ADVERTISEMENT

അധികം ചെലവേറിയ ഒരു ടൂറിസ്റ്റ് കേന്ദ്രമല്ല ഗോവ. എന്നാല്‍ അല്‍പ്പം കാശിറക്കിയാല്‍ സാധാരണ ഉള്ളതിനേക്കാള്‍ അല്‍പ്പം വ്യത്യസ്തമായ മികച്ച അനുഭവങ്ങളുമുണ്ട് ഇവിടെ ആസ്വദിക്കാന്‍! കടല്‍പ്പരപ്പിന് മുകളിലൂടെ ഒഴുകി നീങ്ങുന്ന ഒരു മായികപ്രപഞ്ചത്തിനുള്ളില്‍ അല്‍പ്പനേരം ചെലവഴിക്കാന്‍ ആഗ്രഹമുണ്ടോ? അതേ എന്നാണ് ഉത്തരമെങ്കില്‍ ഗോവയിലേക്ക് ഈ ആഡംബരക്കപ്പലിൽ യാത്ര തിരിക്കാം. മികച്ച താമസ സൗകര്യങ്ങളും രുചികരമായ ഭക്ഷണവും ലക്ഷ്വറി സൗകര്യങ്ങളുമായി കടലിന് മീതെ കപ്പലില്‍ അടിച്ചു പൊളിക്കാം! പോകുന്ന വഴിയില്‍ കാണാനുള്ള സ്ഥലങ്ങളില്‍ ഇറങ്ങി കാഴ്ചകള്‍ കാണുകയുമാവാം.

മുംബൈയിലെ വിക്ടോറിയ ഡോക്സ് മുതല്‍ ഗോവയിലെ മെയിന്‍ ലാന്‍ഡ് സാഡ ഹാര്‍ബര്‍ വരെയാണ് ഈ ആഡംബരക്കപ്പലില്‍ ഇപ്പോള്‍ യാത്ര ചെയ്യാനാവുക. ഏഴു ഡെക്കുകളും 131 മീറ്റര്‍ നീളവുമുള്ള ഈ ആഡംബരക്കപ്പല്‍ ജപ്പാനിലാണ് നിര്‍മിച്ചത്.  കപ്പലിനുള്ളില്‍ നിന്ന് കാണുന്ന സൂര്യാസ്തമയം അവിസ്മരണീയമായ കാഴ്ചയാണ്.

angriyacruises1

ഭക്ഷണത്തെക്കുറിച്ച് വേവലാതി വേണ്ടേ വേണ്ട. ഇന്ത്യന്‍ ഭക്ഷണങ്ങള്‍ക്ക് പുറമേ കോണ്ടിനന്റല്‍, ഇറ്റാലിയന്‍, ചൈനീസ് വിഭവങ്ങളും ഇവിടെ ലഭ്യമാണ്. അങ്കോര, കോറല്‍ റീഫ്, സീ ബ്രീസ് എന്നിങ്ങനെ മൂന്നു റസ്റ്റോറന്റുകള്‍ കപ്പലിനകത്തുണ്ട്. കാബിനുകള്‍ക്കുള്ളില്‍ പോയി ഭക്ഷണം കഴിക്കാന്‍ പാടില്ല എന്ന് നിഷ്കര്‍ഷയുണ്ട്. അല്‍പ്പം ലഹരി വേണം എന്നുള്ളവര്‍ക്കായി ബാറുകളുമുണ്ട്. സ്വിമ്മിംഗ് പൂള്‍, സ്പാ,  ലൈബ്രറി, നൈറ്റ് ക്ലബ് മുതലായവയും ഇതിനകത്തുണ്ട്.

രാത്രി പകലിനേക്കാള്‍ രസകരമാണ് ഈ കപ്പലിനുള്ളില്‍. കൂട്ടുകാരോടൊപ്പമോ കുടുംബവുമായോ എത്തിയാൽ  ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് ഇൗ കപ്പൽയാത്ര സമ്മാനിക്കുന്നത് ഒരു ഗ്ലാസില്‍ അല്‍പ്പം വൈന്‍ നുണഞ്ഞ്  തിളങ്ങുന്ന കടല്‍പ്പരപ്പും നോക്കി ശാന്തമായി ഡെക്കില്‍ നില്‍ക്കാം. ഇടയ്ക്കിടെ കടല്‍പ്പരപ്പില്‍ തുള്ളിച്ചാടി വരുന്ന ഡോള്‍ഫിന്‍ കൂട്ടങ്ങളെയും ഭാഗ്യമുണ്ടെങ്കില്‍ കാണാം.

ആന്‍ഗ്രിയ എന്ന കമ്പനിയാണ് ഇന്ത്യയില്‍ ആദ്യമായി ലക്ഷ്വറി കപ്പല്‍ യാത്ര ഒരുക്കുന്നത്. ലഭിക്കുന്ന സൗകര്യങ്ങള്‍ അനുസരിച്ച് 6300 രൂപ മുതല്‍ 10,130 രൂപ വരെയാണ് നിരക്കുകള്‍. കപ്പിള്‍ റൂം, ഫാമിലി റൂം, ബഡ്ഡി റൂം, ലക്ഷ്വറി പോഡ്സ് ആന്‍ഡ് ഗ്രൂപ്സ് എന്നിങ്ങനെ നാലു തരത്തിലുള്ള താമസസൗകര്യങ്ങള്‍ ഇതിനകത്ത് ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ അറിയാന്‍: https://angriyacruises.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com