ADVERTISEMENT

പണ്ടുപണ്ട്... പണ്ടേയ്ക്കും പണ്ട് ദിനോസറുകള്‍ ഈ ഭൂമിയാകെ അലഞ്ഞുതിരിഞ്ഞു നടന്നിരുന്നു എന്ന് നമുക്കറിയാം. ഈ ഭീമാകാര ജീവികളുടെ മുട്ടകള്‍ ഏറ്റവും കൂടുതല്‍ കിട്ടിയ സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ഇന്ത്യയിലെ ഒരു ഗ്രാമമാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?

ഗുജറാത്തിലെ റായ്യോലി ഗ്രാമത്തില്‍ നിന്ന് ഗവേഷകര്‍ക്ക് ലഭിച്ചത് ഒന്നും രണ്ടുമല്ല, 10000 ദിനോസര്‍ മുട്ടകളായിരുന്നു. ഏറ്റവും കൂടുതല്‍ ദിനോസര്‍ മുട്ടകള്‍ ലഭിക്കുന്ന ലോകത്തിലെ രണ്ടാമത്തെ സ്ഥലമാണിത്. ഏറ്റവും കൂടുതല്‍ ഫോസിലുകള്‍ ലഭിച്ച ലോകത്തിലെ മൂന്നാമത്തെ സ്ഥലമെന്ന ഖ്യാതിയും റായ്യോലിക്ക് തന്നെയാണ്. ഇതും അടുത്തുള്ള മറ്റു പ്രദേശങ്ങളും ദിനോസര്‍ പോലെയുള്ള ഭീമാകാര ജീവികളുടെ വിഹാരകേന്ദ്രങ്ങളായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. 

Dinosaur-Fossil-ParkRaioli
Image From Facebook page

ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയിലുള്ള ബാലസിനോര്‍ നഗരത്തിനു സമീപമാണ് റായ്യോലി ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ വര്‍ഷം ജൂണില്‍ ഇവിടെ ഔദ്യോഗികമായിത്തന്നെ ഇന്ത്യയിലെ ആദ്യ ദിനോസര്‍ മ്യൂസിയവും ഫോസില്‍ പാര്‍ക്കും പ്രവര്‍ത്തനമാരംഭിച്ചു. ദിനോസര്‍ യുഗത്തിലേക്ക് ഒന്ന് പോയി വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടം സന്ദര്‍ശിക്കാവുന്നതാണ്.

കാണാനുണ്ട്, ഒട്ടനവധി 

1980കളിലാണ് ഇവിടെ ഗവേഷകര്‍ ദിനോസറുകളുടെ ഫോസിലുകളും മറ്റും കണ്ടെത്താന്‍ തുടങ്ങുന്നത്. ഏകദേശം 65 മില്ല്യന്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ ജീവിച്ചിരുന്ന 13 തരം ദിനോസറുകളുടെ അവശിഷ്ടങ്ങള്‍ അവര്‍ക്ക് കണ്ടെടുക്കാനായി. ഇവയുടെ ഭീമാകാര പ്രതിമകളും സഞ്ചാരികള്‍ക്കായി ഇവിടെ പ്രദര്‍ശിപ്പിക്കുന്നു. ആകെ 40ഓളം തരത്തിലുള്ള ദിനോസറുകളുടെ പ്രതിമകള്‍ ഇവിടെയുണ്ട്.

Dinosaur-Fossil-ParkRaioli3
Image From Facebook page

മൊത്തം 25,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മ്യൂസിയത്തില്‍ 10 ഗ്യാലറികളാണുള്ളത്. ദിനോസറുകളെയും അവയുടെ ഫോസിലുകളെയും കുറിച്ചുള്ള വിവരങ്ങൾ അറിയാനാഗ്രഹിക്കുന്നവര്‍ക്ക് മാത്രമല്ല, കുട്ടികൾക്കു വേണ്ടി ഇവിടെ ഒരു ഡിനോ ഫൺ ഫോർ കിഡ്സ് ഏരിയയുമുണ്ട്. ദിനോസറുകളുടെ ആവാസവ്യവസ്ഥയുടെ കൃത്യമായ ഒരു പകര്‍പ്പ് ഇവിടെ കാണാം. 65 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുള്ള ദിനോസര്‍ യുഗത്തിലെത്തിയതു പോലെയുള്ള അനുഭവമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 

ഗുജറാത്ത് പ്രദേശത്ത് ഉണ്ടായിരുന്ന ദിനോസറുകളുടെ ചരിത്രം ആഴത്തില്‍ മനസിലാക്കാന്‍ ഇവിടം സന്ദര്‍ശിക്കുന്നത് സഹായകമാകും. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ വകയായി ടൈം മെഷീൻ, 5-ഡി തിയേറ്റർ, 3-ഡി ഫിലിം, മെസോസോയിക് യുഗത്തിന്‍റെ വിവരങ്ങളുടെ പ്രദര്‍ശനം, സുവനീർ ഷോപ്പ് തുടങ്ങിയവ ഉൾക്കൊള്ളുന്ന ഒരു ഇൻഫോർമാറ്റിക്സ് സെന്‍ററുമുണ്ട്. 

കുട്ടികള്‍ക്ക് 10 രൂപയും മുതിര്‍ന്നവര്‍ക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്. തിങ്കളാഴ്ചയൊഴികെ മറ്റെല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കും. രാവിലെ എട്ടു മുതല്‍ രാത്രി ആറു മണി വരെയാണ് സമയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com