sections
MORE

'നൈനിറ്റാൾ' തടാകങ്ങളുടെ പറുദീസ ; സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Nainital
SHARE

 സബര്‍ജില്‍ പഴത്തിന്‍റെ ആകൃതിയില്‍ കിടക്കുന്ന നൈനി തടാകത്തില്‍ നിന്നാണ് നൈനിറ്റാളിന് ആ പേര് വന്നത്. അതു കൊണ്ടായിരിക്കാം 'തടാകങ്ങളുടെ നഗരം' എന്ന് നൈനിറ്റാളിനെ വിളിക്കുന്നതും. ഉത്തരാഖണ്ഡ് എന്നോര്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസ്സില്‍ ഓടിയെത്തുന്ന ഈ മനോഹരമായ മലമ്പ്രദേശം ബ്രിട്ടീഷ് കാലം മുതല്‍ക്കേ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ എത്തുന്ന ഹില്‍സ്റ്റേഷനാണ്. 

പ്രധാനമായും ടൂറിസത്തെ ആശ്രയിച്ച് നിലനില്‍ക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഇവിടത്തേത്. ഹിന്ദുമത വിശ്വാസ പ്രകാരം സതീദേവി സ്വയം അഗ്നിക്ക് സമര്‍പ്പിച്ച് എരിഞ്ഞടങ്ങിയത് ഇവിടെയാണെന്ന് കരുതപ്പെടുന്നു. നൈനി തടാകക്കരയില്‍ സതീക്ഷേത്രവുമുണ്ട്. ടിബറ്റിലെ പവിത്രമായ മാനസസരോവര തടാകത്തിലെ ജലമാണ് നൈനി തടാകത്തിലുമുള്ളതെന്ന് പറയപ്പെടുന്നു. ബംഗാള്‍ കടുവകളുടെ വാസസ്ഥലമായ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്‌.

Nainital

നൈനിറ്റാളിനെ വേറിട്ടു നിര്‍ത്തുന്നത് 

തടാകങ്ങളുടെ പറുദീസയാണ് നൈനിറ്റാൾ. നയനമനോഹരമായ തടാകങ്ങളുടെ സൗന്ദര്യമാണ് നൈനിറ്റാളിന്റെ മുഖ്യാകർഷണം. ഹിമാലയൻ മലനിരകളിലാണ് ഇൗ സുന്ദരഭൂമിയുടെ സ്ഥാനം. കുമയൂണ്‍ മലനിരകലുടെ താഴ്‍‍വാരമാണ് നൈനിറ്റാള്‍.മനോഹരമായ ഭൂപ്രകൃതിയും പ്രശാന്തമായ അന്തരീക്ഷവും നൈനിറ്റാളിന്റെ സവിശേഷതകളാണ്.

അപൂര്‍വ്വ ജീവി വര്‍ഗ്ഗമായ ഹിമക്കടുവ, ഹിമാലയന്‍ കരിങ്കരടി എന്നിവയുള്ള നൈനിറ്റാള്‍ മൃഗശാല സന്ദര്‍ശിക്കുന്നത് മികച്ച ഒരു അനുഭവമായിരിക്കും.  സമുദ്രനിരപ്പില്‍ നിന്നും 8,568 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നൈന കൊടുമുടിയുടെ മുകളില്‍ കയറിയാല്‍ ചുറ്റും കാണുന്ന ഹിമാലയത്തിന്‍റെ കാഴ്ച അതീവ മനോഹരമാണ്. 

Nainital---City-Of-Lakes

സ്കൂളുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും പേരുകേട്ട സ്ഥലമാണ് നൈനിറ്റാള്‍. ബഹിരാകാശപഠനത്തിനായുള്ള ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഒബ്സര്‍വേഷനല്‍ സയന്‍സ് (ARIES) സ്ഥിതിചെയ്യുന്നത് നൈനിറ്റാളില്‍ നിന്നും വെറും 9 കിലോമീറ്റര്‍ ദൂരത്തിലാണ്. ഷെര്‍വുഡ് കോളേജ്, സെന്‍റ് ജോസഫ്സ് കോളേജ്, സൈനിക് സ്കൂള്‍, കുമാവുന്‍ യൂണിവേഴ്സിറ്റി തുടങ്ങിയവയും പ്രശസ്തമായ മറ്റു ചില വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.

ബോട്ടിങ്ങും ട്രക്കിങ്ങും

മറ്റു ഹില്‍സ്റ്റേഷനുകളില്‍ ഉള്ള പോലെത്തന്നെ ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്തും നിറയെ വിനോദങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബോട്ടിങ് ഇഷ്ടമുള്ളവര്‍ക്ക് നൈനി തടാകത്തില്‍ അതിനുള്ള സൗകര്യമുണ്ട്. മധുവിധു ആഘോഷിക്കുന്ന യുവമിഥുനങ്ങളാണ് ഇതിനായി കൂടുതലും എത്തുന്നത്. സ്നോ വ്യൂ പോയിന്‍റിനെ നഗരവുമായി ബന്ധിപ്പിക്കുന്ന റോപ്‍വേയില്‍ കയറി നടന്നാല്‍ ചൈന പീക്ക്, സ്നോ വ്യൂ പോയിന്‍റ്, ടിഫിന്‍ ടോപ്‌ തുടങ്ങിയ പരിസര പ്രദേശങ്ങളും കാണാം. ബേതല്‍ഘട്ട്, ബിനായക്, കൈഞ്ചി, കില്‍ബുരി, സ്നോ പോയിന്‍റ് തുടങ്ങിയ ഇടങ്ങളിലേക്ക് ട്രക്ക് ചെയ്യാനും സഞ്ചാരികള്‍ക്ക് സാധിക്കും.

ഷോപ്പിങ് ഇഷ്ടമുള്ളവര്‍ക്ക് ബാര ബസാര്‍, ടിബറ്റന്‍ മാര്‍ക്കറ്റ്, മാള്‍ റോഡ്‌ മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങാം. വസ്ത്രങ്ങള്‍, കരകൌശലവസ്തുക്കള്‍, ആഭരണങ്ങള്‍, മെഴുകുതിരികള്‍ മുതലായവ ഇവിടെ ലഭിക്കും.

യാത്രയിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഇടങ്ങൾ

ഉത്തരാഖണ്ഡിലെ കുമൗൺ മലനിരകൾക്ക് ഇടയിലാണ് നൈനിറ്റാൾ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ തടാക ജില്ല എന്ന പേരിൽ പ്രശസ്തമാണ് ഇവിടം. ഡല്‍ഹിയിൽ നിന്ന് 322 കിലോമീറ്ററുണ്ട് നൈനിറ്റാളിലേക്ക്.

റോഡ് മാർഗവും റയിൽ മാർഗവും എത്തിച്ചേരാം. കത്ഗോധമാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ, ഡിസംബർ മുതൽ ഫെബ്രുവരി വരെ താപനില 0 ഡിഗ്രിയിലും താഴെയാകും. നൈനിറ്റാളിൽ എത്തിയാൽ പ്രശസ്ത ഹനുമാൻ ക്ഷേത്രമായ ഹനുമാൻഗർഹിയും, ഇന്ത്യയിലെ 51 ശക്തി പീഠങ്ങളിൽ ഒന്നായ നൈനാ ദേവീ ക്ഷേത്രവും സന്ദർശിക്കാവുന്നതാണ്. ഇവിടെ നിന്ന് 10 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കിൽബുറി കുടുംബത്തോടൊപ്പമുള്ള പിക്നിക്കിന് പറ്റിയ ഇടമാണ്.

നൈനിറ്റാളിൽ നിന്ന് ആറ് കിലോമീറ്റർ അകലെയാണ് ഏറ്റവും ഉയരത്തിലുള്ള രണ്ടാമത്തെ കൊടുമുടിയായ ലരിയകാന്ത, ഖുർ പാത്തൽ തടാകത്തിന്റെ പൂർണ സൗന്ദര്യം ആസ്വദിക്കാൻ ലാൻഡ് എൻഡ് എന്ന വിനോദ സഞ്ചാരകേന്ദ്രം യാത്രയിൽ ഉൾപ്പെടുത്താം. 705 കിലോമീറ്റർ പിന്നിട്ട് കേബിൾ കാറിലാണ് ലാൻഡ് എൻഡിൽ എത്തുന്നത്. നൈനിറ്റാളിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ നൈനാ കൊടുമുടിയാണ് മറ്റൊരു കാഴ്ച. ഇവിടെ എത്താൻ കുതിരകളാണ് ഏക ആശ്രയം. 

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം 

വര്‍ഷം മുഴുവനും സന്ദര്‍ശിക്കാന്‍ പറ്റുന്ന കാലാവസ്ഥയാണ് നൈനിറ്റാളിലുള്ളത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള സമയം ഏറ്റവും നല്ലതാണ്. വേനല്‍ക്കാലമായതിനാല്‍ സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ എത്തുന്ന സമയമാണിത്. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സാധാരണമായതിനാല്‍ മണ്‍സൂണ്‍ കാലത്ത് ഉത്തരാഖണ്ഡ് യാത്ര ഒഴിവാക്കുന്നതാണ് നല്ലത്

എത്തേണ്ടത് ഇങ്ങനെ

ഇന്ത്യയിലെ എല്ലാ പ്രധാന റെയില്‍പ്പാതകളും റോഡുകളുമായി നൈനിറ്റാള്‍ ബന്ധിപ്പിച്ചിരിക്കുന്നു. കത്ഗോഡം ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ഡല്‍ഹിയില്‍ നിന്നും എപ്പോഴും ബസുകള്‍ ലഭ്യമാണ്. പന്ത് നഗര്‍ ആണ് അടുത്തുള്ള വിമാനത്താവളം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA