ADVERTISEMENT

ഭൂമിയുറങ്ങുമ്പോൾ ഉണരുന്ന ചിലരുണ്ട്.  ജീവിതം ആഘോഷമാക്കുന്നവർ.  നഗരങ്ങളിലെ രാത്രിജീവിതത്തിന് നിറം പകരുന്നത് അക്കൂട്ടരുടെ ഉത്സവത്തുടിപ്പുകളാണ്.   അവർക്കായി ഉപ്പുതൊട്ടു കർപ്പൂരം വരെ കിട്ടുന്ന ഒരു രാത്രിമാർക്കറ്റ് ഉണ്ട് ഗോവയിൽ. സാറ്റർഡേ നൈറ്റ് മാർക്കറ്റ് എന്നു വിളിക്കപ്പെടുന്ന പൂരപ്പറമ്പ്.  ഒന്നും വാങ്ങിയില്ലെങ്കിലും ബീച്ചുകളിലെ അലസസായാഹ്നമാസ്വദിച്ചശേഷം ഒന്നു കറങ്ങിയടിക്കാൻ വ്യത്യസ്തമായ ഇടം തേടുന്നവരെ നൈറ്റ് ബസാർ ഒരിക്കലും നിരാശരാക്കാറില്ല… 

Goa-trip-and-night-Market

 

Goa-trip-and-night-Market6

ബാഗാ- കലങ്ഗുട്ടെ റോഡിൽ ബീച്ചിലേക്കു തിരിയുന്നിടത്ത് അർപോറയിലാണ്   ഈ ശനിരാത്രിമേള.  പ്രത്യേകിച്ച് വഴിയൊന്നും ചോദിക്കേണ്ട ആവശ്യമില്ല. ഇരമ്പിയാർത്തു പോകുന്ന യുവതയെ പിൻതുടർന്നാൽ ഇവിടെയെത്താം. 

Goa-trip-and-night-Market7

 

Goa-trip-and-night-Market4

വാഹനം പാർക്ക് ചെയ്യുന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്.  പിന്നെ കാഴ്ചകൾ കണ്ടുതീർക്കുന്നതിനും. പ്രധാനറോഡിന് അപ്പുറത്തായി അതിവിശാലമായ പറമ്പിലാണ്  ഈ ചന്തയൊരുക്കിയിരിക്കുന്നത്. അവിടേക്കു നടക്കുന്നതിനിടയിൽ കൊതിയൂറും രുചിക്കൂട്ടുകളുമായി ഓപ്പൺ റസ്റ്ററന്റുകളും മറ്റും നമ്മെ മാടിവിളിക്കും. ഓലമേഞ്ഞ കുടിലുകളിൽനിന്നൊരു മീൻരുചി നാവിലേക്കു പകർന്ന് നടക്കാം. മൈതാനത്തിലേക്ക് അഠുക്കുംതോറും  അത്യുച്ചത്തിൽ ഗാനം കേൾക്കാം. ഡിജെ മാർ തിമിർക്കുകയാകും. നൃത്തപ്രിയരാണെങ്കിൽ ഒന്നു ചുവടുവയ്ക്കാം. പൊടിയെ തടയാൻ മുഖത്തെന്തെങ്കിലും കരുതുന്നതു നല്ലതാണ്. 

Goa-trip-and-night-Market

 

നമ്മുടെ ഉത്സവപ്പറമ്പുകളുടെ വലിയൊരു പതിപ്പ് അതാണ് ഈ മാർക്കറ്റ്. എന്തും കിട്ടുമെങ്കിലും സഞ്ചാരികളെ ആകർഷിക്കുക തുകൽ ഐറ്റങ്ങളും മറ്റു അല്ലറ ചില്ലറ സമ്മാനസൗകര്യങ്ങളുമാണ്.  തുകൽബാഗുകൾക്ക് വിലക്കുറവുണ്ടെന്ന് ഗോവൻ സുഹൃത്ത് പറഞ്ഞിരുന്നു.   വിദേശികളാണ് കൂടുതലായും മാർക്കറ്റിലൂടെ ചെത്തിനടക്കുന്നത്. 

 

താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ചെറു കടകളുടെ സമൂഹമാണ് സാറ്റർഡേ നൈറ്റ്  മാർക്കറ്റ്. നടന്നു മടുക്കുമ്പോൾ ചെറുഭക്ഷണശാലകളിലേക്കു കയറി ഒന്നു ക്ഷീണമകറ്റാം.  പ്രിയപ്പെട്ടവർക്കായി ബ്രേസ് ലെറ്റുകൾ മുതൽ വലിയ പ്രതിമകൾ വരെ വാങ്ങിക്കൊണ്ടുപോകാനുള്ള ഒറ്റക്കുടയാണിത്.  ആനകളും അമ്പാരിയുമില്ലാത്ത,മേളപ്പെരുമ കേൾക്കാത്ത വലിയൊരു പൂരപ്പറമ്പ്.    അടുത്ത തവണ ഗോവയിലേക്കു യാത്രയുണ്ടെങ്കിൽ അർപോറയിലെ നിശാവിപണി തീർച്ചയായും കാണണം. 

 

പൻജിം ബസ്റ്റാൻഡിൽനിന്നു പതിനഞ്ചുകിലോമീറ്റർ ദൂരമുണ്ട് അർപോറയിലേക്ക്. പ്രധാന ബീച്ചുകളെല്ലാം അടുത്തുതന്നെയുണ്ടെന്നത് ആകർഷണം. 

English Summery : Goa trip and night Market

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com