ADVERTISEMENT

ബാഗും പാക്ക് ചെയ്ത് എങ്ങോട്ടാ? ഗോവയില്‍ പോയി അടിച്ചു പൊളിക്കാനാണോ പരിപാടി? എങ്കിലിതാ നിങ്ങള്‍ക്കായി ചില ടിപ്പുകള്‍! ഇത്തവണത്തെ ഗോവ ട്രിപ്പ്‌ അവിസ്മരണീയമാക്കാന്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞോളൂ!

എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

എപ്പോഴത്തെയും പോലെ തന്നെ ഐഡന്റിറ്റി കാര്‍ഡ് കയ്യില്‍ കരുതാന്‍ മറക്കല്ലേ. ഹോട്ടല്‍ ബുക്കിങ് മുതലായ ആവശ്യങ്ങള്‍ക്ക് ഇത് വേണ്ടി വരും. കയ്യില്‍ ഒരുപാട് കാശ് കരുതേണ്ടതില്ല. കാര്‍ഡ്, ഓണ്‍ലൈന്‍ വാലറ്റുകള്‍ തുടങ്ങിയവ ഇവിടെ മിക്കയിടത്തും ഉപയോഗിക്കാന്‍ സൗകര്യം ഉണ്ട്. നിരവധി ആളുകള്‍ വരുന്ന സ്ഥലം ആയതിനാല്‍ പണവും വിലപ്പെട്ട സാധനങ്ങളും മോഷണം പോവാനും സാധ്യതയുണ്ട്. ഹോട്ടല്‍ റൂമില്‍ പണമോ മറ്റു സാധനങ്ങളോ വച്ച് പോവുകയാണെങ്കില്‍ അത് നന്നായി പൂട്ടി എന്ന് ഉറപ്പു വരുത്തുക. അത്തരം സാധനങ്ങള്‍ പരമാവധി സുരക്ഷിതമായി കയ്യില്‍ കരുതുക. യാത്ര ചെയ്യുമ്പോള്‍ ആഭരണങ്ങളും മറ്റും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

ഹോട്ടല്‍ ബില്ലുകള്‍, ഭക്ഷണം കഴിച്ച ബില്ലുകള്‍ എന്നിവ എപ്പോഴും രണ്ടു തവണ പരിശോധിക്കുക. ഇവയില്‍ തെറ്റുകള്‍ വരാനും കൂടുതല്‍ തുക ഈടാക്കാനും സാധ്യതയുണ്ട്. കറന്‍സി മാറ്റം ചെയ്യണം എന്നുണ്ടെങ്കില്‍ ഒരിക്കലും സ്വകാര്യ എജന്റുകളെ ആശ്രയിക്കാതിരിക്കുക. ഇതിനായി അംഗീകൃത മണി എക്സ്ചേഞ്ച് സെന്‍ററുകളില്‍ മാത്രം പോവുക.

ഫോട്ടോയെടുക്കുമ്പോള്‍ ഇവ മറക്കല്ലേ

മ്യൂസിയം പോലെ ഫോട്ടോഗ്രഫി നിഷിദ്ധമായ സ്ഥലങ്ങള്‍ ധാരാളമുണ്ട്. അതുകൊണ്ട് ഓരോ സ്ഥലങ്ങളിലും പോകുമ്പോള്‍ ഫോട്ടോയെടുക്കാന്‍ പാടില്ല എന്ന ബോര്‍ഡ് വച്ചിട്ടുണ്ടോ എന്ന് നോക്കണം.

ആളുകളുടെ ഫോട്ടോ എടുക്കണം എന്നുണ്ടെങ്കില്‍ അവരോട് അനുവാദം ചോദിക്കുക. മര്യാദയോടെ ചോദിച്ചാല്‍ ആരും വേണ്ടെന്നു പറയാന്‍ പോകുന്നില്ല!

പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പോകുമ്പോള്‍ ബോര്‍ഡുകള്‍ ഫോട്ടോയെടുത്ത് വയ്ക്കുന്നത് നല്ലതായിരിക്കും. പിന്നീട് അവ മറക്കാതിരിക്കാന്‍ ഇത് സഹായിക്കും.

ഫ്ലാഷ് ഉപയോഗിക്കാന്‍ പാടില്ല എന്ന് ബോര്‍ഡ് വച്ച സ്ഥലം ആണെങ്കില്‍ അത് പാലിക്കുക. ക്യാമറയുടെ ബാറ്ററി എന്നും ചാര്‍ജ് ചെയ്യാനും മറക്കരുത്.

സംസ്കാരത്തെ ബഹുമാനിക്കുക 

ഗോവന്‍ സംസ്കാരത്തെയും അവിടുത്തെ ആളുകളുടെ ആചാരങ്ങളെയും മാനിച്ചു വേണം യാത്ര. ആരാധനാലയങ്ങളില്‍ കയറുമ്പോള്‍ ചെരിപ്പുകള്‍ ഊരി വയ്ക്കുക. ഫോണ്‍ സ്വിച്ചോഫ്‌ ചെയ്യുകയോ സൈലന്റ് ആക്കുകയോ ചെയ്യുക. ഓരോ സ്ഥലത്തിനും അനുസരിച്ച വസ്ത്രധാരണം ചെയ്യാന്‍ മറക്കരുത്. സംസ്കാരങ്ങള്‍ ഉള്‍ക്കൊള്ളണം എന്നില്ല, പക്ഷേ അവയെ പരമാവധി ബഹുമാനത്തോടെ മാത്രം സമീപിക്കുക.

ഭക്ഷണം കഴിക്കുമ്പോള്‍ 

ഇന്ത്യയില്‍ എവിടെ യാത്ര ചെയ്താലും ഏത് ചെറിയ തെരുവിലും രുചികരമായ ഭക്ഷണം ലഭിക്കും. യാത്ര ചെയ്യുമ്പോള്‍ വഴിയോരങ്ങളില്‍ നിന്നുള്ള ഇത്തരം ഭക്ഷണങ്ങളും മസാല കൂടുതല്‍ അടങ്ങിയ ഭക്ഷണവും ഒഴിവാക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ചിലപ്പോള്‍ വയറിനു മികച്ച പണി കിട്ടാന്‍ സാധ്യത കൂടുതലാണ്!

ഗോവയില്‍ വെറും ഇന്ത്യന്‍ ഭക്ഷണം മാത്രമല്ല, കോണ്ടിനന്റല്‍, തായ്, മെക്സിക്കന്‍, ടിബറ്റന്‍, ചൈനീസ്, പോര്‍ച്ചുഗീസ് തുടങ്ങിയവയും ഇവിടെ ലഭിക്കും. വൃത്തിയുള്ള ഭക്ഷണശാലകളില്‍ കയറി ഇവ രുചിക്കാന്‍ മറക്കരുത്. നല്ല ഫ്രഷ്‌ മത്സ്യഭക്ഷണവും ഇവിടെ ലഭിക്കും. മീന്‍ കൊതിയന്മാര്‍ക്ക് വയറു നിറയെ കഴിക്കാനുള്ള അവസരമാണ്! സീല്‍ ചെയ്ത് കിട്ടുന്ന വെള്ളം മാത്രം കുടിക്കുക. വെറ്റ് ടിഷ്യു പേപ്പറുകള്‍, സാനിട്ടൈസറുകള്‍ എന്നിവ കയ്യില്‍ കരുതുക. 

വാഹനം വാടകയ്ക്കെടുക്കുമ്പോള്‍ 

കാര്‍, ബൈക്ക് മുതലായവ വാടകയ്ക്കെടുത്ത് നാടു ചുറ്റാനാണ് പ്ലാനെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ മറക്കരുത്. ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കുക. മദ്യപിച്ചു വാഹനം ഒരിക്കലും ഓടിക്കാതിരിക്കുക.

ഷോപ്പിങ്ങിനു പോകുമ്പോള്‍

കരകൌശല വസ്തുക്കള്‍, ജുവലറി, കശുവണ്ടി, സുഗന്ധവ്യഞ്ജനങ്ങള്‍, മദ്യം തുടങ്ങി ഗോവയുടെ തനതായ നിരവധി ഉല്‍പ്പന്നങ്ങള്‍ ഇവിടെ വാങ്ങിക്കാന്‍ കിട്ടും. നന്നായി വില പേശി മാത്രം സാധനങ്ങള്‍ വാങ്ങിക്കുക. 

ഒറ്റയ്ക്കു സഞ്ചരിക്കുന്ന സ്ത്രീകള്‍ അറിയാന്‍

അപരിചിതരായ ആളുകളില്‍ നിന്നും ഭക്ഷണവസ്തുക്കള്‍ വാങ്ങി കഴിക്കരുത്. സ്ട്രീറ്റ് മാപ്പ്, ഗൈഡ് മുതലായവ കയ്യില്‍ കരുതുക. അപരിചിതരുടെ കൂടെ യാത്ര ചെയ്യാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക. എമര്‍ജന്‍സി നമ്പരുകള്‍ കയ്യില്‍ കരുതുകയും എവിടെയാണ് ഉള്ളതെന്ന വിവരങ്ങള്‍ സുഹൃത്തുക്കളെയോ അടുത്ത കുടുംബാങ്ങളെയോ അറിയിക്കുകയും ചെയ്യുക. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ ശല്യപ്പെടുത്താന്‍ ആരെങ്കിലും വരികയാണെങ്കില്‍ ബഹളം വയ്ക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com