sections
MORE

ഹിമവാന്റെ മടിത്തട്ടിൽ ഒളിഞ്ഞിരിക്കുന്ന ഉത്തരാഖണ്ഡിന്റെ രത്നങ്ങൾ

almora-uttarakhand
SHARE

അസ്കോട്ടും അൽമോറയും, ഉത്തരാഖണ്ഡിന്റെ നിധികളാണീ സുന്ദര ഗ്രാമങ്ങൾ. വാക്കുകൾ മതിയാവാതെ വരും ഈ നാടുകളുടെ ഭംഗി വർണ്ണിക്കാൻ. അധികമാരും അറിയാതെ ഹിമവാൻ തന്റെ കയ്പ്പിടിയിൽ ഒളിപ്പിച്ച് കാത്തു സൂക്ഷിച്ചു പോരുന്ന രത്നങ്ങളാണവ.

അസ്കോട്ട് എന്ന കോട്ടകളുടെ നാട്

അസി കോട്ട് അഥവാ 80 കോട്ടകൾ എന്ന അർത്ഥമുള്ള വാക്കിൽ നിന്നുമാണ് അസ്കോട്ട് എന്ന പേര് ആ ഗ്രാമത്തിന് ലഭിക്കുന്നത്.
പണ്ട് പ്രധാന നാട്ടുരാജ്യമായിരുന്ന ഇവിടെ അനേകം കോട്ടകൾ ഉണ്ടായിരുന്നത്രേ. നേപ്പാളിലും ഇന്ത്യയിലുമായി കിടക്കുന്ന ആ ചരിത്രത്തിന്റെ ബാക്കിപത്രമാണ് അസ്കോട്ട് എന്ന പ്രകൃതി രമണീയമായ നാട്. മനോഹരമായ വെള്ളച്ചാട്ടങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന അസ്ക്കോട്ടിന് കാവലായി ഒരു വശത്ത് നേപ്പാളും ചൈനയും ആണെങ്കിൽ മറു വശത്ത് അൽമോറയും ടിബറ്റുമാണ്. വിരലിൽ എണ്ണാവുന്ന കോട്ടകൾ മാത്രമാണിന്നിവിടെ അവശേഷിക്കുന്നത്. അതിൽ ചിലത് നേപ്പാളിന്റെ ഭാഗവും. മറ്റെവിടെയും കാണാത്ത വിധമുള്ള അപൂർവ്വമായ ആവാസവ്യവസ്ഥയാണ് അസ്കോട്ടിലേത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ഒരു ദേശീയോദ്യാനം തന്നെയുണ്ട് അവിടെ.

അസ്കോട്ട് മസ്ക് ഡീർ സാങ്ച്വറി

കസ്തൂരി മാനുകൾക്കായി പ്രത്യേകമൊരുക്കിയിരിക്കുന്ന ദേശീയോദ്യാനമാണിത്. സമുദ്ര നിരപ്പിൽ നിന്നും 5412 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനത്തിൽ കസ്തൂരി മാനുകളെക്കുടാതെ ബംഗാൾ കടുവ, പുലി, കരടി, തുടങ്ങി വ്യത്യസ്ത ജീവികളെയും സംരക്ഷിച്ചു പോരുന്നു.  മറ്റെവിടെയും കാണാത്ത അതി ഗംഭിരമായ കാഴ്ച്ചകളാണിവിടെ. വളരെ ശാന്തമായ ആ പ്രകൃതിയിലേയ്ക്ക് സഞ്ചാരികളെത്തുന്നതോ, സ്വയം മറന്നില്ലാതാകാനും. ട്രെക്കിംഗ് പ്രേമികളെ ശരിക്കും അത്ഭുതപ്പെടും അസ്കോട്ട്. കാരണം വൈവിധ്യമാർന്ന മലകയറ്റ അനുഭവങ്ങളാണ് ഇവിടെ. ഇവിടുത്തെ ഏറ്റവും ജനപ്രിയമായ ട്രെക്കുകളിൽ ഒന്ന് അസ്കോട്ടിൽ നിന്ന് ആരംഭിച്ച് ധാർചുല പർവതനിരയിലൂടെ കൈലാസത്തിലേക്കും മൻസരോവറിലേക്കും പോകുന്നതാണ്.

അൽമോറ

1861 മീറ്റർ ഉയരത്തിൽ ഹിമാലയൻ പർവതനിരയിലെ കുമയോൺ മലനിരകളുടെ തെക്കേ അറ്റത്തുള്ള കശ്യപ കുന്നിൻ മുകളിലാണ് ഈ ചെറിയ ഗ്രാമം സ്ഥിതിചെയ്യുന്നത്.പ്രകൃതി സൗന്ദര്യവും മനോഹരമായ പ്രകൃതിദൃശ്യങ്ങളും പച്ച പുൽമേടുകളും ശുദ്ധവായുമാണ് അൽമോറയിൽ എത്തുന്നവരെ സ്വാഗതം ചെയ്യുന്നത്. സാംസ്കാരിക വൈവിധ്യത്തിന് പേരുകേട്ട അൽമോറ സമുദ്രനിരപ്പിൽ നിന്ന് ശരാശരി 1,638 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒരു കൺന്റൊൺമെന്റ് പട്ടണമാണ്. മഞ്ഞുമൂടിയ ഹിമശ്രംഗങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിരുന്നൊരുക്കും അൽമോറ.

കതർമൽ ക്ഷേത്രത്തിലെ പാത്രങ്ങൾ കഴുകാൻ ഉപയോഗിച്ചിരുന്ന ‘കിൽമോറ’ എന്ന ചെടിയിൽ നിന്നാണത്രേ നഗരത്തിന് ഈ പേര് ലഭിച്ചത്. അൽമോറയിൽനിന്ന് 2 കിലോമീറ്റർ അകലെയുള്ള ബ്രൈറ്റ് എൻഡ് കോർണർ സൂര്യോദയത്തിന്റെയും അസ്തമയത്തിന്റെയും മനോഹരമായ കാഴ്ച നൽകുന്നു. പ്രഭാതത്തിലും സന്ധ്യയിലും ആകാശത്ത് പടരുന്ന ഓറഞ്ച്, ചുവപ്പ്, മഞ്ഞ നിറങ്ങൾ ആരുടേയും മനസ് കവരും. വന്യജീവി സങ്കേതത്തിന്റെ പരിസരത്തായി സ്ഥിതി ചെയ്യുന്ന സീറോ പോയിന്റ് ആണ് അൽമോറയിലെ മറ്റൊരു ആകർഷണം. ഇവിടെ നിന്ന് ഹിമാലയൻ പർവതനിരകളുടെ മികച്ച കാഴ്ചകൾ ആസ്വദിക്കാം. ത്രിശൂൽ, കേദാർനാഥ്, ശിവലിംഗ്, നന്ദാദേവി തുടങ്ങിയ ഗിരിശ്രംഗങ്ങളുടെ മനോഹരമായ കാഴ്ചയാണ് ഇവിടെ.

ഈ വഴികളിലൂടെ അവിടെയെത്താം

ഇവിടെയെത്താൻ ഏറ്റവും മികച്ചത് റോഡ് മാർഗം തന്നെ. അസ്കോട്ടിനും അൽമോറയ്ക്കും അടുത്തുള്ള പ്രധാന പട്ടണം പിത്തോർഗഡ് ആണ്. അവിടെ നിന്ന് നിങ്ങൾക്ക് ബസ്സിൽ കയറാം അല്ലെങ്കിൽ  ടാക്സി വാടകയ്ക്കെടുക്കാം. പിത്തോർഗഡിൽ വിമാനത്താവളവുമുണ്ട്.

അധികമാരും പോകാത്ത എന്നാൽ ആരേയും വശീകരിക്കാൻ പോന്ന സൗന്ദര്യവുമായി നിൽക്കുന്ന ഈ സുന്ദരികളെ കാണാൻ പറ്റിയ സമയം സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവാണ്. എന്നു വെച്ചാൽ ഇപ്പോൾ ബെസ്റ്റ് സമയമാണെന്ന്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA