ADVERTISEMENT

നിഗൂഢതകളും കൗതുകങ്ങളും ഭയവുമെല്ലാം ഒളിപ്പിച്ച നിരവധിയിടങ്ങളുണ്ട് ഇന്ത്യയിൽ. ചരിത്രമുറങ്ങുന്ന, മഹത്തായ ഭൂതകാലത്തിന്റെ കഥകൾ പറ‍ഞ്ഞുതരാനാവുന്ന ചില റെയിൽവേ സ്റ്റേഷന‌ുകളും അവയിൽപെടുന്നു. ഇതാ അത്തരം ചില ഇന്ത്യൻ റയിൽവേ സ്‌റ്റേഷനുകൾ. 

ഛത്രപതി ശിവാജി ടെർമിനസ്, മഹാരാഷ്ട്ര

Chhatrapati-Shivaji-Terminus

യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയ ഈ റെയിൽ‌വേ സ്റ്റേഷൻ ആദ്യം വിക്ടോറിയ ടെർമിനസ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. വിക്ടോറിയൻ ഗോഥിക്, പരമ്പരാഗത ഇന്ത്യൻ വാസ്തുവിദ്യകൾ സംയോജിപ്പിച്ചാണ് ഈ റെയിൽവേ സ്റ്റേഷൻ രൂപകൽപന ചെയ്തിരിക്കുന്നത്. 10 വർഷമെടുത്തു ഇതു നിർമിക്കാൻ. മുംബെ നഗരത്തിലെ ഏറ്റവും ചെലവേറിയ കെട്ടിടമെന്ന പേരിലും ഇത് പ്രസിദ്ധമാണ്. മഹാരാഷ്ട്രയുടെ പ്രിയപ്പെട്ട നായകനും രാജാവുമായിരുന്ന ഛത്രപതി ശിവാജിയുടെ സ്മരണാർത്ഥം 1996 ൽ ഛത്രപതി ശിവജി ടെർമിനസ് എന്ന് ഈ സ്റ്റേഷനെ പുനർനാമകരണം ചെയ്തു.

ബറോഗ് സ്റ്റേഷൻ, ഹിമാചൽ പ്രദേശ്

നിർമാതാവിന്റെ ദാരുണ മരണത്തിന്റെ പേരിൽ അറിയപ്പെടുന്നൊരു സ്റ്റേഷനുണ്ട് ഹിമാചൽ പ്രദേശിൽ. കൽക്ക-ഷിംല ട്രെയിൻ പാതയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ റെയിൽവേ സ്റ്റേഷനായ ബറോഗ് ആണത്. വാസ്തുവിദ്യക്കും മനോഹരമായ പർവതക്കാഴ്ചകൾക്കും പേരുകേട്ട സ്ഥലമാണിതെങ്കിലും ഇവിടം കുപ്രസിദ്ധിയാർജിച്ചത് കേണൽ ബറോഗിന്റെ പേരിലാണെന്ന് മാത്രം.

Barog-railway-station1

1898 ൽ കേണൽ ബറോഗിനായിരുന്നു കൽക്ക-ഷിംല തുരങ്കം പണിയാനുള്ള ചുമതല. എന്നാൽ ബ്രിട്ടിഷ് സർക്കാർ, ബറോഗിനെതിരെ ആരോപണം ഉന്നയിക്കുകയും  നിർമാണത്തിൽ അഴിമതി നടന്നതായി ചൂണ്ടിക്കാട്ടി പിഴ ചുമത്തുകയും ചെയ്തു. ഇതിൽ മനം നൊന്ത് ബറോഗ് 33- ാം നമ്പർ തുരങ്കത്തിൽ ആത്മഹത്യ ചെയ്തു. ഇന്നും ഈ തുരങ്കത്തിൽ പ്രേതബാധയുണ്ടെന്നു വിശ്വസിക്കപ്പെടുന്നു.

റാഷിദ്പുര ഖോരി സ്റ്റേഷൻ, രാജസ്ഥാൻ

വളരെ രസകരമായൊരു കാര്യത്തിലാണ് ഈ റയിൽവേ സ്റ്റേഷൻ പ്രശസ്തമായത്. റെയിൽവേ കേന്ദ്ര സർക്കാരിന്റെയാണെങ്കിലും റാഷിദ് പുര ഖോരി സ്റ്റേഷൻ പ്രവർത്തിക്കുന്നത് ഗ്രാമീണരുടെ നിയന്ത്രണത്തിലാണ്. രാജസ്ഥാനിലെ ഒരു ചെറിയ ഗ്രാമപ്രദേശമാണ് റാഷിദ്പുര ഖോറി. ഗ്രാമീണർ തന്നെ നടത്തുന്ന ഈ റെയിൽ‌വേ സ്റ്റേഷൻ, വരുമാനത്തിന്റെ അപര്യാപ്തത കാരണം 2005 ൽ  അടച്ചു പൂട്ടിയെങ്കിലും 2009 ൽ, വളരെയധികം പോരാട്ടങ്ങൾക്ക് ശേഷം വീണ്ടും തുറക്കാൻ കഴിഞ്ഞു, ഇപ്പോൾ ഇത് പ്രവർത്തിപ്പിക്കുന്നത് ഗ്രാമവാസികൾ മാത്രമാണ്. 

ദൂധ് സാഗർ വാട്ടർ ഫാൾസ് റെയിൽവേ സ്റ്റേഷൻ, ഗോവ

ദക്ഷിണ ഗോവ ജില്ലയിലെ ഒരു ചെറിയ റെയിൽ‌വേ സ്റ്റേഷനാണ് ദൂധ് സാഗർ വാട്ടർ ഫാൾസ് റെയിൽ‌വേ സ്റ്റേഷൻ. ഇതിന് ഒരു പ്ലാറ്റ്ഫോം മാത്രമേയുള്ളൂ, അടിസ്ഥാന സൗകര്യങ്ങളും കുറവാണ്. എന്നാൽ ഈ സ്റ്റേഷനിൽനിന്നു ട്രെയിൻ കയറിയാൽ അതിശയകരമായ ദൂധ് സാഗർ വെള്ളച്ചാട്ടത്തെ ഏറ്റവും അടുത്ത് അതിന്റെ മുഴുവൻ മനോഹാരിതയിലും ആസ്വദിക്കാം.

ചാർബാഗ് സ്റ്റേഷൻ, ഉത്തർപ്രദേശ്

ചാർബാഗ് റെയിൽ‌വേ സ്റ്റേഷൻ ഒരു വാസ്തുവിദ്യാ ക്ഷേത്രമാണെന്നു പറയാം. മുഗൾ, രാജസ്ഥാനി വാസ്തുവിദ്യകളുടെ സങ്കലനമായി 1914 ൽ ജെഎച്ച് ഹോർണിം നിർമിച്ച ഈ സ്റ്റേഷൻ താഴികക്കുടങ്ങളും മിനാരങ്ങളും കപ്പോളകളും നിറഞ്ഞതാണ്. റെയിൽ‌വേ സ്റ്റേഷനേക്കാൾ കൊട്ടാരമെന്ന പ്രതീതി ഉണർത്തുന്ന  മനോഹരമായ പ്രവേശന കവാടമുണ്ട്. രസകരമെന്നു പറയട്ടെ,  ഇവിടുത്തെ പോർട്ടിക്കോയിൽ നിൽക്കുകയാണെങ്കിൽ,  ട്രെയിനുകളുടെ ശബ്ദം കേൾക്കാനാകില്ലത്രേ. ചരിത്രരേഖകൾ അനുസരിച്ച്, മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്‌റുവും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ച 1916 ൽ ഈ റെയിൽവേ സ്റ്റേഷനിലാണ് നടന്നത്.

കാച്ചിഗുഡ സ്റ്റേഷൻ, തെലങ്കാന

മുംബൈയുമായും മറ്റു നഗരങ്ങളുമായും ബന്ധിപ്പിക്കുന്നതിനായി നിസാം ഉസ്മാൻ അലി ഖാന്റെ ഭരണകാലത്താണ് കാച്ചിഗുഡ റെയിൽവേ സ്റ്റേഷൻ നിർമിച്ചത്. അതിശയിപ്പിക്കുന്ന വാസ്തുവിദ്യയും 100 വർഷം പഴക്കമുള്ള മരഗോവണിപ്പടികളുമുള്ള ഈ റയിൽവേ സ്‌റ്റേഷൻ ചരിത്ര കുതുകികൾക്ക് അറിവിന്റെ സങ്കേതമാണ്.

സ്ത്രീകൾക്ക് ട്രെയിൻ കയറാനും ഇറങ്ങാനുമായി പർദ്ദ മതിൽ എന്ന പ്രത്യേക ഏരിയയും ഇവിടെ ഒരുക്കിയിട്ടുണ്ട്. റെയിൽ‌വേ സ്റ്റേഷനിലെ മ്യൂസിയത്തിൽനിന്ന്, സംസ്ഥാനം ഭരിച്ചിരുന്ന നിസാമുമാരുടെ ഭരണകാലത്തെയും ചരിത്രത്തെയും കുറിച്ച് യാത്രക്കാർക്ക് മനസ്സിലാക്കാൻ സാധിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com