ADVERTISEMENT

ഹിമാലയം ഒരു വലിയ സ്നേഹമാണ്, ആ സ്നേഹം ആവോളം അനുഭവിക്കണമെങ്കിൽ ഒരു യാത്ര അനിവാര്യമാണ്, ഒരു റോഡ് ട്രിപ്പ് ആണെങ്കിൽ ജീവിതത്തിൽ നേടുന്ന വലിയൊരു ഭാഗ്യമായിരിക്കും. റോഡ് യാത്ര മനസിൽ സൂക്ഷിച്ച് ജീവിതത്തിലെ ഏറ്റവും മികച്ച ഒരു റോഡ് യാത്രയ്ക്കായി  കാത്തിരിക്കുകയാണെങ്കിൽ, ഹിമാലയത്തിലെ കിന്നൗർ-സ്പിതി താഴ്‌വരകളിലേക്കുള്ള ഒരു ഡ്രൈവ്, ആസ്വദിക്കാം. ലഡാക്കിൽ നിന്ന് വളരെ വ്യത്യസ്‌തമായി തിരക്കൊഴിഞ്ഞ വഴിയായതിനാൽ ശാന്തവും അതിനേക്കാളേറെ മനോഹരവുമായൊരു യാത്രയാകും എന്നുറപ്പ്. ഈ യാത്രയിലുടനീളം പുരാതനമായ മൊണാസ്ട്രികളും മറ്റു അതിഗംഭിരമായ കാഴ്ച്ചാനുഭവങ്ങളാൽ സമ്പുഷ്ടമാണ്. നിങ്ങളിലെ ചരിത്രാന്വേഷിയെ തട്ടിയുണർത്താൻ  നിരവധി ഘടകങ്ങൾ കിന്നൗറിലുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ബുദ്ധ മൊണാസ്ട്രികൾ ആരേയും ആകർഷിക്കും വിധമാണ് താഴ്വരയിൽ പണിതിരിക്കുന്നത്.

ഹിന്ദുസ്ഥാൻ ടിബറ്റ് റോഡ്

ഹിന്ദുസ്ഥാൻ - ടിബറ്റ് റോഡിനെ ലോകത്തിലെ ഏറ്റവും അപകടകരവും എന്നാൽ സുരക്ഷിതവുമായ റോഡായിട്ടാണ് പ്രശംസിക്കുന്നത്. അത് തെറ്റല്ല എന്ന് ആ വഴി ഒന്ന് സഞ്ചരിച്ചാൽ മനസിലാകും. ഈ റോഡ് ട്രിപ്പിലെ ഏറ്റവും ഭീതിപ്പെടുത്തുന്നതും മനോഹരവുമായൊരു അനുഭവമാണിത്. പുറമെ, ഈ റോഡ്  അതിമനോഹരമായ ചില പ്രകൃതിദൃശ്യങ്ങളിലൂടെയും കടന്നുപോകുന്നു. ഹിമാലയത്തിലെ ഏറ്റവും സാന്ദ്രമായ വനപ്രദേശങ്ങളിലൂടെ ഈ വഴി നിങ്ങളെ ആഴത്തിൽ കൊണ്ടുപോകും. 

himalan-trip1

ലാങ്‌സയിലെ കടൽ ഫോസിലുകൾ

കിന്നൗറിൽ നിന്നും സ്പിതിയിലേക്കുള്ള യാത്രയിൽ ഒഴിവാക്കിയാലും കണ്ണിൽ നിന്ന് മായാത്തൊരു കാഴ്ച്ചയാണ് തലയുയർത്തി നിൽക്കുന്ന മലകൾക്ക് അഭിമുഖമായിട്ടിരിക്കുന്ന ബുദ്ധപ്രതിമയും അതുൾക്കൊള്ളുന്ന ലാംഗ്സ എന്ന ഗ്രാമവും. അതിമനോഹരവും മികച്ച ക്യാംപിങ് സ്ഥലവുമായ ഈ ഗ്രാമത്തെ സ്പിതിയുടെ ഫോസിൽ വില്ലേജ് എന്നാണ് വിളിക്കുന്നത്. അതിന് കാരണം ഇവിടെ കാണപ്പെടുന്ന കടൽ ഫോസിലുകളാണ്. ഒരു കാലത്ത് ടെതിസ് കടലിനടിയിൽ സ്പിതി വെള്ളത്തിൽ മുങ്ങിയിരുന്നുവെന്നും ലാങ്‌സ ഗ്രാമത്തിൽ ഈ സമുദ്ര ഫോസിലുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതായും വിശ്വസിക്കപ്പെടുന്നു. നാട്ടുകാർ ഈ ഫോസിലുകളെ ചൗധുവ എന്നാണ് വിളിക്കുന്നത്. കൂടാതെ, ചൗധുവ സെന്റർ എന്നറിയപ്പെടുന്ന ഒരു പ്രാദേശിക ഫോസിൽ കേന്ദ്രമുണ്ട്, അവിടെ നിങ്ങൾക്ക് ഫോസിലുകളുടെ ഒരു ശേഖരം കാണാനും സാധിക്കും. 200ൽ താഴെ മാത്രം നിവാസികളുള്ള ഈ ഗ്രാമത്തിൽ പ്രധാനമായും യാത്രികർക്കായി നിരവധി ഹോംസ്റ്റേകൾ ലഭ്യമാണ്.

ലോകത്തിലെ ഏറ്റവും ഉയർന്ന പോസ്റ്റോഫീസ് ഉള്ള ഗ്രാമമായ ഹിക്കിമും ഈ യാത്രയിലെ മറ്റൊരു മുഖ്യ ആകർഷണമാണ്‌. സമുദ്രനിരപ്പിൽ നിന്നും 4400 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹിക്കിം ഗ്രാമത്തിലെ പോസ്റ്റോഫീസാണ് ലോകത്തിലെ ഏറ്റവും ഉയർന്ന പോസ്റ്റ് ഓഫിസായി വിശ്വസിക്കപ്പെടുന്നത്.   നേപ്പാളിലെ എവറസ്റ്റ് ബേസ് ക്യാമ്പിലെ പോസ്റ്റോഫീസുമായി ഇതിന് ചില മത്സരങ്ങളുണ്ടെങ്കിലും, ഹിക്കിമിലേത് വർഷം മുഴുവനും പ്രവർത്തിക്കുന്ന ഒന്നാണെന്നത് ഇതിന്റെ മാറ്റ് കൂട്ടുന്നു. സംശയമുണ്ടെങ്കിൽ ഇവിടെയെത്തി ഒരു പോസ്റ്റ് കാർഡ് വാങ്ങി നാട്ടിലുള്ള പ്രിയപ്പെട്ടവർക്ക് അയച്ചു നോക്കൂ. മഴ, മഞ്ഞ്, കടുത്ത കാലാവസ്ഥ ഏതുമാകട്ടെ യാതൊരു തടസവും കൂടാതെ ആ പോസ്റ്റ് കാർഡ് എത്തേണ്ടിടത്ത് എത്തിയിരിക്കും. 

Chandratal-Lake

ചന്ദ്രന്റെ തടാകവും ജീവിക്കുന്ന മമ്മിയും

ഇതെന്താണ് സംഭവം എന്ന് ആലോചിച്ച് തല പുണ്ണാക്കേണ്ട, കിന്നൗർ- സ്പിതി വാലി റോഡ് ട്രിപ്പിനിടയിൽ നിങ്ങൾക്കായി പ്രകൃതി കരുതിവച്ചിരിക്കുന്ന രണ്ടത്ഭുതങ്ങളാവ. സ്പിതിയിലെ ഏറ്റവും ഉയരത്തിലുള്ള തടാകമാണ് ചന്ദ്രതാൽ അഥവാ ചന്ദ്ര തടാകം. അതിന്റെ ചന്ദ്രക്കലയുടെ രൂപം ആ പേരിന് കാരണമായി.  പച്ച-നീല നിറങ്ങളിലെ ജലം അതിമനോഹരമായ ഒരു കാഴ്ച നൽകുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തടാകത്തിന് അഞ്ച് കിലോമീറ്റർ അകലെയായുള്ള ബേസ് ക്യാമ്പിൽ നിന്ന് കാൽനടയായി നിങ്ങൾക്ക് ഇവിടെ എത്തിച്ചേരാം. രാത്രിയിൽ ഒരു ടെൻറടിച്ച് തടാകക്കരയിൽ കൂടുന്നതിൽപരം സ്വർഗ്ഗീയാനുഭൂതി ഉണ്ടാകില്ല.

മറ്റൊന്നാണ്  സ്പിതി റൂട്ടിലെ കൊച്ചു ഗ്രാമത്തിലെ 500 വർഷം പഴക്കമുള്ള മമ്മിയുടെ വാസസ്ഥലം. ഗ്രാമവാസികൾ ഇതിനെ മമ്മി ലാമ എന്നാണ് വിളിക്കുന്നത്. ഐതിഹ്യമനുസരിച്ച് പ്രദേശവാസികൾ കണ്ടെത്തുമ്പോൾ ഒരു ബുദ്ധ സന്യാസി ജപമാലയുമായി ഇരിപ്പിടത്തിൽ സമാധിയായി ഇരിക്കുകയായിരുന്നു. അതിശയിപ്പിക്കുന്ന വസ്തുത, ഈ മമ്മിക്ക് പുതിയ മുടിയും കൈവിരലുകളും ഉണ്ട് എന്നതാണ്, അതിനാൽ സന്യാസി ജീവിച്ചിരിക്കാമെന്നും ആഴത്തിലുള്ള ധ്യാനത്തിലാണെന്നും ഇവിടുള്ളവർ വിശ്വസിക്കുന്നു.

സ്പിതിയേക്കാൾ കൂടുതൽ കിന്നൗർ കഥകളുടെ നാടാണ്. ഇവിടുത്തെ ഗ്രാമങ്ങൾ നമ്മൾ കേൾക്കാത്ത നിരവധി കഥകളാൽ ചുറ്റപ്പെട്ടിരിക്കുന്നു, കഥകളേക്കാൾ ഏറെ നിങ്ങളുടെ കണ്ണുകളെ വിശ്വസിപ്പിക്കാൻ പാടുപെടും ആ നാടിന്റെ പച്ചപ്പ് അനുഭവിക്കുമ്പോൾ. ഇവിടുത്തെ താഴ്‌വരകളിലെ പച്ചനിറം നിങ്ങളെ അമ്പരപ്പിക്കും.

അമ്പരപ്പുകളുടേയും ആകാംഷഭരിതമായ കാഴ്ചാനുഭവങ്ങളുടേയും ഘോഷയാത്രയിൽ പങ്കാളിയാകാൻ എന്തിന് ഇനിയും അമാന്തിക്കുന്നു. പോകാം കിന്നൗർ- സ്പിതി താഴ്‌വരകളുടെ സൗന്ദര്യം നുകരാൻ ഒരു അടിപൊളി റോഡ് ട്രിപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com