ADVERTISEMENT

തെന്മല ഇക്കോടൂറിസം സെന്റർ കണ്ട്, കല്ലടയാറിൽ ഒരു കുളി പാസാക്കി, പതിനാറു കണ്ണറപ്പാലത്തിലൂടെയോടുന്ന തീവണ്ടിക്കു സമാന്തരമായ പാതയിലൂടെ വണ്ടിയോടിച്ച് ചുരം കയറിയിറങ്ങണം ഈ അതിസുന്ദരഗ്രാമം കാണാൻ. പതിറ്റാണ്ടുകൾക്കു പിന്നിലേക്കെത്തിയതുപോലെ പ്രകൃതി. അകലെ നീലമലകൾ.

ഓടിയാലറ്റമെത്താത്തയത്ര പരപ്പുള്ള പാടങ്ങളും ഓരത്തെ തെങ്ങിൻതോപ്പുകളും നടവരമ്പുകളും ചെറുജലാശയങ്ങളിൽ കളിക്കുന്ന ദേശാടനക്കിളികളും.. ഇതെല്ലാമാണ് സുന്ദരപാണ്ഡ്യപുരത്തിന്റെ ഗ്രാമക്കാഴ്ച. തമിഴ് ചലച്ചിത്രനായകരുടെ ചിത്രങ്ങൾ വരച്ചുവച്ചിട്ടുള്ള പാറക്കൂട്ടവും അഗ്രഹാരത്തെരുവും സൂര്യകാന്തിപ്പൂക്കൾ വിടരുന്ന കൃഷിയിടങ്ങളും... ഇത് ഈ ഗ്രാമത്തിന്റെ സിനിമക്കാഴ്ച!

onion-sundarapandyapuram

 

തെന്മല ചുരമിറങ്ങി തെങ്കാശിയിലെത്തുമ്പോൾ അരുൾമിഗു കാശിവിശ്വനാഥർ ക്ഷേത്രത്തിലൊന്നു കയറണം. കാശിയിലേക്കുള്ള യാത്രയിൽ പരാക്രമ പാണ്ഡ്യൻ എന്ന രാജാവിനു മുന്നിൽ ശിവൻ പ്രത്യക്ഷപ്പെട്ട് നാട്ടിൽത്തന്നെ ഒരു ക്ഷേത്രം പണിയാൻ പറഞ്ഞു. ‘ഈ  ഉറുമ്പുകളെ പിന്തുടരുക. അവ അമ്പലത്തിനുള്ള സ്ഥലം പറഞ്ഞുതരും’  എന്നരുളി ഭഗവാൻ അപ്രത്യക്ഷനായി. ഉറുമ്പുകളെ പിന്തുടർന്ന രാജൻ തെങ്കാശിയിലെ ഈ സ്ഥലത്തെത്തിയത്രേ.ഏറെ ശിൽപങ്ങളും കൊത്തുപണികളും നിറഞ്ഞ അമ്പലം പതിമൂന്നാം നൂറ്റാണ്ടിലാണു നിർമിച്ചത്. തെക്കിന്റെ കാശി എന്നാണ് തെങ്കാശി എന്ന പേരിനർഥം. തെങ്കാശിയിൽനിന്നു പത്തു കിലോമീറ്റർ ദൂരമേയുളളൂ  സുന്ദരപാണ്ഡ്യപുരത്തേക്ക്. ഇരുവശത്തും പാടങ്ങളും തെങ്ങിൻതോപ്പുകളും കരിമ്പനക്കൂട്ടങ്ങളുമുള്ള തനിഗ്രാമവഴി. അങ്ങു ദൂരെ കാറ്റാടികൾ മെല്ലെ തല കറക്കുന്നു. വയലേലകൾക്കപ്പുറം സഹ്യപർവതം. അതിനപ്പുറം കേരളം. ഈ മലയാണു തെങ്കാശിയെ മഴയുടെ നിഴലിൽ നിർത്തുന്നത്. എന്നിട്ടും അധ്വാനശീലരായ തമിഴ്മക്കൾ പാടത്തു പൊന്നുവിളയിക്കുന്നു. 

sundarapandyapuram-rock

വഴിയിലൊരിടത്ത് അതിവിശാലമായ പാറ കാണാം. ‘റണ്ടക്കപ്പാറ’. കള്ളിമുൾച്ചെടികൾ വകഞ്ഞുമാറ്റി ആ വിശാലമായ പാറപ്പുറത്തേക്കു കയറണം. അവിടെ സാക്ഷാൽ എംജിആറും രജനീകാന്തും കമലഹാസനും നിങ്ങളെ കാത്തിരിപ്പുണ്ട്. അതെ, അന്യൻ എന്ന സിനിമയിലെ ‘റണ്ടക്ക.. റണ്ടക്ക’  പാട്ടുസീനിൽ കാണുന്ന പാറ. പാറയിൽ വരച്ചുവച്ചിട്ടുള്ള ചിത്രങ്ങൾ ഇപ്പോൾ മങ്ങിത്തുടങ്ങിയെങ്കിലും സുന്ദരപാണ്ഡ്യപുരം സന്ദർശിക്കുന്നവർ ഇവിടെയെത്താറുണ്ട്.

കരിമ്പനകൾ അതിരിടുന്ന വഴിയിലും പറമ്പുകളിലും ഉള്ളി ചാക്കിലാക്കുന്ന സംഘങ്ങളെ കാണാം. കേരളത്തിലേക്കുള്ള ചെറിയ ഉള്ളിയും വലിയ ഉള്ളിയും (സവാള) ഇവിടെനിന്നു വരുന്നുണ്ട്. ചെറുയാത്രയിൽ ഒരു ചായ കുടിക്കണം എന്നു തോന്നിയാൽ സുന്ദരപാണ്ഡ്യപുരത്തെ ശാലത്തെരുവിലേക്കു പോകാം. നല്ല ഉള്ളിപ്പക്കവടയും സമോവർ ചായയും കുടിച്ചാസ്വദിക്കാം. വലിയ തിരക്കില്ലാത്ത ചെറിയ അങ്ങാടിയാണിത്.  ഇവിടെനിന്നു സിനിമാഷൂട്ടിങ്ങുകൾക്കു സ്ഥിരം വേദിയാകുന്ന അഗ്രഹാരത്തെരുവിലേക്കു നടക്കാം. സൂര്യകാന്തിപ്പാടങ്ങൾ കണ്ടുവരാം.അഗ്രഹാരത്തെരുവിലും ‘അന്യനിലെ’ പാട്ടിന്റെ ഷൂട്ടിങ് ഉണ്ടായിരുന്നു. റോഡിന് ഇരുവശത്തുമായി മുഖത്തോടുമുഖം നോക്കിയിരിക്കുന്ന പഴയതും പുതിയതുമായ വീടുകൾ, ശാന്തമായ തെരുവ്. വിക്രമും കൂട്ടരും ആടിത്തിമിർത്ത തെരുവിന് ഇപ്പോൾ വാർധക്യം ബാധിച്ചതുപോലെ. റോജ, ജന്റിൽമാൻ, മുതൽവൻ തുടങ്ങി ഏറെ ചലച്ചിത്രങ്ങളിൽ സുന്ദരപാണ്ഡ്യപുരത്തിന്റെ ഭംഗി പതിഞ്ഞിട്ടുണ്ട്.

 

ശാലത്തെരുവിൽ കണ്ടുമുട്ടിയ  സുബ്ബയ്യ സുന്ദരപാണ്ഡ്യപുരത്തിന്റെ ചരിത്രം ചുരുക്കി പറഞ്ഞുതന്നു. ‘‘പാണ്ഡ്യവംശത്തിന്റേതായിരുന്നു ഈ പ്രദേശം. ശ്രീലങ്കയുടെ ചില ഭാഗങ്ങൾ തൊട്ട് മധുരവരെ പാണ്ഡ്യൻമാരുടേതായിരുന്നു. ഭാരതചരിത്രത്തിൽ ഒരു പ്രദേശത്ത് ഏറ്റവും നീണ്ടകാലം ഭരണത്തിലിരുന്ന വംശം പാണ്ഡ്യരുടേതായിരുന്നു. 600 ബിസി മുതൽ ക്രിസ്തുവർഷം 1700 വരെ നിലനിന്നെങ്കിലും പിന്നീട് രാജ്യം ചുരുങ്ങിച്ചുരുങ്ങി തെങ്കാശിയിലേക്കൊതുങ്ങി’’ ‘ ഇവർ കറുത്തവരെ കൂടുതൽ ബഹുമാനിക്കുന്നവരാണ്. വെളുത്തവരോട് അത്ര പ്രിയമില്ല’– എന്നാണ് വിഖ്യാത വിശ്വസഞ്ചാരി മാർക്കോ പോളോ പാണ്ഡ്യരെക്കുറിച്ചെഴുതിയത്. സഞ്ചാരികൾക്കായി സുന്ദരപാണ്ഡ്യപുരത്തെ കാത്തുസൂക്ഷിക്കുന്ന, പാടത്തു പൊന്നുവിളയിക്കുന്ന ആ ഗ്രാമീണരോടു നമുക്കും ബഹുമാനമല്ലാതെ മറ്റെന്തു തോന്നാൻ. 

English summary:Travel to Sundarapandiapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com