sections
MORE

മാരുതി ഇഗ്നിസിൽ ജോർജിന്റെയും തളിരിന്റെയും ഭാരതപര്യടനം‌

george-thalir-travel3
SHARE

കോട്ടയം സ്വദേശികളായ ജോർജ് മാത്യുവും ഭാര്യ തളിർ ജോർജും നീണ്ട യാത്രയിലാണിപ്പോൾ. സെപ്റ്റംബറിൽ ആരംഭിച്ച യാത്ര ഡിസംബറിൽ ക്രിസ്മസ് ആഘോഷങ്ങളാകുമ്പോൾ പൂർത്തിയാക്കി മടങ്ങി വരാനാണ് ഇരുവരുടെയും പദ്ധതി. ഇതിലെന്താണിത്ര കാര്യമെന്നായിരിക്കും ചിന്തിക്കുന്നത്.

george-thalir-travel

കഴിഞ്ഞ 27 വർഷമായി കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ ട്രാവൽ ഏജൻസി നടത്തുകയാണ് ജോർജ് മാത്യു. ഈ കാലത്തിനിടയിൽ പല നാടുകളും കാഴ്ചകളും കാണാൻ അനേകായിരം പേർക്കു വഴിയൊരുക്കിക്കൊടുത്ത ജോർജും അത്യാവശ്യം യാത്രകൾ നടത്താറുണ്ട്. അങ്ങനെയിരിക്കെയാണ് ഈ വർഷം സെപ്റ്റംബറിൽ ജോർജിന്റെയും തളിരിന്റെയും 25-ാം വിവാഹ വാർഷികം വന്നെത്തിയത്. അന്ന് അവർ ഒരു തീരുമാനമെടുത്തു– ഒരു ഭാരത ദർശന യാത്ര. പച്ച മലയാളത്തിൽ പറഞ്ഞാൽ, ഇന്ത്യ മുഴുവനും ഒന്നു കറങ്ങി വരാം. അങ്ങനെ ഏജൻസിയും പ്രവർത്തനങ്ങളും മകൻ മാത്യൂസിനെ ഏൽപ്പിച്ച് യാത്രയ്ക്കുള്ള തയാറെടുപ്പുകൾ ആരംഭിച്ചു.

george-thalir-travel5

എങ്ങനെ യാത്ര പോകണം എന്ന കാര്യത്തിലും രണ്ടാമതൊരാലോചന രണ്ടു പേർക്കും ഇല്ലായിരുന്നു – സ്വന്തം വാഹനത്തിൽ തന്നെ. വിമാനത്തിലും ട്രെയിനിലുമൊക്കെ പോകുമ്പോൾ കാണാനും അനുഭവിക്കാനും സാധിക്കാത്ത പലതും ഒരു റോഡ് ട്രിപ്പ് കൊണ്ട് സാധ്യമാക്കാം. അങ്ങനെ സെപ്റ്റംബർ 25 ന് കോട്ടയം അതിരമ്പുഴയിൽനിന്നു ജോർജിന‌െയും തളിരിനെയും കൊണ്ട് മാരുതി ഇഗ്നീസ് പ്രയാണം തുടങ്ങി. 

george-thalir-travel4

ഇന്ത്യയുടെ ഭൂപടം നോക്കിയാൽ ഇവർ പോകുന്ന റൂട്ട് നമുക്കു കാണാം, അതായത്, ഇങ്ങേയറ്റം കേരളത്തിൽനിന്നു വിട്ട് തമിഴ്നാട്ടിൽ പ്രവേശിച്ച കാർ മധുര വഴി രാമേശ്വരവും ധനുഷ് കോടിയും താണ്ടി വീണ്ടും മധുരയിൽ തിരിച്ചെത്തി. അവിടെനിന്ന് വീണ്ടും കുംഭകോണം, പിന്നെ ചെന്നൈ. ചെന്നൈയിൽ നിന്ന് ആന്ധ്രപ്രദേശിലേക്കു പ്രവേശിക്കുന്നു. ആന്ധ്രയിൽനിന്നു നേരെ പോയത് കൊൽക്കത്തയിലേക്ക്. ഇവരുടെ യാത്ര വെറുതെ കാറോടിച്ച് പോക്കല്ല. പോകും വഴികളിലെ അറിയാ ഇടങ്ങളും നാട്ടുവിശേഷങ്ങളുമെല്ലാം കണ്ടും ആസ്വദിച്ചുമാണ് പോകുന്നത്. ഒരു സ്ഥലം ഇഷ്ടപ്പെട്ടാൽ അവിടെ സമയം ചെലവഴിച്ചു തന്നെയാണ് യാത്ര. സ്വന്തം വാഹനത്തിലായതിനാൽ ഇഷ്ടംപോലെ സമയമെടുക്കാം.

george-thalir-travel2

ഓരോ ദിവസത്തെയും യാത്ര വൈകിട്ട് 5 നു മുമ്പ് അവസാനിപ്പിക്കും. രാത്രിയിൽ വാഹനമോടിക്കുന്നതിനോട് ജോർജിനും തളിരിനും എതിർപ്പാണ്. നമ്മുടെ നാട്ടിൽ ഓടിക്കുന്നതു പോലെയല്ല, മറ്റു സംസ്ഥാനങ്ങളിലേക്കു കടക്കുമ്പോൾ. പല വഴികളും പരിചിതമല്ലാത്തതും സുരക്ഷിതമാണോ എന്നറിയാത്തതും കാരണം രാത്രിയാത്ര ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഇവർ.

george-thalir-travel1

എവിടെയാണോ എത്തുന്നത് അവിടെ താമസിച്ച് രാവിലെ യാത്ര ആരംഭിക്കും. കാർ രണ്ടു പേരും മാറി മാറി ഓടിക്കുന്നതിനാൽ ക്ഷീണം അറിയില്ല. ഈ നാടുകളിലൊക്കെ വളരെ സഹകരണത്തോടെയാണ് ആളുകൾ തങ്ങളെ സ്വീകരിച്ചതെന്നും എവിടെ നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും ഫോൺ ചെയ്യുമ്പോൾ ജോർജ്‌ പറയാറുണ്ടെന്ന് മകൻ മാത്യൂസ് പറയുന്നു. യാത്രാപ്രേമികളായ അച്ഛനും അമ്മയ്ക്കും കട്ട സപ്പോർട്ട് ആണ് രണ്ട് ആൺമക്കളും നൽകുന്നത്.

അരുണാചൽ പ്രദേശിലും മണിപ്പുരിലും പെർമിറ്റ് സംബന്ധമായി ഒരൽപം ബുദ്ധിമുട്ട് നേരിട്ടതൊഴിച്ചാൽ ഇതുവരെയുള്ള യാത്ര സുഗമമായിരുന്നു. നോർത്ത് ഈസ്റ്റ് മുഴുവൻ കറങ്ങിയ അവർ ഭൂട്ടാനിലേക്കും വണ്ടിയോടിച്ചു. അവിടെ വരെ ചെന്നിട്ട് ഭൂട്ടാൻ കാണാതെ എങ്ങനെ മടങ്ങുമെന്നായിരുന്നു നാട്ടിൽനിന്നു മക്കൾ വിളിച്ചപ്പോൾ ജോർജ്‌ പറഞ്ഞത്. 5 ദിവസം കൊണ്ടാണ് ഭൂട്ടാനെ കണ്ടത്. ഏറ്റവും മനോഹരമായ നാടാണ് ഭൂട്ടാനെന്ന് തളിരും പറയുന്നു. തണുപ്പിന്റെ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഈ യാത്രയിൽനിന്ന് ഹിമാലയം ഒഴിവാക്കിയിരിക്കുകയാണ്. എങ്കിലും പറ്റുന്നത്ര പോകാനും ഇരുവർക്കും മടിയില്ല. കേരള റജിസ്ട്രേഷൻ വാഹനം കാണുമ്പോൾ പ്രത്യേക പരിഗണനയും സ്നേഹവുമായിരുന്നു എല്ലായിടത്തു നിന്നും കിട്ടിയതെന്നും ഈ യാത്രികർ. 

george-thalir-travel6

ഇന്ത്യ– ചൈന ബോർഡർ വഴി നേപ്പാളും കൂടി കണ്ടായിരിക്കും ഈ ഗംഭീര യാത്രയുടെ മടക്കം. മടക്കത്തിൽ ബാക്കിയുള്ള എല്ലാ സംസ്ഥാനങ്ങളും കണ്ടു ഡിസംബറിൽ ജോർജിന്റെയും തളിരിന്റെയും ഇഗ്നിസ് വീട്ടുമുറ്റത്ത് ബ്രേക്കിടും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA