ADVERTISEMENT

ഈയിടെ ഒരു രാജ്യാന്തര ട്രാവല്‍ മാഗസിന്‍ തിരഞ്ഞെടുത്ത, ലോകത്തിലെ മികച്ച 17 ഹോട്ടലുകളുടെ ലിസ്റ്റില്‍ മൂന്ന് ഇന്ത്യൻ ഹോട്ടലുകളും ഉണ്ടായിരുന്നു. ആദ്യ പത്തില്‍ വന്നത് ഉദയ്പുരിലെ താജ് ലേക്ക് പാലസും രാംബാഗ് പാലസും ആണ്. യഥാക്രമം മൂന്നും ഏഴും സ്ഥാനത്താണ് ഇവ ഉള്ളത്. ജയ്പുരിലെ ആലിയ ഫോര്‍ട്ട്‌ ബിശാന്‍ഗര്‍ പതിനൊന്നാം സ്ഥാനത്തുമുണ്ട്. വായനക്കാരുടെ അഭിപ്രായം തേടിയാണ് മികച്ച ഹോട്ടലുകള്‍ തെരഞ്ഞെടുത്തത്. 

യാത്ര ചെയ്യുമ്പോള്‍ തങ്ങാനൊരിടം. അത് അല്‍പം ലക്ഷ്വറിയാവണം എന്നു ചിന്തിക്കുന്ന ‘പാവം കോടീശ്വരന്മാരു’ടെ ആദ്യ ഓപ്ഷനാണ് താജ്. താജ് ഹോട്ടലിനെപ്പറ്റി കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. ഇന്ത്യയിലെ ആഡംബര ഹോട്ടലുകളുടെ അവസാന വാക്കായി താജ് മാറിക്കഴിഞ്ഞിട്ട് ഒരു നൂറ്റാണ്ടു പിന്നിട്ടിരിക്കുന്നു. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിലും താജ് ഹോട്ടലുകള്‍ എക്കാലത്തും മുന്നില്‍ത്തന്നെയാണ്. 

രാജ്യത്ത് ആഡംബരത്തിന്റെ കാര്യത്തില്‍ താജിനെ വെല്ലാന്‍ മറ്റൊരു ഹോട്ടലിനും കഴിഞ്ഞിട്ടില്ല എന്നുതന്നെ പറയാം. രാജകീയതയും പാരമ്പര്യവും ആധുനികതയ്ക്കൊപ്പം സമന്വയിപ്പിച്ചതാണ് താജ്. ഇവിടുത്തെ രീതികളും പരിചരണവും ഓരോ അതിഥിക്കും സ്വയം രാജാവോ രാജ്ഞിയോ ആണെന്ന് തോന്നിപ്പിക്കും വിധം പ്രൗഢഗംഭീരമാണ്. 

റോയല്‍ ഗംഗൌര്‍ കോക്ക്ടെയ്ല്‍, വര്‍ണ്ണാഭമായ ബോട്ടിനുള്ളില്‍ അത്താഴം എന്നിവ താജ് ലേക്ക്പാലസിന്‍റെ മാത്രം പ്രത്യേകതയാണ്. ഉദയ്പുര്‍ മഹാരാജാവ് ഉപയോഗിച്ചിരുന്ന ബോട്ടായിരുന്നു ഇത്. ബോട്ടിനുള്ളില്‍ മസാജ് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. രാംബാഗ് പാലസിലും ഇതേപോലെ മികച്ച സൗകര്യങ്ങള്‍ ഉണ്ട്. സ്വര്‍ണപ്പാത്രത്തില്‍ അത്താഴം, വിന്റേജ് കാറുകള്‍ ഓടിക്കാനുള്ള സൗകര്യം എന്നിവയെല്ലാം ഇവിടെയുണ്ട്.

ടാറ്റ ഗ്രൂപ്പ് സ്ഥാപകനായ ജംഷഡ്ജി ടാറ്റയാണ് താജ് ഹോട്ടലുകളും സ്ഥാപിച്ചത്. യൂറോപ്യൻമാർക്കു മാത്രം പ്രവേശനമുണ്ടായിരുന്ന മുംബൈ വാട്ട്സൺസ് ഹോട്ടലിൽ പ്രവേശനം നിഷേധിക്കപ്പെട്ട സംഭവമാണ് താജ് ഹോട്ടലുകള്‍ സ്ഥാപിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്നു പറയപ്പെടുന്നു. 1903 ഡിസംബർ 16ന് മുംബൈയിലാണ് ആദ്യത്തെ താജ് മഹൽ പാലസ് ഹോട്ടൽ സ്ഥാപിച്ചത്. ഇന്ന് താജ് ലക്ഷ്വറി, താജ് എക്സോട്ടിക്ക, താജ് സഫരിസ്, വിവാന്ത ബൈ താജ്, ദ് ഗേറ്റ് വേ ഹോട്ടൽസ്‌ & റിസോർട്ട്സ്, താജ് ലക്ഷ്വറി റസിഡൻസസ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായി മൊത്തം 125 ഓളം താജ് ഹോട്ടലുകള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നു.

കീശയില്‍ നിറച്ചു കാശുണ്ടെങ്കില്‍ വേറെ സ്ഥലം അന്വേഷിക്കണ്ട! താജ് പാലസിലെ സ്വര്‍ഗതുല്യമായ ദിനങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com