ഭർത്താവിന്റെ സ്വപ്നയാത്രയ്ക്കു താൻ പോകില്ലെന്ന് നടി നിത്യാദാസ്; കാരണമിതാണ്

nithyadas-travel-with-family
SHARE

വിവാഹിതരായാൽപിന്നെ നമ്മുടെ ചലച്ചിത്ര താരങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് നടിമാരെക്കുറിച്ച് ഒരറിവും ഉണ്ടാകില്ല, കുട്ടികൾ കൂടിയായാൽപിന്നെ ഒന്നും പറയേണ്ട. കുടുംബ ജീവിതവുമായി ഒതുങ്ങിപ്പോകുന്ന അവരെ മഷിയിട്ട് നോക്കിയാൽ പോലും കണ്ടു കിട്ടണമെന്നില്ല. മക്കളുടെയും ഭർത്താവിന്റെയും കാര്യങ്ങൾ നോക്കിയിരിക്കുമ്പോൾ അവർ പലതും മറക്കും. യാത്രകളും പുറത്തു പോകുന്നതുമെല്ലാം ചുരുങ്ങും. നിത്യാ ദാസിനെ പക്ഷേ അതിനൊന്നും കിട്ടില്ല. യാത്രകൾ അത്രമാത്രം തന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നു പോയെന്നാണ് നിത്യ പറയുന്നത്.

nithyadas-travel8

‘ഈ പറക്കും തളിക’യിലെ ബസന്തിയെന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാള സിനിമയിലും പ്രേക്ഷക ഹൃദയങ്ങളിലും സ്ഥാനമുറപ്പിച്ച നിത്യാ ദാസ് ഒരു യാത്രാപ്രേമിയാണ്. അതിന്റെ ഫുൾ ക്രെഡിറ്റും ഭർത്താവ്‌ അർവിന്ദിനാണ് നിത്യ നൽകുന്നത്. വിവാത്തിനു മുമ്പ് ഷൂട്ടിങ്ങിനും മറ്റുമായി യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും അതൊരു തീക്ഷ്ണവികാരമായത് വിവാഹത്തിനു ശേഷമാണ്. വിക്കിയെന്നു നിത്യ വിളിക്കുന്ന അർവിന്ദ്  ട്രാവൽ പ്രേമിയാണ്.

nithyadas-travel7

‘അഡ്വഞ്ചർ യാത്രകളോടാണ് പുള്ളിക്ക് കൂടുതൽ ഇഷ്ടം. പെട്ടെന്നാണ് യാത്രകൾ തീരുമാനിക്കുന്നതും പുറപ്പെടുന്നതും. എനിക്കും മക്കൾക്കും യാത്ര പോകണമെന്നു തോന്നിയാൽ എന്തു തിരക്കുണ്ടെങ്കിലും അതൊക്കെ മാറ്റിവച്ച് നിക്കി റെഡിയാകും’. അദ്ദേഹത്തിന്റെ യാത്രകളോടുള്ള ക്രേസ് മകൾ നൈനയ്ക്കും കിട്ടിയിട്ടുണ്ടെന്ന് നിത്യ പറയുന്നു. കുടുംബവുമൊത്തല്ലാതെ യാത്ര പോകാൻ തനിക്ക് താൽപര്യവുമില്ലെന്നും നിത്യ. 

nithyadas-travel6

നഗരത്തിരക്കിൽനിന്നു ഗ്രാമ വീഥികളിലേക്ക്

‘8 ദിവസത്തെ യാത്രയായിരുന്നു മലേഷ്യയിലേക്ക്. ആദ്യമായിട്ടാണ് ഞങ്ങൾ മലേഷ്യയ്ക്കു പോകുന്നത്. അതുകൊണ്ടുതന്നെ ശരിക്കും എൻജോയ് ചെയ്തു. മാത്രമല്ല അവധിക്കാലത്ത് മോളെ എവിടെയും കൊണ്ടു പോകാഞ്ഞതിനാൽ മലേഷ്യൻ ട്രിപ്പ് അവൾക്ക് ശരിക്കും ആസ്വദിക്കാനുമായി. ഭൂരിഭാഗം മലേഷ്യൻ കാഴ്ചകളും കവർ ചെയ്താണ് ഞങ്ങൾ മടങ്ങിയത്. തിരികെയെത്തിയ ഞങ്ങൾക്ക് യാത്ര മതിയാക്കാൻ തോന്നിയില്ല. സ്വസ്ഥമായൊരു അവധിക്കാലം ആഘോഷിക്കാൻ മനോഹരമായ സ്ഥലങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ, ആദ്യം നമ്മുടെ മനസ്സിൽ വരുന്നത് ഹിൽ സ്റ്റേഷനുകളായിരിക്കും.

nithyadas-travel5

അങ്ങനെയാണ് മലേഷ്യൻ ട്രിപ്പിന്റെ ഹാങ്ങ് ഓവർ മാറ്റാനായി ഒട്ടും തിരക്കില്ലാത്ത വളരെ ശാന്ത സുന്ദരമായൊരിടം തിരഞ്ഞ് ഞങ്ങൾ ദിണ്ടിയിലെത്തിയത്. അവിടെയുള്ള ഒരു റിസോർട്ട് ആണ് ഞങ്ങളെ അവിടേക്ക് ആകർഷിച്ചത്. വലിയൊരു ആമ്പൽക്കുളത്തോടു കൂടിയ റിസോർട്ട് സ്ഥിതി ചെയ്യുന്ന ദിണ്ടിയെന്ന കൊച്ചു ഗ്രാമത്തിലെത്തിയ ഞങ്ങൾ അക്ഷരാർഥത്തിൽ അമ്പരന്നു പോയി. അത്ര ഭംഗിയാണ് ആ നാട് കാണാൻ.  

nithyadas-travel1

ഒട്ടും മറക്കാനാവാത്ത ഒരു സംഭവവും അവിടെ വച്ചുണ്ടായി. മകളുമൊത്ത് ഒന്നു നടന്നു വരാമെന്ന് പറഞ്ഞു പോയ നിക്കി മടങ്ങിയെത്തിയത് 2 മണിക്കൂർ കഴിഞ്ഞാണ്. കാര്യം ചോദിച്ച ഞാൻ ഞെട്ടിപ്പോയി. അച്ഛനും മകളും കൂടി 60 കിലോമീറ്ററോളം സൈക്കിൾ ചവിട്ടിയാണ് തിരിച്ചെത്തിയിരിക്കുന്നത്, അതും ഓഫ് റോഡിലൂടെ. നിക്കിയേക്കാൾ സാഹസികത മോൾക്കാണ് കൂടുതൽ എന്ന് പ്രത്യേകം പറയണ്ടല്ലോ. 

nithyadas-travel4

നമ്മുടെ രാജ്യത്തെ ഹിൽ സ്റ്റേഷനുകൾ എല്ലാം അങ്ങേയറ്റം മനോഹരമാണ്. നിരവധി മറഞ്ഞിരിക്കുന്ന രത്നങ്ങളുമുണ്ട്. ആന്ധ്രാപ്രദേശിലെ ഗോദാവരി അഴിമുഖതുരുത്താണ് ഇത്തരത്തിൽ ഏത് സഞ്ചാരിയും കണ്ടെത്തേണ്ടൊരു ലക്ഷ്യസ്ഥാനം.ഗോദാവരി ഡെൽറ്റയിലെ അതി മനോഹരമായൊരു സ്ഥലമാണ് ദിണ്ടി. 

nithyadas-travel2

തെങ്ങിൻതോപ്പുകളാൽ ഒരു ചിത്രകാരന്റെ ഭാവനയിൽ വിരിഞ്ഞ സുന്ദരമായൊരു ചിത്രം പോലെ തോന്നിപ്പിക്കും ഇവിടം. ഗോദാവരിയിലെ മനോഹരമായ പച്ചപ്പും തെളിഞ്ഞ നദിയും ആസ്വദിച്ച് പ്രകൃതിയുടെ മടിത്തട്ടിൽ ശാന്തമായി  ആനന്ദിക്കാം. ഒരു വശത്ത് കടലും  കണ്ടൽക്കാടുകളും മറു വശത്ത് ഗോദാവരിയും അതിരിടുന്ന ഗംഭീരമായ ദിണ്ടി ഒരിക്കലും നിരാശപ്പെടുത്തില്ല. അതിന് ഞാൻ ഗ്യാരണ്ടി’. 

nithyadas-travel3

നിക്കിയുടെ ഡ്രീം ജേണി, നിത്യയുടെയല്ല

സ്വപ്നയാത്രകൾ മനസ്സിൽ ഉണ്ടോ എന്ന ചോദ്യത്തിന്, എല്ലാ യാത്രകളും തന്റെ സ്വപ്ന സാക്ഷാത്കാരങ്ങളാണെന്നാണ് നിത്യ പറയുന്നത്. പക്ഷേ ഭർത്താവിന്റെ ഡ്രീം യാത്രയ്ക്കു താൻ പോകില്ലെന്ന് നിത്യ. നിരവധി വിദേശ രാജ്യങ്ങളിലും മറ്റും സന്ദർശനം നടത്തിയിട്ടുള്ള നിക്കിയുടെ പ്രിയ സ്ഥലം അന്റാർട്ടിക്കയാണ്.

nithyadas-travel

‘ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ ഞാൻ എന്താണ് കൂടെ പോകില്ല എന്നു പറഞ്ഞതെന്ന്. ഈയൊരു കാര്യത്തിൽ മാത്രമാണ് ഞങ്ങൾ രണ്ട് അഭിപ്രായക്കാരായത്. എനിക്ക് ടാൻസാനിയ കാണണമെന്ന ആഗ്രഹമുണ്ട്. അധികം വൈകാതെ അത് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ഞാൻ’. 

എവിടേക്കാണ് യാത്രയെങ്കിലും മക്കൾ രണ്ടു പേരും ഉഷാറാണെന്നും കുട്ടികൾക്കൊപ്പം യാത്ര ചെയ്യാനാണ് തങ്ങൾക്ക് ഏറെയിഷ്ടമെന്നും നിത്യ പറയുന്നു. ‘മകൾ നൈനയ്ക്ക് ട്രെക്കിങ് ഏറെയിഷ്ടമാണ്. 20 കിലോമീറ്റർ ഒക്കെ അവൾ ഈസിയായി കയറും. യാത്രയെന്ന് കേട്ടാൽ ആദ്യം ബാഗെടുക്കുന്നതും അവൾ തന്നെ. മകനെ ഗർഭിണിയായ സമയത്തും ഞാൻ യാത്ര ഒഴിവാക്കിയിട്ടില്ല. അതുകൊണ്ടാവാം അവനും യാത്ര ഒരുപാട് ഇഷ്ടമാണ്. മോൻ ജനിച്ചു മുപ്പതു ദിവസമുള്ളപ്പോൾ നടത്തിയ കൂർഗ് യാത്രയും അവിസ്മരണീയമാണ്’. 

nithyadas-travel10

ഡ്രൈവ് ചെയ്ത് യാത്ര നടത്താനും തങ്ങൾക്കിഷ്ടമാണെന്നും അങ്ങനെയാണ് ഈയടുത്ത് ചിക്കമംഗലൂർ പോയതെന്നും നിത്യ. ‘12 മണിക്കൂറോളം ഡ്രൈവ് ചെയ്താണവിടെ എത്തിയത്. ഇങ്ങനെ യാത്ര ചെയ്യുമ്പോൾ സാധാരണ കുട്ടികളൊക്കെ ആകെ ബുദ്ധിമുട്ടും. എന്നാൽ ഞങ്ങൾ ഭാഗ്യമുള്ളവരാണ്. ഏത് തരം ട്രിപ്പ് ആണെങ്കിലും കാടോ മലയോ, മഞ്ഞോ തണുപ്പോ, മഴയോ ഒന്നും മക്കൾ രണ്ടു പേർക്കും പ്രശ്നമല്ല. മൈനസ് 4 ഡിഗ്രി തണുപ്പിൽ വരെ മോൾ കൂളായി നിൽക്കും. ഒരു വയസ്സായ മകനും യാത്രയിൽ അമ്മയ്ക്കും അച്ഛനും ഫുൾ സപ്പോർട്ടാണ്.’ 

നിത്യയുടെ സ്വപ്നം

യാത്രകൾ നിത്യയുടെയും കുടുംബത്തിന്റെയും ജീവിതത്തിന്റെ ഭാഗമായി തീർന്നിരിക്കുന്നു. ഇന്ത്യയുടെ ഭൂരിഭാഗവും ചുറ്റിക്കറങ്ങിയ നിത്യയ്ക്ക് ഇനി ഓരോ സംസ്ഥാനത്തെയും ചെറിയ സ്ഥലങ്ങൾ കണ്ടെത്തി യാത്ര നടത്തണമെന്നാണാഗ്രഹം. ഒപ്പം ഒരു യൂട്യൂബ് ചാനൽ ആരംഭിക്കാനും നിത്യയ്ക്ക് ആലോചനയുണ്ട്. താൻ കാണുന്നയിടങ്ങളും കാഴ്ചകളും മറ്റുള്ളവരുമായി പങ്കു വയ്ക്കാൻ തനിക്ക് ഏറെയാഗ്രഹമുണ്ടെന്ന് നിത്യ പറയുമ്പോൾ എത്രയും വേഗം ആ സ്വപ്നം സഫലമാകട്ടെയെന്ന് നമുക്ക് ആശംസിക്കാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA