ADVERTISEMENT

മലയാളികള്‍ക്ക് അത്ര പരിചിതയല്ല ദീന ഉപ്പല്‍ എന്ന ഈ വിദേശ സുന്ദരി. 2012ല്‍ മിസ്‌ ഇന്ത്യ യുകെ മത്സരത്തില്‍ സൗന്ദര്യപ്പട്ടം നേടിയതോടെയാണ് ദീന ശ്രദ്ധേയയായിത്തുടങ്ങിയത്. മോഡലിങ് മാത്രമല്ല, അഭിനയവും ബിസിനസും സംവിധാനവും നിര്‍മാണവും എല്ലാം ഒരുമിച്ച് കൈകാര്യം ചെയ്യുന്ന യഥാര്‍ഥ 'ബ്യൂട്ടി വിത്ത് എ ബ്രെയിന്‍' ആണ് മുപ്പതുകാരിയായ ദീന. നിരന്തരം യാത്രകള്‍ ചെയ്യുന്ന ദീനയുടെ അഴകൊഴുകുന്ന യാത്രാ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അവര്‍ എപ്പോഴും പങ്കുവയ്ക്കാറുണ്ട്. ഏറ്റവും അടുത്തായി ദീന എത്തിയത് ഉത്തരാഖണ്ഡിലെ പുണ്യനഗരമായ ഋഷികേശിലായിരുന്നു. ഹിമാലയത്തിന്‍റെ പ്രവേശന കവാടമെന്നറിയപ്പെടുന്ന ഋഷികേശില്‍, പുണ്യനദിയായ ഗംഗയില്‍ മുങ്ങി നിവരുന്ന മനോഹര ചിത്രമാണ് ദീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

ഗംഗാനദിയിലേക്ക് തയാറെടുപ്പുകള്‍ ഒന്നും കൂടാതെയുള്ള യാത്രയായിരുന്നു തന്റേതെന്ന് ദീന പറയുന്നു. കാഴ്ച ആസ്വദിക്കുവാനും  അനുഭവിക്കാനും സാധിച്ചതില്‍ അതീവ സന്തോഷമുണ്ട്. തെളിഞ്ഞ ജലവും ചെറിയ കരകളുമുള്ള ഈ ഭാഗങ്ങള്‍ സ്വകാര്യത കാത്തു സൂക്ഷിക്കുന്ന മനോഹരമായ പ്രദേശമാണ്. ഇന്നു വരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സുന്ദരമായ ഇടങ്ങളില്‍ ഒന്നുമാണ്. സാഹസിക വിനോദങ്ങള്‍, റിലാക്സ് ചെയ്യല്‍, ആത്മീയകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ഇവിടെ ചെയ്യാമെന്നും ദീന കുറിക്കുന്നു.

ഇന്ത്യയിലെ തന്നെ മറ്റൊരു പുണ്യനഗരമായ ഹരിദ്വാറിൽ നിന്നും 25 കിലോമീറ്റര്‍ അകലെയായാണ് ഋഷികേശ് സ്ഥിതി ചെയ്യുന്നത്. ബദരിനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ പൂണ്യസ്ഥലങ്ങളിലേക്കുള്ള യാത്ര ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ഗംഗ  ഉത്ഭവസ്ഥാനത്ത് നിന്നും 250 കിലോമീറ്ററിലധികം ദൂരം താഴേക്കൊഴുകി ഉത്തരസമതലത്തിൽ പ്രവേശിക്കുന്നത് ഇവിടെയാണ്‌. ട്രെക്കിങ്, ക്യാമ്പിങ്ങ് തുടങ്ങിയവ ഇഷ്ടപ്പെടുന്നവര്‍ക്ക് ഋഷികേശ് യാത്ര ഒരിക്കലും മറക്കാനാവില്ല. വാലി ഓഫ് ഫ്ലവേഴ്‌സ്, കൗരി പാസ് തുടങ്ങിയവയിലേക്കുള്ള ട്രെക്കിങ് ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. കന്യാപുരി, നീല്‍കന്ത് മഹാദേവ്, ജില്‍മില്‍ ഗുഹ തുടങ്ങിയവയും ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. ചുറ്റും പരന്നുകിടക്കുന്ന ശിവാലിക് മലനിരകളുടെ ദൃശ്യാനുഭവവും അത്യന്തം മനോഹരം.

Haridwar--Rishikesh-Trip4

കൗഡില്യ മുതല്‍ ഋഷികേശ് വരെയുള്ള പ്രദേശങ്ങളില്‍ വൈറ്റ് വാട്ടര്‍ റാഫ്റ്റിങ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഋഷികേശിന്റെ വടക്കന്‍ മേഖലകളിലും നദീതടങ്ങളുടെ അടുത്തുള്ള പ്രദേശങ്ങളിലും കുത്തനെയുള്ള പാറകളില്‍ കയറില്‍ തൂങ്ങിയിറങ്ങുന്ന റാപ്പെല്ലിങ് എന്ന സാഹസിക വിനോദവുമുണ്ട്. കൂടാതെ ഗംഗാനദിയുടെ പോഷകനദിയായ ഹൈയുള്‍ നദിക്കു മുകളിലെ പാറക്കൂട്ടങ്ങള്‍ക്കു മുകളിലേക്ക് ചാടുന്ന ബംഗീ ജമ്പിംഗ് ആസ്വദിക്കാന്‍ മോഹന്‍ ഛട്ടിയിലേക്ക് പോകാം. ഏഷ്യയിലെ തന്നെ ഏറ്റവും നീളമേറിയ സാഹസിക ഫോക്‌സ് ലൈനായ ഫ്‌ളൈയിങ് ഫോക്‌സ് ലൈനും ഇവിടെയാണുള്ളത്.

rishikesh

മാര്‍ച്ച് മുതല്‍ മേയ് ആദ്യവാരം വരെയും സെപ്റ്റംബര്‍ മുതല്‍ നവംബര്‍ പകുതി വരെയുമുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയം. ഡെറാഡൂണിലാണ് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ഋഷികേശ് റെയില്‍വേ സ്റ്റേഷന്‍ ആണ് ട്രെയിനില്‍ വരുന്നവര്‍ ഇറങ്ങേണ്ട സ്ഥലം. ഇത് കൂടാതെ ഡല്‍ഹിയില്‍ നിന്നും സ്വകാര്യ വാഹനങ്ങള്‍ വാടകക്കെടുത്തോ ബസിനോ വരാനും സാധിക്കും. ഇതിനായി 6-7 മണിക്കൂര്‍ സമയം മാത്രമേ എടുക്കൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com