ADVERTISEMENT

പുരാതന കാലം മുതൽ പാമ്പുകളെ ആരാധിക്കുന്ന പാരമ്പര്യമാണ് ഇന്ത്യയിലുള്ളത്. പാമ്പുകളുടെ അനുഗ്രഹത്തിന് പൂജകളും കര്‍മങ്ങളും ചെയ്യാറുണ്ട്. ജൈവസമൃദ്ധിയുടെ വിളനിലമായ പശ്ചിമഘട്ടത്തോടടുത്തു കിടക്കുന്ന പ്രദേശങ്ങളില്‍ വിവിധ ഇനങ്ങളില്‍പ്പെട്ട പാമ്പുകള്‍ ധാരാളമുണ്ട്. വിഷമുള്ളവയും ഇല്ലാത്തവയും ഇക്കൂട്ടത്തില്‍പ്പെടുന്നു. പാമ്പുകളെ ഏറ്റവും സൗഹൃദപരമായി വരവേല്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പാമ്പുകള്‍ ഉള്ള ഇടങ്ങളിലൊന്നും. വീടുകളില്‍ ഇഴഞ്ഞെത്തുന്ന പാമ്പുകളെ അതിഥികളായി കണ്ട് പരിചരിക്കുന്ന ഗ്രാമങ്ങളും ഇവിടെയുണ്ട്.

കൊടും വിഷമുള്ള മൂര്‍ഖന്‍ വീട്ടിലെ അംഗത്തെപ്പോലെ

പുണെയില്‍നിന്ന് 200 കിലോമീറ്റര്‍ അകലെ, ഷോലാപൂര്‍ ജില്ലയിലുള്ള ഗ്രാമമാണ് ശെത്പല്‍. മൂര്‍ഖന്‍ പാമ്പുകള്‍ വീടുകളിൽ ഭയലേശമന്യേ കയറിയിറങ്ങി നടക്കുന്ന കാഴ്ച ഇവിടെ സാധാരണമാണ്. മനുഷ്യര്‍ക്കു പാമ്പുകളെയോ പാമ്പുകള്‍ക്കു മനുഷ്യരെയോ പേടിയില്ല. പാമ്പുകളെ ദൈവങ്ങളായി കണ്ട് ആരാധിക്കുന്ന പാരമ്പര്യം പിന്തുടരുന്നതിനാല്‍ അവ വീട്ടില്‍ വരുന്നത് നല്ല കാര്യമായിട്ടാണ്‌ അവര്‍ കരുതുന്നത്. 

മിക്ക വീടുകളിലും പാമ്പുകള്‍ക്കായി പ്രത്യേകം ദേവസ്ഥാനമുണ്ട്. വീടുണ്ടാക്കുമ്പോള്‍ കുറച്ചു സ്ഥലം ഇതിനായി മാറ്റി വയ്ക്കുന്നു. ഇവിടേക്ക് എപ്പോള്‍ വേണമെങ്കിലും പാമ്പുകള്‍ക്കു കയറി വരാം. പാമ്പുകളുമായുള്ള സഹവാസം കുട്ടിക്കാലം മുതൽ ശീലിക്കുന്നതിനാല്‍ കുട്ടികള്‍ പോലും ഇവയെ ഉപദ്രവിക്കുകയോ ഭയക്കുകയോ ചെയ്യാറില്ല. പാമ്പുകളുമായി ഇത്രയധികം ഇടപഴകി ജീവിക്കുന്ന ഇടമായതിനാല്‍ അവ ഉപദ്രവകാരികളാകുമോ എന്ന് തീര്‍ച്ചയായും സംശയം തോന്നാം. എന്നാല്‍ ഇവിടെ ആളുകള്‍ പാമ്പുകളെ ഉപദ്രവിക്കാത്തതു പോലെ തന്നെ അവ ആളുകളെയും ഉപദ്രവിച്ച ചരിത്രമില്ല. 

പുറത്തുനിന്നു വരുന്നവര്‍ക്ക് പാമ്പുകളുമായി സൗഹൃദം സ്ഥാപിക്കാന്‍ അധികം പണിപ്പെടേണ്ട കാര്യമില്ല. അല്‍പം പാലും മുട്ടകളും അവയെ ഉപദ്രവിക്കാതിരിക്കാനുള്ള മനസ്സും മാത്രം മതി. ഇവിടെ ആളുകള്‍ പാമ്പുകളെ ഇത്രയധികം സ്നേഹിക്കാനുള്ള കാരണം അജ്ഞാതമാണ്. പാമ്പുകളുടെ ഈ ഗ്രാമം കാണാന്‍ വരുന്നവര്‍ക്ക്  പുണെ എയര്‍പോര്‍ട്ടില്‍നിന്നു ശെത്പലിലേക്ക് കാബ് സൗകര്യം ലഭ്യമാണ്. മോദ്നിംബ് ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

പാമ്പുകള്‍ക്കായുള്ള പാര്‍ക്കുകള്‍

മഹാരാഷ്ട്രയിലെ കത്രജിലുള്ള രാജീവ് ഗാന്ധി നാഷനല്‍ പാര്‍ക്കില്‍ പോയാല്‍ വിവിധയിനം പാമ്പുകളെ അടുത്ത് കാണാം. 130 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന നാഷനല്‍ പാര്‍ക്ക് മൃഗശാല, സ്നേക്ക് പാര്‍ക്ക്, അനിമല്‍ ഓര്‍ഫനേജ് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. 

13 അടി നീളമുള്ള രാജവെമ്പാലയടക്കം 22 ഇനങ്ങളില്‍ പെട്ട പാമ്പുകള്‍ ഇവിടെയുണ്ട്. അവയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ബ്രെയിൽ ലിപിയിലടക്കം വായിക്കാനുള്ള സൗകര്യവും ഇവിടത്തെ ലൈബ്രറിയില്‍ ഒരുക്കിയിട്ടുണ്ട്. പാമ്പുകളോടുള്ള ഭയം ഇല്ലാതാക്കാനും ബോധവല്‍ക്കരണത്തിനുമായി വിവിധ പരിപാടികള്‍ മൃഗശാല അധികൃതര്‍ നടത്താറുണ്ട്‌. 

കൂടാതെ മഹാരാഷ്ട്രയിലെ തന്നെ തടോബ, സഞ്ജയ്‌ ഗാന്ധി നാഷണല്‍ പാര്‍ക്ക്, നവേഗാവ് നാഷണല്‍ പാര്‍ക്ക് എന്നിവിടങ്ങളിലും വിവിധയിനം പാമ്പുകളെ കാണാം.

പാമ്പുകള്‍ പലയിനം

ഇന്ത്യയില്‍ 270 ലധികം തരം പാമ്പുകൾ ഉണ്ടെന്ന് കരുതപ്പെടുന്നു. ഇവയില്‍ 60 ഓളം ഇനങ്ങള്‍ക്ക് അപകടകരമായ വിഷമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും കൂടിയ വിഷമുള്ള പാമ്പുകളിൽ ഒന്നാണ് ഇന്ത്യയില്‍ കാണപ്പെടുന്ന രാജവെമ്പാല. മൂര്‍ഖന്‍, പെരുമ്പാമ്പ്‌, വെള്ളിക്കെട്ടൻ, ചേനത്തണ്ടൻ, കുഴിമണ്ഡലി, ചുരുട്ടമണ്ഡലി എന്നിവയും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന പാമ്പുകളാണ്.

വിഷമുള്ളതും ഇല്ലാത്തതുമായി അനേകമിനം പാമ്പുകള്‍ വിഹരിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. മുളമണ്ഡലി, ചേനത്തണ്ടൻ, ചുരുട്ടമണ്ഡലി, വെള്ളിക്കെട്ടന്‍, പവിഴപ്പാമ്പ്, മഞ്ഞവരയൻ, കരിമൂര്‍ഖന്‍ തുടങ്ങിയ ഉഗ്ര വിഷമുള്ള പാമ്പുകളെ ഇവിടത്തെ നാഷനല്‍ പാര്‍ക്കുകളില്‍ കാണാം.

പൂച്ചക്കണ്ണന്‍ എന്നറിയപ്പെടുന്ന വിഷമില്ലാ പാമ്പുകളുടെ വിവിധ ഇനങ്ങള്‍ സഞ്ജയ്‌ ഗാന്ധി നാഷനല്‍ പാര്‍ക്കിലുണ്ട്. പുണെ, സാംഗ്ലി, ചന്ദ്രാപ്പുര്‍, മുംബൈയിലെ ഉള്‍ഗ്രാമങ്ങള്‍ എന്നിവിടങ്ങളിലും ഇവ കാണപ്പെടുന്നു. മൂര്‍ച്ചയുള്ള പല്ലുകള്‍ ഉള്ള വരയൻ ചുരുട്ട, ചേര, പെരുമ്പാമ്പ്‌, ചെന്നായയുടേതു പോലെ മൂർച്ചയുള്ള പല്ലുകളുള്ള വെള്ളിവരയൻ പാമ്പ്, കുരുടി, വില്ലൂന്നി, മണ്ണൂലി തുടങ്ങിയ വിഷമില്ലാ പാമ്പുകളും മഹാരാഷ്ട്രയില്‍ സ്ഥിരമായി കാണപ്പെടുന്നവയാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com