sections
MORE

നിലാവുള്ള രാത്രിയില്‍ രത്‌നതരികൾ പോലെ തിളങ്ങും; ഇത് വെളുത്ത മരുഭൂമി

Trip-To-Rann-Of-Kutch
SHARE

കണ്ണെത്താത്ത ദൂരത്തോളം വെളുത്ത നിറത്തില്‍ മഞ്ഞിന്‍ തരികള്‍ പോലെ പരന്നു കിടക്കുന്ന ഉപ്പ്. വെള്ളം വറ്റിയാലും ഉപ്പ് അവിടെത്തന്നെ കാണും. നിലാവുള്ള രാത്രികളില്‍ ഉപ്പു പരലുകളില്‍ പ്രകാശം തട്ടി മണ്ണില്‍ വീണ് കിടക്കുന്ന രത്നത്തരികളെപ്പോലെ അവ തിളങ്ങും. തെക്കുഭാഗത്ത് കച്ച് ഉൾക്കടലും പടിഞ്ഞാറ് അറബിക്കടലും അതിരിടുന്ന കച്ചിലെ ഗ്രേറ്റ് റാന്‍ ഓഫ് കച്ച് എന്ന ഈ മരുപ്രദേശം ഗുജറാത്ത് സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും പോയിരിക്കേണ്ട ഇടമാണ്. ഗുജറാത്തിന്‍റെ വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ ജില്ലയായ കച്ചിലാണ് ഇത് ഉള്ളത്.

'റാന്‍' എന്നാല്‍ ഹിന്ദിയില്‍ മരുഭൂമി എന്നാണ് അര്‍ത്ഥം. 'ഐറിന' എന്ന സംസ്കൃത പദത്തില്‍ നിന്നാണ് ഇതിന്‍റെ ഉത്ഭവം. ഇവിടെ ജീവിക്കുന്ന ആളുകളെ 'കച്ചി' എന്ന് വിളിക്കുന്നു. മരുപ്രദേശമായതിനാല്‍ അത്ര സുന്ദരമായ കാലാവസ്ഥയാണ് ഇവിടെ എന്ന് പറയാനാവില്ല. ഇന്ത്യയില്‍ ഏറ്റവും അസഹനീയമായ കാലാവസ്ഥയുള്ള ഇടങ്ങളില്‍ ഒന്നാണ് താനും. വേനല്‍ക്കാലത്ത് ഇവിടെ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. മഞ്ഞുകാലത്താവട്ടെ, പൂജ്യം ഡിഗ്രിയില്‍ താഴെ വരെയും താപനില താഴാറുണ്ട്. സമുദ്രനിരപ്പില്‍ നിന്നും വെറും 49 അടി മാത്രം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മരുഭൂപ്രദേശം മഴക്കാലത്ത് വെള്ളത്തില്‍ മുങ്ങിപ്പോകും. ചൂടുകാലമാകുമ്പോള്‍ വീണ്ടും വരണ്ടുണങ്ങും.

മരുഭൂമിയുടെ ആഘോഷം 

മരുഭൂമിയാണെങ്കിലും ഇവിടുത്തെ ജൈവവൈവിധ്യം ആകര്‍ഷണീയമാണ്. ഇന്ത്യന്‍ കാട്ടുകഴുത, ഫ്ലമിംഗോ മുതലായ പക്ഷിമൃഗാദികളെ ഇവിടെ കാണാം. ഇന്ത്യന്‍ വൈല്‍ഡ് ആസ് സാങ്ങ്ച്വറി, കച്ച് ഡിസര്‍ട്ട് വൈല്‍ഡ് സാങ്ങ്ച്വറി മുതലായവയുടെ ഭാഗം കൂടിയാണ് റാന്‍ ഓഫ് കച്ച്. വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഒപ്പിയെടുക്കാനായി ഒരുപാടു ദൃശ്യങ്ങള്‍ ലഭിക്കും. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാല്‍ സേനയുടെ നിരീക്ഷണത്തിലാണ് ഈ പ്രദേശം. അതിനാല്‍ യാത്ര പോകുമ്പോള്‍ കൃത്യമായ ഐഡി പ്രൂഫുകള്‍ കയ്യില്‍ കരുതുക.

Great-Rann-of-Kutch2

എല്ലാ വര്‍ഷവും ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ഇവിടെ 'റാന്‍ ഉത്സവ്' എന്ന പേരില്‍ ഗുജറാത്ത് സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ പരിപാടി നടക്കാറുണ്ട്. ലോകത്തെമ്പാടുമുള്ള സഞ്ചാരികള്‍ ഈ സമയത്ത് ഇവിടെയെത്തുന്നു. തദ്ദേശീയരുടെ പ്രധാന വരുമാന മാര്‍ഗ്ഗം കൂടിയാണ് ഈ ഫെസ്റ്റിവല്‍. കച്ചിന്‍റെ അതിഥിയായി ഈ സമയത്ത് മരുഭൂമിയില്‍ ടെന്റ് കെട്ടി പാര്‍ക്കാം. ഗ്രാമങ്ങളിലെ മണ്‍വീടുകളിലും താമസ സൗകര്യം ലഭിക്കും. ഗുജറാത്തി ചാട്ട് വിഭവങ്ങള്‍, താലികള്‍, ചെറുകടികള്‍ തുടങ്ങി രുചികരമായ തനത് കച്ച് വിഭവങ്ങള്‍ ആസ്വദിക്കാം. വസ്ത്രങ്ങള്‍, ബാഗുകള്‍, ചെരിപ്പുകള്‍, പാവകള്‍ ഗുജറാത്തി കരകൌശലവസ്തുക്കള്‍ തുടങ്ങിയവ വാങ്ങിക്കാം. പോകും എന്ന് ഉറപ്പിച്ചാല്‍ താമസ സൗകര്യം മുന്നേ കൂട്ടി ബുക്ക് ചെയ്യുന്നതാണ് നല്ലത്. സീസണ്‍ ആകുമ്പോള്‍ നിരക്കുകള്‍ കുത്തനെ കൂടാന്‍ സാധ്യതയുള്ളതിനാലാണ് ഇത്. 

കച്ച് സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയമാണ് ഈ ഉത്സവ സീസണ്‍. ഒരുപാട് തിരക്കില്ലാത്ത സമയം നോക്കി പോവേണ്ടവര്‍ക്ക് നവംബര്‍ അല്ലെങ്കില്‍ മാര്‍ച്ച് മാസത്തില്‍ പോകാം.  പണ്ടത്തെ തുറമുഖ നഗരമായ ലാഖ്പാട്ട്, കച്ച് മ്യൂസിയം, ബുജിയോ ഹില്‍, ഗ്രേറ്റ് റാന്‍ ഓഫ് കച്ച്, സിയോട്ട് ഗുഹകള്‍, നാരായണ്‍ സരോവര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി, കച്ച് ബസ്റ്റാര്‍ഡ് സാങ്ച്വറി തുടങ്ങിയ സ്ഥലങ്ങളും കച്ചില്‍ എത്തുന്നവര്‍ സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളാണ്.

Great-Rann-of-Kutch1

എങ്ങനെ എത്താം?

ഭുജിലാണ് കച്ചിലെ ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷനും എയര്‍പോര്‍ട്ടും സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 102 കിലോമീറ്റര്‍ അകലെയാണ് കച്ച്. ഭുജില്‍ നിന്നും അഹമ്മദാബാദില്‍ നിന്നും റാനിലേക്ക് ബസ് ലഭിക്കും. വാടകയ്ക്ക് വാഹനങ്ങള്‍ ലഭിക്കാനുള്ള സൗകര്യവും ഉണ്ട്.

English Summery : Great Rann of Kutch

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA