിക്കുകയും ചെയ്യും.

തൂത്തുക്കുടി ജില്ലയിലെ തിരുച്ചന്തൂരിനടുത്തുള്ള കുലശേഖരപട്ടണത്താണ് കുലസൈ മുത്താരമ്മൻ ക്ഷേത്രം. ക്ഷേത്രത്തിന് ഏകദേശം 300 വർഷം പഴക്കമുണ്ട്. ഇവിടുത്തെ ഏറ്റവും വലിയ ഉത്സവമാണ് നവരാത്രി അഥവാ ദസറ.

മുത്താരമ്മൻ ദേവിയേയും സ്വാമി ജ്ഞാനമൂർത്തീശ്വരനെയും ഒരുമിച്ചു പ്രതിഷ്ഠിച്ചിരിക്കുന്നു എന്നതാണ് ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത.

41 ദിവസത്തെ വ്രതം എടുത്താണ് ഇവിടേക്കു ഭക്തർ എത്തുന്നത്. നവരാത്രി നാളുകൾ ഉൾപ്പെടുന്ന അവസാന പത്തു ദിവസം ഭക്തർ ദേവിയെയും ദേവനെയും പോലെ വസ്ത്രം ധരിക്കുകയും ദുശ്ശീലങ്ങൾ ഉപേക്ഷിച്ച് ശരീരവും മനസ്സും ശുദ്ധമായി സൂക്ഷിക്കുകയും വേണം. കാളിവേഷം അണിഞ്ഞെത്തുന്നവരുമുണ്ട്.

ഇവരുടെ അടുത്തേക്ക് അനുഗ്രഹത്തിനായി നിരവധിപ്പേർ എത്താറുണ്ട്. കാളി, ചുടലമാടന്‍, കരിയിലമാടന്‍, ചങ്ങലമാടന്‍, അസുരന്‍, തുടങ്ങിയ വേഷങ്ങളിൽ ഭക്തർ നടന്ന് ക്ഷേത്രത്തിലെത്തുകയും ചടങ്ങുകൾക്കു ശേഷം തൊട്ടടുത്ത കടലിൽ പോയി വേഷങ്ങൾ മായ്ച്ചു കളയുകയും ചെയ്യുന്നു.

ക്ഷേത്രത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ട്. ഇവയിൽ മഹിഷാസുരനുമായി ബന്ധപ്പെട്ടതാണ് ഏറ്റവും പ്രചാരത്തിലുള്ളത്.

മഹിഷാസുരന്‍ തപസ്സിലൂടെ ലോകം കീഴടക്കാനുള്ള ശക്തി നേടി അത്യന്തം അപകടകാരിയായപ്പോൾ മഹിഷാസുരനെ വധിക്കാന്‍ ലളിതംബിക എന്നു പേരുള്ള ഒരു പെണ്‍കുഞ്ഞായി ദേവി അവതരിച്ചു.

9 ദിവസം കൊണ്ട് വളര്‍ന്ന കുഞ്ഞ് പത്താം ദിവസം പരാശക്തി ലളിതാംബികയായി മാറുകയും മഹിഷാസുരനെ വധിക്കുകയും ചെയ്തു. ഈ പത്താമത്തെ ദിവസമാണ് ദസറ ആയി ഇവിടെ ആഘോഷിക്കുന്നത്. 

പണ്ട് ഈ ഗ്രാമത്തിൽ വസൂരി പടർന്നത്രേ. ഭക്തർ ഭിക്ഷ എടുത്ത് കാണിക്ക ഇട്ടപ്പോൾ രോഗം മാറിയെന്നും അതിന്റെ ഓർമയ്ക്കാണ് ദസറ ആഘോഷം ഇത്ര വിപുലമായി നടത്തുന്നതെന്നും പറയപ്പെടുന്നു.

dasara-festval

ഉൽസവത്തിൽ പങ്കെടുക്കാൻ പുറംനാടുകളിൽനിന്നും ധാരാളം ഭക്തർ എത്താറുണ്ട്.